മറ്റ് സ്ഥാപനങ്ങള്‍ പോലെയല്ല ക്ഷേത്രം. മറ്റെല്ലായിടത്തും മനുഷ്യനാണ് വാഴുന്നത്. ക്ഷേത്രത്തില്‍ ദേവനും. ദേവസ്ഥാനത്തിന് നിത്യനിശ്ചിതമായ നിഷ്ഠകളുണ്ടാകും. അത് പാലിക്കുമ്പോള്‍ മാത്രമാണ് കല്ലും മരവുമായ കെട്ടിടം ക്ഷേത്രമാകുന്നത്. എത്രമാത്രം ശുദ്ധി ക്ഷേത്രാന്തരീക്ഷത്തിലുണ്ടാകുന്നുവൊ അത്രമാത്രം ചൈതന്യമുണ്ടാകുന്നു.
വിധിപ്രകാരമുള്ള ആചാരപാലനവും തല്‍ഫലമായുള്ള സര്‍വാംഗശുദ്ധിയും ദേവചൈതന്യവൃദ്ധിയും ഇക്കാലത്ത് പല ക്ഷേത്രങ്ങള്‍ക്കുമില്ല. ഒരുവിധമൊക്കെ ആചാരമര്യാദകള്‍ ഈ ആധുനികകാലത്തിന്റെ ഉന്തലിലും തള്ളലിലും തകര്‍ന്നുപോകാതെ നിലനിര്‍ത്തിക്കൊണ്ടിരിക്കുന്നത് ഗുരുവായൂരമ്പലത്തിലാണ്. അത്രയ്ക്ക് പ്രത്യക്ഷമാണ് അവിടത്തെ ദേവചൈതന്യവും. ഭക്തര്‍ക്ക് അത് അനുഭവത്തിലൂടെ അറിയാന്‍ കഴിയുന്നുമുണ്ട്. ഇനി അവിടത്തെ ആചാരപാരമ്പര്യങ്ങള്‍ക്കും ലോപം വരുത്തി വിഖ്യാതമായ ആ ക്ഷേത്രചൈതന്യവും കൂടി നശിപ്പിച്ച് കഴിയുമ്പോള്‍ എല്ലാവര്‍ക്കും സമാധാനമാകും! ഒരു ക്ഷേത്രമെങ്കിലും ക്ഷേത്രമായി നില്‍ക്കുന്നത് ഭക്തനായാലും വിഭക്തനായാലും ആധുനിക മനുഷ്യന്‍ എങ്ങനെ സഹിക്കും!
ക്ഷേത്രതത്വമറിയാത്ത മൂഢബുദ്ധികള്‍ സര്‍വജ്ഞരെപ്പോലെ ഓരോന്ന് പുലമ്പുന്നത് കേള്‍ക്കുമ്പോള്‍ അറപ്പാണുണ്ടാവുക.ക്ഷേത്രത്തെ സംബന്ധിച്ച ഏറ്റവും പ്രധാനപ്പെട്ട രണ്ട് വ്യക്തികള്‍ തന്ത്രിയും പൂജാരിയുമാണ്. അവര്‍ ദേവനെപ്പോലെതന്നെ ഭക്തന് ആദരണീയരാണ്. തപസ്സും വേദജ്ഞാനവും നിത്യാനുഷ്ഠാനങ്ങളുംകൊണ്ട് സ്വയം ആത്മചൈതന്യം വര്‍ധിപ്പിച്ച ഉത്തമ പുരോഹിതനാണ് തന്ത്രി. അദ്ദേഹം ദേവബിംബത്തില്‍ പകരുന്ന ആത്മചൈതന്യത്തെ നിത്യപൂജകളും ഉത്സവാദികളുംകൊണ്ട് നിലനിര്‍ത്തുകയാണ്.
ഒരിക്കല്‍ ഒരു ജ്യോതിഷമാസികയുമായി നടത്തിയ സംഭാഷണത്തില്‍ തന്റെ നേരെ നാനാദിക്കില്‍ നിന്ന് പാഞ്ഞുവരുന്ന എതിര്‍പ്പുകളിലും ശകാരങ്ങളിലും ഭയന്നും ദുഃഖിച്ചും നിസ്സഹായനായും എന്തുചെയ്യണമെന്ന് ഉഴറുന്ന ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ അശരണബോധം നിറഞ്ഞ ചോദ്യങ്ങള്‍ കേട്ട് യഥാര്‍ത്ഥ ഭക്തന്മാര്‍ നടുങ്ങി.
സാത്വികരായ ആചാര്യന്മാരുടെ ദുഃഖം ദേശത്തെത്തന്നെ തപിപ്പിക്കും. അദ്ദേഹം ഇങ്ങനെ പരിഭ്രമിക്കേണ്ടതായ കാര്യമില്ലായിരുന്നു. വിധിപ്രകാരമുള്ള കര്‍മം ചെയ്യുന്നതിന് ആരെയും പേടിക്കേണ്ടതില്ല. എത്ര എതിര്‍പ്പുണ്ടായാലും കര്‍ത്തവ്യനിഷ്ഠനായ വ്യക്തി കുലുങ്ങുകയില്ല.
