ഒ.വി. ഉഷ
ഈ കല്‍പത്തിലെ ആദ്യത്തെ മനുഷ്യന്‍ തന്നെ മനുവാണെന്ന് ഒരു ധാരണ കാണുന്നു. സ്വായംഭൂവ മനു. തന്നെത്താന്‍ ഉണ്ടായ മനു. ഇപ്പോള്‍ നടപ്പിലുള്ളത് ഈ കല്‍പത്തിലെ ഏഴാമത്തെ മന്വന്തരമായ വൈവസ്വതമന്വന്തരമാണ്. ഒരു കല്‍പം പതിന്നാലു മനുക്കളെക്കൊണ്ടാണ് പൂര്‍ത്തിയാകുന്നത്. ഒരു മനുവിന്റെ കാലം അഥവാ മന്വന്തരം എഴുപത്തിയൊന്നു ചതുര്‍ യുഗങ്ങളാണ്. ഓരോ മന്വന്തരത്തിന്റെയും കാരണക്കാരന്‍ ഓരോ മനുവാണെന്നും പറയുന്നു.
ഒരു ചതുര്‍ യുഗമെന്നാല്‍ സത്യയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിങ്ങനെ നാലു യുഗങ്ങള്‍ ചേര്‍ന്ന മഹായുഗം. ഇപ്പോഴത്തെ കല്‍പത്തിലെ ഏഴാമത് മന്വന്തരത്തിലെ ഇരുപത്തിയെട്ടാമത് ചതുര്‍ യുഗത്തിന്റെ കലിയിലൂടെയാണ് ലോകം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഓരോ യുഗത്തിനും ലക്ഷക്കണക്കിന് വര്‍ഷങ്ങളാണെന്നുമുണ്ട്. ഒരുവേള അന്തരാളഘട്ടങ്ങളും ഉണ്ടാവാം. ഇങ്ങനെ എഴുപത്തിയൊന്നു കാലങ്ങള്‍. മനുവില്‍നിന്ന് അടുത്ത മനുവിലേക്കും കല്‍പത്തില്‍നിന്ന് കല്‍പത്തിലേക്കും അന്തരാളഘട്ടങ്ങള്‍ ഉണ്ടാവാം. (ചാനല്‍ മാറ്റുന്ന പോലെ മാറുന്നതാവണമെന്നില്ല കാലം.) ഭാവനാതീതമായ വലിയ കാലങ്ങളുടെ അവസാനം മഹാപ്രളയമാണ്.
(ഏകനും അദ്വിതീയനും സര്‍വ്വശക്തനും ആയ) അള്ളാഹുവിന്റെ ഖജനാവില്‍ മാത്രമാണ് അനന്തമായ സമയമുള്ളത് എന്ന് വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞത് ഓര്‍ത്തുപോകുന്നു.അതിനെ ഒന്നു മാറ്റിപ്പറയുകയാണെങ്കില്‍ അതിങ്ങനെ ആവും: ഏകനും അദ്വിതീയനും അദൃശ്യനും അധൃഷ്യനും സര്‍വ്വത്തിന്റെയും ഉറവിടവും അറിവിന്റെ പ്രഭവകേന്ദ്രവും സര്‍വ്വാധികാരിയുമായ ആ പരബ്രഹ്മശക്തിയുടെ പക്കല്‍ മാത്രമാണ് അനന്തമായ സമയമുള്ളത്. സമയമാണല്ലോ എന്തിനും അടിസ്ഥാനമായ കണക്ക്. കണക്കുകളിലാണ് സര്‍വ്വകാര്യങ്ങളും പ്രകൃതിയില്‍ നടക്കുന്നത്.
പ്രകൃതി തന്നെ ആ പരബ്രഹ്മസത്തയുടെ പ്രൊജെക്ഷന്‍ ആണെന്ന് ചിന്തകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് കുടത്തില്‍ ആകാശം (അന്തരീക്ഷം) എന്നതുപോലെ മൃണ്മയമായ നമ്മുടെ ശരീരം ആ പരമസത്തയെ ഉള്‍ക്കൊണ്ടു നില്‍ക്കുന്നു എന്ന് പൂര്‍വ്വസൂരികള്‍ ഉപമ പറഞ്ഞിരിക്കുന്നത്. ഏകകോശജീവിയില്‍ തുടങ്ങുന്ന (ഗുരുക്കന്മാരും പ്രവാചകന്മാരും മനുക്കളും വരെയുള്ള) ഓരോ ജീവനിലും അതിനുള്‍ക്കൊള്ളാവുന്ന തരത്തില്‍ അഥവാ പ്രകൃതി ആവശ്യപ്പെടുന്ന തരത്തില്‍ അതിന്റെ ചാലകശക്തിയായി ഈ ശക്തിയാണ് നില്‍ക്കുന്നത്. നമ്മുടെ ഉള്ളിലെ അറിവ് എന്ന് അതിനെ വിശേഷിപ്പിക്കാമെന്നു തോന്നുന്നു.
