രാമായണം ഭാരതീയ ജനമാനസത്തിന്റെ ചൈതന്യവത്തായ പ്രകാശനമാണ്. ഭാരതീയ സംസ്‌കാരത്തിന്റെ ചേതോഹാരിതയും സനാതന ധര്‍മത്തിന്റെ പരിശുദ്ധിയും പാരമ്പര്യത്തിന്റെ പൊലിമയും ഉള്‍ക്കൊണ്ട രാമകഥ ഈ നാടിന്റെ വിലമതിക്കാനാവാത്ത സമ്പത്താണ്. ഈ നാടിന്റെ മാത്രമല്ല ഏഷ്യയുടെ തന്നെ സാഹിത്യചരിത്രത്തില്‍ രാമകഥകള്‍ക്ക് വിശിഷ്ടമായ സ്ഥാനമുണ്ട്. വാല്മീകി രാമായണത്തെ അവലംബിച്ച് അനേകം കവികള്‍ വിവിധ ഭാഷകളില്‍ രചിച്ച രാമായണങ്ങളില്‍ എന്തുകൊണ്ടും സര്‍വോത്കൃഷ്ട സ്ഥാനത്തിനര്‍ഹമാണ് തുളസീരചിതമായ ‘രാമചരിത മാനസ്’. രണ്ടാം വാല്മീകിയെന്ന് വിശേഷിപ്പിക്കാവുന്ന തുളസീദാസന്റെ രാമായണം അത്യുത്കൃഷ്ടമായ സൂക്തി സമുച്ചയമാണ്.
ഭാവപ്പൊലിമകൊണ്ടും സാഹിത്യമര്‍മ്മജ്ഞതകൊണ്ടും ഭക്തിമാധുര്യംകൊണ്ടും ജനമാനസത്തെ ഹഠാദാകര്‍ഷിച്ച ഈ ഗ്രന്ഥം ജനതതിയുടെ മുഴുവന്‍ ആശ്രയവും ജീവനാധാരയുമാണ്. രാമകഥയ്ക്ക് പുതിയ മാനങ്ങള്‍ നല്‍കി അശരണരും ദുഃഖിതരും ജീവിതാശ അറ്റവരുമായ ഉത്തരേന്ത്യയിലെ ജനങ്ങള്‍ക്ക് ശ്രീരാമചന്ദ്രന്റെ ഭക്തവാത്സല്യത്തിന്റേയും ത്യാഗസൗരഭ്യത്തിന്റെയും ആശ്രിതരക്ഷകന്റേയുമായ ഉദാത്ത രൂപം നല്‍കിയാണ് തുളസി ഐതിഹാസിക പ്രാധാന്യമുള്ള ഈ ഗ്രന്ഥത്തിന് രൂപം നല്‍കിയത്.
ഗ്രന്ഥാരംഭത്തിലെ സൂചന
കാവ്യാധാരത്തെപ്പറ്റി ഗ്രന്ഥരാംഭത്തില്‍ കവി സൂചിപ്പിച്ചിരിക്കുന്നു:
നാനാ പുരാണ നിഗമാഗമ സമ്മതം യ-
ദ്രാമായണേ നിഗദിതം
കുചിദന്യതോളപി
സ്വാന്തഃ സുഖായ തുളസീ
രഘുനാഥഗാഥാ
ഭാഷാനിബന്ധമതി
മഞ്ജുളമാതനോതി.
വേദശാസ്ത്ര പുരാണ സമ്മതമായ രാമായണത്തില്‍ വര്‍ണിക്കപ്പെട്ടിട്ടുള്ളതും അന്യഗ്രന്ഥങ്ങളില്‍നിന്ന് സംഗ്രഹിക്കപ്പെട്ടതും കൂട്ടിച്ചേര്‍ത്ത് തുളസി ആത്മസുഖത്തിനായി രചിച്ച ഈ കാവ്യം ഭാരതജനമാസത്തെ പീയുഷധാരയില്‍ ആറാടിക്കുന്നു. ദാര്‍ശനിക സിദ്ധാന്തങ്ങളുടെ സ്ഫുടത, നൈതികോപദേശങ്ങളുടെ ഉത്കൃഷ്ടത, കാവ്യഭംഗി, പ്രകൃതി വര്‍ണന, അലങ്കാര ചാരുത എന്നിവയുടെ വിലാസതരംഗം തന്നെയാണ് തുളസിയുടെ രാമചരിതമാനസം. രാമചരിതം മാനസസരസ്സാണ്. ഇതിനെ മഹാദേവന്‍ സൃഷ്ടിച്ച് സൂക്ഷിച്ചു. ശുഭാവസരത്തില്‍ ഉമാദേവിക്ക് പറഞ്ഞുകൊടുത്തു. ഭക്തി ഉദ്ഭവിക്കുന്നതും ഭഗവത് പ്രതിഷ്ഠ നടക്കുന്നതും മനസ്സിലാണ്. അങ്ങനെ തുളസിയുടെ രാമായണം ‘രാമചരിതമാനസ’മായി.
