ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, January 5, 2017

അരിപ്പ വഴിയെത്തുന്ന വിശേഷങ്ങള്‍ - ഗുരുവരം - 05



ആന്തരികമായി വലിയ നിലകളില്‍ ഉയര്‍ന്നവര്‍ക്ക് അതീന്ദ്രിയമായ ‘അനുഭവം’ കിട്ടിയിട്ടുള്ളപ്പോഴൊക്കെ അത് മനുഷ്യരാശിയെ ആഴത്തില്‍ സ്വാധീനിച്ചതായി നമുക്ക് കിട്ടിയ പരമ്പരാഗത അറിവുകളെ ആസ്പദമാക്കി പറയാവുന്നതാണ്. വേദങ്ങളാവാം കാലത്തെ അതിജീവിച്ച ഏറ്റവും പഴയ അടയാളം. ഉല്‍കൃഷ്ടാശയങ്ങള്‍ കുടികൊള്ളുന്ന വേദമന്ത്രങ്ങള്‍ കാഴ്ചകളായി കരുതപ്പെടുന്നു. അതുകൊണ്ട് വേദമന്ത്രങ്ങള്‍ രചിച്ച ഋഷിമാരെ മന്ത്രങ്ങള്‍ കണ്ടവര്‍ (മന്ത്രദ്രഷ്ടാക്കള്‍) എന്ന നിലയ്ക്കാണു വിശേഷിപ്പിക്കുന്നത്.


വേദങ്ങളിലെ ആ ദര്‍ശനങ്ങള്‍ അഥവാ കാഴ്ചകള്‍ പോലെയാണ് പ്രവാചകപരമ്പരയിലെ ‘വെളിപാടുകള്‍'(rev-elations) എന്ന പ്രതിഭാസത്തിന്റെ സ്വഭാവം. ഏകവും അദ്വിതീയവും ആയ, സൃഷ്ടിസ്ഥിതിലയങ്ങളുടെ മൂലകാരണമെന്ന് ലോകത്തെമ്പാടുമുള്ള ഒരുപാടു ദൈവവിശ്വാസികള്‍ മനസ്സിലാക്കുന്ന, അചിന്ത്യവും അവ്യക്തവും ആയ ആ ശക്തിവിശേഷം അതിന്റെ സൃഷ്ടികളായ നമുക്ക് തരുന്ന അറിവുകളാണിതെല്ലാം.


ഇതിനെ മനോവിഭ്രാന്തിയായി ചിലര്‍ തള്ളിക്കളയുന്നു. പ്രവാചകനായ നബി പോലും ആദ്യം ദര്‍ശനം കിട്ടിയപ്പോള്‍ എന്തെന്നറിയാതെ വിഷമിച്ചതായി പറയപ്പെടുന്നു. ഹിറാ പര്‍വതത്തിലെ ഗുഹയില്‍ വച്ചായിരുന്നു ആദ്യദര്‍ശനം. ഭയന്നു വിറച്ച അദ്ദേഹം ഭാര്യ ഖദീജയുടെ അരികിലെത്തി ‘എന്നെ പുതപ്പിക്ക്, എന്നെ പുതപ്പിക്ക്’ എന്നു പറഞ്ഞുവത്രെ. അവര്‍ കുറെ സമാധാനിപ്പിച്ച ശേഷമേ എന്താണുണ്ടായതെന്ന് വിവരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞുള്ളൂ. തനിക്ക് മനോവിഭ്രാന്തിയോ ബാധയോ ആണുണ്ടായത് എന്ന് നബി ഭയന്നു. കടന്നുപോയ പ്രവാചകന്മാര്‍ക്കുണ്ടായതു പോലെയുള്ള അനുഭവമാണുണ്ടായതെന്ന് വിശ്വസിച്ചതും നബിയെ ബോധ്യപ്പെടുത്തിയതും ഭാര്യയാണ്. അവര്‍ അദ്ദേഹത്തെ അടുത്ത ബന്ധുവിന്റെ അടുക്കലേക്ക് കൂട്ടിക്കൊണ്ടുപോയി. ആ ബന്ധു ജൂതക്രിസ്തീയ ഗ്രന്ഥങ്ങളില്‍ അഗാധപാണ്ഡിത്യമുള്ളയാളായിരുന്നു. ഇദ്ദേഹം സ്ഥിരീകരണം നല്‍കി, പ്രവാചകപരമ്പരയില്‍ ഏറ്റവും ഒടുവില്‍ വന്നിരിക്കുന്ന പ്രവാചകനാണെന്ന് വിലയിരുത്തി.