മനുവിലേക്കു തിരിച്ചുവരാം. ബ്രഹ്മാവിന്റെ മാനസപുത്രനാണ് സ്വായംഭൂവമനു. ബ്രഹ്മാവ് ശതരൂപ എന്നൊരു സ്ത്രീയെയും സങ്കല്‍പം കൊണ്ട് സൃഷ്ടിച്ചു മനുവിനു ഇണയായി നല്‍കിയത്രെ. അവര്‍ക്കു അഞ്ചു മക്കളുണ്ടായി. ഇവരില്‍ ചിലരെ മഹര്‍ഷിമാരുടെ മക്കള്‍ക്ക് വേളി കഴിച്ചുകൊടുത്തു. ആദാമിനെയും ഹവ്വയെയും പോലെ മനുവും ശതരൂപയും ആദ്യത്തെ പുരുഷനും സ്ത്രീയും ആയിരുന്നുവെങ്കില്‍ അവരുടെ മക്കളെ വിവാഹം കഴിക്കാന്‍ ഈ മഹര്‍ഷിമാരുടെ മക്കളെ എവിടെ നിന്നു കിട്ടി? മനനം ചെയ്യുന്നവരില്‍ മുന്‍പനായി മനുഷ്യകുലത്തെ മുന്നോട്ടു നയിക്കാന്‍ പ്രാപ്തനായിത്തീര്‍ന്ന ജ്ഞാനിയായിരിക്കാം മനു. മനുഷ്യന്‍ എന്ന സാധ്യതയുടെ പൂര്‍ത്തീകരണത്തില്‍ എത്തുന്ന ജീവന്‍ ദൈവത്തിന്റെ തലത്തിലേക്ക് ഉയരുകയാവാം.
എന്തുകൊണ്ട് പിന്നെ വൈവസ്വതമനുവിനെ ഈ മന്വന്തരത്തിലെ ലോകം മറന്നിരിക്കുന്നു എന്നത് ഒരു ചോദ്യമാണ്. ഒരു നിയമാവലി മനുസ്മൃതി മനുവിന്റെതായി നമുക്ക് കിട്ടിയിട്ടുണ്ട്. മനുസ്മൃതിയില്‍ കര്‍ക്കശമായ ജാതിപ്രതിബദ്ധതയും സ്ത്രീവിരുദ്ധതയും ഉണ്ട് എന്ന് എല്ലാവര്‍ക്കും അറിയാം. (സ്ത്രീകള്‍ പൂജിക്കപ്പെടുന്ന സ്ഥലത്ത് ദേവതകള്‍ സന്തോഷിക്കുന്നു എന്ന് പറയുന്ന വൈരുദ്ധ്യാത്മകതയും അതിലുണ്ട്.) കാരുണ്യമില്ലാത്ത, നീതിയില്ലാത്ത നയമായി മാത്രമേ ഇന്നതിനെ കാണാന്‍ കഴിയൂ. വൈവസ്വതമനു അത്രയും ക്രൂരമായി ചിന്തിച്ചിരുന്നുവെന്ന് കരുതാന്‍ ബുദ്ധിമുട്ടാണ്. ക്രൂരമായ ഒരു ജീവന് മനുവിന്റെ സ്ഥാനം എങ്ങനെ കിട്ടും? കാലങ്ങളുടെ പ്രയാണത്തില്‍ ആരുടെയൊക്കെയൊ കുടിലബുദ്ധി തിരുകിക്കയറ്റിയ അബദ്ധങ്ങളാവാനാണ് വഴി. ഒരുപക്ഷേ ഇങ്ങനെയുള്ള ച്യുതികളും മനുവിന്റെ വ്യവസ്ഥക്കു ശാപമായിത്തീര്‍ന്നിരിക്കാം.
ഏതായാലും ഗുരുക്കന്മാരെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ഭാരതീയപാരമ്പര്യത്തിലെ ആദിമമായ മനുസങ്കല്‍പത്തെ നമുക്ക് കണക്കിലെടുക്കേണ്ടി വരും. ഗുരുസ്വഭാവത്തിലാണ് മനുക്കള്‍ നില്‍ക്കുന്നത്.
No comments:
Post a Comment