ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, January 1, 2017

കാവ്യമാതൃവധം - ശ്രീമദ്‌ ദേവീഭാഗവതം. 4. 11. - ദിവസം 78.



തഥാ ഗതേഷു  ദേവേഷു  കാവ്യസ്താന്‍ പ്രത്യുവാച ഹ
ബ്രഹ്മണാ പൂര്‍വ്വ മുക്തം യത് ശൃണുധ്വം ദാനവോത്തമാ:
വിഷ്ണര്‍ ദൈത്യ വധേ യുക്തോ ഹനിഷ്യതി ജനാര്‍ദ്ദന:
വാരാഹരൂപം സംസ്ഥായ ഹിരണ്യാക്ഷോ യഥാ ഹത:



വ്യാസന്‍ പറഞ്ഞു: ദേവന്മാര്‍ ഓടിപ്പോയിക്കഴിഞ്ഞപ്പോള്‍ ശുക്രാചാര്യര്‍ അസുരന്മാരോട് ബ്രഹ്മാവ്‌ പണ്ട് പറഞ്ഞ കാര്യം പറഞ്ഞു കൊടുത്തു. വിഷ്ണുവിന്റെ ദൌത്യം ദൈത്യന്മാരെ നശിപ്പിക്കുക എന്നതായതിനാല്‍ അദ്ദേഹം അനേകം ദൈത്യരെ വധിക്കും. പണ്ട് ഹിരണ്യാക്ഷനെ വധിക്കാന്‍ വരാഹമായി അവതരിച്ചത് ശ്രീഹരിയാണല്ലോ. അദ്ദേഹം തന്നെ ഹിരണ്യകശിപുവിനെ നരസിംഹരൂപത്തില്‍ വന്നു വധിക്കുകയും ചെയ്തു. അതുപോലെ അദ്ദേഹം എല്ലാ ദുഷ്ടരെയും ഇല്ലാതാക്കും എന്നത് നിശ്ചയമാണ്. കാരണം എന്റെ സഹായം ഉണ്ടായാലും നിങ്ങള്‍ക്ക് ഭഗവാന്‍ ഹരിയേയും ദേവന്മാരെയും ജയിക്കാന്‍ കഴിയില്ല. എന്റെ മന്ത്രത്തിന് അത്രയ്ക്ക്  ശക്തിയൊന്നുമില്ല. അതുകൊണ്ട് കുറച്ചുകാലം കൂടി കാത്തിരിക്കുക. ഞാന്‍ പരമശിവനെ ശരണം പ്രാപിച്ചു കൂടുതല്‍ മന്ത്രബലവുമായി വന്നിട്ട് അവ നിങ്ങള്‍ക്ക് നല്‍കാം.


അപ്പോള്‍ ദൈത്യന്മാര്‍ ചോദിച്ചു, ഗുരുവേ, ഇപ്പോള്‍ തോറ്റ് കഷ്ടപ്പെട്ട് നില്‍ക്കുന്ന ഞങ്ങള്‍ എങ്ങിനെയാണ് ഭൂമിയില്‍ കഴിയുക? യുദ്ധത്തില്‍ കൊള്ളാവുന്നവരെല്ലാം മരിച്ചു. ബാക്കിയുള്ളവരാണെങ്കില്‍ രണസാമര്‍ത്ഥ്യം ഉള്ളവരുമല്ല. ഞങ്ങള്‍ എന്താണ് ചെയ്യുക?’


ശുക്രന്‍ പറഞ്ഞു: ഞാന്‍ മടങ്ങി വരുന്നതുവരെ ജപധ്യാനാദികളില്‍ മുഴുകി കഴിയുക. കാലം ദേശം, ബലം എന്നിവയെല്ലാം നോക്കി വേണം സാമദാനഭേദകര്‍മ്മങ്ങള്‍ ചെയ്യാന്‍. ശുഭം കാംഷിക്കുന്നവന്‍ വേണ്ടിവന്നാല്‍ ശത്രുവിനെ സേവിക്കാന്‍ വരെ തയ്യാറാവണം. എന്നിട്ട് തന്റെ ബലം വര്‍ദ്ധിച്ചു കഴിയുമ്പോള്‍ അവരെ വകവരുത്തണം. ഞാന്‍ തിരികെ വരുന്നതുവരെ പുറമേയ്ക്ക് വിനയം നടിച്ചു സമാധാനപൂര്‍വ്വം വാഴുക. അതിനു ശേഷമാകാം ദേവന്മാരോടു മല്ലിടുന്നത്.’ ശുക്രാചാര്യര്‍ പരമശിവന്റെ സവിധത്തിലേയ്ക്ക് നടകൊണ്ടു.


