ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, January 2, 2017

വിശ്വാസം

തെളിമയാര്‍ന്ന ഒരു പകല്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ എരിഞ്ഞടങ്ങാന്‍ പോവുകയാണ്. ആ മനോഹാരിതയില്‍ മയങ്ങി പരാശക്തിയുടെ പരംവൈഭവത്തിനു മുന്‍പില്‍ ബുദ്ധിയും യുക്തിയും ഒന്നുമല്ലാതായി. അപ്പോഴും, എങ്ങാണ്ടൊരിടത്തിരുന്ന്, ബുദ്ധിരാക്ഷസനെന്നഹങ്കരിക്കുന്ന മനുഷ്യന്‍ ശാസ്ത്രത്തിന്റെ മാഹാത്മ്യത്തെ പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. പറയൂ, ചക്രവാളത്തെ ചെഞ്ചായം പൂശിയ കരങ്ങള്‍ ആരുടേതാണ്? അവിടെ, വിവിധ വര്‍ണങ്ങളില്‍, വിവിധ ചിത്രങ്ങള്‍ വരച്ചതാണ്? നോക്കിനില്‍ക്കെ, അവിടെ പ്രത്യക്ഷപ്പെട്ട കൊട്ടാരവും കപ്പലും അപ്രത്യക്ഷമായതെങ്ങനെയാണ്? ഇമചിമ്മിയ നിമിഷത്തില്‍ അവയുടെ സ്ഥാനത്ത് പുതിയ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതിന്റെ രഹസ്യമെന്താണ്?


മനുഷ്യന്‍ ശൂന്യാകാശ യാത്ര നടത്തിയിരിക്കാം. ചന്ദ്രനില്‍ കൊടി നാട്ടിയിരിക്കാം. ഇനിയൊരിക്കല്‍, ചൊവ്വയില്‍ അന്തിയുറങ്ങിയെന്നും വരാം. അപ്പോഴും, ശാസ്ത്രത്തിന്റെ ചിറകുകളില്‍ സഞ്ചരിക്കുന്ന മനുഷ്യമസ്തിഷ്‌കത്തിന് ചെന്നെത്തുവാനാത്ത ഒരുപാടു പവിഴപ്പുറ്റുകള്‍ മറഞ്ഞുകിടക്കുന്നുണ്ടാവാം. ഈ അദ്ഭുതപ്രപഞ്ചത്തില്‍ ദൃഷ്ടിഗോചരമായതും അല്ലാത്തതുമായ എല്ലാ പ്രതിഭാസങ്ങള്‍ക്കും സമാധാനം പറയുവാന്‍ ശാസ്ത്രത്തിനാവുമോ! അവകാശങ്ങളൊരുപാടു നിരത്താം. അനുഭവങ്ങള്‍ വ്യത്യസ്തമായിരിക്കും.

വിശ്വാസത്തെ ഫെയ്ത്ത് എന്നും ബിലീഫ് എന്നും രണ്ടായി കാണണം. അടിസ്ഥാനമില്ലാത്ത, തെളിവില്ലാത്ത വിശ്വാസമാണ് ഫെയ്ത്ത്. ഇതിലൂടെയാണ് ക്രൈസ്തവസഭയിലെ വിശ്വാസികളെ കാണേണ്ടത്. സ്വര്‍ഗസ്ഥനായ പിതാവേ എന്നതിലെ സ്വര്‍ഗം എവിടെയാണ്? അവിടെയാണ് പിതാവിരിക്കുന്നതെന്നതിന് എന്തു തെളിവാണ്. വെറുതെ വിശ്വസിക്കുക. അതാണ് ഫെയ്ത്ത്.

കാറ്റിനെ കാണാനാവില്ല. എന്നാല്‍ അതുണ്ടെന്നുള്ളത് അനുഭവമാണ്. വൃക്ഷത്തിന്റെ ഇലകള്‍ അനങ്ങുന്നു, വിയര്‍ത്തിരിക്കുമ്പോള്‍ ഏതോ ഒന്നിന്റെ സ്പര്‍ശത്താല്‍ സുഖാനുഭവമുണ്ടാവുമ്പോള്‍ നാം പറയും, ”കാറ്റുവന്നപ്പോള്‍ എന്തൊരാശ്വാസം” ഈ ആശ്വാസമാണ് കാറ്റുണ്ട് എന്ന വിശ്വാസത്തിനാധാരം. ഇതാണ് ബിലീഫ്.