പൂര്‍വ്വോക്തമായ ക്ഷേത്രവിധികള്‍ പാലിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെങ്കില്‍ തന്ത്രി എന്തിന് അസ്വസ്ഥനാകുന്നു. ഒരു ജോലിക്ക് നിയുക്തമായ ആള്‍ തന്റെ ജോലി ഉചിതമായി ചെയ്തുവെങ്കില്‍ ആ ആള്‍ മന്ത്രിയോ തന്ത്രിയോ കളക്ടറോ പോലീസുകാരനോ ആരായാലും അയാള്‍ക്ക് ശത്രുക്കളുടെ എതിര്‍പ്പിനെ നിസ്സാരമാക്കി തള്ളുവാനുള്ള തന്റേടം കൂടി തന്നെത്താനെ ഉണ്ടാകും. തെറ്റ് ചെയ്തവനേ പേടിക്കേണ്ടതുള്ളൂ. ക്ഷേത്ര സംബന്ധമായ തെറ്റും ശരിയും നിശ്ചയിക്കുന്നത് ഭരണകൂടവും പത്രാധിപന്മാരും രാഷ്ട്രീയക്കാരുമല്ല. സ്വന്തം കര്‍ത്തവ്യമെന്തായാലും ആത്മവീര്യത്തോടെ അതനുഷ്ഠിക്കുന്നവന്‍ തന്റെ നേരെയുള്ള അനാവശ്യമായ എതിര്‍പ്പുകളെ അക്ഷോഭ്യനായി നേരിടുക തന്നെ ചെയ്യും.
കൂട്ടമായ എതിര്‍പ്പിനെ പേടിച്ച്, എന്ത് ആചാരപരിഷ്‌കരണവുമാകാം എന്ന് തന്ത്രി ദയനീയമായി വിലപിക്കേണ്ടതില്ല. വരുത്തട്ടെ, സര്‍ക്കാരും ഹൈന്ദവനേതാക്കളും ബുദ്ധിജീവികളും എല്ലാംകൂടി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിപ്ലവകരമായ ആചാരഭേദങ്ങള്‍. അതിന് തന്ത്രി കൂട്ടുനില്‍ക്കേണ്ടതില്ല. പൂര്‍വികാചാര്യന്മാര്‍ എന്താണോ തനിക്ക് ഉപദേശിച്ചത് അത് മാത്രമേ അദ്ദേഹം അനുസരിക്കേണ്ടതുള്ളൂ. ആചാരങ്ങളില്‍ മാറ്റം വരുത്തിയ ക്ഷേത്രത്തിന്റെ തന്ത്രിയായി തുടരാന്‍ പ്രയാസമായാല്‍ അദ്ദേഹത്തിന് തല്‍സ്ഥാനം ഉപേക്ഷിച്ച് പോകാം. അതാണ് വേണ്ടതും.
യുധിഷ്ഠിരന്റെ ആദ്യ രാജസൂയ വേദിയില്‍ അഗ്രപൂജയ്ക്ക് കൃഷ്ണനെ തിരഞ്ഞെടുത്തപ്പോള്‍ ചേദി രാജാവായ ശിശുപാലന്‍ തന്റെ നിത്യശത്രുവായ കൃഷ്ണനെ പലതരത്തില്‍ നിന്ദിക്കുകയുണ്ടായി. ആ ശകാരമൊക്കെ കൃഷ്ണന്‍ രാജമധ്യത്തില്‍ മിണ്ടാതെ കേട്ടുകൊണ്ടിരിക്കുന്നത് കണ്ട് അദ്ഭുതപ്പെട്ടവരോട് ജ്ഞാനികള്‍ പറഞ്ഞു:ഭഗവാന്‍ കൃഷ്ണന്‍ ദുഷ്ടനായ ശിശുപാലനെ സംഹരിക്കുവാന്‍ നിശ്ചയിച്ചിരിക്കുന്നു. അതുകൊണ്ടാണ് അവനെക്കൊണ്ട് തന്നെ ഇത്രമാത്രം ശകാരിപ്പിക്കുന്നത്.
ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ തന്ത്രിയെ അല്‍പന്മാര്‍ പലതരത്തില്‍ നിന്ദിച്ചതും ഭഗവാന്റെ ഇച്ഛ തന്നെ. ദ്വാപരയുഗാന്ത്യത്തില്‍ ശിശുപാലനില്‍നിന്ന് കൃഷ്ണന്‍ കേട്ട നിന്ദാവചനങ്ങള്‍ക്ക് സമമാണ് കലിയുഗമദ്ധ്യത്തില്‍ കൃഷ്ണ പൂജാരിയായ താന്‍ ആധുനികഭരണാധികാരികളില്‍ നിന്ന് കേള്‍ക്കുന്നതെന്ന് നിശ്ചയിച്ച് ശാന്തനായി സ്വധര്‍മം അനുഷ്ഠിക്കുകയാണ് തന്ത്രി ചെയ്യേണ്ടത്.
No comments:
Post a Comment