ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, January 5, 2017

ധ്യാനം എന്ന സത്യാനുഭവം

ഓരോ രാത്രിയിലും മുഴുവന്‍ അഹങ്കാരവും മാറ്റിവച്ച് മാത്രമേ മനുഷ്യന് ഉറങ്ങാന്‍ കഴിയൂ. ഇതുതന്നെയാണ് ധ്യാനത്തിലും നാം അനുഭവിച്ചറിയേണ്ട സത്യം.
dyanamഏതെങ്കിലും വസ്തുവിനെയോ വ്യക്തിയെയോ സങ്കല്‍പ്പത്തെയോ നിരന്തരം വിചാരിച്ചുകൊണ്ടിരിക്കുന്നതിനെയാണ് സാധാരണയായി ധ്യാനം എന്നുപറയുന്നത്. ഹൃദയപത്മത്തെ ധ്യാനിക്കണമെന്നും, ഭ്രൂമദ്ധ്യത്തില്‍ സഹസ്രാരപത്മത്തെ ധ്യാനിക്കണമെന്നും, മൂക്കിന്റെ അറ്റം നോക്കണമെന്നും കണ്ണടച്ചിരിക്കണമെന്നും തുറന്നിരിക്കണമെന്നും. ഇങ്ങനെ പലതരത്തിലുള്ള ധ്യാനമുറകളുണ്ട്.

മനസ്സിന്റെ നിശ്ചലതയാണ് ധ്യാനം. മനസ്സ് അതിന്റെ ഉത്ഭവസ്ഥാനമായ ആത്മാവിനോട് ചേരുമ്പോഴാണ് നിശ്ചലമാകുന്നത്. അതുകൊണ്ട് യഥാര്‍ത്ഥത്തില്‍ നാം ധ്യാനിക്കേണ്ടത് ആത്മസ്വരൂപനായ, ഏകമായ അദ്വിതീയമായ ചൈതന്യത്തെയാണ്. രൂപനാമങ്ങളില്ലാത്ത അതിനെ വാക്കുകള്‍കൊണ്ട് പ്രാപിക്കാനും കഴിയില്ല. അതുകൊണ്ട് എല്ലാ സങ്കല്‍പങ്ങളും ഉപേക്ഷിക്കുമ്പോഴുണ്ടാവുന്ന സ്വതന്ത്രാവസ്ഥയാണ് ധ്യാനം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ബാക്കിയെല്ലാം അതിലേക്കെത്താനുള്ള മാര്‍ഗ്ഗങ്ങള്‍ മാത്രമാണ്. ധ്യാനാവസ്ഥ സ്വാഭാവികമായി ഉണ്ടാകേണ്ടതാണ്. ബലാത്കാരേണ നേടേണ്ടതല്ല. ധ്യാനത്തിനുവേണ്ടി ഒന്നും ചെയ്യാതിരിക്കുമ്പോള്‍ അത് സംഭവിക്കുന്നു. ലക്ഷ്യമില്ലായ്മ എന്ന ലക്ഷ്യമാണ് ധ്യാനം.

ധ്യാനം എന്നുപറഞ്ഞാല്‍ അത് എന്തിനുവേണ്ടിയുള്ളതാണ് എന്നുകൂടി സാധകന്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഭൂമിയില്‍ അനേകം ജീവികളുണ്ട്. അവയ്‌ക്കൊന്നും ഇല്ലാത്ത തരത്തിലുള്ള ഒരുധ്യാനം മനുഷ്യനും ആവശ്യമില്ല. ചിത്രശലഭത്തിന്റെ ഒരു പുഴു പ്യൂപ്പയ്ക്കുള്ളില്‍ ധ്യാനമിരിക്കുന്നു. അതുപോലെ സര്‍വചരാചരങ്ങളും ഈ ധ്യാനാവസ്ഥ അനുഭവിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യനാകട്ടെ പ്രകൃതിദത്തമായ ഈ ധ്യാനാവസ്ഥ കൈമോശം വന്നതുകൊണ്ടാണ് അത് കൃത്രിമമായി സാധിക്കേണ്ടിയിരുന്നത്. ആധുനിക സാഹചര്യത്തില്‍ മനുഷ്യന്‍ മനുഷ്യനല്ലാതായിക്കഴിഞ്ഞിരിക്കുന്നു. സ്വത്വത്തിലേക്ക് തിരികെ എത്തുക എന്നതാണ് ധ്യാനം.

