ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, January 1, 2017

ഗീതാദര്‍ശനം - യോഗനിഷ്ഠയുടെ നാലാമത്തെ അവസ്ഥ 6-32


ആത്മൗപമ്യേന സര്‍വത്ര സമം പശ്യതി

ധ്യാനയോഗത്തിലൂടെ, ശ്രീകൃഷ്ണഭഗവാനുമായി ബന്ധം തുടരുന്നതിന് മുന്‍പ്, തന്റെ സ്ഥിതി എന്തായിരുന്നു എന്ന് ആ യോഗി ഓര്‍ക്കുന്നു. ദുഃഖങ്ങള്‍ മാത്രമല്ല, സുഖങ്ങളും തന്റെ യോഗ പരിശീലനത്തിന് തടസ്സം സൃഷ്ടിക്കുകയായിരുന്നു. ഇതുപോലെ തന്നെയാണ്, എന്റെ ഈ അനുഭവത്തിന് സമം തന്നെയാണ്, (സര്‍വത്ര) ഈ ലോകത്തിലും മറ്റു ദിവ്യലോകങ്ങളിലും സ്ഥിതി ചെയ്യുന്ന ദേവ-മനുഷ്യ-മൃഗ-പക്ഷി-വൃക്ഷ കീടാദികളുടെയും അവസ്ഥ എന്ന് ആ യോഗിവര്യന്‍ അറിയുന്നു. അതുകൊണ്ട് എല്ലാവര്‍ക്കും ദുഃഖം വരാതിരിക്കാനും സുഖം ഉണ്ടാവാനും വേണ്ടി പ്രവര്‍ത്തിക്കാന്‍ ആ യോഗി തീരുമാനിക്കുന്നു. ഭൗതിക സുഖദുഃഖങ്ങള്‍ക്കപ്പുറത്ത്, എല്ലാവരും യോഗപരിശീലനത്തിലൂടെ, യാഗത്തിന്റെ നിഷ്ഠയിലൂടെ ഭഗവദീയധാമത്തിലെത്തി, പരമാനന്ദ രസം അനുഭവിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നു. ആ പ്രവര്‍ത്തനം ലൗകിക പ്രവര്‍ത്തനം പോലെ നമുക്ക് തോന്നിയേക്കാമെങ്കിലും അങ്ങനെയല്ല. അവ, ഭഗവാന് ആരാധനയായും ഭഗവാന്റെ സന്തോഷത്തിന് പൊതുവായും തീരുകയാണ് ചെയ്യുന്നത്. ഭഗവദ്ഭക്തന്മാരുമായി സംവദിച്ച്, ഭഗവത്തത്വ വിജ്ഞാനം നേടി, ആത്മീയാനുഷ്ഠാനത്തിലൂടെ ഭഗവാന്റെ ദിവ്യധാമത്തിലെത്തി സകലജീവികള്‍ക്കും പരമാനന്ദ ലബ്ധിക്കുവേണ്ടിയാണ് ഈ അത്യുത്കൃഷ്ടമായ പരോപകാരം ആ യോഗി ചെയ്യുന്നത്.


പ്രഹ്ലാദന്റെ ആവശ്യം ഉദാഹരണം


പ്രഹ്ലാദ ബാലന്‍, നരസിംഹ മൂര്‍ത്തിയോട് ആവശ്യപ്പെടുന്നത് ഉദാഹരണമാണ്:

”നൈ താന്‍ വിഹായകൃപണാന്‍ വിമുമുക്ഷ ഏകഃ”
(ഭാഗ-7-9-44)

(ഭഗവാനേ, എനിക്ക് അങ്ങയുടെ ദിവ്യാധാമം കിട്ടുമെന്നുറപ്പാണ്. ഈ സംസാരമാകുന്ന സമുദ്രത്തില്‍ വീണ് വിഷമിച്ചിട്ടും കരകയറാന്‍ പരിശ്രമിക്കാത്തവരും അങ്ങയില്‍നിന്ന് പിന്തിരിഞ്ഞു, പുത്രമിത്രകളത്രങ്ങള്‍ക്കുവേണ്ടി പരിശ്രമിക്കുന്ന ഈ ജീവന്മാരെയും, ഈ അസുരബാലന്മാരെയും ഇവിടെ ഉപേക്ഷിച്ച് എനിക്ക് മാത്രമായിട്ട് മോക്ഷവും വേണ്ട, വൈകുണ്ഠവും വേണ്ട. അങ്ങല്ലാതെ ഇവര്‍ക്ക് ശരണമായിട്ട് വേറെ ആരാണുള്ളത്? ”നാന്യം ത്വദസ്യശരണം ഭ്രമ തോനു പശ്യേ”


സയോഗീ പരമഃ മതഃ – ഭഗവാന്‍ പറയുന്നത് ശ്രദ്ധിക്കാം. ഇങ്ങനെ പ്രഹ്ലാദനെപ്പോലെ എല്ലാവരുടെയും മുക്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന യോഗി, ശ്രീശങ്കരാചാര്യരെപ്പോലെ ഉപനിഷത്തുകള്‍ക്കും ഗീതയ്ക്കും ഭാഷ്യങ്ങളും സ്‌തോത്രങ്ങളും എഴുതി മറ്റുള്ളവര്‍ക്ക് ശ്രേഷ്ഠമായ ഉപകാരം ചെയ്യുന്ന യോഗി, വ്യക്തികളുടെ സാത്വിക-രാജസ-താമസ സ്വഭാവമനുസരിച്ച്, വിവിധ ദര്‍ശനങ്ങളും ഉപാസനാ സമ്പ്രദായങ്ങളും പ്രചരിപ്പിച്ച, ശ്രീരാമാനുജാചര്യര്‍, മധ്വാചാര്യര്‍ എന്നിവരെപ്പോലെയുള്ള യോഗി സര്‍വധര്‍മങ്ങളും ഉപാസനാ സമ്പ്രദായങ്ങളും നിഷ്പ്രഭമായും പ്രഭാവം നശിച്ചും പോകുന്ന യുഗത്തില്‍, ഹരേകൃഷ്ണ ജപത്തിലൂടെ ഭഗവത്ഭക്തനും ഭഗവത്തത്ത്വജ്ഞാനിയുമായി, ഭഗവാനെ സ്‌നേഹപൂര്‍വം സേവിച്ച് ആനന്ദിക്കാമെന്ന് പ്രചരിപ്പിച്ച ശ്രീകൃഷ്ണചൈതന്യ മഹാപ്രഭുവിനെപ്പോലെയുള്ള  യോഗി-അതേ! അത്തരം യോഗിയാണ് എല്ലാ യോഗികളിലും വച്ച് ഉത്കൃഷ്ടനായ യോഗി എന്നാണ് എന്റെ അഭിപ്രായം.


ഭാഗവതാചാര്യന്‍ കാനപ്രം കേശവന്‍ നമ്പൂതിരി

No comments:

Post a Comment