യാചനയല്ല പ്രാര്‍ത്ഥന. അറിയാത്ത എന്തോ അത്ഭുതശക്തിയെന്നു വിശേഷിപ്പിക്കുന്ന ഈശ്വരനെ, അറിയാത്ത ഭാഷയില്‍ പ്രകീര്‍ത്തിക്കലുമല്ല, 'മനസ്സിനെ ദിവ്യതയോടു ചേര്‍ത്ത് ഉള്ളില്‍ ദിവ്യഭാവം ഉദ്ദീപിപ്പിക്കല്‍' ആണ് പ്രാര്‍ത്ഥന.
ക്ഷേത്രങ്ങളുടെ ആവിര്‍ഭാവം സര്‍വ്വസാധാരണക്കാരായ മനുഷ്യര്‍ക്കുവേണ്ടിയാണ്. യാഗം, ധ്യാനം, ഹോമം, പൂജ ഇവയൊന്നും സ്വന്തമായി നടത്താന്‍ പ്രാപ്തിയില്ലാത്ത കര്‍ഷകനും കച്ചവടക്കാരനും ഉദ്യോഗസ്ഥനും പണ്ഡിതനും പാമരനും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേപോലെ ആശ്രയിക്കാവുന്നതാണ് ക്ഷേത്രങ്ങള്‍. അവര്‍ക്ക് നിത്യവും നേരിടുന്ന ശക്തിക്കുറവുകളെ നികത്താനും, ആദ്ധ്യാത്മികവും ഭൗതികവുമായ ഉയര്‍ച്ചക്കും പര്യാപ്തമാണ് ക്ഷേത്രാരാധന. ‘കൗസല്യാ സുപ്രജാ രാമാ’ എന്ന് കേരളീയന്റെ പ്രഭാതം തുടങ്ങുന്നു, ‘ഹരിവരാസനം’ കേട്ട് അവര്‍ ഉറങ്ങുന്നു. ‘നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍….’ എന്ന കീര്‍ത്തനം പാടാത്ത കേരളീയരുണ്ടോ? തലമുറ കൈമാറി വരുന്ന ശിവകീര്‍ത്തനമാണിത്. എല്ലാ ദിവസവും ക്ഷേത്രദര്‍ശനം നടത്തുന്നവര്‍ ഇന്നും ധാരാളം. ക്ഷേത്രത്തില്‍നിന്നുദൂരെ താമസമാക്കിയവര്‍ എല്ലാ മലയാളമാസം ഒന്നാം തീയതി, വിശേഷദിവസങ്ങള്‍, ജന്മദിനം ഇവയ്‌ക്കെങ്കിലും ക്ഷേത്രദര്‍ശനം നടത്തും. ചോറൂണ്, വിവാഹം, വിദ്യാരംഭം ഇവയെല്ലാം ഇപ്പോള്‍ ക്ഷേത്രങ്ങളിലാണ് നടത്തുന്നത്.
കേരളത്തിലെ ക്ഷേത്രങ്ങളില്‍ തന്ത്രമന്ത്രാധിഷ്ഠിതമായ പൂജാവിധികളാണ്. ശുദ്ധാശുദ്ധങ്ങളും വിധിനിഷേധങ്ങളും ക്ഷേത്രചൈതന്യവര്‍ധനവിനായി സ്വീകരിച്ചിട്ടുണ്ട്. ആചാരാനുഷ്ഠാനങ്ങള്‍ പലതും മാറിവരുന്ന കാലത്തിനനുസരിച്ച് ചൈതന്യലോപം വരാത്ത വിധത്തില്‍ മാറ്റങ്ങള്‍ക്കു വിധേയമാകാറുണ്ട്. ഹിന്ദുധര്‍മ്മം അനുഷ്ഠിച്ചുജീവിക്കുന്ന ഒരാള്‍ക്ക് പരിശീലനത്തിലൂടെ ഇതെല്ലാം നേടാം. ക്ഷേത്രത്തില്‍ പൂജകന്‍ പൂജകള്‍ ചെയ്യുന്നു. ആധ്യാത്മിക ശാസ്ത്രീയ സംവിധാനമാകയാല്‍ ക്ഷേത്രത്തില്‍ എത്തുന്ന എല്ലാവര്‍ക്കും ഇതു കൈകാര്യം ചെയ്യാന്‍ സാധിക്കുകയില്ല. പൂജകന്‍ ചെയ്യുന്ന പൂജകള്‍ പോലെതന്നെ പ്രധാനപ്പെട്ടതാണ് ഭക്തജനങ്ങളുടെ പ്രാര്‍ത്ഥനയും നാം സമര്‍പ്പിക്കുന്ന ഉപഹാരങ്ങളും. സമര്‍പ്പണമാണ് ഭഗവാനോടു വേണ്ടത്, അല്ലാതെ നിവേദനങ്ങളും ആവലാതികളുമല്ല.