സ്വയം അറിയാനുള്ള അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നു എന്നുള്ളതാണ് മനുഷ്യജന്മത്തിലെ ഏറ്റവും വലിയ ദുരന്തം. ആധുനിക വിദ്യാഭ്യാസത്തിന്റെയും, ശാസ്ത്ര സാങ്കേതിക വിദ്യകളുടെയുമൊക്കെ മായാവലയത്തില്‍പ്പെട്ട് മനുഷ്യന്‍ മനുഷ്യക്കോലങ്ങള്‍ മാത്രമാണ്. സാമാന്യമായി പറഞ്ഞാല്‍ മനുഷ്യന്‍ സ്വന്തം പ്രകൃതത്തില്‍ എത്തുന്നതാണ് ധ്യാനം. മനുഷ്യന്‍ എന്നാല്‍ ഏതോ വിശേഷപ്പെട്ട സാധനമാണെന്ന ധാരണ ആദ്യം ഉപേക്ഷിക്കണം. കോടാനുകോടി ജീവികളില്‍ ഒരു ജീവിമാത്രമാണ് മനുഷ്യനും. വിശേഷപ്പെട്ട ആഹാരം കഴിച്ചതുകൊണ്ടോ, മണിമാളികയില്‍ അന്തിയുറങ്ങുന്നതുകൊണ്ടോ, മാറ്റാന്‍ കഴിയാത്ത പരമമായ സത്യമാണിത്. ഓരോ രാത്രിയിലും മുഴുവന്‍ അഹങ്കാരവും മാറ്റിവച്ച് മാത്രമേ മനുഷ്യന് ഉറങ്ങാന്‍ കഴിയൂ. ഇതുതന്നെയാണ് ധ്യാനത്തിലും നാം അനുഭവിച്ചറിയേണ്ട സത്യം.

നമുക്കാവശ്യം സമാധാനമായി ജീവിക്കുക എന്നതാണ്. സമാധാനപൂര്‍ണമായ ജീവിതമാണ് ആരോഗ്യകരമായ ജീവിതം. മനുഷ്യനൊഴികെയുള്ള സകല ജീവികളും ഇത് യഥേഷ്ടം അനുഭവിക്കുന്നു. മനുഷ്യനാകട്ടെ ചിന്തിക്കാനുള്ള കഴിവുള്ളതുകൊണ്ട്, ഒരുപാട് മണ്ടത്തരങ്ങള്‍ തലയില്‍ കയറ്റിവച്ചിരിക്കുന്നതുകൊണ്ട് പ്രകൃതിസഹജമായ ധ്യാനാവസ്ഥ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ഗീതയില്‍ പറയുന്നതുപോലെ, വലിയ ബുദ്ധിമാനെന്ന് സ്വയം അഹങ്കരിക്കുകയും ചെയ്യുന്നു.

മനസ്സ് എന്ന തടസ്സം ഒഴിവാക്കുകയാണ് മനുഷ്യന് സ്വപ്രകൃതിയിലെത്താനുള്ള വഴി. നാം കാണുന്നതും കേള്‍ക്കുന്നതും രുചിക്കുന്നതും അറിയുന്നതുമെല്ലാം മനസ്സ് എന്ന ഉപാധിയില്‍ക്കൂടിയാണ്. ഇതാണ് പ്രശ്‌നം. എല്ലാ ജീവികളും ഈ ലോകത്ത് സന്തോഷമായി ജീവിക്കുമ്പോള്‍ മനുഷ്യന്‍ ഈ ലോകം മായയാണെന്നും, ശരീരം മിഥ്യയാണെന്നുമൊക്കെ വ്യാഖ്യാനിച്ച് സമയം കളയുന്നു. മനുഷ്യജന്മത്തിലൂടെ മഹത്തായ എന്തൊക്കെയോ സാധിക്കേണ്ടതുണ്ടെന്ന് അവകാശപ്പെടുന്നു. ഒരുപാട് മിഥ്യാധാരണകളിലാണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. സത്യത്തില്‍ ഇപ്പോള്‍ ഈ നിമിഷം അനുഭവിക്കാന്‍ കഴിയുന്ന ആനന്ദം മാത്രമാണ് നമുക്ക് സ്വന്തം എന്ന് പറയാന്‍ കഴിയുക. ബാക്കിയെല്ലാം സാധ്യതകളാണ്.

