ഒ.വി. ഉഷ
ആത്മസാക്ഷാല്‍ക്കാരം ലഭിച്ചവനു മതം പ്രമാണമല്ല അവന്‍ മതത്തിനു പ്രമാണമാകുന്നു എന്ന് ശ്രീനാരായണഗുരു പറഞ്ഞതായി കാണുന്നു. മതം ഈശ്വരസാക്ഷാല്‍ക്കാരത്തിനുള്ള ഉപാധി മാത്രം, മതമല്ല ദൈവം എന്നും ഗുരു പറഞ്ഞിട്ടുണ്ട്. ദൈവനിശ്ചിതമായി എന്നു മനസ്സിലാക്കാവുന്ന രീതിയില്‍, പ്രകൃതിക്ക് അനുസൃതമായി, മനുഷ്യനു നിലനില്‍ക്കാനും ഉയരാനും സഹായകമായ ഗുരുതത്വമാണ് ഗുരു ഇങ്ങനെ വ്യക്തമാക്കുന്നത്. നാം അറിയുന്ന ചരിത്രവും പാരമ്പര്യവും മറ്റൊന്നല്ല പറയുന്നത്.
മതം ഈശ്വരസാക്ഷാല്‍ക്കാരത്തിനുള്ള ഉപാധിയാവുന്നത് മതത്തില്‍ (ഏതു മതത്തിലും) നാം അറിഞ്ഞ് സ്വീകരിക്കുമെങ്കില്‍ നമ്മുടെ ആത്മസംസ്‌കരണത്തിനുതകുന്ന നിയമങ്ങളുള്ളതുകൊണ്ടാണ്. ആത്മസാക്ഷാല്‍ക്കാരത്തിന്റെ വഴിയേ അന്വേഷിച്ചുപോയവര്‍ പല പടവുകളിലും വച്ച് കണ്ടെത്തിയതോ അവര്‍ക്ക് കിട്ടിയതോ ആണ് അതെല്ലാം. ഈ നിയമങ്ങള്‍ നമ്മെ നൈതികമായ ഭദ്രതയിലേക്കു നയിക്കുന്നു. ആ വഴിക്കു കൈവരുന്ന സാമൂഹ്യനീതിയും സമാധാനവുമാണ് നമ്മുടെ ഐശ്വര്യത്തിനും സമൃദ്ധിക്കും അടിത്തറയാവുന്നതും.
ഈശ്വരസാക്ഷാല്‍ക്കാരവും ആത്മസാക്ഷാല്‍ക്കാരവും ഒന്നായിത്തന്നെ കാണാം. എന്നാല്‍ ഇങ്ങനെ ഒരു ആശയം നിലവിലുണ്ടെന്നുപോലും എല്ലാവരും അറിയുന്നുണ്ടാവില്ല. കേട്ടിട്ടുള്ള നമ്മള്‍ മിക്കവരും അത് അസാധാരണങ്ങളായ കഴിവുകളുള്ള വ്യക്തികള്‍ തപസ്സു ചെയ്തു നേടുന്ന കാര്യമാണെന്നു കരുതുന്നു. പിന്നെയും കുറേപേര്‍ അങ്ങനെയൊരാശയം ശുദ്ധഭോഷ്‌കായും അന്ധവിശ്വാസമായും കരുതുന്നു. ആധുനിക പാശ്ചാത്യശാസ്ത്രത്തിന്റെ വികാസത്തോടൊപ്പം വ്യാപകമായ യുക്തിചിന്തയാവണം ഒരുപക്ഷെ കാരണം. യുക്തിചിന്ത ഈ ആശയത്തെ അന്ധവിശ്വാസമായി തള്ളുകയാണ് ചെയ്യുന്നത്. പൊതുവെ നോക്കുമ്പോള്‍ ഭൂരിപക്ഷം മനുഷ്യരും ഇതേപ്പറ്റി ചിന്തിക്കുന്നില്ല എന്നുതന്നെ പറയാം.
നമ്മള്‍ അങ്ങനെയാണ്. നമ്മുടെ ശ്രദ്ധ മുഴുവന്‍ ശരീരവും അന്നന്നത്തെ കാര്യങ്ങളും കവര്‍ന്നെടുക്കുന്നു. ശങ്കരാചാര്യര്‍ ഈ അവസ്ഥ കൃത്യമായി കവിതയില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ‘ബാലസ്താവദ് ക്രീഡാസക്തഃ/തരുണസ്താവദ് തരുണീസക്തഃ/വൃദ്ധസ്താവദ് ചിന്താസക്തഃ/പരമേ ബ്രഹ്മണി കോ അപി ന സക്തഃ’ എന്നാണദ്ദേഹം പറഞ്ഞത്. ഇന്നത്തെ ശാസ്ത്രീയ നിലപാടാകട്ടെ പ്രകൃതിയുടെ രഹസ്യങ്ങള്‍ കണ്ടെത്തി അവയെ ഏതെങ്കിലും വിധത്തില്‍ ഉപയോഗിക്കുക എന്നതാണ്. ഭൗതികമായ പ്രതിഭാസങ്ങള്‍ക്കപ്പുറം, അവയുമായി ബന്ധപ്പെട്ട പരീക്ഷണനിരീക്ഷണങ്ങള്‍ക്കപ്പുറം പോകാന്‍ ശാസ്ത്രത്തിനു താല്‍പര്യമില്ല. വിശദീകരിക്കാന്‍ പറ്റാത്തതും വ്യക്തമായ തെളിവുകള്‍ ലഭ്യമല്ലാത്തതുമായതൊന്നും ശാസ്ത്രം പരിഗണിക്കുന്നില്ലല്ലോ. ആന്തരികജീവിതം പിന്നെ എങ്ങനെ ശാസ്ത്രത്തിനു സ്വീകാര്യമാകും?