നമ്മുടെ ആവശ്യങ്ങളെല്ലാം ഉടനടി സാധിച്ചുതരാന്‍ ഈശ്വരന്‍ നമ്മുടെ ജോലിക്കാരനല്ല. നാം ഈശ്വരന്റെ ദാസന്മാരാണ്. നാം ആവശ്യപ്പെടുന്നതെല്ലാം കൃത്യസമയത്ത് ലഭിച്ചില്ലെങ്കില്‍ നമുക്ക് പരിഭ്രമമാണ്. ഇന്ന് ഭൂരിഭാഗം ആളുകളും ക്ഷേത്രത്തില്‍ പോവുന്നതും പ്രാര്‍ത്ഥിക്കുന്നതും താല്‍ക്കാലിക കാര്യസാധ്യത്തിനുവേണ്ടിയാണ്. നാം വിചാരിച്ച കാര്യം ഈ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചിട്ടു സാധിച്ചില്ലെങ്കില്‍ അടുത്ത ക്ഷേത്രത്തില്‍ പോവും.
ലോകപിതാവായ പരമശിവനും ലോകമാതാവായ പരാശക്തിയും ഭരിക്കുന്ന വലിയ കുടുംബമാണ് ഈ ലോകം. സര്‍വ്വചരാചരങ്ങളും അവരുടെ സന്താനങ്ങളാണ്. ഓരോ സന്താനങ്ങളുടെയും ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സാധിച്ചുകൊടുത്ത് എല്ലാവരെയും ഭംഗിയായിത്തന്നെ പരിപാലിച്ചുകൊള്ളും. ആ സത്യം നാം നന്നായി മനസ്സിലാക്കണം. എങ്കില്‍ ഈ പരിഭ്രമമൊന്നുമുണ്ടാവുകയില്ല. നമ്മുടെ കടമ സത്യസന്ധമായും ധര്‍മ്മം അനുഷ്ഠിച്ചും കര്‍മ്മോത്‌സുകരായി ജീവിക്കുക എന്നതാണ്. ഭഗവാന്റെ ആ വലിയ കുടുംബത്തിന്റെ ഓരോ പതിപ്പുകളാണ് ഓരോ നാട്ടിലെയും ക്ഷേത്രങ്ങള്‍. ആ ക്ഷേത്രത്തെ കേന്ദ്രീകരിച്ചുവേണം നമ്മുടെ ഓരോ പ്രവൃത്തികളും. ക്ഷേത്രം അഭിവൃദ്ധി പ്രാപിച്ചാല്‍ നമുക്കും അഭിവൃദ്ധിയുണ്ടാകും. ക്ഷേത്രത്തിനു നാശമുണ്ടായാല്‍ നമുക്കും പരാജയമായിരിക്കും.
അജ്ഞാനത്തെ മഴുകൊണ്ട് നീക്കി ജ്ഞാനം വരുത്തിയ പരശുരാമന്റേതാണ് കേരളത്തിലെ താന്ത്രിക സമ്പ്രദായം. പരശുരാമന്‍ ഇവിടെ 108 ശിവാലയങ്ങളും 108 ദുര്‍ഗ്ഗാലയങ്ങളും പ്രതിഷ്ഠിച്ച് ആരാധനാ സമ്പ്രദായം ആരംഭിച്ചു. പിന്നീട് മറ്റെല്ലാ ദേവീദേവന്മാരുടെയും ആരാധന ഉണ്ടായി. നാടിന്റെ നന്മയ്ക്കായി എല്ലാ നാടുകളിലും, ഗ്രാമഗ്രാമാന്തരങ്ങള്‍ തോറും ആ സ്ഥലത്തെ ചൈതന്യത്തിനനുസരിച്ച് ക്ഷേത്രങ്ങള്‍ ഉണ്ടായി. ക്ഷേത്രം, ക്ഷേത്രാചാരം, തന്ത്രമന്ത്രശാസ്ത്രങ്ങള്‍, പൂജാദികാര്യങ്ങള്‍, എല്ലാറ്റിനുമുപരിയായി ക്ഷേത്രത്തിലെ ദേവത എന്നിവയെക്കുറിച്ച് എല്ലാ ഹിന്ദുക്കള്‍ക്കും സാമാന്യ ജ്ഞാനമുണ്ടാകേണ്ടതാണ്.
