ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, January 1, 2017

വിഗ്രഹശക്തി

‘ധ്വനിമയമായ് പ്രപഞ്ചമന്നാളണയുമതിങ്കലശേഷ ദൃശ്യജാലം’- ആദ്യമായുണ്ടായ ഓങ്കാരനാദത്തില്‍ ഈ ദൃശ്യമായ പ്രപഞ്ചമെല്ലാം അണഞ്ഞിരുന്നു എന്ന് ശ്രീനാരായണഗുരുദേവന്‍ കല്പിച്ചിരിക്കുന്നു. പ്രപഞ്ചത്തിലുണ്ടായിട്ടുള്ള എല്ലാ സ്പന്ദനവിശേഷങ്ങളും ആ നാദത്തില്‍ നിന്നുളവായവകളാണ്. വസ്തുക്കളുടെയെല്ലാം മൂലരൂപം ഇലക്‌ട്രോണ്‍ തുടങ്ങിയ ചൈതന്യവാഹികളായ കണങ്ങള്‍ (ഫണ്ടമെന്റല്‍ പാര്‍ട്ടിക്കിള്‍സ്) ആണന്നും അവയോരോന്നും ഊര്‍ജ്ജതരംഗസംഘാതങ്ങളാണെന്നുമുള്ള ഭൗതികശാസ്ത്രത്തിന്റെ ആധുനിക ശാഖയായ വേവ് മെക്കാനിക്‌സിലെ സിദ്ധാന്തം മന്ത്രശാസ്ത്രത്തിന്റെയും അടിസ്ഥാനമായി നമ്മുടെ ഋഷീശ്വരന്മാര്‍ പണ്ടേ കണ്ടെത്തിയിരുന്നു.


തരംഗരൂപമായ ഊര്‍ജ്ജമാണ് വസ്തു. വസ്തു തരംഗരൂപമായ ഊര്‍ജ്ജമായും മാറാം. തരംഗരൂപമായ ഊര്‍ജ്ജത്തെ ഉള്‍ക്കൊള്ളുന്ന ശബ്ദങ്ങളാണ് മന്ത്രങ്ങള്‍. മന്ത്രസാധകം ചെയ്യുന്ന സാധകനില്‍ ഈ ഊര്‍ജ്ജസ്പന്ദനശ്ശക്തി അസാധാരണമായ രീതിയില്‍ പ്രതിഫലിക്കുന്നു. സാധകനിലെ ഊര്‍ജ്ജശ്ശക്തി കല്ല്, ഇരുമ്പ്, ചെമ്പ്, സ്വര്‍ണം മുതലായ വസ്തുക്കളില്‍ സന്നിവേശിപ്പിച്ച് ആ പദാര്‍ത്ഥങ്ങളില്‍ അതിനെ കുറെക്കാലം നിലനിര്‍ത്താനാകുമെന്ന് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ശില, സ്വര്‍ണം, പഞ്ചലോഹം മുതലായവകളില്‍ ഇത്തരം ഊര്‍ജ്ജശ്ശക്തി നിലനിര്‍ത്തുന്നതാണ് ക്ഷേത്രങ്ങളിലെ വിഗ്രഹാരാധനയുടെ പിന്നിലെ ശാസ്ത്രം.


വിഗ്രഹം എന്നാല്‍ വിശേഷേണ ഗ്രഹിക്കപ്പെടുന്നത് എന്നാണര്‍ത്ഥം. കല്ലില്‍ കൊത്തി ഒരു പൂവിനെ നിര്‍മ്മിച്ചാല്‍ അതു കാണുന്നവര്‍ അത് പൂവെന്നേ പറയൂ, കല്ലെന്നു പറയില്ല. വാസ്തവത്തില്‍ വസ്തു കല്ലാണ്. കല്ലില്‍ കൊത്തിയ പൂവിന്റെ രൂപം കണ്ടപ്പോള്‍ കല്ലെന്ന ധാരണവിട്ട് അതിന്മേല്‍ പൂവ് എന്ന വിശേഷിച്ചുള്ള ധാരണ ചെലുത്തി വിശേഷപ്പെട്ട രീതിയില്‍ ധരിക്കപ്പെടുന്നതുകൊണ്ട് വിഗ്രഹം എന്നു പറയപ്പെടുന്നു.


