ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ഐതിഹ്യവും ചരിത്രവും
തുടർച്ച ( 3 )
തുടർച്ച ( 3 )
ഉടവാൾ അടിയറവച്ച് ദാനയാധാരം താളിയോലയിൽ എഴുതി നീരും പൂവും ഉടവാളും കൂടി തൃപ്പടിയിൽ വച്ച് മഹാരാജാവ് നമ്രശിരസ്കനായി. തുടർന്ന് പൂജാരിയിൽ നിന്നും ഉടവാൾ സ്വീകരിച്ച് ശ്രീപദ്മനാഭദാസനായി ഭരണം തുടർന്നു. “ശ്രീപദ്മനാഭദാസ വഞ്ചിപാലക മാർത്താണ്ഡവർമ കുലശേഖരപ്പെരുമാൾ” എന്നായി പിന്നത്തെ തിരുനാമം. തന്റെ പിൻഗാമികളും പദ്മനാഭദാസന്മാരായി തുടർന്നു പോരണമെന്ന് അദ്ദേഹം അനുശാസിക്കുകയും ചെയ്തു. തൃപ്പടിദാനത്തിലൂടെ ഭരണകർത്താക്കളുടെ തികഞ്ഞ ഭക്തിയാദരങ്ങൾക്ക് പാത്രമായ ശ്രീ അനിഴം തിരുനാൾ ആധുനിക തിരുവിതാംകൂറിന്റെ ശിൽപിയാണെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.
ക്ഷേത്രത്തിലെ തീപിടുത്തം
അനിഴം തിരുനാൾ മാർത്താണ്ഡവർമയുടെ ഭരണകാലത്തിനു തൊട്ടുമുമ്പും, അതിനു വളരെ മുമ്പും തീപിടുത്തമുണ്ടായിട്ടുള്ളതായി ‘മതിലകം ഗ്രന്ഥ വരി’യിൽ വ്യക്തമാക്കുന്നുണ്ട്. ചരിത്രത്താളുകളുടെ അടിസ്ഥാനത്തിൽ ക്ഷേത്രത്തിൽ രണ്ടു തവണ തീപിടുത്തം ഉണ്ടായതായി പറയപ്പെടുന്നു.
ആദ്യതവണ: അതിനെക്കുറിച്ച് അധിക വിവരങ്ങൾ ഒന്നും വെളിച്ചം കണ്ടിട്ടില്ല.
രണ്ടാംതവണ: കൊല്ലവർഷം 860-ൽ (1684-85) ക്ഷേത്രത്തിൽ പൂജമുടങ്ങിയതായും അതിന്റെ പിറ്റേവർഷം (861-ൽ) ക്ഷേത്രത്തിൽ അഗ്നിബാധ ഉണ്ടായതായും മതിലകം രേഖകളിൽ കാണുന്നു. എട്ടരയോഗക്കാരും മഹാരാജാവും (രാമവർമ്മ) തമ്മിൽ രൂക്ഷമായ അഭിപ്രായവ്യത്യാസം നിലനിന്നിരുന്ന കാലഘട്ടത്തിലാണ് തീപിടുത്തമുണ്ടായത്. സർവവും വെന്തു വെണ്ണീറായി. വിഗ്രഹത്തിലേക്ക് പടർന്നു വ്യാപിക്കുന്നതിനു മുമ്പ് തീ കെടുത്തി.
