ഈ അഷ്ടാംഗയോഗം ആര്‍ക്കും അനുഷ്ഠിക്കാന്‍ കഴിയാത്തതാണെന്ന് ഉള്ളില്‍വച്ചുകൊണ്ട്, അര്‍ജ്ജുനന്‍ ചോദിക്കുന്നു- അങ്ങ് സര്‍വജ്ഞനാണ്; സര്‍വേശ്വരനാണ്; മാത്രമല്ല, മധുസൂദനനുമാണ്. മധു എന്ന അസുരനെപ്പോലെ ദുഷ്ടന്മാരായ അസുരന്മാരെ നശിപ്പിച്ച്, ധര്‍മം രക്ഷിക്കാന്‍ വേണ്ടി അവതരിച്ചവനുമാണ്. സമ്മതിച്ചു. പക്ഷേ അങ്ങ് ഉപദേശിച്ച ഈ യോഗ പദ്ധതി ആര്‍ക്കെങ്കിലും അനുഷ്ഠിക്കാന്‍ കഴിയുമോ എന്ന് ഞാന്‍ സംശയിക്കുന്നു.
ഭൗതിക സുഖദുഃഖങ്ങള്‍ തരുന്ന വസ്തുക്കളില്‍ സമബുദ്ധിപുലര്‍ത്തണം എന്ന് അങ്ങ് പറഞ്ഞു. സമബുദ്ധി: വിശിഷ്യതേ സമലോഷ്ടാശ്മകാഞ്ചനഃ എന്നിങ്ങനെ. സുഖദുഃഖങ്ങളുമായി ബന്ധപ്പെട്ട് മുന്നോട്ടു പിന്നോട്ടും ചലിച്ചുകൊണ്ടിരിക്കുകയാണ് മനസ്സ്. അതിനെ ഒരു നിമിഷം പിടിച്ചുനിര്‍ത്തിയാല്‍ മതിയോ? ”യോഗീയുഞ്ജീത സതതം” എന്നല്ലേ അങ്ങ് പറഞ്ഞത്. എപ്പോഴും മനസ്സിനെ നിയന്ത്രിച്ച്, ഭൗതിക സുഖത്തില്‍നിന്ന് പിന്തിരിപ്പിച്ച് അങ്ങയില്‍ തന്നെ സ്ഥിരമായി നിര്‍ത്തണം എന്നല്ലേ പറഞ്ഞത്. ഇതെങ്ങനെ സാധിക്കും?
അങ്ങ് കൃഷ്ണനാണ് തന്റെ ഭക്തന്മാരുടെ പാപങ്ങളും ദുഃഖങ്ങളും നശിപ്പിക്കുന്നവന്‍ എന്നാണ് ആ പേരിന്റെ അര്‍ത്ഥം. (ശ്രീശങ്കരാചാര്യരും പറയുന്നു-‘-കൃഷ്ണതേഃ വിലേഖനാര്‍ത്ഥസ്യരൂപം; ഭക്തജനപാപാദി ദോഷാക്ഷണാല്‍ കൃഷ്ണഃ = ഭക്തന്മാരുടെ പാപാദിദോഷങ്ങളെ ആകര്‍ഷിക്കുന്നതുകൊണ്ട് കൃഷ്ണന്‍ എന്നുപേര്‍). എന്റെ മനസ്സിനെ നിയന്ത്രിക്കുക എന്ന രൂപത്തിലുള്ള ദുഃഖമാണ് എനിക്കുള്ളത്. അതിനെ നശിപ്പിക്കണേ എന്ന് അര്‍ജ്ജുനന്‍ സൂചിപ്പിക്കുന്നു. മനസ്സ് ചഞ്ചല സ്വഭാവമാണ്. മാത്രമല്ല പ്രമാഥിയുമാണ്- ദേഹത്തെയും ഇന്ദ്രിയങ്ങളെയും ക്ഷോഭിപ്പിക്കുന്നതാണ്. ബലവത്-ബലമുള്ളത്. തത്ത്വജ്ഞാനംകൊണ്ടോ മറ്റു ഉപായങ്ങള്‍കൊണ്ടോ ജയിക്കാന്‍ കഴിയാത്ത ശക്തിയും വേഗതയുമുള്ളതാണ്.
