ഭാഗവതാചാര്യന്‍ കാനപ്രം കേശവന്‍ നമ്പൂതിരി
മനുഷ്യന്റെ ഭൗതികജീവിത സുഖത്തിന്റെ ഉന്നതലക്ഷ്യമാണ് സ്വര്‍ഗാദിലോകസുഖം. യാഗാദികളായ വൈദിക കര്‍മമാര്‍ഗത്തിലൂടെ മുന്നേറാത്തതുകൊണ്ട്, യോഗഭ്രഷ്ടന്‍ കര്‍മങ്ങള്‍ ഉപേക്ഷിച്ചതുകൊണ്ട് സ്വര്‍ഗത്തില്‍ ചെല്ലുകയില്ല. അതുകൊണ്ട് നിരാശ്രയനായിത്തീര്‍ന്നു. ബ്രഹ്മപദ പ്രാപ്തിയുടെ ഒരു ഉപായമായ ധ്യാനയോഗം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് ‘അപ്രതിഷ്ഠന്‍’ ആയി. ജ്ഞാനമാര്‍ഗത്തിലൂടെ മുന്നേറാന്‍ ആ വ്യക്തി ജ്ഞാനം-പ്രാഥമിക ജ്ഞാനം നേടാന്‍ പോലും ശ്രമിച്ചതുമില്ല.
ഇങ്ങനെ ഭൗതിക സുഖം ഉപേക്ഷിച്ച്, ആത്മീയ ലോകത്തിലേക്ക് പുറപ്പെട്ട് വഴിമധ്യത്തില്‍ വച്ച് യാത്ര തുടരാനായില്ല. ഈ അവസ്ഥയില്‍ എത്തിച്ചേര്‍ന്ന യോഗഭ്രഷ്ഠന്‍ അങ്ങനെ നശിച്ചുപോകുമോ? വലിയ മേഘക്കൂട്ടത്തില്‍നിന്ന് കാറ്റിന്റെ ശക്തികൊണ്ട് ഒരു മേഘശകലം വേറിട്ടുപോയി. മറ്റൊരു മേഘക്കൂട്ടത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞതുമില്ല. ആ മേഘശകലം നശിക്കുന്നതുപോലെ ഈ യോഗിയും നശിച്ചുപോയില്ലേ? കൃഷ്ണാ! നീ മഹാബാഹുവാണ്. രണ്ടു തടിച്ച കൈകള്‍ നിനക്കുണ്ടല്ലോ! ഒരു കൈകൊണ്ട് ഭക്തന്റെ സങ്കടം നശിപ്പിക്കാനും മറ്റേ കൈകൊണ്ട് സന്തോഷം നല്‍കാനും നിനക്കു കഴിയുമല്ലോ. ആ യോഗി നശിക്കുമോ, രക്ഷപ്പെടുമോ?
അര്‍ജ്ജുനന്‍ സംശയനിവൃത്തിക്ക് പ്രാര്‍ത്ഥിക്കുന്നു (6-39)
കൃഷ്ണ, നീ ഭക്തന്മാരുടെ സങ്കടം നശിപ്പിക്കുന്നവനാണല്ലോ. ഈ സംശയം എന്റെ മനസ്സിന് സങ്കടം വളര്‍ത്തുന്നു. അതുകൊണ്ട് സംശയമാകുന്ന ഈ വിഷച്ചെടിയെ വേരോടെ (അശേഷതഃ) പിഴുതെടുത്ത് ദൂരെക്കളയണം. നീയാണ് അതിന് യോഗ്യതയുള്ള ആള്‍. നീ എല്ലാ ദേവന്മാര്‍ക്കും ഈശ്വരനാണ് (പരമേശ്വരനാണ്) സര്‍വജ്ഞനാണ്, നിനക്ക് തുല്യനായിട്ട് വേറെ ദേവനോ ഋഷിയോ ശാസ്ത്രജ്ഞനോ- ഈ സംശയം തീര്‍ത്തുതരാന്‍ കഴിവുള്ളവര്‍-ഇല്ല. നീയാണ് പരമഗുരു; നീ എല്ലാം പ്രത്യക്ഷമായിക്കാണുന്നു. ഒരു പുല്‍ക്കൊടി ഇളകുന്നതുപോലും നീ അറിഞ്ഞുകൊണ്ടിരിക്കുന്നു. അതിനാല്‍ നീ അല്ലാതെ വേറെ ആരും സംശയച്ഛേദാവായിട്ട് ഇല്ല.
No comments:
Post a Comment