ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, January 4, 2017

അവിവേകം എന്ന നിന്ദ - ഗുരുവരം 04


ഓ വി ഉഷ

സ്വമാതാവിന്റെ ദേഹവിയോഗത്തിനു മുന്‍പ് വീട്ടിലെത്തി വേണ്ടപോലെ അമ്മയെ പരിചരിച്ചു. മാതാവിന്റെ അന്ത്യകര്‍മ്മങ്ങളില്‍ സന്യാസി ഇടപെടുന്നത് ആചാരവിരുദ്ധമാണെന്നു പറഞ്ഞ് ബന്ധുക്കളും സമുദായക്കാരും വിട്ടുനിന്നു. ആചാര്യസ്വാമികള്‍ അമ്മയുടെ മൃതദേഹം കൊണ്ടുപോയി ദഹിപ്പിച്ചത് ഒറ്റക്കാണെന്നാണ് ഐതിഹ്യം. ആ മഹാത്മാവിനു വന്ന ദുരനുഭവം നാമറിയാതെ ശാപമായി നമ്മുടെയൊക്കെ മേല്‍ ഉണ്ടായിരിക്കാം.


ഗുരുക്കന്മാരെയും പ്രവാചകന്മാരെയും തിരിച്ചറിയാന്‍ സമകാലികസമൂഹത്തിനു കഴിയാറില്ലെന്ന് നമുക്ക് കിട്ടിയിട്ടുള്ള വിവരങ്ങള്‍ സൂചിപ്പിക്കുന്നു. അവര്‍ ദൈവത്തില്‍നിന്നു നിയോഗം കിട്ടി വരുന്നവരാണെന്ന് ചുറ്റുമുള്ളവര്‍ക്ക് സാധാരണഗതിയില്‍ മനസ്സിലാവില്ല. നന്മയ്ക്കായുള്ള സന്ദേശങ്ങളാണവര്‍ മുഖാന്തരം കിട്ടുന്നതെന്നും മനസ്സിലാവില്ല. ഇത് മനസ്സിലാക്കാന്‍ കഴിവില്ലായ്ക പലപ്പോഴും ഗുരുനിന്ദയായിത്തീരുന്നു. സമകാലികരില്‍ കുറച്ചുപേര്‍ മാത്രമാണ് ഗുരുവിനെയോ പ്രവാചകനെയോ മാനിച്ച് അനുസരിക്കുന്നത്.



പൗരാണികകാലത്തെ ഗുരുക്കന്മാരെ മാതൃകാപരമായി അനുസരിച്ച ശിഷ്യന്മാരുടെ കഥകള്‍ കാണുന്നുണ്ട്. ആത്മീയവ്യക്തിത്വങ്ങളെ പൊതുവില്‍ ആദരിച്ച പാരമ്പര്യം ഉണ്ടെങ്കിലും സത്തുക്കളെ നിന്ദിച്ച സൂചനകളും ഇല്ലാതില്ല. മൗനവ്രതമെടുത്ത് ധ്യാനത്തില്‍ ലയിച്ചിരുന്ന ശമീകന്‍ എന്ന ഋഷിയെ അപമാനിച്ച പരീക്ഷിത്ത് രാജാവിന്റെ കഥ അത്തരത്തിലുള്ള ഒന്നാണ്. കാട്ടില്‍ നായാട്ടിനുപോയി കൂട്ടംതെറ്റിയ രാജാവ് ദാഹിച്ചും വിശന്നും വലഞ്ഞ അവസ്ഥയിലാണ് ഋഷിയുടെ പര്‍ണ്ണശാലയില്‍ എത്തിപ്പെട്ടത്. രാജാവിന്റെ ചോദ്യങ്ങള്‍ക്ക് ശമീകനില്‍ നിന്ന് പ്രതികരണം കിട്ടാതെ വന്നപ്പോള്‍ പെട്ടെന്നുള്ള കോപത്തില്‍ അടുത്തെവിടെയോ കിടന്ന ചത്ത പാമ്പിനെ വില്ലറ്റംകൊണ്ട് തോണ്ടിയെടുത്ത് ആ മുനിയുടെ കഴുത്തിലിട്ടിട്ടു പോയി.


ഇതറിഞ്ഞ് മുനിയുടെ മകന്‍ ശൃംഗിന്‍ രാജാവിനെ ശപിച്ചു.