ഭൂതത്തിലും ഭാവിയിലും അലയുന്ന മനസ്സിനെ വര്‍ത്തമാനത്തില്‍ പിടിച്ചുനിര്‍ത്തുന്നതാണ് ധ്യാനം. വര്‍ത്തമാനം മനസ്സിന്റെ തലമല്ല. അത് മനസ്സില്ലായ്മയാണ്. അനുഭവം മാത്രമാണ്. ഈ അനുഭവത്തിന്റെ പേരാണ് ധ്യാനം എന്നത്. സുഷുപ്തിയില്‍ എല്ലാവരും അനുഭവിക്കുന്ന അവസ്ഥയാണിത്. അതുകൊണ്ട് ധ്യാനം എന്നുപറഞ്ഞാല്‍ കണ്ണടിച്ചിരിക്കുക അല്ലെങ്കില്‍ ഉറങ്ങുക എന്നൊന്നും അര്‍ത്ഥമാക്കേണ്ടതില്ല. ബാഹ്യമായ എല്ലാ ഇടപെടലുകള്‍ക്കും അതീതമായി അന്തരംഗം സ്വച്ഛന്ദമായി നിലനിര്‍ത്തുന്നതാണ് ധ്യാനം. കടലില്‍ തിരമാലകള്‍ ഉയരുമ്പോഴും അടിത്തട്ട് ശാന്തമായിരിക്കുന്നതുപോലെയാണിത്. അവിടെ മനുഷ്യന്‍ എന്ന വിശേഷപ്പെട്ട ജീവിയല്ല. ജാതിമതഭേദങ്ങളില്ല. ഭൂതവും ഭാവിയുമില്ല. ഒരുവിധത്തിലുള്ള വ്യാഖ്യാനങ്ങളുമില്ല. ഉള്ളത് ഈ നിമിഷത്തെ ആനന്ദം മാത്രം. വാക്കുകള്‍ ഇവിടെ അവസാനിക്കുന്നു.

ധ്യാനം വാക്കുകള്‍ക്കതീതമായതുകൊണ്ട് അതിലൂടെ ആരെയും തെറ്റിദ്ധരിപ്പിക്കാനാവില്ല. വഴിതെറ്റിക്കാനുമാവില്ല. അറിവ് മനുഷ്യനെ ഭിന്നിപ്പിക്കുന്നു. ധ്യാനം മനുഷ്യനെ ഒന്നിപ്പിക്കുന്നു. ധ്യാനമാര്‍ഗങ്ങള്‍ ഒരുപാടുണ്ടാവും. ധ്യാനം ഒന്നുമാത്രമേ ഉണ്ടാവുകയുള്ളൂ. ഒരു മാര്‍ഗ്ഗം എന്ന നിലയില്‍ മനസ്സിന്റെ ഗതിവിഗതികള്‍ ശ്രദ്ധിച്ചുകൊണ്ടിരിക്കുക. ക്രമേണ മനസ്സിന്റെ അനാവശ്യമായ ഇടപെടലുകള്‍ അവസാനിക്കും.

എല്ലാ അനുഭവങ്ങളും സാക്ഷിരൂപത്തില്‍ സ്വീകരിക്കാനും കഴിയും. അപ്പോള്‍ ഈ ലോകം മായയോ മിഥ്യയോ അല്ലെന്നും ആനന്ദം മാത്രമാണെന്നും ബോധ്യമാവും. അപ്പോള്‍ മാത്രമാണ് മനുഷ്യന്‍ യഥാര്‍ത്ഥ മനുഷ്യനായിത്തീരുക. പ്രകൃതിയില്‍ ഒരു പക്ഷഭേദവുമില്ല. മനുഷ്യന് മാത്രമായി ഇവിടെ ഒന്നും നേടാനുമില്ല. അതുകൊണ്ട് സത്യം തിരിച്ചറിയുക. സ്വാതന്ത്ര്യം അനുഭവിക്കുക.

സ്വയം പ്രകൃതിയുടെ ഒരു ഭാഗമായിത്തീരുക. പ്രകൃതിയുടെ ഭാഗമായിത്തീരുന്നതാണ് ധ്യാനം. ആയുരാരോഗ്യസൗഖ്യമാണ് അതിന്റെ ഫലം. മനുഷ്യന്‍ മറ്റ് ജീവികളുടെ അവസ്ഥയിലേക്ക് ഉയരുമ്പോള്‍ ഇതെല്ലാം സാധ്യമാവുന്നു. മനുഷ്യന്‍ എന്ന വിശേഷപ്പെട്ട ജീവിക്ക് ഇതെല്ലാം അന്യമാകുന്നു. സ്വപ്രകൃതത്തിലേക്ക് മടങ്ങിയാല്‍ മാത്രമേ പ്രകൃതിക്ക് നമ്മെ സംരക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. പ്രകൃതിയുടെ-ഈശ്വരന്റെ-അനുഗ്രഹത്തിന് പാത്രീഭൂതരാവുന്ന ധന്യമുഹൂര്‍ത്തമാണ് ധ്യാനം.

No comments:

Post a Comment