ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, January 13, 2017

അര്‍ജ്ജുന, നീ യോഗിയായി തീരൂ! (6-46) - ഗീതാദര്‍ശനം- 13


അര്‍ജ്ജുന, നി യോഗിയായിത്തീരണം എന്നാണ് ഭഗവാന്‍ പറയുന്നത്. യോഗാ എന്ന വാക്കിന്റെ അര്‍ത്ഥം-യോജിപ്പിക്കുക എന്നാണ്. സ്വര്‍ഗാദിഫലങ്ങള്‍ കിട്ടാന്‍ വേണ്ടി ചെയ്യുന്ന കര്‍മങ്ങള്‍ ആഗ്രഹം ഉപേക്ഷിച്ച് ഭഗവാന് ആരാധനയായി ചെയ്യുന്നത് കര്‍മയോഗം.

ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തികളായ കേള്‍ക്കുക, കാണുക, ധ്യാനിക്കുക, പൂജിക്കുക, നമസ്‌കരിക്കുക മുതലായ കര്‍മങ്ങളും ഭഗവാന് ആരാധനയായി ചെയ്താല്‍ കര്‍മയോഗം തന്നെ. ബുദ്ധികൊണ്ട് നേടാന്‍ കഴിയുന്ന ആത്മാ-പരമാത്മക്കളുടെ യഥാര്‍ത്ഥ തത്വം അറിഞ്ഞ് പരമപദപ്രാപ്തിക്കുവേണ്ടി പ്രയത്‌നിക്കുന്നത് ജ്ഞാനയോഗം. ഈ ആറാം അധ്യായത്തില്‍ കാമക്രോധാദികളെ ജയിച്ച്, ഇന്ദ്രിയവ്യപാരങ്ങളെ നിയന്ത്രിച്ച്, ആസന പ്രാണായാമാദി യോഗാംഗങ്ങള്‍ അനുഷ്ഠിച്ച്, മനസ്സിനെ പരമസത്യത്തില്‍-ഭഗവാനില്‍-ഇളകാതെ നിര്‍ത്തുന്നത് അഷ്ടാംഗയോഗമെന്നും പറഞ്ഞു.

ഈ യോഗക്രമങ്ങളില്‍ ഏതെങ്കിലും ഒന്ന് സ്വീകരിച്ച്, അഭ്യസിച്ച്, ലക്ഷ്യത്തില്‍ എത്തിച്ചേരുന്നവനു മാത്രമേ, നശ്വരമായ പ്രപഞ്ചത്തിലെ സുഖദുഃഖങ്ങളില്‍നിന്ന് മുക്തി നേടാന്‍ കഴിയൂ; പരമപദം പ്രാപിക്കാന്‍ കഴിയൂ.

ഈ ഭൂമിയില്‍ തപസ്സും ജ്ഞാനവും സത്കര്‍മങ്ങളും ചെയ്യുന്നവര്‍ ധാരാളമുണ്ട്. സ്വന്തം ഇഷ്ടപ്രകാരം ഉപവാസം, മൗനം, കല്ലിലും മുള്ളിലും ചവുട്ടി തീര്‍ത്ഥയാത്ര ചെയ്യുക, ഹിമാലയാദി പര്‍വതങ്ങളിലെ തണുപ്പ് നിറഞ്ഞ പ്രദേശങ്ങളില്‍ താമസിക്കുക- മുതലായവയാണ് തപസ്സ് എന്നു പറയുന്നത്.

”കാമത്യാഗഃ തപഃ സ്മൃതഃ”
(സുഖഭോഗങ്ങളെ മനഃപൂര്‍വം ഉപേക്ഷിക്കുകയാണ് തപസ്സ്) എന്ന് ഭാഗവതത്തില്‍ ഭഗവാന്‍ ഉദ്ധവരോട് പറയുന്നു. ഇങ്ങനെ തപസ്സ് അനുഷ്ഠിക്കുന്നത് പാപകര്‍മങ്ങളുടെ പ്രതികരണങ്ങളായ ദുഃഖം, രോഗം, ദാരിദ്ര്യം മുതലായവയില്‍ നിന്ന് മോചനം നേടാന്‍ കാരണമാവുമെന്ന് ധര്‍മശാസ്ത്രങ്ങളില്‍ പറയുന്നു-അല്ലാതെ, അവ നേരിട്ടു പരമപദത്തില്‍ എത്തിക്കുമെന്ന് പറയുന്നില്ല. അതുകൊണ്ട് തപസ്സ് എന്ന പുണ്യകര്‍മം ചെയ്യുന്നവരെക്കാള്‍ ശ്രേഷ്ഠനാണ്, കര്‍മങ്ങള്‍ ഈശ്വരാരാധനയായി ചെയ്യുന്ന തപോയോഗി, തപസ്സിഭ്യഃ അധികഃ യോഗി-തപസ്വികളെക്കാള്‍ ശ്രേഷ്ഠനാണ് എന്നുപറയുന്നു.

ലോകത്തില്‍ ജ്ഞാനികള്‍ ധാരാളമുണ്ട്, പലതരത്തില്‍, വേദ-വേദാന്തങ്ങളുടെ ജ്ഞാനം, അദ്വൈത ദ്വൈത വിശിഷ്ടാദ്വൈതികളുടെ ജ്ഞാനം, വ്യാകരണാദി ശാസ്ത്രങ്ങളുടെ ജ്ഞാനം, തന്ത്രം, ആയുര്‍വേദം മുതലായവയുടെ ജ്ഞാനം എന്നിവ നേടിയവര്‍ ധാരാളമുണ്ട്. ഇത്തരം ജ്ഞാനികളെക്കാള്‍, പരമാത്മാവായ ശ്രീകൃഷ്ണ ഭഗവാന്റെ തത്വജ്ഞാനം നേടുന്ന ജ്ഞാനയോഗിയാണ് ശ്രേഷ്ഠന്‍.

വൈദികമായ യജ്ഞം, ദാനം, ആതുരസേവനം, അന്നദാനം, വിദ്യാഭ്യാസം മുതലായവ സത്കര്‍മങ്ങളാണ്, പുണ്യകര്‍മങ്ങളാണ്, ദിവ്യലോകങ്ങള്‍ തരുന്നതാണ്.

ഈ കര്‍മങ്ങള്‍, യാതൊരു പ്രതിഫലവും നേട്ടവും ആഗ്രഹിക്കാതെയും സര്‍വദേവ-മനുഷ്യ-മൃഗ-പക്ഷി-വൃക്ഷലദാതികളിലും പര്‍വതാദികളിലും അന്തര്യാമിയായി വര്‍ത്തിക്കുന്ന ശ്രീകൃഷ്ണ ഭഗവാന്‍ സന്തോഷിക്കണേ എന്നു ഉറച്ച് അവബോധത്തോടെ ചെയ്യുന്നവനാണ് കര്‍മയോഗി. കര്‍മിഭ്യഃച അധികോയോഗീ”

അതിനാല്‍ തപസ്സു ചെയ്യുമ്പോഴും ജ്ഞാനം സമ്പാദിക്കുമ്പോഴും പുണ്യകര്‍മങ്ങള്‍ ചെയ്യുമ്പോഴും അഷ്ടാംഗയോഗത്തിന്റെ പ്രധാനഘടകമായ ഭഗവദ് രൂപ ധ്യാനം ചെയ്യണമെന്ന് നാം മനസ്സിലാക്കണം.



ഭാഗവതാചാര്യന്‍ കാനപ്രം കേശവന്‍ നമ്പൂതിരി

No comments:

Post a Comment