ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, January 1, 2017

അനുമാനത്തിന്റെ അന്തരംഗം - ഭാരതീയ കാവ്യമീമാംസ - 6

അര്‍ത്ഥത്തില്‍നിന്ന് അര്‍ത്ഥാന്തരങ്ങള്‍ ജനിക്കുന്നത് അനുമാനം വഴിയാണെന്ന മഹിമഭട്ടന്റെ സൈദ്ധാന്തിക വീക്ഷണം പാശ്ചാത്യ ചിന്തകനായ ദെറിദയുടെ ചിഹ്‌നക/ചിഹ്‌നിത/യോഗങ്ങളായി അര്‍ത്ഥത്തിന്റെ സ്വച്ഛന്ദലീല തുടര്‍ന്നുവരുന്ന അപനിര്‍മ്മാണ വാദം ഓര്‍മ്മിപ്പിക്കുന്നു.

വിളക്കുള്ളേടത്ത് വെളിച്ചമുണ്ടാവണം, പുകയുള്ളിടത്ത് തീയുണ്ടാവണം, നിലാവുള്ളിടത്ത് ചന്ദ്രനുണ്ടാവണം. ഒന്നുള്ളിടത്ത് അനിവാര്യസംബന്ധിയായ മറ്റൊന്ന് ഒന്നിച്ചുചേര്‍ന്നിരിക്കും എന്ന അവസ്ഥ ലോകനിയമമാണ്; പ്രകൃതിപരമാണ്. ഒരു വസ്തുവിന്റെ സാന്നിധ്യത്തില്‍ അതുമായി സഹജബന്ധമുള്ള മറ്റൊന്നിന്റെ സാന്നിധ്യം ഊഹിച്ചെടുക്കുകയാണ് അനുമാനം. ‘അനുമാനം’ എന്നത് താര്‍ക്കികമായ സംജ്ഞയാണ്. അനുമാന സിദ്ധാന്തത്തിന്റെ അന്തരംഗം ഗ്രഹിക്കാന്‍ ‘സഹജസാന്നിധ്യം’ എന്ന പ്രകൃതിപാഠം ഉണ്ടായാല്‍ മതി.

‘അവിനാഭാവ’ത്തിന് ‘വേര്‍പെട്ടിരിക്കായ്ക’ എന്നാണ് അര്‍ത്ഥം. ‘അവിനാഭാവജ്ഞാന പൂര്‍വകമായി ഒന്നില്‍നിന്ന് മറ്റൊന്നിന്റെ ജ്ഞാനമുണ്ടാകുന്നതാണ് അനുമാനം’ എന്ന് കുട്ടികൃഷ്ണമാരാര്‍ വ്യക്തമാക്കുന്നു. ‘വ്യക്തിവിവേക’മെഴുതിയാണ് മഹിമഭട്ടന്‍ അനുമാനസിദ്ധാന്തത്തിന്റെ ആചാര്യസ്ഥാനീയനാവുന്നത്. അഭിധയില്‍ത്തന്നെ ലക്ഷണയെയും വ്യഞ്ജനയെയും ദര്‍ശിച്ച ഭട്ടനായകന്റെ പിന്തുടര്‍ച്ചക്കാരനായാണ് ചില വ്യാഖ്യാതാക്കള്‍ ആചാര്യനെ വിലയിരുത്തുന്നത്. ധ്വനി സിദ്ധാന്തത്തിന്റെ മൗലികതയെയാണ് ‘വ്യക്തിവിവേകം’ ചോദ്യംചെയ്തത്. അനുമാനം ഒരലങ്കാരം മാത്രമായി പിന്നീട് വന്ന കാവ്യശാസ്ത്രകാരന്മാരില്‍ ചിലര്‍ അടയാളപ്പെടുത്തുന്നു.