ദൃഢം നാഗപാശംപോലെ ആര്‍ക്കും ഭേദിക്കാന്‍ കഴിയാത്തത്. ഇങ്ങനെയെല്ലാം ഇരിക്കുന്ന മനസ്സിനെ നിയന്ത്രിക്കുക, കീഴടക്കുക എന്നൊക്കെപ്പറയുന്നത് ഏതുപോലെ എന്നുപറയാം. ആകാശത്തില്‍ ഘോരമായ ശബ്ദമുണ്ടാക്കി വരുന്ന കൊടുങ്കാറ്റിനെ തടയാന്‍ ശ്രമിക്കുന്നതുപോലെ.വായവ്യാസ്ത്രം എന്ന ദിവ്യാസ്ത്രം പ്രയോഗിച്ച് കൊടുങ്കാറ്റു നിര്‍മിച്ച് ശത്രുക്കളെ പറപറപ്പിക്കുന്ന ആയോധനമുറ പുരാണങ്ങളില്‍ കാണാം. പര്‍വതാസ്ത്രം എന്ന ദിവ്യാസ്ത്രം പ്രയോഗിച്ച് മറുപക്ഷം അതിനെ തടുക്കുന്നത്. അത് ദുഷ്‌കരമാണ്. മനസ്സിന്റെ വേഗതയേയും ചഞ്ചലഭാവത്തെയും ജയിക്കുന്നത് അതിനെക്കാള്‍ പ്രയാസമേറിയതാണ്- ‘സുദുഷ്‌കരം’ എന്ന വാക്കിന്റെ അര്‍ത്ഥം ഇതാണെന്ന് ശങ്കരാചാര്യര്‍ പറയുന്നു.
അര്‍ജുനന്റെ ചോദ്യം നമുക്കു വേണ്ടി
അയ്യായിരം കൊല്ലങ്ങള്‍ക്ക് മുന്‍പ്, മഹാപരാക്രമിയും ശ്രീകൃഷ്ണ ഭഗവാന്റെ സുഹൃത്തും സന്തതസഹചാരിയുമായ അര്‍ജ്ജുനന്‍ ഈ യോഗപദ്ധതി അനുഷ്ഠിക്കുക എന്നത് സുദുഷ്‌കരമാണെന്ന് പറഞ്ഞു തള്ളിക്കളയുന്നു. വാസ്തവത്തില്‍ ഈ ധ്യാനയോഗപദ്ധതി കൃതയുഗത്തിലെ പ്രധാന സമ്പ്രദായമാണ്. ആ കാലത്ത് ജനങ്ങള്‍ മിക്കവാറും സത്വഗുണ സമ്പന്നരും മനഃശുദ്ധിയുള്ളവരുമാണ്. ക്രമേണ ത്രേതായുഗത്തിലും ദ്വാപരയുഗത്തിലും ജനങ്ങള്‍ക്ക് പവിത്രതയും ധര്‍മബോധവും കുറഞ്ഞുവരുന്നു. ദ്വാപരയുഗത്തിന്റെ അന്ത്യഘട്ടത്തിലാണ് അര്‍ജ്ജുനന്‍ ഭഗവാനില്‍നിന്ന് ഉപദേശം സ്വീകരിക്കുന്നത്.
അണിയറയില്‍, കലിയുഗം എന്ന ദുഃശാസനനന്റെ അട്ടഹാസം കേള്‍ക്കാന്‍ തുടങ്ങിയ സന്ദര്‍ഭവുമാണ്, കലഹവും കാപട്യവും കൊള്ളയും ബോംബു സ്ഫാടനവുംകൊണ്ട് ജനങ്ങള്‍ക്ക് ജീവിക്കാന്‍ വളരെ വളരെ ബുദ്ധിമുട്ടാണ്. അവര്‍ക്ക് വനത്തിലോ ഗുഹകളിലോ ചെല്ലാനോ ആസനമുറകളും പ്രാണായാമാദികളും പരിശീലിക്കാനോ എങ്ങനെ കഴിയും? ഇതാണ് അര്‍ജ്ജുനന്റെ ചോദ്യത്തിന്റെ അടിയില്‍ കിടക്കുന്ന ഉദ്ദേശം. ഈ അധ്യായത്തിന്റെ ഒടുവില്‍ ഭഗവാന്‍ തന്നെ ശരിയായ ഉത്തരം നല്‍കുന്നുമുണ്ട്.
No comments:
Post a Comment