ഭഗവാന്‍ എന്നത്
ഐശ്വര്യസ്യ സമഗ്രസ്യ ധര്‍മ്മസ്യ
യശസഃ ശ്രിയ
വൈരാഗ്യസ്യാഥ മോക്ഷസ്യ
ഷണ്ണാം ഭഗ ഇതീരാണാ
ഉല്‍പത്തിം പ്രളയം ചാപി
ഭൂതാനാമാഗതിം ഗതിം
വേത്തി വിദ്യാ മവിദ്യാ ച
സ വാച്യോ ഭഗവാനിതി
(വിഷ്ണുപുരാണം)
സമഗ്രമായ ഐശ്വര്യം, ധര്‍മ്മം, യശസ്സ,് ശ്രീ, വൈരാഗ്യം, മോക്ഷം എന്നീ ഗുണങ്ങളെയാണ് ‘ഭഗ’ ശബ്ദംകൊണ്ട് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ഭഗവാന്‍ എന്ന പദംകൊണ്ട് അര്‍ത്മമാക്കേണ്ടത് സൃഷ്ടിയുടെ ആരംഭവും പ്രളയാവസ്ഥയും, ജീവഭാക്കുകളുടെ ഉല്‍പത്തിയും തിരോധാനവും വിദ്യയും അവിദ്യയും മറ്റും സുവ്യക്തമായി ഗ്രഹിച്ചിട്ടുള്ളവന്‍ എന്നാണ്.
ഭഗവാന്‍ പ്രവേശിക്കുമ്പോള്‍ ഭയം അകലുന്നു. ഭയം നിഷ്‌ക്രമിക്കുമ്പോള്‍ വിശ്വാസം അകത്തു പ്രവേശിക്കുന്നു. വിശ്വാസം പ്രവേശിക്കുമ്പോള്‍ ദുഃഖം നിഷ്‌ക്രമിക്കുന്നു. ദുഃഖം നിഷ്‌കാസിതമാവുമ്പോള്‍ ശാന്തി പ്രവേശിക്കുന്നു. ശാന്തി പ്രവേശിക്കുമ്പോള്‍ ഭയം അലകുന്നു. ഭയം വഴിമാറുമ്പോള്‍ ഭഗവാന്‍ പ്രവേശിക്കുന്നു. ഭഗവാന്‍ തന്നെയാണ് ആദിയും അന്തവും. ഇടയിലുള്ളതാണ് സമസ്ത സംഘര്‍ഷങ്ങളും.
ഭക്തി, പ്രാര്‍ത്ഥന
ഭഗവത് കഥ കേള്‍ക്കുക, ഭഗവത് കഥകള്‍ ജപിക്കുക, ഭഗവാനെ മനസ്സുകൊണ്ട് സ്മരിക്കുക, ഭഗവത് പാദാരവിന്ദങ്ങളെ സേവിക്കുക, ഭഗവാനെ പൂജിക്കുക, ഭഗവാനെ നമസ്‌കരിക്കുക, ഭഗവാന് ദാസവൃത്തി നടത്തുക, ഭഗവാനോട് സഖ്യം ചെയ്യുക. സര്‍വ്വവും ഭഗവാങ്കല്‍ സമര്‍പ്പിക്കുക എന്ന് ഭാഗവതം.
