ഔചിത്യമെന്ന കവിതയിലെ സര്‍വാംഗീണമായ തത്ത്വത്തെ സിദ്ധാന്തീകരിച്ച ക്ഷേമേന്ദ്രന്‍ കാവ്യജീവിതം തന്നെ ഔചിത്യമാണെന്ന് വാദിച്ചു. രസത്തിന്റെ ദര്‍ശനപരതയാണ് ഔചിത്യമെന്ന് പറയുമ്പോഴും കാവ്യാത്മാവ് രസം തന്നെയെന്നാണ് ക്ഷേമേന്ദ്രപക്ഷം.
ജീവിതത്തിന്റെ സമഗ്ര ചൈതന്യത്തെയും ജീവിതവ്യമാക്കുന്ന തത്വമാണ് ഔചിത്യം. 11- നൂറ്റാണ്ടില്‍ ക്ഷേമേന്ദ്രനാണ് ‘ഔചിത്വ വിചാര ചര്‍ച്ച’ എന്ന ഗ്രന്ഥത്തിലൂടെ ഔചിത്യ സിദ്ധാന്തപരമായ അടിത്തറ നല്‍കിയത്. ഔചിത്യമെന്ന പദം പ്രയോഗിക്കാതെ ഔചിത്യ സങ്കല്‍പം നിഴലിക്കുന്നതാണ് നാട്യശാസ്ത്രത്തിലെ ഗുണദോഷ വിചിന്തനം ചര്‍ച്ച. ഭാമഹന്റെ ‘കാവ്യാലങ്കാര’ത്തിലെ ദോഷവിചിന്തനവും ഔചിത്യ സങ്കല്‍പത്തിലധിഷ്ഠിതമാണ്. ഔചിത്യമെന്ന സംജ്ഞ ആദ്യം പ്രയോഗിക്കുന്നത് മീമാംസകാരനായ രുദ്രടനാണ്. ആനന്ദവര്‍ദ്ധനന്‍ കാവ്യത്തിന്റെ കാഴ്ചപ്പാടിലൊന്നായി ഔചിത്യത്തെ അംഗീകരിക്കുന്നു.
കവി കാവ്യത്തിന്റെ സൂക്ഷ്മ ഘടകങ്ങളിലെല്ലാം ‘ഉചിതാനുചിത വിവേകം’ പുലര്‍ത്തണമെന്ന് ധ്വന്യാലോകകാരന്‍ ഉറപ്പിക്കുന്നു. രസചര്‍ച്ചയുടെ വിചിന്തന വിശേഷങ്ങളിലെല്ലാം ഉചിതജ്ഞതക്ക് വേണ്ടി ആചാര്യന്‍ വാദിക്കുന്നുണ്ട്.
”അനൗചിത്യാദൃദേ നാന്യദ്
രസഭംഗസ്യ കാരണം
പ്രസിദ്ധൗചിത്യ ബന്ധസ്തു
രസസ്യോപനിഷത് പരാ”
രസംഭംഗത്തിന് കാരണം അനൗചിത്യമാണെന്ന് സൂചിപ്പിച്ച് ഔചിത്യാനുവര്‍ത്തനം രസത്തിന്റെ തന്ത്രരഹസ്യമാണെന്ന് സൂചിപ്പിക്കുകയാണ് ആനന്ദവര്‍ദ്ധനന്‍.
മുഖ്യമീമാംസാ വിഷയമായി ഔചിത്യത്തെ അനുയാനം ചെയ്യുന്ന കുന്തകനും ‘ശബ്ദാനൗചിത്യ വിചാരത്തെ’ ഉണര്‍ത്തി നിര്‍ത്തുന്ന വ്യക്തിവിവേകകാരനായ മഹിമഭട്ടനും ഔചിത്യവ്യാഖ്യാനത്തിന് നവമാനമേകുന്നുണ്ട്. ”ഏത് ഏതൊന്നിന് സദൃശകാരിയാണോ അതുതന്നെ ഉചിതം. ഉചിതജ്ഞതയുടെ ഭാവം ഔചിത്യം.”