അന്നേക്ക് ഏഴുദിവസത്തിനകം രാജാവ് തക്ഷകന്റെ വിഷം തീണ്ടി മരിക്കട്ടെ എന്നായിരുന്നു ശാപം. ഇതില്‍ ശമീകന്‍ വിഷമിക്കുകയാണുണ്ടായത്. നീതിമാനായ രാജാവിനു പറ്റിയ ക്ഷന്തവ്യമായ ഒരു പിഴയെന്നേ മുനി കരുതിയിരുന്നുള്ളൂ. അദ്ദേഹം മകനെ ഗുണദോഷിക്കുകയും സ്വയരക്ഷക്കായി മുന്‍കരുതലെടുക്കാന്‍ രാജാവിനു സന്ദേശം നല്‍കുകയും ചെയ്തു. എല്ലാം വിഫലമാക്കിക്കൊണ്ട് രാജാവ് തക്ഷകന്റെ കടിയേറ്റ് മരിച്ചു എന്നാണ് കഥ. സത്തുക്കളെ അപമാനിക്കുന്നതും ദ്രോഹിക്കുന്നതും വലിയ ദോഷം വരുത്തിവെക്കുന്നു എന്നു മനസ്സിലാക്കാം.


നമുക്ക് പരിചിതമായ യേശുക്രിസ്തുവിന്റെ കുരിശാരോഹണം സത്തുക്കളെ നിന്ദിച്ചതിനു ഏറ്റവും വലിയ ഒരുദാഹരണമാണ്. യേശുവിനെ വിചാരണ ചെയ്ത പോണ്ടിയസ് പൈലേറ്റ് യേശുവില്‍ കുറ്റം കാണാന്‍ കഴിഞ്ഞില്ല എന്നുപറഞ്ഞിട്ടും ജൂതപൗരോഹിത്യം സമ്മതിച്ചില്ല. താന്‍ ദൈവപുത്രനാണെന്ന് യേശു അവകാശപ്പെട്ടു എന്നതായിരുന്നു വധശിക്ഷാര്‍ഹമായി അവര്‍ കണ്ടെത്തിയ കുറ്റം.’പാസ് ഓവര്‍’ എന്ന വിശേഷദിവസം പ്രമാണിച്ച് ഒരു കുറ്റവാളിക്ക് മാപ്പുകൊടുക്കുന്ന പതിവുണ്ടായിരുന്നു. ‘ഈ രക്തത്തില്‍ എനിക്ക് പങ്കില്ല’ എന്നുപറഞ്ഞ് പൈലേറ്റ് കൈകഴുകി ഒഴിഞ്ഞപ്പോള്‍ ‘അവനെ ക്രൂശിക്ക!’ എന്ന് ജനങ്ങള്‍ ആര്‍ത്തുവിളിച്ചു. കൊലപാതകിയായ ബാറബാസിനാണ് മോചനം കിട്ടിയത്. യേശുവിനെ അവര്‍ ഏറ്റവും നിന്ദ്യമായ രീതിയില്‍ അപമാനിച്ച് കുരിശില്‍ തറച്ചു എന്നാണു പറയുന്നത്. ജൂതവംശത്തിനു പില്‍ക്കാലത്ത് കൊടിയ ദുരിതങ്ങളാണുണ്ടായത്. രണ്ടാം ലോകയുദ്ധകാലത്ത് അതിഭയങ്കരമായ ക്രൂരതകള്‍ നേരിടേണ്ടിവന്നത് സമീപകാലചരിത്രം.


നമ്മുടെ കേരളത്തിലും മഹാത്മാക്കളുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ടല്ലോ. ജഗദ്ഗുരു എന്നു പേരുകേട്ട ആദിശങ്കരന്‍ കാലടിയിലല്ലേ ജനിച്ചത്. സ്വമാതാവിന്റെ ദേഹവിയോഗത്തിനു മുന്‍പ് വീട്ടിലെത്തി വേണ്ടപോലെ അമ്മയെ പരിചരിച്ചു. മാതാവിന്റെ അന്ത്യകര്‍മ്മങ്ങളില്‍ സന്യാസി ഇടപെടുന്നത് ആചാരവിരുദ്ധമാണെന്നു പറഞ്ഞ് ബന്ധുക്കളും സമുദായക്കാരും വിട്ടുനിന്നു. ആചാര്യസ്വാമികള്‍ അമ്മയുടെ മൃതദേഹം കൊണ്ടുപോയി ദഹിപ്പിച്ചത് ഒറ്റക്കാണെന്നാണ് ഐതിഹ്യം. ആ മഹാത്മാവിനു വന്ന ദുരനുഭവം നാമറിയാതെ ശാപമായി നമ്മുടെയൊക്കെ മേല്‍ ഉണ്ടായിരിക്കാം.