മുഖ്യാര്‍ത്ഥം കേള്‍ക്കുംപടി ബോധ്യമാകുന്ന അര്‍ത്ഥമാണ്. ഉപരിവിചിന്തനത്തില്‍ ഉളവാകുന്ന അര്‍ത്ഥമാണ് ഗൗണം. ഇവ രണ്ടും ചേര്‍ന്നാണ് മൂന്നാമതൊരര്‍ത്ഥം അനുമാനിക്കപ്പെടുക. അനുമേയാര്‍ത്ഥം ഇതുതന്നെ. വസ്തു, അലങ്കാരം, രസാദികള്‍ എന്നിവയായി അനുമേയാര്‍ത്ഥം മൂന്നുവിധം വരാം. രസം എപ്പോഴും അനുമാനസിദ്ധമാണ്. യഥാര്‍ത്ഥത്തില്‍ ധ്വനി സിദ്ധാന്തത്തിന്റെ ആവര്‍ത്തനം തന്നെയാണിതെന്ന് പണ്ഡിതമതമുണ്ട്. കാവ്യത്തിന്റെ പരമലക്ഷണം രസംതന്നെയെന്ന് മഹിമഭട്ടന്‍ വാദിക്കുന്നു. രസാദിരൂപമായ അര്‍ത്ഥമാണ് കാവ്യാത്മാവ് എന്നുതന്നെയാണ് ആനന്ദവര്‍ദ്ധനനും പറഞ്ഞതെന്ന് വ്യാഖ്യാനിച്ചുറപ്പിക്കുകയാണ് ‘വ്യക്തിവിവേകം.’ യഥാര്‍ത്ഥത്തില്‍ ‘ധ്വനിതാര്‍ത്ഥം’ എന്നതിന് പകരം ‘അനുമേയാര്‍ത്ഥം’ എന്ന പരികല്‍പനയിലാണ് ആചാര്യന്‍ വാദമുഖമുന്നയിക്കുന്നത്.

അര്‍ത്ഥത്തില്‍നിന്ന് അര്‍ത്ഥാന്തരങ്ങള്‍ ജനിക്കുന്നത് അനുമാനം വഴിയാണെന്ന മഹിമഭട്ടന്റെ സൈദ്ധാന്തിക വീക്ഷണം പാശ്ചാത്യ ചിന്തകനായ ദെറിദയുടെ ചിഹ്‌നക/ചിഹ്‌നിത/യോഗങ്ങളായി അര്‍ത്ഥത്തിന്റെ സ്വച്ഛന്ദലീല തുടര്‍ന്നുവരുന്ന അപനിര്‍മ്മാണ വാദം ഓര്‍മ്മിപ്പിക്കുന്നു. കാവ്യത്തിലെ വസ്തു, അലങ്കാരം, രസം തുടങ്ങിയവയുടെ അനുമേയത്വം മഹിമഭട്ടന്‍ അംഗീകരിക്കുന്നുണ്ട്. ഉപരിവിചിന്തനത്തില്‍ ധ്വന്യാചാര്യന്റെ സിദ്ധാന്തപ്രമാണങ്ങളിലെ അപൂര്‍വ നിരീക്ഷണങ്ങള്‍ വ്യത്യസ്തമായ ഭാഷയിലും ശൈലിയിലും ആവിഷ്‌കരിക്കുകയായിരുന്നു വ്യക്തിവിവേകകാരന്‍.

ധ്വനി സിദ്ധാന്തത്തിന്റെ സൂക്ഷ്മസമൃദ്ധമായ ഒരു രൂപാന്തരീകരണം മാത്രമാണ് അനുമാന സിദ്ധാന്തം പങ്കുവയ്ക്കുന്നതെന്ന് വാദിച്ചവരുണ്ട്. മൗലികത അവകാശപ്പെടാനില്ലാത്തതാണ് ‘അനുമാനവാദ’ത്തിന്റെ ദൗര്‍ബല്യം. ലാവണ്യശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലല്ല ന്യായശാസ്ത്രത്തിന്റെ ബൗദ്ധികതലങ്ങളില്‍ നിന്നാണ് അനുമാനത്തെ പ്രതിഷ്ഠിക്കാന്‍ മഹിമഭട്ടന്‍ ശ്രമിച്ചത്. സിദ്ധാന്ത വിശേഷത്തിന്റെ സ്വത്വം അവിടെ നഷ്ടമാവുകയായിരുന്നു.

അടുത്തത്:ഔചിത്യ വിചാരം

No comments:

Post a Comment