മേല്‍ സൂചിപ്പിച്ച സൗന്ദര്യം, മനോഹാരിത, അദ്ഭുതം ഇവയുടെ എല്ലാം പിന്നില്‍ പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ട്. അതിനെ ഈശ്വരന്‍, ദൈവം എന്നെല്ലാം വിശേഷിപ്പിക്കും. ആ വാക്കിനെ വിശ്വസിക്കണമെന്നു നിര്‍ബന്ധമില്ല. നിരീശ്വരവാദിയെന്ന് പ്രഖ്യാപിക്കുന്നവരുണ്ട്. നാലണ കൊടുത്താല്‍ എന്തും സാധിച്ചുതരുന്ന തെണ്ടിയല്ലേ ദൈവം എന്നു ചോദിക്കുന്നവരുമുണ്ട്. അങ്ങനെയുള്ള പലരും നെഞ്ചില്‍ കൈവച്ച് ദൈവമേ എന്നു വിളിച്ചതിന് ധാരാളം തെളിവുമുണ്ട്.
വിശ്വാസം എന്നത് അന്ധവിശ്വാസമല്ല, അര്‍ത്ഥശൂന്യവുമല്ല. മനുഷ്യന്റെ വൈവിധ്യ പൂര്‍ണമായ മനോവ്യാപാരങ്ങള്‍ക്കടിസ്ഥാനമാണത്. സ്വഭാവരൂപീകരണത്തില്‍ വിശ്വാസത്തിന് പരമപ്രധാനമായ പങ്കുണ്ട്. പിന്നെ, സംസ്‌കാരത്തിന്റെ കാര്യത്തില്‍ പറയാനുണ്ടോ? വിശ്വാസത്തിന്റെ അഭാവത്തില്‍ ജീവിതം ദുരിതമായിത്തീരും.

കുടുംബജീവിതം സ്വച്ഛവും സ്വസ്ഥവും വിജയകരവുമാവണമെങ്കില്‍ ഭാര്യാഭര്‍തൃബന്ധം നന്നായിരിക്കണം. വിശ്വാസമില്ലാതെ ഇത് സാധ്യമേയല്ല. കുട്ടികള്‍ തമ്മില്‍ തല്ലുമ്പോള്‍ ഞാനെന്റെ അച്ഛനോടു പറയും, സാറിനോടു പറയും എന്നെല്ലാം പറയുന്നത് സര്‍വസാധാരണമാണ്. അച്ഛനമ്മമാരിലും അദ്ധ്യാപകരിലുമുള്ള വിശ്വാസത്തെയാണിതു കാണിക്കുന്നത്; അവരോട് പറഞ്ഞാല്‍ പരിഹാരമുണ്ടാവുമെന്ന വിശ്വാസം.
സര്‍വീസ് സംഘടനകള്‍, തൊഴിലാളി സംഘടനകള്‍, വിദ്യാര്‍ത്ഥി സംഘടനകള്‍, വയോവൃദ്ധരുടെ സംഘടന തുടങ്ങിയവയെല്ലാം അതിലുള്ളവരുടെ സംരക്ഷണത്തിനുവേണ്ടിയാണ് നിലകൊള്ളുന്നത്. തങ്ങള്‍ക്കു ദോഷമുണ്ടായാല്‍, ആവലാതിയും പരാതിയുമുണ്ടായാല്‍ സംഘടന സഹായിക്കും എന്ന വിശ്വാസമാണ് അംഗങ്ങളുടെ കൈമുതല്‍.

പെറ്റുവളര്‍ത്തി വലുതാക്കി, മുന്‍പരിചയം കാര്യമായില്ലാത്ത ഒരുവന്റെ കയ്യില്‍ സ്വന്തം മകളെ ഏല്‍പ്പിക്കുമ്പോള്‍ അവന്‍ അവളുടെ രക്ഷകനാകും എന്നതാണ് അച്ഛനമ്മമാരുടെ വിശ്വാസം. തങ്ങളുടെ സ്ഥാനത്ത് അവന്റെ മാതാപിതാക്കള്‍ ഉണ്ടെന്നതാണ് അവരുടെ ആശ്വാസം; വിശ്വാസം. ഭാര്യാഭര്‍തൃബന്ധത്തിലെന്നപോലെ മക്കളും അച്ഛനമ്മമാരും തമ്മിലുള്ള ബന്ധത്തിലും വിശ്വാസം പരമപ്രധാനമാണ്.

പ്രായമാവുമ്പോള്‍ (വാര്‍ദ്ധക്യത്തില്‍) തങ്ങള്‍ക്ക് താങ്ങും തണലുമാവും മക്കള്‍ എന്ന് മാതാപിതാക്കള്‍ വിശ്വസിക്കുന്നു. ഗുരുവായൂരില്‍ നടതള്ളപ്പെടുകയോ, വൃദ്ധസദനങ്ങളുടെ അകത്തളങ്ങളില്‍ എരിഞ്ഞൊടുങ്ങുകയോ എന്താണ് സംഭവിക്കുന്നതെന്നാരറിഞ്ഞു. ആരെയും വിശ്വസിക്കാതെ ജീവിക്കാനാവുമോ? ഒറ്റ വാചകത്തില്‍ അധികമായാല്‍ അമൃതും വിഷം. വിശ്വാസത്തിന്റെ കാര്യത്തിലും ഇത് സാര്‍ത്ഥകമാണ്. അറിയുക, അറിഞ്ഞുപെരുമാറുക; അതുതന്നെ കരണീയം.

No comments:

Post a Comment