ജീവകാരുണ്യത്തിന്റെ തമ്പുരാനായിരുന്നു ചട്ടമ്പി സ്വാമികള്‍. എല്ലാ ജീവജാലങ്ങളോടും സ്‌നേഹം കാണിച്ചിരുന്നു. ആ മാതൃക നമ്മുടെ ഓര്‍മ്മയിലുള്ളതായി തോന്നുന്നില്ല. കേരളത്തെ ഗ്രസിച്ചിരിക്കുന്ന മദ്യവിപത്തിനെ മുന്നേകൂട്ടി കണ്ടിട്ടെന്ന പോലെയാണെന്നു തോന്നുന്നു മദ്യം ഉണ്ടാക്കുന്നതും കൊടുക്കുന്നതും കുടിക്കുന്നതും നിര്‍ത്താന്‍ ശ്രീനാരായണഗുരു സമകാലികരോട് പറഞ്ഞത്. ശ്രീനാരായണ ഗുരുവിന്റെ വാക്കുകള്‍ അന്ന് അവര്‍ ഉള്‍ക്കൊണ്ടിരുന്നുവെങ്കില്‍ മദ്യം കേരളത്തെ ഇങ്ങനെ കീഴ്‌പ്പെടുത്തുമായിരുന്നില്ല. നാം നമ്മുടെ ആത്മീയനായകന്മാരെ കുറെയൊക്കെ അംഗീകരിച്ചിട്ടുണ്ട് എന്നതും അടിച്ചോടിച്ചില്ല എന്നതും നേരാണ്. എന്നിരിക്കിലും ആശയപരമായി ഉള്‍ക്കൊള്ളാതെ ഒരുവിധത്തില്‍ ഇല്ലാതാക്കിയ പ്രതീതിയല്ലേ?

വേദകാലത്തിനു മുന്‍പും ആത്മീയപുരുഷന്മാര്‍ ഉണ്ടായിരുന്നിരിക്കുമല്ലോ. ഖുറാനില്‍ ദൈവത്തിന്റെ അറിയിപ്പായി പറയുന്നത് മനുഷ്യരാശിക്കായി 1240000 (ഒരു ലക്ഷത്തി ഇരുപത്തിനാലായിരം) പ്രവാചകരെ അന്നാള്‍വരെ ഏതോ അനാദികാലം മുതല്‍ ഖുറാന്‍ അവതരിച്ച കാലംവരെ ഭൂമിയിലേക്ക് അയച്ചിട്ടുണ്ടെന്നാണ്.


മനുപരമ്പര എന്ന സങ്കല്‍പം വച്ചു നോക്കുകയാണെങ്കിലും മനുക്കളുടെ കീഴില്‍ എണ്ണമറ്റ ഗുരുക്കന്മാര്‍ വന്നുപോയിക്കാണും. ഗുരുതത്വം സൃഷ്ടിയില്‍ അനാദികാലം മുതല്‍ പ്രവര്‍ത്തിച്ചിരിക്കണം; ദൈവത്തിന്റെ, പ്രകൃതിയുടെ നിയമങ്ങള്‍ ഭൂമിയില്‍ നടപ്പാകുന്നതിന്. കാലാകാലങ്ങളായി മനുഷ്യര്‍ എവിടെയൊക്കെയോ തെറ്റിച്ചുകൊണ്ടിരുന്നു, നാം ഇന്നു തെറ്റിച്ചുകൊണ്ടിരിക്കുന്നു എന്ന് തീര്‍ച്ചയാണ്. അതുകൊണ്ടല്ലേ ഇന്ന് ലോകത്തില്‍ സംഘര്‍ഷങ്ങളും അഭയാര്‍ത്ഥി പ്രവാഹങ്ങളും അസമാധാനവും മൂല്യച്യുതിയും കടുത്ത പ്രകൃതിചൂഷണവും പ്രദൂഷണവും ഒക്കെ വര്‍ദ്ധിച്ചുകാണുന്നത്?



No comments:

Post a Comment