അമൃതവാണി
മക്കളേ, ഈശ്വരന് നമ്മുടെ പക്കല്‍നിന്ന് ഒന്നുംതന്നെ വേണ്ട. ലൈറ്റിന് മണ്ണെണ്ണ വിളക്കിന്റെ ആവശ്യമില്ല. ഈശ്വരന്‍ സൂര്യനെപ്പോലെയാണ്. അദ്ദേഹം സര്‍വചരാചരങ്ങളിലും ഒരുപോലെ പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കുന്നു. എല്ലാറ്റിനേയും പ്രകാശിപ്പിക്കുന്ന അദ്ദേഹത്തിനാണ് നാം നേര്‍ച്ചയായി എണ്ണ തരാമെന്നും, വിളക്ക് കത്തിക്കാമെന്നുമൊക്കെ പറയുന്നത്! ഇത് നമ്മുടെ അജ്ഞതകൊണ്ടാണ്. പകല്‍ സമയത്ത് കയ്യിലൊരു മെഴുകുതിരി കത്തിച്ചുപിടിച്ചുകൊണ്ട് ‘സൂര്യഭഗവാനെ ഇതാ വിളക്ക്, അവിടുന്ന് കണ്ണുകണ്ടുകൊണ്ട് നടന്നുകൊള്ളൂ’ എന്നുപറയുന്നത് പോലെയാണിത്.
ഈശ്വരന്‍ സദാ കൃപ ചൊരിഞ്ഞുകൊണ്ടിരിക്കയാണ്. പക്ഷേ, അത് സ്വീകരിക്കുവാന്‍ നാം തയ്യാറാകുന്നില്ല. ഒഴുകിക്കൊണ്ടിരിക്കുന്ന നദിയില്‍ മടമ്പ് കെട്ടിയിട്ട് നമ്മള്‍ പറയും, ‘കണ്ടില്ലേ, ഈ നദി എനിക്ക് വെള്ളം തരുന്നില്ല’ എന്ന്. മടമ്പുകെട്ടിയ കാര്യം നാം മറന്നുപോകുന്നു. എന്നിട്ട് നദിയെ കുറ്റപ്പെടുത്തുന്നു. ഇതുപോലെയാണ് ഈശ്വരനെ പല കാര്യത്തിനും പഴിപറയുന്നത്. സത്യത്തില്‍ അജ്ഞാനമാകുന്ന മടമ്പുകെട്ടി ഈശ്വരകൃപയാകുന്ന ജലപ്രവാഹത്തെ, നാം തടഞ്ഞു നിര്‍ത്തിയിരിക്കുകയാണ്. ഇതറിയാതെയാണ് നാം ഈശ്വരനെ കുറ്റപ്പെടുത്തുന്നത്.
വഴിപാടുകളും മറ്റും നമ്മുടെ സങ്കല്‍പത്തിന് ചെയ്യുകയാണ്. ഈശ്വരന് അതിന്റെയൊന്നും ആവശ്യമില്ല. നമ്മുടെ കയ്യില്‍നിന്നും ഈശ്വരന് ഒന്നും വേണ്ട.
മരിച്ചുപോയ നമ്മുടെ അച്ഛന്‍ ചിത്രം കാണുമ്പോള്‍ അതു വരച്ച ആളിനെയോ, പെയിന്റിനെയോ ആണോ നമ്മള്‍ ഓര്‍ക്കുന്നത്? നമ്മുടെ അച്ഛനെയാണ്. അതുപോലെ ആ വിഗ്രഹം കാണുമ്പോള്‍ നമ്മുടെ യഥാര്‍ത്ഥ സ്രഷ്ടാവിനെയാണ് നാം ഓര്‍ക്കുന്നത്. കൃഷ്ണവിഗ്രഹം കാണുമ്പോള്‍ കൃഷ്ണഭക്തന്‍ സാക്ഷാല്‍ ശ്രീകൃഷ്ണനെയാണ് സ്മരിക്കുന്നത്. അല്ലാതെ വെറും കരിങ്കല്‍ ശില്‍പത്തെയല്ല കാണുന്നത്. കൃത്രിമ ആപ്പിള്‍ കാണുമ്പോള്‍ യഥാര്‍ത്ഥമായതിനെ ഓര്‍ക്കുമ്പോലെ. അജ്ഞതയില്‍ കഴിയുന്നതുകൊണ്ട് നമുക്കിതൊക്കെ ആവശ്യമാണ്.
No comments:
Post a Comment