ദാനവന്മാര്‍ പ്രഹ്ലാദനെ ദേവന്മാരുടെ അടുക്കല്‍ ദൂതിനായി അയച്ചു. അദ്ദേഹം സത്യവാദിയും വിനയാന്വിതനുമാണെന്ന് സുപ്രസിദ്ധമാണല്ലോ. അദ്ദേഹം ദേവന്മാരെ നമസ്കരിച്ചിട്ട്‌ പറഞ്ഞു:  ‘ഞങ്ങള്‍ ദൈത്യന്മാര്‍ ആയുധങ്ങള്‍ ഉപേക്ഷിച്ചിട്ട് തപസ്സിനായി പോവുകയാണ്. മരവുരിയാണ് ഞങ്ങള്‍ക്കിനി പഥ്യം.’ ദേവന്മാര്‍ ഇത് കേട്ട് സന്തുഷ്ടരായി. അവരവരുടെ ഗൃഹങ്ങളില്‍പ്പോയി അവര്‍ സസുഖം വാണു. ദൈത്യന്മാരാകട്ടെ കപടതപസ്സുമായി കശ്യപാശ്രമത്തില്‍ ശുക്രാചാര്യരെ പ്രതീക്ഷിച്ച് കഴിഞ്ഞു.


ശുക്രാചാര്യര്‍ കൈലാസത്തില്‍ പോയി പരമശിവനെക്കണ്ട് ദാനവരുടെ വിജയം ഉറപ്പിക്കാന്‍ പോന്ന മന്ത്രങ്ങള്‍ക്കായി അഭ്യര്‍ത്ഥന ചെയ്തു. ‘ദേവന്മാരെ തോല്‍പ്പിക്കാന്‍, അസുരന്മാര്‍ക്ക് ഒത്താശ ചെയ്യാനാണ് ഈ അസുരഗുരു വന്നിരിക്കുന്നത്. എന്താണിനി ചെയ്യുക’, എന്ന് പരമശിവന്‍ ചിന്തിച്ചു. ‘സുരലോകത്തെ രക്ഷിക്കണം’ എന്ന നിശ്ചയത്തോടെ  അദ്ദേഹത്തോട് അതി കഠിനമായ ഒരു തപശ്ചര്യ നിര്‍ദ്ദേശിച്ചു. ‘തല കീഴായി തൂങ്ങിക്കിടന്ന് ആയിരം കൊല്ലക്കാലം കണധൂമം (തിപ്പലിപ്പുക) പാനം ചെയ്യുക. അപ്പോള്‍ അങ്ങേയ്ക്ക് മന്ത്രസിദ്ധി കരഗതമാവും’ എന്ന നിര്‍ദ്ദേശം ശുക്രന്‍ സര്‍വ്വാത്മനാ കൈക്കൊണ്ടു. അദ്ദേഹം തപസ്സു തുടങ്ങി.


ദൈത്യരുടെ കപട തപസ്സും അവരുടെ ആചാര്യന്റെ കഠിനതപസ്സും നടക്കുന്ന കാര്യം ദേവന്മാര്‍ ചര്‍ച്ച ചെയ്തു. അപകടം മണത്തറിഞ്ഞ അവര്‍ ദൈത്യന്മാരെ ആക്രമിക്കാന്‍ യുദ്ധ സന്നാഹങ്ങളുമായി പുറപ്പെട്ടു. പെട്ടെന്ന് യുദ്ധത്തിനു തയ്യാറായി വന്ന ദേവന്മാരെക്കണ്ട് അസുരന്മാര്‍ പേടിച്ചു പോയി. ‘ആയുധം വെച്ച് കീഴടങ്ങിയവര്‍, ആചാര്യര്‍, വ്രതത്തില്‍ ഇരിക്കുന്നവര്‍, എന്നിവരെ ആക്രമിക്കുന്നത് ധര്‍മ്മമാണോ? നിങ്ങള്‍ ഞങ്ങള്‍ക്ക് മുന്നേ തന്നെ അഭയം നല്‍കിയതുമാണല്ലോ?


അപ്പോള്‍ ദേവന്മാര്‍ പറഞ്ഞു: നിങ്ങളുടെ തപസ്സ് വെറും കാപട്യമാണെന്ന് ഞങ്ങള്‍ക്കറിയാം. മാത്രമല്ല, നിങ്ങളുടെ ഗുരു മന്ത്രബലസിദ്ധിക്കായി കഠിനതപസ്സനുഷ്ടിക്കുന്നു എന്നും ഞങ്ങള്‍ മനസ്സിലാക്കുന്നു. അതിനാല്‍ ആയുധമെടുത്ത് യുദ്ധത്തിനു തയ്യാറാവുക. ശത്രുവിനെ വധിക്കാന്‍ കിട്ടുന്ന അവസരം പാഴാക്കരുത്.’ അസുരന്മാര്‍ കൂടിയാലോചിച്ചപ്പോള്‍ ദേവന്മാരെ ജയിക്കാന്‍ അവര്‍ക്കാവില്ലെന്ന് മനസ്സിലായി. അവര്‍ കൂട്ടത്തോടെ ഓടിയൊളിച്ചു.


