ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ഐതിഹ്യവും ചരിത്രവും
തുടർച്ച ( 2 )
തുടർച്ച ( 2 )
അവിടെ അനന്തശയനത്തിൽ സാക്ഷാൽ പത്മനാഭ സ്വാമി പള്ളി കൊള്ളുന്ന ദൃശ്യം ദർശനം ലഭിക്കുകയും ചെയ്തു. മുനി പിന്നീട് ഭഗവദ് ദർശനത്തിനായി അവിടെ തപസ്സനുഷ്ഠിച്ചു. അധികം വൈകിയില്ല. അവിടെയുണ്ടായിരുന്ന വൻവൃക്ഷം കടപുഴകി വീഴുകയും, മഹാവിഷ്ണു അനന്തശായിയായി മുനിക്കു മുന്നിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഭഗവാന്റെ ശിരസ് തിരുവല്ലത്തും, പാദങ്ങൾ തൃപ്പാപ്പൂരും, ഉരോഭാഗം തിരുവനന്തപുരത്തുമായി കാണപ്പെട്ടു. ഇന്ന് മൂന്നിടത്തും ക്ഷേത്രങ്ങളുണ്ട്. ഭഗവദ്സ്വരൂപം പൂർണമായും ദർശിക്കുവാൻ കഴിയാത്തവണ്ണം വലിപ്പമുള്ളതായിരുന്നുവത്രേ. തന്റെ കൈവശമുണ്ടായിരുന്ന യോഗദണ്ഡിന്റെ മൂന്നിരട്ടി നീളമായി ഭഗവത്സ്വരൂപം ദർശിക്കാനാകണമെന്ന് പ്രാർഥിച്ചു. ആ പ്രാർഥന ഫലിച്ചതിനാൽ, ഇന്നുകാണുന്ന രൂപത്തിൽ ദർശനം കിട്ടിയെന്നു ഐതിഹ്യം പറയുന്നു.. മുനി ഭക്ത്യാദരപൂർവം ഭഗവാനെ വന്ദിക്കുകയും പൂജാദി കർമങ്ങൾ ആരംഭിക്കുകയും ചെയ്തു. കാസർഗോഡ് ജില്ലയിലുള്ള അനന്തപുര തടാകക്ഷേത്രം ആണ് ഈ ക്ഷേത്രത്തിന്റെ മൂലസ്ഥാനം എന്ന് കരുതുന്നവരുണ്ട്.
ചരിത്രം
എട്ടരയോഗം ഉത്സവനാളിലെ പാണ്ഡവപ്രതിഷ്ഠ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ പുരാതന ഭരണസമിതിയാണ് എട്ടരയോഗം എന്നറിയപ്പെടുന്നത്. അരചനും എട്ടുപേരടങ്ങുന്ന സഭയും ചേർന്നതാണ് എട്ടരയോഗം. അദ്ധ്യക്ഷനായ പുഷ്പാഞ്ജലി സ്വാമിയാർ, കൂപക്കരപ്പോറ്റി, വഞ്ചിയൂർ അത്തിയറപ്പോറ്റി, കൊല്ലൂർ അത്തിയറപ്പോറ്റി, മുട്ടവിളപ്പോറ്റി, കരുവ പോറ്റി, നെയ്തശ്ശേരിപ്പോറ്റി, ശ്രീ കാര്യത്തു പോറ്റി എന്നിവർ ഉൾപ്പെടുന്നതാണു ക്ഷേത്ര സഭ. സഭയെടുക്കുന്ന തീരുമാനങ്ങൾ അരചൻ (വേണാട്/ തിരുവിതാംകൂർ മഹാരാജാവ്) അംഗീകരിച്ചാൽ മാത്രം അവ നടപ്പിലാകും. പുഷ്പാഞ്ജലി സ്വാമിയാരെ നിയമിക്കാനും നീക്കം ചെയ്യാനും ഉള്ള അവകാശം മഹാരാജാവിനുണ്ടെങ്കിലും സ്വാമിയാരെ കണ്ടാൽ അപ്പോൾ തന്നെ രാജാവു വച്ചു നമസ്ക്കരിക്കണം എന്നാണു കീഴ്വഴക്കം.
ശ്രീപത്മനാഭസ്വാമി തിരുവിതാംകൂർ രാജവംശത്തിന്റെ കുലദൈവമാണ്. ആധുനിക തിരുവിതാംകൂറിന്റെ ശില്പി എന്ന പേരിൽ പ്രശസ്തനായ തിരുവിതാംകൂർ മഹാരാജാവ് ശ്രീ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയാണ് ക്ഷേത്രം ഇന്നു കാണുന്ന വിധം പുനരുദ്ധരിച്ചത്. ശ്രീ പത്മനാഭന്റെ കടുത്ത ഭക്തനായിരുന്ന അദ്ദേഹം ക്ഷേത്രം പുനരുദ്ധീകരിച്ചു, ഇപ്പോൾ കാണുന്ന ഏഴ് നില ഗോപുരത്തിന്റെ അഞ്ചു നിലകളും അദ്ദേഹമാണ് പണിയിച്ചത്.
