ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, January 4, 2017

മനുഷ്യജന്മം - മുജ്ജന്മ സുകൃതം


മുജ്ജന്മ സുകൃതം കൊണ്ടു നേടിയ മനുഷ്യജന്മം പൂര്‍വികമായ മൂന്നു ശക്തികളുടെ സംഭാവനയാണ്‌. അവരാണ്‌ പ്രപഞ്ച സംവിധായകരായ ദേവന്മാരും, ഭാഷയും മസ്തിഷ്കവും വികസിപ്പിച്ചെടുത്ത ഋഷികളും, ജനിക്കുമ്പോള്‍ തന്നെ നമുക്ക്‌ സ്വന്തമാക്കാന്‍ കഴിയുന്ന ഗൃഹം, സമ്പത്ത്‌, സ്വഭാവം, ആരോഗ്യം, സാമാന്യബുദ്ധി തുടങ്ങിയ ഗുണവിശേഷങ്ങളെല്ലാം പ്രദാനം ചെയ്യുന്ന പിതൃക്കളും. ഈ മൂന്നു ദാതാക്കളോടും നമുക്ക്‌ കടപ്പാടുണ്ട്‌. അതാണ്‌ ഋഷി ഋണം, ദേവ ഋണം, പിതൃ ഋണം എന്നീ പേരുകളില്‍ അറിയപ്പെടുന്നത്‌.


പിതൃക്കള്‍ക്കും ദേവന്മാര്‍ക്കും ഋഷികള്‍ക്കും നമ്മുടെ കര്‍ത്തവ്യവും കടമയുമായ ബാധ്യതാ പരിഹാരം വലിയ സദ്യകളില്‍ കൂടിയോ മറ്റാഘോഷങ്ങളില്‍ കൂടിയോ ചെയ്തു തീര്‍ക്കുക എളുപ്പമല്ലാത്തതു കൊണ്ട്‌ ഏറ്റവും ലഘുവായി നിര്‍വഹിക്കാവുന്ന സംവിധാനമാണ്‌ ത്രൈവര്‍ണികര്‍ക്കിടയില്‍ പതിവുള്ള തര്‍പ്പണം. ഇത്‌ സന്ധ്യാവന്ദനത്തിന്റെ കൂടെ അനുഷ്ഠിക്കപ്പെടുന്നു. സൂര്യനുദിക്കുമ്പോഴും അസ്തമിക്കുമ്പോഴും സന്ധ്യാവന്ദനം ചെയ്യുകയാണ്‌ പതിവ്‌. രണ്ടു സമയം കുളി കഴിഞ്ഞാണ്‌ സന്ധ്യാവന്ദനം ചെയ്യുക. സന്ധ്യാവന്ദനത്തിന്റെ ആദ്യ ഭാഗത്ത്‌ ഗായത്രീ ഉപാസനയും പ്രണവ ഉപാസനയും കഴിഞ്ഞാല്‍ തര്‍പ്പണമാണ്‌ വേണ്ടത്‌. ഒരു കുടന്ന വെള്ളം കയ്യിലെടുത്ത്‌ ശരിയായ സങ്കല്‍പത്തോടെ അവരുടെ മുന്നില്‍ സമര്‍പ്പിക്കുന്നതാണ്‌ തര്‍പ്പണം.


വര്‍ഷം തോറുമുള്ള ശ്രാദ്ധം (ഭൂമിയിലെ ഒരു വര്‍ഷം പിതൃലോകത്ത്‌ ഒരു ദിവസമാണ്‌) പിതൃക്കളെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ്‌. ദേവഋണത്തില്‍ ക്ഷേത്രങ്ങളും പൂജാദി കര്‍മങ്ങളും ഭക്തിസാന്ദ്രമായ വ്രതാനുഷ്ഠാനങ്ങളും ഉള്‍പ്പെടുന്നു.

ഋഷി ഋണത്തിന്റെ കാര്യത്തില്‍ നമ്മുടെ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി നാം ജപിച്ചു പോരുന്ന മന്ത്രങ്ങള്‍ നിരവധിയാണ്‌. ഓരോ മന്ത്രത്തിലും മന്ത്രദ്രഷ്ടാവായ മഹര്‍ഷിയുടെ പേരും മറ്റു കാര്യങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടായിരിക്കും. ഓരോ മഹര്‍ഷിയും തന്റേതുമാത്രമായ സംഭാവനകള്‍ നമുക്കു തന്നിട്ട്‌ മണ്‍മറഞ്ഞു പോകുന്നു. നാം അവരെ ഭക്തിപുരസ്സരം ആരാധിക്കുകയും ചെയ്യുന്നു.


ഓരോ പരമ്പരയ്ക്കും ദേവന്മാരില്‍ നിന്നും കിട്ടുന്ന അനുഗ്രഹവും ഋഷികളില്‍ നിന്നും കിട്ടുന്ന വിജ്ഞാനവും പിതൃക്കളില്‍ നിന്നും കിട്ടുന്ന ഗുരുത്വവും പാരമ്പര്യങ്ങളും എല്ലാം വെറും തര്‍പ്പണം കൊണ്ടു മാത്രം തീരുന്ന കടങ്ങളല്ല. എങ്കിലും ചെയ്യാവുന്നിടത്തോളം ചെയ്താല്‍ അത്രയും നല്ലത്‌.


പിതൃക്കള്‍, ദേവതകള്‍, ഋഷിമാര്‍ ഈ മൂന്നു കൂട്ടരുടെയും സൗമനസ്യം കൊണ്ടാണ്‌ നമുക്കിന്ന്‌ സ്വൈരമായി ജീവിക്കാന്‍ കഴിയുന്നതു തന്നെ. പക്ഷേ ഇന്നാരും തന്നെ ഈ സത്യമൊന്നും മനസ്സിലാക്കുന്നില്ല. ഭൂമിയിലെന്തെല്ലാം കൈവശപ്പെടുത്തിയോ അതെല്ലാം സ്വന്തം സാമര്‍ഥ്യം കൊണ്ടാണെന്ന്‌ കരുതി മാതാപിതാക്കളെ കൂടി വൃദ്ധസദനത്തിലേക്ക്‌ അയയ്ക്കുന്നു. ഈ മൂന്നു വിധമുള്ള കടങ്ങള്‍ വീട്ടാന്‍ കഴിഞ്ഞില്ലെങ്കില്‍ മനുഷ്യന്‌ ഗതി കിട്ടാന്‍ പോകുന്നില്ല.

No comments:

Post a Comment