ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, January 4, 2017

കാവ്യലാവണ്യത്തിന്റെ അലങ്കാരം - ഭാരതീയ കാവ്യമീമാംസ - 9


അലങ്കാര ശാസ്ത്രം എന്ന വിളിപ്പേരിലാണ് ഭാരതീയ കാവ്യശാസ്ത്രം അറിയപ്പെട്ടത്. അലങ്കാരം എന്ന ലാവണ്യാത്മകമായ പദത്തിന്റെ സംസ്‌കാരഗരിമ വിവിധാര്‍ത്ഥങ്ങളില്‍ പ്രയോഗിക്കപ്പെട്ടിരുന്നു എന്ന് താല്‍പര്യം. കാവ്യലാവണ്യത്തിന്റെ ലക്ഷണയുക്തമായ പട്ടികയില്‍ ഇടംപിടിച്ചതോടെയാണ് അലങ്കാരമെന്ന പരികല്‍പനക്ക് സവിശേഷവും സൂക്ഷ്മവുമായ അര്‍ത്ഥതലം നേടാനായത്. ഉപമാദ്യലങ്കാരം എന്ന നിലയില്‍ ഈ അര്‍ത്ഥരുചി പ്രചുരപ്രചാരം നേടുകയായിരുന്നു. വിശദീഭൂതമായ അര്‍ത്ഥരൂപം നേടി കവിതയിലെ സൗന്ദര്യധര്‍മ്മമായ അലങ്കാര മീമാംസ ശാസ്ത്രപദവിയിലെത്തി. രണ്ടുതരത്തിലും ‘അലങ്കാര പ്രയോഗത്തെ’ അംഗീകരിക്കുകയായിരുന്നു മീമാംസകന്മാര്‍.


കാവ്യശരീരത്തിന്റെ ബാഹ്യമായ ഭൂഷണങ്ങള്‍ മാത്രമാണ് അലങ്കാരങ്ങളും മാധുര്യസൗകുമാര്യാദി ഗുണങ്ങളുമെന്ന് ഭരതന്‍ പറയുന്നു. ഉപമ, ദീപകം, രൂപകം, യമകം എന്നീ നാല് അലങ്കാരങ്ങളാണ് കാവ്യപ്രപഞ്ചത്തില്‍ പ്രാധാന്യമായുള്ളതെന്ന് നാട്യാചാര്യമതമുണ്ട്.
രൂപകാദ്യാലങ്കാരങ്ങള്‍ ബാഹ്യമെന്ന് തന്നെയാണ് ഭാമഹനും ഗണിക്കുന്നത്. വനിതാമുഖത്തിന്റെ തനതായ ‘കാന്തി’ക്ക് ഭൂഷണം വേണമെന്ന് ആചാര്യന്‍ ‘കാവ്യാലങ്കാര’ത്തില്‍ എടുത്തുകാട്ടുന്നു.


‘നകാന്തമപി നിര്‍ഭൂഷം
വിഭാതി വനിതാനനം’

അലങ്കാര ചര്‍ച്ചയുടെ സമഗ്രഭാഗവും ‘കാവ്യാലങ്കാര’ത്തിന്റെ രണ്ടാം പരിച്ഛേദത്തില്‍ കാണാം. ആക്ഷേപം, അര്‍ത്ഥാന്തരന്യാസം, വ്യതിരേകം, വിഭാവന, സമാസോക്തി, അതിശയോക്തി എന്നീ ആറ് അലങ്കാരങ്ങള്‍ അറുപത്തിയാറാം കാരികയില്‍ വായിക്കാം. മൂന്നാം പരിച്ഛേദം പരിചയപ്പെടുത്തുന്നത് ഇരുപത്തി മൂന്ന് അലങ്കാരങ്ങളാണ്.


ഭട്ടോദ്ഭടന്‍ രസാഭിവ്യഞ്ജകമായ കാവ്യധര്‍മത്തെ ധ്വനിയായല്ല അലങ്കാരമായാണ് ദര്‍ശിക്കുന്നത്. വിഭാവാനുഭാവ വ്യഭിചാരികള്‍ മാത്രമല്ല രസാനുഭവങ്ങളും വ്യഞ്ജകങ്ങളാണെന്ന് ഉദ്ഭടന്‍ ഉറപ്പിച്ചുപറയുന്നു. യഥാര്‍ത്ഥത്തില്‍ ഉക്തിവൈചിത്ര്യത്തില്‍ അധിഷ്ഠിതമായ കാവ്യരൂപത്തിന്റെ വിവിധസന്ദര്‍ഭങ്ങളില്‍ വിവിധങ്ങളായ അലങ്കാരങ്ങള്‍ ജനിക്കുകയാണ്. ഓരോ ഉക്തിക്കും ഉക്തി വ്യതിയാനത്തിനും നിര്‍ണായകമായ നാമം നല്‍കി അലങ്കാരസംജ്ഞകള്‍ പെരുകുകയായിരുന്നു. മമ്മടന്‍ അറുപത്തിയേഴ് അലങ്കാരങ്ങളുടെ പട്ടിക നിരത്തുമ്പോള്‍ അപ്പയ്യ ദീക്ഷിതര്‍ നൂറ്റിരുപത്തഞ്ച് അലങ്കാരമാണ് ഗണിക്കുന്നത്.