ഹിറാ ഗുഹയില്‍ വച്ച് ജിബ്രീല്‍ മാലാഖയുടെ പ്രത്യക്ഷമാണ് നബിക്കുണ്ടായത്. പ്രവാചകപരമ്പരയില്‍പ്പെട്ട പലര്‍ക്കും ദൈവത്തിന്റെ നിര്‍ദ്ദേശങ്ങളും നിശ്ചയങ്ങളും ഇങ്ങനെ ദെവദൂതന്മാരില്‍ കൂടി ലഭിക്കുന്നതായി കാണാം. വയസ്സായിക്കഴിഞ്ഞ സക്കറിയാ പ്രവാചകന് ഒരു കുട്ടി ജനിക്കുമെന്ന് ദൈവദൂതന്‍ അറിയിക്കുകയായിരുന്നു. സ്‌നാപകയോഹന്നാനായിരുന്നു ആ കുട്ടി. യേശുവിനു ‘ജ്ഞാനസ്‌നാനം ‘ നല്‍കിയ ഈ താപസന്‍ ഇസ്ലാമില്‍ യഹ്യ എന്ന പ്രവാചകനായി അറിയപ്പെടുന്നു. കന്യകയായിരുന്ന മറിയത്തിനു തിരുപ്പിറവിയെക്കുറിച്ചുള്ള അറിയിപ്പു കിട്ടിയത് ദൈവദൂതനില്‍ നിന്നായിരുന്നു.


ജൂത ക്രൈസ്തവ ഇസ്ലാമികമതങ്ങളുടെ തുടക്കം അബ്രഹാമില്‍ നിന്നാണല്ലോ. ഇസ്ലാമില്‍ ഈ പിതാമഹന്‍ ഇബ്രാഹിം നബി എന്നറിയപ്പെടുന്നു. അബ്രഹാമിനും ഭാര്യ സാറയ്ക്കും വയസ്സാവുന്നതുവരെ മക്കളുണ്ടായില്ല. അങ്ങനെയിരിക്കുമ്പോഴാണ് ദൈവദൂതര്‍ പ്രത്യക്ഷപ്പെട്ട് സാറയ്ക്ക് കുഞ്ഞുണ്ടാവുമെന്ന് അറിയിക്കുന്നത്. അസംഭവ്യമെന്ന് കരുതി സാറ ഹാഗര്‍ (ഇസ്ലാമില്‍ ഹാജറ) എന്ന സ്ത്രീയെ ഭര്‍ത്താവിന്റെ അടുത്തേക്കയച്ചു. ഹാഗറിന് അബ്രഹാമില്‍നിന്ന് ഒരു പുത്രന്‍ ജനിച്ചു, ഇഷ്മയില്‍. ഈ കുട്ടി കൗമാരത്തിലെക്ക് കടന്ന സമയത്താണ് അപ്പോഴേക്ക് നല്ലപോലെ വയസ്സായ സാറക്ക് ദൈവസന്ദേശത്തിന്റെ പൂര്‍ത്തീകരണമായി ഒരു കുഞ്ഞ് ജനിച്ചത് ഇസ് ഹാക്ക്. സാറയുടെ താവഴിയില്‍ ക്രിസ്തുമതവും ഹാഗറിന്റെ താവഴിയില്‍ ഇസ്ലാമും ഉണ്ടായി. രണ്ടും ഇന്നും ലോകത്തെ സ്വാധീനിച്ചുകൊണ്ടിരിക്കുന്ന മുഖ്യമതങ്ങള്‍.


ഇതിനൊക്കെ മുന്‍പ് മോസസ് എന്ന പ്രവാചകന് സിനായ് പര്‍വതത്തിന്റെ മുകളില്‍ വച്ച് ദൈവത്തില്‍നിന്ന് ‘പത്ത് കല്‍പനകള്‍’ കിട്ടിയതായും ഐതിഹ്യമുണ്ട്. ചുരുക്കത്തില്‍, ദൈവം നേരിട്ടും ദൂതരില്‍കൂടിയും നിശ്ചയങ്ങളും നിയമവും ഭാവികാര്യങ്ങളും ഒക്കെ വെളിപ്പെടുത്തുന്നുവെന്ന് പറയാം.