ഈശ്വരസാക്ഷാല്‍ക്കാരത്തിനുള്ള ഉപാധിയായ മതവും ഇപ്പോള്‍ മതാരാധകരെയാണ് കൂടുതല്‍ സൃഷ്ടിക്കുന്നത്. മതത്തിന്റെ കാതല്‍ മഹാത്മാക്കളുടെ ആധ്യാത്മികനേട്ടങ്ങളാണെങ്കിലും കാലക്രമത്തില്‍ വലിയ പ്രസ്ഥാനങ്ങളായി മാറുമ്പോള്‍ ആധ്യാത്മികതയെക്കാള്‍ ആചാരാനുഷ്ഠാനങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും മറ്റും മറ്റും പ്രാമുഖ്യം കൈവരുന്നതായിട്ടാണ് പലപ്പോഴും കണ്ടുവരുന്നത്. ആചാര്യന്മാരുടെ വാക്കുകള്‍, അവരുടെ ജീവിതസന്ദേശം നാം മറക്കുന്നു.
ഇതൊക്കെയാണെങ്കിലും ജീവനിലുള്ള വാസനഹേതുവായി ആത്മീയമായ അറിവും അനുഭവവും ആകര്‍ഷകമായി തോന്നുന്നവരുണ്ട്. അവര്‍ അസാധാരണങ്ങളായ കഴിവുകള്‍ ഇല്ലാത്ത സാധാരണക്കാരായിരിക്കാം. എങ്കിലും ഈ വഴിയേ അവര്‍ക്ക് നടക്കാം. ശ്രീകൃഷ്ണന്‍ പറഞ്ഞു, തന്നില്‍ ഭക്തിയുണ്ടാവുന്നവര്‍ സദ്ഗതി പ്രാപിക്കുമെന്ന്. പാപം ചെയ്തവര്‍, സ്ത്രീകള്‍, കച്ചവടക്കാര്‍, സമൂഹത്തിന്റെ അടിത്തട്ടില്‍ കിടക്കുന്നവര്‍ എന്നിങ്ങനെ ആരുമായിക്കൊള്ളട്ടെ അവര്‍, അവരുടെ ജീവന്‍ ഉയരും. (ഭഗവദ്ഗീതയുടെ ഒമ്പതാം അധ്യായത്തിന്റെ അവസാനഭാഗത്താണിതു കാണുന്നത്.) ആ പറഞ്ഞത് ദ്വാപരാന്ത്യത്തിലായിരുന്നു.
(ശ്രീകൃഷ്ണന്റെ വിയോഗവും കലിയുടെ തുടക്കവും ഒരേ ദിവസമായിരുന്നു എന്ന് ഐതിഹ്യം.) വരാന്‍ പോകുന്ന കലിയിലെ കാര്യമായിരിക്കുമല്ലോ അപ്പോള്‍ പറഞ്ഞത്.
ശ്രീകൃഷ്ണനുശേഷം ലോകത്തില്‍ വന്നുപോയ ഒട്ടേറെ ആധ്യാത്മിക വ്യക്തിത്വങ്ങളുണ്ടല്ലോ. അവരുടെ പരമ്പരകളില്‍ ഇന്ന് ലോകത്ത് ഏറ്റവും മുന്നില്‍ കാണുന്ന രണ്ട് പ്രസ്ഥാനങ്ങള്‍ ക്രിസ്തുവിന്റെയും മുഹമ്മദ് നബിയുടെയുമാണെന്ന് നമുക്കറിയാം. നമ്മുടെ സമൂഹത്തിലെ ജാതിയുടെ വേലിക്കെട്ടുകള്‍ പൊട്ടിക്കാന്‍ ഈ അതിഥിമതങ്ങള്‍ ഒരുകാലത്ത് സഹായകമായി. ശ്രീകൃഷ്ണന്റെ ഗീതാസന്ദേശം ജനങ്ങളിലേക്ക് എത്തിയിരുന്നെങ്കില്‍ ഒരുപക്ഷെ ഈ അതിഥിമതങ്ങളുടെ ആവശ്യം ഇവിടെ ഉണ്ടാകുമായിരുന്നില്ല എന്നെനിക്ക് തോന്നുന്നു.
കാലത്തിന്റെ കലിയുടെ മാറ്റമനുസരിച്ച് ജാതിവിവേചനം ക്ഷയിക്കുകയും സ്ത്രീകളും അധഃസ്ഥിതരും താഴ്ന്ന നിലകളില്‍ നിന്ന് ഉയരാന്‍ തുടങ്ങുകയും ശുദ്ധമായ ആത്മീയതയുടെ കിരണങ്ങള്‍ നമുക്ക് ലഭിക്കുകയും ചെയ്യുമായിരുന്നു. ഗുരുതത്വത്തിനു ബന്ധം ഈ ആന്തരികാവസ്ഥയോടു തന്നെ.
No comments:
Post a Comment