യാചനയല്ല പ്രാര്‍ത്ഥന- അറിയാത്ത എന്തോ അത്ഭുതശക്തിയെന്നു വിശേഷിപ്പിക്കുന്ന ഈശ്വരനെ, അറിയാത്ത ഭാഷയില്‍ പ്രകീര്‍ത്തിക്കലുമല്ല, ‘മനസ്സിനെ ദിവ്യതയോടു ചേര്‍ത്ത് ഉള്ളില്‍ ദിവ്യഭാവം ഉദ്ദീപിപ്പിക്കല്‍’ ആണ് പ്രാര്‍ത്ഥന. ഒരു ഉല്‍ക്കൃഷ്ടതത്വവുമായി ഏകീഭാവത്തില്‍ വര്‍ത്തിക്കുക, അങ്ങനെ മനസ്സിനെ ഇപ്പോഴത്തെ നികൃഷ്ടാവസ്ഥയില്‍ നിന്ന് ശാന്തിയുടെയും നന്മയുടേതുമായ ഉല്‍ക്കൃഷ്ടാവസ്ഥയിലേക്ക് നയിക്കുക. ഇതാണ് പ്രാര്‍ത്ഥനയുടെ സ്വരൂപം. പ്രപഞ്ചസത്തയായ പരംപൊരുളിനെ, ചൈതന്യത്തെ, ജീവിതത്തിനാധാരമായ സത്യത്തെ ധ്യാനിക്കുമ്പോള്‍ മനസ്സ് വികസിക്കും.
ഇങ്ങനെ വികസിച്ച മനസ്സ് ആത്മാനന്ദാനുഭൂതിയുടെ പരമോന്നത വിശ്വാസമേഖലയിലേക്ക് പൊങ്ങുകയും, ആ അനന്തതയെ ആലിംഗനം ചെയ്യുമാറ് വലുതാവുകയും ചെയ്യും. കുട്ടി വളരുന്നതോടെ ശൈശവാവസ്ഥയിലെ ചാപല്യങ്ങള്‍ വഴിമാറുന്നതുപോലെ, നിരന്തര പ്രാര്‍ത്ഥനകൊണ്ട് ശുദ്ധമാകുന്ന മനസ്സില്‍ ഭഗവല്‍ ചൈതന്യം വറ്റാത്ത നീരുറവകണക്കെ നിറഞ്ഞു നില്‍ക്കും.
ക്ഷേത്രദര്‍ശനം
മനുഷ്യശരീരത്തിനു തുല്യമായിട്ടുള്ള സമഷ്ടി ദേഹമായിട്ടാണ് ക്ഷേത്രത്തെ കണക്കാക്കി വരുന്നത്. ക്ഷേത്രം ദേവശരീരമായതിനാല്‍ ഗര്‍ഭഗൃഹം മുതല്‍ ഗോപുരം വരെയുള്ള ശരീരാവയവങ്ങളെ മനുഷ്യശരീരവുമായി താരതമ്യപ്പെടുത്താം
.
”ഗര്‍ഭഗൃഹം ശിരഃ പ്രോക്തം
അന്തരാളം മുഖം തഥാ
സുഖാസനം ഗളഞ്ചൈവ
ബാഹുശ്‌ചൈ വാര്‍ദ്ധമണ്ഡപം
മഹാമണ്ഡപം കുക്ഷിഃസ്യാല്‍
പ്രാസാദം ജാനുജംഘയോ
ഗോപുരം ദേവപാദം സ്യാല്‍
യദ്യേതേ ലക്ഷണം ശുഭം.”
(വിശ്വകര്‍മ്യം)
ക്ഷേത്രങ്ങളോടനുബന്ധിച്ച് സാധാരണയായി ക്ഷേത്രക്കുളങ്ങളോ ചിലയിടങ്ങളില്‍ നദിയോ കാണും. ഏതായാലും ക്ഷേത്രത്തോടനുബന്ധിച്ചുള്ള ജലാശയം ദേവതീര്‍ത്ഥമാണ്. പുണ്യതീര്‍ത്ഥങ്ങളില്‍ സ്‌നാനം ചെയ്യുന്നതിനു തുല്യമാണ് ക്ഷേത്രക്കുളത്തിലെ കുളി.