സഞ്ചിതസംസ്‌കാരവും പാണ്ഡിത്യവും അഹംകാരവുമെല്ലാം മനുഷ്യമനസ്സിനെ ‘കണ്ടീഷന്‍’ ചെയ്യുന്നുണ്ട്. ഈ കണ്ടീഷനിംഗ് വരാതെ സൂക്ഷിക്കുന്ന, ജീവിതംതന്നെ തപസ്സാക്കുന്ന, കര്‍മ്മയോഗികളെയും തപസ്സിലൂടെ കര്‍മ്മചക്രത്തില്‍നിന്ന് മുക്തരാവുന്ന സംന്യാസികളെയും ദൈവം ഉപകരണമാക്കുന്നു.


പ്രവാചകനായി തിരഞ്ഞെടുക്കപ്പെടുന്നവന്റെ നാവില്‍ സന്ദേശങ്ങളും നിയമങ്ങളും മനുഷ്യനുവേണ്ടി എത്തിക്കുമെന്ന് ദൈവം അറിയിച്ചിട്ടുള്ളതായി ബൈബിളില്‍ പറയുന്നുണ്ട്. ഒരിക്കല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ദില്ലിയില്‍ വച്ച് ഏട്ടനും (ഒ.വി.വിജയന്‍) സന്യാസിയായ സാധു മോഹനും ഈ വക കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഏട്ടന്‍ നടത്തിയ ഒരു നിരീക്ഷണം ഓര്‍മ്മയില്‍ വരുന്നു. എല്ലാ വെളിപാടുകളും ദൈവസന്ദേശങ്ങളും വ്യക്തികളുടെ ഉള്ളിലേക്കാണ് ആദ്യം എത്തുന്നത്. അപൗരുഷേയം എന്ന് ഭാരതത്തിലെ പൂര്‍വസൂരികള്‍ വിശേഷിപ്പിച്ചിരുന്ന അറിവുകളുടെ ഗണത്തില്‍ വരാവുന്നവയാണെങ്കിലും ആ അറിവുകള്‍ കിട്ടുന്ന മനസ്സിന്റെ (ഋഷിയുടെയോ പ്രവാചകന്റെയോ ആരുടെയെങ്കിലുമാവട്ടെ) അരിപ്പയിലൂടെ കടന്നാണ് സമകാലികരിലേക്കും തലമുറകളിലേക്കും എത്തുന്നത്. മൈന്‍ഡ് ഫില്‍റ്റര്‍ എന്നായിരുന്നു ഏട്ടന്‍ പറഞ്ഞത്. ബൃഹദാരണ്യകോപനിഷത്തില്‍ പ്രജാപതി മൂന്നുകൂട്ടര്‍ക്ക് ഒരേ ഉപദേശം കൊടുക്കുന്നു. ‘ദ’ എന്ന ഒരക്ഷരം സ്വര്‍ഗ്ഗസുഖങ്ങളില്‍ മുഴുകിയ ദേവന്മാര്‍ മനസ്സിലാക്കി. സ്വര്‍ഗ്ഗസുഖങ്ങളില്‍ മുഴുകിയ തങ്ങള്‍ക്ക് ദ എന്ന ശബ്ദത്തിലൂടെ ദമ്യത ‘ആത്മസംയമനം’ നേടാന്‍ ആണ് ഉപദേശിച്ചത്. അസുരന്മാര്‍ക്ക് ദ ദയാധ്വം, കാരുണ്യം ശീലിക്കല്‍ എന്ന അര്‍ത്ഥം കിട്ടി. സ്വാര്‍ത്ഥത കൂടുതലുള്ള മനുഷ്യര്‍ തങ്ങള്‍ക്കുണ്ടാവേണ്ടത് ദ ദത്ത എന്ന്, കൊടുക്കാനുള്ള മനസ്സാണ് എന്ന്, ഗ്രഹിച്ചു.


നമ്മളും ഗുരുപ്രവാചകരിലൂടെ എത്തുന്ന ദൈവികമായ ഉപദേശനിര്‍ദ്ദേശങ്ങള്‍ നമ്മുടെ മൈന്‍ഡ് ഫില്‍റ്ററുകളിലൂടെ സ്വീകരിച്ച് നമ്മുടെ തോന്നലുകളനുസരിച്ച് ജീവിതത്തില്‍ പകര്‍ത്തുന്നു. ആത്മീയം ആയിരം പേര്‍ക്ക് ആയിരം വിധമാണെന്ന് എന്റെ ഗുരു പറഞ്ഞത് ഇവിടെ ചേര്‍ത്തുവായിക്കാമെന്നു തോന്നുന്നു.


No comments:

Post a Comment