ദാനവര്‍ കാവ്യമാതാവിന്റെ (ശുക്രാചാര്യരുടെ അമ്മ) അടുക്കല്‍ അഭയം തേടി. ‘എന്റെ അടുത്തു വന്നവര്‍ക്ക് യാതൊരു വിധ ഭീതിയും വേണ്ട’ എന്ന് ആ അമ്മ ഉറപ്പു നല്‍കി. ആ ഉറപ്പില്‍ അസുരന്മാര്‍ കാവ്യമാതാവിന്റെ ആശ്രമത്തില്‍ സമാധാനത്തോടെ കഴിഞ്ഞു. എന്നാല്‍ ദേവന്മാര്‍ അസുരന്മാരെ വിടാതെ പിടികൂടി വധിക്കാന്‍ തുടങ്ങി. തന്നെ അഭയം പ്രാപിച്ചവരെ ദേവന്മാര്‍ ആക്രമിക്കുന്നത് കണ്ട് കാവ്യമാതാവ് പറഞ്ഞു: എന്റെ തപോബലം കൊണ്ട് നിങ്ങളെയെല്ലാം ഞാന്‍ കിടത്തി ഉറക്കാന്‍ പോകുന്നു.’ ദേവന്മാര്‍ എല്ലാവരും നിദ്രാവശഗരായി. എല്ലാവരും മൂകരും നിഷ്ക്രിയരുമായി. ഇന്ദ്രന്‍ ഉറങ്ങുന്നതുകണ്ട് ഭഗവാന്‍ ഹരി അദ്ദേഹത്തെ തന്നിലേയ്ക്ക് പ്രവേശിക്കാന്‍ ആഹ്വാനം ചെയ്തു. ഇന്ദ്രനെ നയിക്കാനുള്ള ചുമതല ഭഗവാന്‍ ഹരി സ്വയം ഏറ്റെടുത്തു. ഭഗവാനില്‍ എത്തിയ ഇന്ദ്രന്റെ ഉറക്കം പൊയ്പ്പോയി. എന്നാല്‍ അത് കണ്ട കാവ്യമാതാവ് രോഷാകുലയായി. ‘ഇന്ദ്രാ, എന്റെ തപോബലം ഉപയോഗിച്ച്  നിന്നെ വിഷ്ണു സഹിതം ദേവന്മാരുടെ മുന്നില്‍ വെച്ച് ഇപ്പോള്‍ത്തന്നെ ഞാന്‍ വിഴുങ്ങാന്‍ പോകുന്നു.’


ഇന്ദ്രനും വിഷ്ണുവും കാവ്യമാതാവിന്റെ യോഗബലത്താല്‍ സ്തബ്ധരായിപ്പോയി. ദേവന്മാര്‍ 'കിലകില' ശബ്ദത്തോടെ കരയാന്‍ തുടങ്ങി. അപ്പോള്‍ ഇന്ദ്രന്‍ പറഞ്ഞു: ഹേ, മധുസൂദന, ഞാന്‍ അത്യധികം പരവശനായിരിക്കുന്നു. നമ്മെ കൊല്ലുന്നതിനു മുന്‍പ് അങ്ങ് ഇവളുടെ കഥ കഴിക്കുക. അതില്‍ തെറ്റൊന്നുമില്ല. തപോഗര്‍വ്വും ദുഷ്ടതയുമാണ് അവള്‍ കാണിക്കുന്നത്.’


ഇന്ദ്രന്‍ ഇങ്ങിനെ അഭ്യര്‍ഥിച്ചപ്പോള്‍ ഭഗവാന്‍ വിഷ്ണു തന്റെ ചക്രത്തെ ഓര്‍മ്മിച്ചു. തല്‍ക്ഷണം ചക്രം വന്ന് കാവ്യമാതാവിന്റെ തലയറുത്തു. ഭീതിയകന്ന ദേവന്മാര്‍ ഭഗവാനെ വാഴ്ത്തി. എങ്ങും ജയാരവം മുഴങ്ങി. എന്നാല്‍ ഭൃഗുശാപത്തെപ്പറ്റി ഓര്‍ത്തും സ്ത്രീവധത്തെപ്പറ്റി ചിന്തിച്ചും ഇന്ദ്രനും വിഷ്ണുവും വ്യഥിതചിത്തരായിത്തീര്‍ന്നു.  



പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്

No comments:

Post a Comment