”ഗംഗേ ച യമുനേ ചൈവ
ഗോദാവരീ സരസ്വതി
നര്‍മ്മദേ സിന്ധു കാവേരി
ജലസ്മിന്‍ സന്നിധിം കുരുഃ”
ക്ഷേത്രക്കുളത്തില്‍ മുങ്ങിക്കുളിച്ച് ശുഭ്രവസ്ത്രമോ കഴുകി ശുദ്ധമാക്കിയ വസ്ത്രമോ ആണ് ക്ഷേത്രത്തില്‍ പോവുമ്പോള്‍ ധരിക്കേണ്ടത്. പുരുഷന്മാര്‍ മുണ്ടും സ്ത്രീകള്‍ സാരിയോ സെറ്റുമുണ്ടോ ധരിച്ചു പോവുന്നതാണ് നല്ലത്.
ആദ്യം ക്ഷേത്രഗോപുരം. ഭഗവാന്റെ തൃപ്പാദമാണത്. ഈ വലിയ പ്രപഞ്ചത്തെ താന്ത്രിക കര്‍മ്മങ്ങളിലൂടെ കൊച്ചുപ്രപഞ്ചമാക്കി ഇതിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്നു. പാദരക്ഷകള്‍ ഇതിനുപുറത്ത് വച്ചിട്ട് നഗ്‌നപാദരായി നാം ഗോപുരവാതില്‍ തൊട്ടുതൊഴുത്- മഹാന്മാരുടെ പാദം തൊട്ടു വന്ദിക്കണം- ക്ഷേത്രമതില്‍ക്കെട്ടിനകത്ത് പ്രവേശിക്കുന്നു. ഇത് ദേവന്റെ കണങ്കാല്‍ ആണ്. ഇവിടെ മുതല്‍ നാം ‘തത്ത്വമസി’യിലേക്കുള്ള പ്രയാണം ആരംഭിക്കുന്നു. അതായത് ഓരോ ഭക്തനും ദേവനുമായി ഒന്നാവുന്ന പ്രക്രിയ ആരംഭിച്ചുകഴിഞ്ഞു. നാം പ്രവേശിക്കുന്ന തിരുമുറ്റം ദേവന്റെ തുടകള്‍ ആണ്.
തിരുമുറ്റത്തു നിന്നാല്‍ നാം ആദ്യം കാണുന്നത് കൊടിമരമാണ്. ഇത് ദേവന്റെ നട്ടെല്ല് ആണ്. കൊടിമരത്തിന്റെ മുകളില്‍ ദേവവാഹനം ദേവനെ നോക്കി ഇരിക്കുന്നു. നമ്മുടെ ജീവിതം ഈശ്വരാഭിമുഖമാകണം എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുകയാണിത്. കിഴക്കോട്ടോ വടക്കോട്ടോ നോക്കിവേണം കൊടിമരം കണ്ടുതൊഴുന്നത്. ഉത്‌സവം കൊടിയേറുമ്പോള്‍ കൊടിമരത്തിന് മുകളില്‍ കൊടിക്കൂറ പാറിക്കളിക്കുന്നു. ആ നാടിനെ മുഴുവന്‍ ദേവത്വത്തിലേക്കുയര്‍ത്തി ഓരോ ജീവജാലങ്ങളിലേക്കും ദേവചൈതന്യം അമൃതധാരയായി ഒഴുകുന്നു. സാധാരണയായി ഉത്‌സവം കൊടിയേറിക്കഴിഞ്ഞാല്‍ ആരും നാട്ടില്‍നിന്ന് ദൂരെ പോവാറില്ല.
പുറത്തെ പ്രദക്ഷിണവഴിയില്‍ പ്രപഞ്ചത്തിന്റെ ദിക്പാലകന്മാരായ ഇന്ദ്രന്‍, അഗ്‌നി, യമന്‍, നിരുതി, വരുണന്‍, വായു, കുബേരന്‍, ഈശാനന്‍ ഇവരെ ശിലാരൂപത്തില്‍ (ബലിക്കല്ലുകള്‍)- പ്രതിഷ്ഠിച്ചിരിക്കുന്നു. അകത്തെ ബലിവട്ടത്തിന്റെ പ്രദക്ഷിണത്തിന്റെ അഞ്ചിരട്ടി ഗുണമാണ് ഈ ദിക്പാലകന്മാരെ സാമൂഹ്യമായി പ്രദക്ഷിണം ചെയ്താല്‍ കിട്ടുന്നത്. ക്ഷേത്രത്തിനു മുഴുവനായും പ്രദക്ഷിണം ചെയ്താല്‍ നൂറിരട്ടി ഗുണം കിട്ടും.
No comments:
Post a Comment