രാമസങ്കല്‍പം
തുളസി ഭക്തവരേണ്യനാണ്. അദ്ദേഹത്തിന്റെ രാമന്‍ എഴുത്തച്ഛന്റെ രാമനെപ്പോലെ തന്നെ സകല ഗുണങ്ങളുടെയും വിളനിലമായ ‘മര്യാദപുരുഷോത്തമ’നാണ്. മര്‍ത്ത്യനായവതരിച്ച നാരായണനാണ്. വിധി-ഹരി ശങ്കരാകാരങ്ങളായി വേര്‍തിരിയുന്ന വൈകുണ്ഠവാസിയാണ്.
ബീജമായ് നിന്നീടുന്നതേ
തൊരാളനലന്നും
തേജസ്സിന്‍ നികേതമാം
സൂര്യനും വിധുവിനും
ഏതൊരാള്‍ വിധി ഹരി
ശങ്കരാകാരങ്ങളായ്
വേര്‍തിരിഞ്ഞതിമാത്ര
മാരാധ്യനായിടുന്നു.
രാമന്‍ ഏകവും അദ്വിതീയവും കാലദേശാതീതവുമായ ‘സാന്ദ്രാനന്ദാവബോധാത്മക’ നാണ്.
ഏകമാം പരബ്രഹ്മം
സമസ്തകാലദേശ-
വ്യാപകം സനാതനം
സച്ചിദാനന്ദാത്മകം
വാല്മീകി മഹര്‍ഷിയുടെ മനുഷ്യനായ രാമനല്ല തുളസിയുടെ രാമന്‍. അധ്യാത്മ രാമായണത്തിലെ അനന്തവും അദ്വിതീയവും അവികാരിയും അനാദിയും നിഷ്‌കളനും നിരാകാരനുമായ പരബ്രഹ്മത്തിന്റെ അവതാരസ്വരൂപം തന്നെയാണ്. ഈ അവതാരസ്വരൂപത്തില്‍ മനുഷ്യോചിതമായ സകല ഗുണഗണങ്ങളും ചാലിച്ചുചേര്‍ത്ത് നഷ്ടന്മുഖമായ സനാതന ധര്‍മാദര്‍ശങ്ങളുടെ ഈടുറ്റ സമൂര്‍ത്തരൂപം കാഴ്ചവച്ച് തുളസി ഭാരതീയജനമാനസത്തിനായി വിശിഷ്ട ആദര്‍ശപുരുഷനെ ആദരിക്കാനും അനുകരിക്കാനും പറ്റിയ മഹദ്‌വ്യക്തിത്വം അവതരിപ്പിച്ചു. ബലദേവ്മിശ്ര പറയുന്നു-തുളസിയുടെ രാമന്‍-നിര്‍ഗ്ഗുണ-സഗുണ-പരമാത്മ രൂപങ്ങളുടെ സമഞ്ജസ സമ്മേളനമാണ്. ആദികാവ്യത്തില്‍ പുരുഷോത്തമനായി, പുരാണങ്ങളില്‍ വിഷ്ണുവും മഹാവിഷ്ണുവുമായി, തുളസീ രാമായണത്തില്‍ പരബ്രഹ്മതത്വവ്യാഖ്യാനമായി, സമ്പൂര്‍ണ ചരിതനായി രാമന്‍ വിളങ്ങുന്നു.
രൂപസൗന്ദര്യം
സാകരോപാസകനായ തുളസി ശ്രീരാമന്റെ രൂപസൗന്ദര്യം അതീവ ഹൃദ്യമായി വര്‍ണിക്കുന്നു. കവികുല ചൂഡാമണിയായ അദ്ദേഹത്തിന്റെ സൗന്ദര്യവര്‍ണന അതീവ മനോഹരമാണ്. സൗന്ദര്യത്തില്‍ നിന്നുണ്ടാകുന്ന കുളിര്‍മ ഭക്തിഭാവത്തെ വര്‍ധിപ്പിക്കുന്നു. രാമന്റെ കൊട്ടാരത്തില്‍നിന്ന് അയോധ്യയിലേക്കും അവിടെ നിന്ന് മിഥിലയിലേക്കും ശൃംഗിവേരപുരിയിലേക്കും വനപാതയിലേക്കും മഹര്‍ഷ്യാശ്രമങ്ങളിലേക്കും പ്രസരിച്ച് അമൃതം വിതറി.
ബാലകോടി ഛവി സ്വാമശരീരാ
നീല കംജ് വാരിദ് ഗംഭീരാ
(ബാലകാണ്ഡം)
നീലമേഘ ശ്യാമളകുമാരന്റെ കമലകാന്തി മേഘകാന്തിപോലെ ഭൂമിക്ക് പ്രാണദായിയാണ്.
പ്രൊഫ. ശാന്ത കുമാരി
No comments:
Post a Comment