ഒവി ഉഷ
അനുഭവം എന്ന വാക്ക് നിത്യജീവിതത്തില്‍ ചില സാമാന്യാര്‍ത്ഥങ്ങളില്‍ ഉപയോഗിക്കുന്ന വാക്കാണ്. യാതനയും ദുരിതവും നേരിടേണ്ടിവരുമ്പോള്‍ നമുക്കത് ‘ഹോ വല്ലാത്ത ഒരനുഭവം’ തന്നെ. വസ്തുവകകളില്‍ നിന്നുള്ള ആദായങ്ങളും ഗുണങ്ങളും ‘അനുഭവം’ ആയി നമ്മള്‍ വിശേഷിപ്പിക്കുന്നു. ശബ്ദതാരാവലിയില്‍ ഈ വാക്കിന്റെ ക്രിയാപദത്തിനു കൊടുത്തിട്ടുള്ള അര്‍ത്ഥങ്ങളില്‍ ഒന്ന് ഇപ്രകാരമാണ്: ഇന്ദ്രിയങ്ങളിലൂടെയോ പരീക്ഷണങ്ങള്‍, മനനം തുടങ്ങിയവയിലൂടെയോ ജ്ഞാനം നേടുക.
ഈ അര്‍ത്ഥത്തെക്കുറിച്ച് എനിക്ക് ആദ്യമായി തിരിച്ചറിവുണ്ടാകുന്നത് എന്റെ ഗുരുവിന്റെ (കരുണാകര ഗുരു) ജീവിതകഥയുടെ ചുരുക്കം ഒരു സന്യാസി എനിക്കു പറഞ്ഞുതന്നപ്പോഴാണ്: ഗുരുവിന്റെ ഉള്ളില്‍ ഒരു പ്രകാശം കാണുന്ന അനുഭവം ഓര്‍മ്മവച്ചപ്പോള്‍ മുതല്‍ ഒന്‍പതു വയസ്സുവരെ നിലനിന്നിരുന്നു. പിന്നീട് ഗുരുവിനു അരുവിപ്പുറത്തെ കൊടിതൂക്കിമലയില്‍വച്ച് നിര്‍ണ്ണായകമായ അനുഭവമുണ്ടായി.
ഗുരുവിന്റെ ഗുരുവുമായുള്ള സമ്പര്‍ക്കത്തില്‍ ഒരു അനുഭവമുണ്ടായി. ഗുരുവിന്റെ ഗുരു തിരുവനന്തപുരത്തു ജീവിച്ചിരുന്ന പട്ടാണി സ്വാമി എന്നും, ഖുറൈഷ്യാ ഫക്കീര്‍ എന്നും അറിയപ്പെട്ടിരുന്ന ഒരു സൂഫി സന്യാസിയായിരുന്നു. ആദ്യത്തെ കൂടിക്കാഴ്ചയില്‍ ഒരു കടലാസുതുണ്ടില്‍ എന്തോ എഴുതി അന്നു ‘കരുണാകരശാന്തി’ എന്ന ചെറുപ്പക്കാരനായിരുന്ന ഗുരുവിനു കൊടുത്തിട്ട് അതു ജപിക്കണമെന്നും, രണ്ടുമാസത്തിനകം സ്വപ്‌നത്തിലോ ജാഗ്രത്തിലോ അടയാളം കിട്ടും എന്നും അപ്പോള്‍ വീണ്ടും തന്റെ അടുത്ത് ചെല്ലണമെന്നും അറിയിച്ചു. പട്ടാണി സ്വാമി പറഞ്ഞപോലെ തന്നെ സംഭവിച്ചു. (ഒരു തുടക്കം മാത്രമായിരുന്നു അത്.)
എനിക്ക് ഈ ആഖ്യാനം കേള്‍ക്കുന്ന കാലഘട്ടത്തില്‍ (1981) അതീന്ദ്രിയാനുഭവങ്ങളെക്കുറിച്ച് അറിയാമായിരുന്നു. ഈ വക വിശേഷങ്ങളടങ്ങിയ പുസ്തകങ്ങള്‍ കുറെ കയ്യില്‍ വന്നു ചേര്‍ന്നിരുന്നു. ഇഎസ്പി അഥവാ എക്സ്റ്റ്ട്രാ സെന്‍സറി പെര്‍സെപ്ഷന്‍ എന്നും മിസ്റ്റിക് എക്‌സ്പീരിയന്‍സ് എന്നും ഒക്കെയാണ് എനിക്കു വായിച്ചും കേട്ടും പരിചയം. (കൂടുതലും ഇംഗ്ലിഷ് ഭാഷയിലായിരുന്നു വായന, അതുപയോഗിച്ചായിരുന്നു ജോലി.) പക്ഷെ അതിനെയൊക്കെ, സരളമായി, മലയാളത്തില്‍ അനുഭവം എന്ന വാക്കുകൊണ്ട് വിവക്ഷിക്കാമെന്ന് അറിഞ്ഞിരുന്നില്ലെന്നു മാത്രം.
അനുഭവങ്ങളുടെ വഴികളാണ് ഗുരുക്കന്മാരുടെ വഴികള്‍.അവ മനുഷ്യന്റെ ആന്തരികവളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. ഏകാഗ്രത ആവശ്യമായി വരുന്ന അതുകൊണ്ട് ധ്യാനസ്വഭാവം കൈവരിക്കുന്ന ഏതു കര്‍മ്മവും നമുക്ക് വ്യക്തതയും ശക്തിയും നല്‍കുന്നുണ്ട്. അനുഭവങ്ങളുടെ അടിത്തറ ഉണ്ടാവുന്നത് ഈ ഉണര്‍ച്ചയിലാണെന്ന്, അതിന്റെ ആഴം കൂടിക്കൂടി വരുമ്പോഴാണെന്ന് തോന്നുന്നു.
പ്രകൃതിയില്‍ ഒരു കാട്ടുജീവി ഇര പിടിക്കുന്നതില്‍ പോലും ധ്യാനത്തിന്റെ നേരിയൊരംശം കാണുന്നില്ലേ? ഏതു ജീവിയുടെയും അമ്മ കുഞ്ഞിന്റെ ആവശ്യങ്ങളറിയുകയും സുരക്ഷിതത്വം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന ജാഗ്രതയില്‍ അതിന്റെ നിഴലാട്ടമില്ലേ? മനുഷ്യന്റെ ഓരോ പ്രയത്‌നങ്ങളും അതിജീവനങ്ങളും അറിവുകള്‍ ഉല്‍പാദിപ്പിക്കുന്നു. അറിവുകളിലൂടെ നാം പരിണമിക്കുന്നു. ധനാത്മകമായും ഋണാത്മകമായുമുള്ള ഗതികള്‍ അവക്കുണ്ടായിത്തീരുകയും ചെയ്യുന്നു.
ധനാത്മകമായ ഗതികളാണ് നമ്മുടെ അന്തരാത്മാവു തേടുന്നത്. (അവനവനും മറ്റുള്ളവര്‍ക്കും ഉപദ്രവമായി മാറുന്നവര്‍ പോലും ‘നന്നാവാന്‍’ ഉള്ള വഴി നോക്കുന്നവരാണല്ലോ). ആ വഴി തെളിയിക്കുന്നവരാണ് ഗുരുക്കന്മാര്‍. ഗുരുമാര്‍ഗ്ഗത്തില്‍ ഗുരുശുശ്രൂഷ അല്ലെങ്കില്‍ ആചാര്യനെ അനുസരിക്കല്‍ തന്നെ ഒരു ധ്യാനമായി തീരുന്നു.
No comments:
Post a Comment