”ഉചിതം പ്രാഹരാചാര്യാ:
സദൃശം കിലയസ്യതത്
ഉചിതസ്യ ചയോ ഭാവ-
സ്തദൗചിത്യം പ്രചക്ഷതേ”
എന്നാണ് നിര്‍വചനസൂത്രം. ഗുണം ഗുണമായും അലങ്കാരം അലങ്കാരമായും കാവ്യത്തില്‍ അങ്ങുമിങ്ങുമുണ്ടാവും. എന്നാല്‍ കാവ്യത്തിന്റെ സ്ഥിര ജീവിതം ഔചിത്യം തന്നെയെന്ന് ആചാര്യന്‍ സ്ഥാപിക്കുന്നു. ഇരുപത്തിയേഴ് ഔചിത്യബിന്ദുക്കള്‍ കാവ്യത്തിലുണ്ടെന്നാണ് ക്ഷേമേന്ദ്രമതം. പദം, വാക്യം, ഗുണം, അലങ്കാരം, രസം, ക്രിയ, പ്രബന്ധാര്‍ത്ഥം തുടങ്ങിയ ഔചിത്യസ്ഥലികളാണവയെന്ന് രേഖപ്പെടുത്തുന്നു. യഥാര്‍ത്ഥത്തില്‍ ഔചിത്യബിന്ദുക്കള്‍ ജീവിതംപോലെ അനന്തമാണെന്ന് കാണാം. രസാത്മകമായ കാവ്യത്തിന്റെ അനശ്വരമായ ജീവനമാണ് എന്ന് ചൂണ്ടിക്കാട്ടി ശാസ്ത്രീമായ രീതിയിലാണ് ക്ഷേമേന്ദ്രന്‍ ഔചിത്യത്തെ പ്രതിഷ്ഠിക്കുന്നത്. അദ്ധ്യാത്മരാമായണത്തിലെ കണ്ടു താന്‍ സീതയെ എന്ന ഹനുമദ് വചനം പദൗചിത്യത്തിന്റെ ഉദാഹരണമായി ഉദ്ധരിക്കാം. യഥാര്‍ത്ഥത്തില്‍ പദധ്വനിയും പദൗചിത്യവും സദാ ഏകമെന്നെണ്ണാന്‍ പ്രയാസമില്ല.
കവിതയുടെ ലയാത്മകത്വത്തിന്റെ നിയാമകം തന്നെ ഔചിത്യമാണെന്ന് കണ്ടെത്തുന്ന ക്ഷേമേന്ദ്രന്‍ കലയുടെ ലാവണ്യ തത്വമായി ഔചിത്യത്തെ മൂല്യനിര്‍ണയം ചെയ്തിട്ടുണ്ട്. രസപരതന്ത്രതയാണ് ഔചിത്യം എന്ന് അഭിനവഗുപ്തന്‍ സിദ്ധാന്തിക്കുന്നു. ഔചിത്യരഹിതമായ കാവ്യം കാവ്യാഭാസം തന്നെയെന്ന് ആചാര്യന്‍. യുക്തിപൂര്‍വം സമര്‍ത്ഥിക്കുന്നുണ്ട്. രസം രസാഭാസമായി മാറുന്നത് അനൗചിത്യം മൂലമാണെന്ന് തെളിയിക്കാന്‍ ആചാര്യന്‍ ഉദാഹരണം നല്‍കുന്നു.
ഔചിത്യമെന്ന കവിതയിലെ സര്‍വാംഗീണമായ തത്വത്തെ സിദ്ധാന്തീകരിച്ച ക്ഷേമേന്ദ്രന്‍ കാവ്യജീവിതം തന്നെ ഔചിത്യമാണെന്ന് വാദിച്ചു. രസത്തിന്റെ ദര്‍ശനപരതയാണ് ഔചിത്യമെന്ന് പറയുമ്പോഴും കാവ്യാത്മാവ് രസം തന്നെയെന്നാണ് ക്ഷേമേന്ദ്രപക്ഷം. കാവ്യരചനയും വായനയും ഭാഗഭാക്കായി ഏറ്റുവാങ്ങേണ്ട ഉചിതോചിതമായ ചിന്താപദ്ധതിയാണ് ‘ഔചിത്യവിചാരം.’ രസം ധ്വനി ലാവണ്യം തുടങ്ങി കാവ്യഹൃദയത്തിലേക്കുള്ള പ്രകാശമാര്‍ഗ്ഗമാണത്.
ഡോ.കൂമുളി ശിവരാമന്‍
No comments:
Post a Comment