മനുഷ്യന്റെ ഭൗതികശരീരത്തിനുള്ളില്‍ സൂക്ഷ്മശരീരമായി പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട കേന്ദ്രങ്ങളായ ആറ് ആധാരചക്രങ്ങളിലും ശിരസ്സിലുള്ള സഹസ്രാരപത്മത്തിലുംകൂടി അതീവസൂക്ഷ്മ സ്പന്ദനകേന്ദ്രങ്ങളായി ആയിരത്തി അമ്പത്തിരണ്ടു ദളങ്ങള്‍ അഥവാ സൂക്ഷ്മബിന്ദുക്കളുണ്ട്. ഒരു സാധകന്‍ ഒരു മന്ത്രം ഉച്ചരിക്കുമ്പോള്‍ അതിലെ ഒരക്ഷരം സന്നിവിഷ്ടമായ ചക്രദളത്തിലിരുന്ന് ഒരു പ്രാവശ്യവും ശീര്‍ഷത്തില്‍ ഇരുപതു പ്രാവശ്യവും സ്പന്ദനം ചെയ്യുന്നു. അനേകാക്ഷരമുള്ള മന്ത്രമാകുമ്പോള്‍ അനേകബിന്ദുക്കളിലും മൂര്‍ദ്ധാവില്‍ ഇരുപതിരട്ടിയും സ്പന്ദനമുണ്ടാകുന്നു.


ഇപ്രകാരം നിരന്തരമായുണ്ടാകുന്ന സ്പന്ദനശക്തിയുടെ ഫലമായി സാധകനില്‍ അലൗകികമായ ചില സിദ്ധികളും അത്ഭുതകരമായ ഊര്‍ജ്ജസംഘാതശക്തിയും അയാളില്‍ നിറഞ്ഞു നില്‍ക്കുന്നു. ആ ശക്തിയെ പുഷ്പ, ദീപ, ധൂപ, ജല, ഗന്ധാദി വസ്തുക്കളില്‍ക്കൂടി വിഗ്രഹത്തിലേക്ക് സന്നിവേശിപ്പിക്കുമ്പോള്‍ ആ ശക്തി അതേപടി വിഗ്രഹത്തില്‍ നിറയുകയും നിലനില്‍ക്കുകയും ക്രമേണ പുറത്തേക്ക് പ്രസരിക്കുകയും ചെയ്യുന്നു.


പ്രസാരണംകൊണ്ട് വിഗ്രഹത്തിലെ ശക്തി ക്ഷയിക്കാം. അതുകൊണ്ട് സാധകന്‍ നിരന്തരം ഈ പ്രക്രിയ ആവര്‍ത്തിച്ച് പലതരത്തിലുള്ള മന്ത്രങ്ങളാല്‍ വിഗ്രഹശക്തിയെ പോഷിപ്പിച്ച് നിലനിര്‍ത്തി ലോകോപകാരപ്രദമായ സ്ഥാപിത ശക്തിയാക്കി മാറ്റുന്നു. വ്രതശുദ്ധിയോടെ നിരന്തരം യോഗസാധനചെയ്യുന്ന ഒരു വ്യക്തിക്ക്, അനേകായിരം പ്രാവശ്യം അയാള്‍ ഉച്ചരിച്ച് സാധകം ചെയ്ത് സിദ്ധിനേടിയിട്ടുള്ള മന്ത്രം കൊണ്ട് ഏതു ദേവചൈതന്യത്തെയും പുഷ്ടിപ്പെടുത്തി നിലനിര്‍ത്താനാകും.


ശുദ്ധനായ സാധകന്റെ ആത്മീയയോഗസാധകശക്തിയുടെ ആധിക്യമനുസരിച്ച് ദേവചൈതന്യം വിഗ്രഹത്തില്‍ വര്‍ദ്ധിച്ചകൊണ്ടിരിക്കും. പുറത്തേക്കുള്ള പ്രസാരണവും വര്‍ദ്ധിച്ചികൊണ്ടിരിക്കും.


No comments:

Post a Comment