വാസ്തവം, ഔപമ്യം, അതിശയം, ശ്ലേഷം എന്നീ നാലു സംവര്‍ഗ്ഗങ്ങളായാണ് അലങ്കാരങ്ങളെ രുദ്രടന്‍ സ്വീകരിക്കുന്നത്. അലങ്കാരം രസപോഷകമാവണമെന്ന സിദ്ധാന്തം ആനന്ദവര്‍ദ്ധനന്റെയാണ്.
”കാവ്യ ശോഭാകരാന്‍ ധര്‍മ്മാന്‍

അലങ്കാരാന്‍ പ്രചക്ഷതേ”

എന്ന് അലങ്കാരത്തെ ‘കാവ്യദര്‍ശ’ത്തില്‍ ആചാര്യദണ്ഡി നിര്‍വചിക്കുന്നു. കാവ്യലാവണ്യത്തിന്റെ ധര്‍മ്മം തന്നെയാണ് അലങ്കാരമെന്ന മീമാംസക വചനം ശ്രദ്ധേയമാണ്.


”വൈചിത്ര്യമലങ്കാരഃ” എന്നും ”കവി പ്രതിഭോത്ഥിതഃ വിച്ഛതി വിശേഷ അലങ്കാരഃ” എന്നും അലങ്കാരത്തെ സവിശേഷ രീതിയില്‍ കുന്തകന്‍ രേഖപ്പെടുത്തുന്നു. അലംകൃതമായതിനു മാത്രമേ കാവ്യത്വമവകാശപ്പെടാനാകൂ എന്ന കുന്തകമതം വ്യാഖ്യാതാക്കളുടെ അംഗീകാരം നേടുകയുണ്ടായി. ‘കാവ്യം ഗ്രാഹ്യമലങ്കാരാത്,’ ‘സൗന്ദര്യമലങ്കാരഃ’ എന്നീ നിര്‍വചനങ്ങളിലൂടെ കാവ്യതത്ത്വമായ അലങ്കാരത്തെ വാമനന്‍ മൂല്യനിര്‍ണയം ചെയ്യുന്നു. ‘കാവ്യാലങ്കാര സൂത്രവൃത്തി’യില്‍ ഇത് വായിക്കാം.



ലാവണ്യത്തിന്റെ അപൂര്‍വരുചിയാണ് അലങ്കാര ചര്‍ച്ചയില്‍ പ്രകടമാവുക. ഈ ‘സൗന്ദര്യധര്‍മ’ സങ്കല്‍പത്തെ ആധുനിക വിമര്‍ശകര്‍ മറന്നുകളഞ്ഞെന്ന് നിരൂപക മതമുണ്ട്. അപ്പയ്യദീക്ഷിതരുടെ വിചിത്രമായ അലങ്കാര സമീപനം ‘ചിത്രമീമാംസ’യില്‍ കാണുന്നു. ഉപമ മാത്രമേ ഒരേ ഒരലങ്കാരമായുള്ളൂ. ഇതിന്റെ വൈചിത്ര്യഭേദങ്ങളാണ് മറ്റെല്ലാ അലങ്കാരങ്ങളും.
കാവ്യബിംബത്തെക്കുറിച്ചുള്ള നൂതനവീക്ഷണങ്ങള്‍ ഒരര്‍ത്ഥത്തില്‍ അലങ്കാര ചര്‍ച്ചയുടെ ഭാഗം തന്നെയാണ്. അലങ്കരണധര്‍മ്മം മാത്രമേ കാവ്യബിംബങ്ങള്‍ പലപ്പോഴും നിര്‍വഹിക്കാറുള്ളൂവെങ്കിലും അലങ്കാരങ്ങളേറെയും കാവ്യബിംബങ്ങളായി രൂപപ്പെടാറുണ്ട്.

അലങ്കാര വിധിയും ശാസ്ത്രവും പഴഞ്ചനെന്ന് കരുതുന്നവര്‍ക്കുള്ള മറുപടി കൂടിയാണിത്.


ടി.എസ്. എലിയറ്റിന്റെയും പിന്നീട് ഐ.എ. റിച്ചാര്‍ഡ്‌സിന്റെയും ആധുനിക കാവ്യവീക്ഷണങ്ങള്‍ അലങ്കാര സിദ്ധാന്തത്തിനപ്പുറം സ്വകീയമായ കാവ്യമീമാംസാ തത്ത്വങ്ങള്‍ അവതരിപ്പിക്കുകയുണ്ടായി. ആധുനികോത്തര സാഹിത്യവിമര്‍ശനത്തില്‍ ഏറെയും ധൈഷണിക ചിന്തകളായി പിന്നീട് മൂല്യനിര്‍ണയം ചെയ്യപ്പെടുകയായിരുന്നു. അല്‍ത്തൂസര്‍, ഴാക് ലക്കാന്‍, ഫ്രോയിഡ് തുടങ്ങിയവരുടെ നവസിദ്ധാന്തങ്ങള്‍ സാഹിതീയ പാഠങ്ങളെയും അസാഹിതീയ പാഠങ്ങളെയും നവചരിത്രവാദപരമായ ദര്‍ശനമേഖലയില്‍ എത്തിക്കുന്നു. അവിടെയൊന്നും അലങ്കാരാദി സാഹിത്യമീമാംസാ വിചിന്തനങ്ങള്‍ അപ്രസക്തമാകുന്നില്ല.



ഡോ.കൂമുളി ശിവരാമന്‍

No comments:

Post a Comment