ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, January 8, 2017

രോഹിത വംശവര്‍ണ്ണനയും യാഗാനുഷ്ഠാദി ചരിതവും – ഭാഗവതം


ന സാധുവാദോ മുനി കോപഭര്‍ജ്ജിതാ
നൃപേഢ്രപുത്രാ ഇതി സത്ത്വധാമനി
കഥം തമോ രോഷമയം വിഭാവ്യതേ
ജഗത്‌ പവിത്രാത്മനി ഖേ രജോ ഭുവഃ (9-8-12)
യസ്യേരിതാ സാംഖ്യമയീ ദൃഢേഹ നൌര്‍
യയാ മുമുക്ഷുസ്തരതേ ദുരത്യയം
ഭവാര്‍ണ്ണവം മൃത്യുപഥം വിപശ്ചിതഃ
പരാത്മഭൂതസ്യ കഥം പൃഥങ്മതിഃ (9-8-13)



ശുകമുനി തുടര്‍ന്നുഃ

രോഹിതന്റെ കുലത്തിലാണ്‌ ഭാരുകന്‍ എന്ന രാജാവിന്റെ ജനനം. അദ്ദേഹം വനവാസത്തിനു ബപോവുകയും മരിച്ചപ്പോള്‍ ഭാര്യമാരിലൊരാള്‍ സതിയനുഷ്ഠിക്കാന്‍ ഒരുമ്പെടുകയും ചെയ്തു. എന്നാല്‍ ഔര്‍വ്വമുനി അവളെ തടഞ്ഞു. ഗര്‍ഭിണി ആയിരുന്നതുകൊണ്ട്‌ സതിയനുഷ്ഠിക്കാന്‍ മുനി അവളെ അനുവദിച്ചില്ല. സഹഭാര്യമാര്‍ അവള്‍ക്ക്‌ വിഷം കൊടുത്തെങ്കിലും അവള്‍ മരിച്ചതുമില്ല. അവള്‍ സാഗരനു (വിഷവുമായി ജനിച്ചവന്‍ എന്നര്‍ത്ഥം) ജന്‍മം കൊടുത്തു.



സാഗരന്‍ ചക്രവര്‍ത്തിയായി. പലേ രാജാക്കന്‍മാരേയും തോല്‍പ്പിച്ചു. സ്വന്തം ആധിപത്യമുറപ്പിക്കാന്‍ അദ്ദേഹം അശ്വമേധയാഗം നടത്തി. യാഗത്തിന്റെ മുന്നോടിയായി അയച്ചിരുന്ന യാഗാശ്വത്തെ ഇന്ദ്രന്‍ മോഷ്ടിച്ച്‌ കപിലമുനിയുടെ ആശ്രമപരിസരത്തു വിട്ടു. സാഗരന്റെ അറുപതിനായിരം ആണ്‍മക്കള്‍ ആശ്രമത്തില്‍ യാഗാശ്വത്തെക്കണ്ട്‌ മുനി കളളനാണെന്നും കപടധ്യാനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും തീര്‍ച്ചയാക്കി അദ്ദേഹത്തെ കൊല്ലാനൊരുമ്പെട്ടു. എന്നാല്‍ കപിലഭഗവാന്‍ കണ്ണുതുറന്ന മാത്രയില്‍ സാഗരന്റെ പുത്രന്‍മാര്‍ എരിഞ്ഞു ചാമ്പലായി. ഈ കുമാരന്‍മാര്‍ കപിലമുനിയുടെ കോപാഗ്നിയിലെരിഞ്ഞു എന്നു പറയുന്നത്‌ ശരിയല്ല. എങ്ങനെയാണീ ദുര്‍ഗുണം അവിടത്തേക്കുണ്ടാവുന്നത്‌? സാമീപ്യമാത്രേന പരിശുദ്ധി നല്‍കുന്ന ഭഗവാനില്‍ ക്രോധമുണ്ടാവുന്നതെങ്ങനെ? എങ്ങനെയാണ്‌ ദ്വന്ദ്വഭാവം കപിലദേവനിലുണ്ടാവുക? 
പരമോന്നതവിജ്ഞാനമായ സാംഖ്യം (അദ്വൈതം) ലോകത്തെ പഠിപ്പിച്ച ഭഗവാനില്‍ ദ്വൈതഭാവം എങ്ങനെയുണ്ടാവാനാണ്‌? സാഗരന്റെ പുത്രന്‍മാര്‍ എരിഞ്ഞത്‌ അവരുടെ തന്നെ ദുഷ്ടത കാരണമത്രെ.



സാഗരന്‌ അസമഞ്ജസന്‍ എന്നൊരു പുത്രന്‍ കൂടിയുണ്ടായിരുന്നു. അയാളെ ചീത്ത മനുഷ്യന്‍ എന്നാണ്‌ വിളിച്ചിരുന്നത്‌. കാരണം അയാളുടെ പ്രവൃത്തികള്‍ കാഴ്ചക്ക്‌ ചീത്തയായിരുന്നു. ഉദാഹരണത്തിന്‌ അദ്ദേഹം കുട്ടികളെ കളിയായി നദിയിലെറിയും. എന്നാല്‍ ആളുകള്‍ ശകാരിക്കുമ്പോള്‍ തന്റെ യോഗശക്തികൊണ്ട്‌ ശിശുക്കളെ തിരിച്ചു കൊണ്ടുവരികയും ചെയ്യും. അസമഞ്ജസന്റെ പുത്രന്‍ അംശുമാന്‍. അംശുമാനും തന്റെ അമ്മാവന്‍മാര്‍ പോയതു പോലെ യാഗാശ്വത്തെ തേടി കപിലാശ്രമത്തില്‍ ചെന്നു. ഭഗവാനെ വണങ്ങി മുനിയില്‍ വിഷ്ണുവിനെ ദര്‍ശിച്ച്‌ ഇങ്ങനെ പ്രാര്‍ത്ഥിച്ചു. ദേവന്‍മാര്‍ക്കുപോലും അവിടുത്തെ സത്യം അറിയില്ല. അവിടുത്തെ യഥാര്‍ത്ഥമായ ഭാവം ആര്‍ക്കും അറിയുകയുമില്ല. എല്ലാറ്റിലും നിവസിക്കുന്നുത്‌ അവിടുന്നാണെങ്കിലും എന്നേപ്പോലെ അജ്ഞനായ ഒരുവന്‍ എങ്ങനെയാണ്‌ അവിടുത്തെ മനസ്സിലാക്കുന്നുത്‌? ഞാനങ്ങയെ താണുവീണു നമസ്കരിക്കുന്നു. അവിടുത്തെ ദര്‍ശനമൊന്നുകൊണ്ടു മാത്രം അജ്ഞാന ബന്ധനം അകലുന്നു.
കപിലദേവന്‍ പറഞ്ഞുഃ



നീ അശ്വത്തെ കൊണ്ടു പൊയ്ക്കൊളളുക. അമ്മാവന്‍മാര്‍ ഗംഗാജലം കൊണ്ട്‌ പുനര്‍ജീവിച്ചുകൊളളും. അംശുമാന്‍ യാഗാശ്വവുമായി മടങ്ങി. സാഗരന്‍ യജ്ഞം നടത്തി ഒടുവില്‍ പരമഗതി പൂകി.



കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം

No comments:

Post a Comment