പന്തീരായിരം സാളഗ്രാമങ്ങൾ (ബനാറസിനടുത്തുള്ള ഗുണ്ടക്കു എന്ന സ്ഥലത്തു നിന്നും വിഷ്ണുവിന്റെ അവതാരങ്ങൾ ലേഖനം ചെയ്യപ്പെട്ടിട്ടുള്ള പരിശുദ്ധമായ ശിലകൾ) വരുത്തി ശ്രീ പത്മനാഭ സ്വാമിയുടെ വിഗ്രഹം പുനർനിർമ്മാണം നടത്തി, പുന:പ്രതിഷ്ഠിച്ചു. തിരുവനന്തപുരത്തിനടുത്ത തിരുമലയിൽ നിന്നും 20 ഘന അടി വലിപ്പമുള്ള വലിയ പാറവെട്ടി ഒറ്റക്കൽ മണ്ഡപം പണിഞ്ഞു. കിഴക്കേ ഗോപുരത്തിന്റെയും പണി പുനരാരംഭിച്ചു പൂർത്തിയാക്കി. സ്വർണ്ണക്കൊടിമരം സ്ഥാപിച്ചു. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ നാലമ്പലം പണിയുകയും പദ്മതീർത്ഥ കുളത്തിന്റെ വിസ്തൃതി കൂട്ടുകയും ശീവേലിപ്പുര ഒറ്റക്കൽ മണ്ഡപം തുടങ്ങിയവ നിർമിച്ചതും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമായിരിന്നു. ഭദ്രദീപം, മുറജപം തുടങ്ങിയ ചടങ്ങുകൾ ആരംഭിച്ചത് ശ്രീ അനിഴം തിരുനാളാണ്. എട്ടരയോഗത്തെ വെറുമൊരു ഉപദേശക സമിതി മാത്രമായി ചുരുക്കിയതും ശ്രീ അനിഴം തിരുനാളായിരുന്നു.
പൗരാണികമായി തന്നെ പുകൾപെറ്റ മഹാക്ഷേത്രം. നൂറ്റെട്ട് വൈഷ്ണവ ക്ഷേത്രങ്ങളിൽ പ്രമുഖ സ്ഥാനവുമുണ്ട്. എന്നാൽ അതിന് ഏതാണ്ട് 600 വർഷങ്ങൾക്കു മുമ്പ് വേണാട് ഭരിച്ചിരുന്ന കോത കേരളവർമ (എ.ഡി.1127-1150) ഈ ക്ഷേത്രം പുനരുദ്ധരിച്ചതായും സ്യാനന്ദൂര പുരാണ സമുച്ചയത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. അതിനർഥം അതിലും നൂറ്റാണ്ടുകൾക്കു മുമ്പ് ക്ഷേത്രം സ്ഥാപിച്ചിരിക്കണണെന്നാണ്.
തൃപ്പടിദാനം
കൊല്ലവർഷം 925 മകരം അഞ്ച് പൂർവപക്ഷ സപ്തമിയിൽ ബുധവാരേ രേവതി നക്ഷത്രം. 1750 ജനുവരി മാസം അനിഴം തിരുനാൾ വീരമാർത്താണ്ഡവർമ മഹാരാജാവ് ശ്രീപദ്മനാഭ ദാസനായി ‘തൃപ്പടിദാനം’ ചെയ്ത മുഹൂർത്തം. അദ്ദേഹം അന്നോളം പിടിച്ചേടുത്ത നാട്ടുരാജ്യങ്ങൾ എല്ലാം ചേർത്ത് (തോവാള മുതൽ കവണാറു (മീനച്ചിലാർ) വരെയുള്ള രാജ്യം) ശ്രീപദ്മനാഭന് സമർപ്പിച്ച ദിവസം. ചങ്ങനാശ്ശേരി തലസ്ഥാനമായുള്ള തെക്കുകൂർ രാജ്യം ആക്രമിച്ച് കീഴടക്കിയതിനുശേഷമായിരുന്നു ഇത്. രാജകുടുംബത്തിലെ സകല സ്ത്രീപുരുഷന്മാരും അടങ്ങിയ പരിവാരങ്ങളോടെ മഹാരാജാവ് ശ്രീപത്മനാഭനു മുന്നിലേക്ക് എഴുന്നെള്ളി. പരമ്പരാഗതമായി തനിക്കും തന്റെ വംശത്തിനും ചേർന്നതും താൻ വെട്ടിപ്പിടിച്ചതുമായ ഭൂപ്രദേശങ്ങളെ മുഴുവൻ ശ്രീപത്മനാഭന് അടിയറ വെച്ചു. തുടർന്ന് ഉടവാൾ പദ്മനാഭ പാദങ്ങളിൽ സമർപ്പിച്ച് തിരിച്ചെടുത്ത് “ശ്രീ പദ്മനാഭദാസനായി” രാജ്യം ഭരിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു.
( തുടരും )
No comments:
Post a Comment