കൊല്ലവർഷം 861 മകരം 16ന് (1686 ജനുവരി 28) തീപിടിത്തം ഭയാനകമായിരുന്നു. അത്താഴപൂജ കഴിഞ്ഞ് പൂജാരികൾ പതിവിൻപടി മിത്രാനന്ദപുരത്തേക്ക് പോകുകയും, രാത്രി 22 നാഴിക കഴിഞ്ഞ് അഭിശ്രവണ മണ്ഡപത്തിന്റെ വടക്കേ വാതിലിൽ മരം കൊണ്ടു നിർമിതമായിരുന്ന ചിത്രഘണ്ഡത്തിന് തീപിടിക്കുകയും നിമിഷ നേരം കൊണ്ട് അഭിശ്രവണ മണ്ഡപം കത്തിയെരിയുകയും ചെയ്തു. അതോടെ മുഖമണ്ഡപം, ശ്രീവിമാനം, നരസിംഹ ക്ഷേത്രം, തിരുവോലക്ക മണ്ഡപം, കരുവ മണ്ഡപം എന്നിവിടങ്ങളിൽ തീ പടർന്നുയർന്ന് ചുറ്റുമണ്ഡപത്തിലെത്തി ശ്രീകോവിൽ കത്തിത്തീർന്നു. ശ്രീകോവിലിലും മറ്റും ഉണ്ടായിരുന്ന ലോഹസാധനസാമഗ്രികളെല്ലാം ഉരുകിയൊഴുകി. കരിങ്കല്ലുകൾ പൊട്ടിച്ചിതറി. പിറ്റേന്ന് ഉച്ച വരെ തീ കത്തിതുടർന്നു.
വിമാനത്തിന്റെ മേൽക്കൂര ശ്രീപദ്മനാഭ ബിംബത്തിൽ വീണ് കത്തിയെരിഞ്ഞു. ജനക്കൂട്ടം ഓടിനടന്ന് തീ കെടുത്താൻ ജീവൻ പോലും പണയം വച്ച് പരിശ്രമിച്ചു. എന്നാൽ ശ്രീപദ്മനാഭ ബിംബത്തിന് പരിക്കുകളൊന്നും പറ്റിയില്ല. ഇടതുകൈയിലെ മൂന്നു വിരലുകളും ഇടതു കാലിലെ എല്ലാ വിരലുകളും മുറിഞ്ഞു. ഉടൻ തന്നെ വിഗ്രഹം പുതുക്കി പണിയുകയും ചെയ്തു.
കൊല്ലവർഷം 1108 (1936) തുലാ മാസത്തിൽ, ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മ രാജ്യം ഭരിക്കുന്ന വേളയിൽ, പദ്മനാഭസ്വാമി ക്ഷേത്രത്തിൽ അഗ്നിബാധ ഉണ്ടായി. അടുത്ത മാസം തന്നെ മഹാരാജാവിന്റെ നിർദ്ദേശ പ്രകാരം ക്ഷേത്രത്തിൽ വീണ്ടും പുനരുദ്ധാരണം നടത്തുകയുണ്ടായി.
പുനഃനിർമ്മാണം
861-ലെ തീപ്പിടുത്തത്തിനു ശേഷമാണ് മാർത്താണ്ഡവർമ മഹാരാജാവിന്റെ കാലത്ത് ക്ഷേത്രം പുനഃർ നിർമ്മാണ പ്രവർത്തനങ്ങൾ തുടക്കം ക്കുറിച്ചത്. ആകാലത്തു തന്നെയാണ് ക്ഷേത്രഗോപുരത്തിന്റെ അഞ്ചു നിലകളുടെ പണി പൂർത്തിയാക്കിയത്. തുടർന്നുള്ള നിലകളായ ആറ്, ഏഴ് ധർമരാജാവിന്റെ (കൊ.വ.940) കാലത്താണ് പൂർത്തിയാക്കിയത്. ദിവാനായിരുന്ന രാജാകേശവദാസിന്റെ ആജ്ഞാശക്തി ഗോപുര നിർമ്മാണത്തിന് ചൈതന്യവും ശക്തിയും നൽകിയതായി ചരിത്രത്താളുകൾ സാക്ഷ്യം പറയുന്നു. കൊല്ലം 1004-ആമാണ്ടുമുതൽ 1022-ആമാണ്ടുവരെ അനിതരസാധാരണമായ സാമർത്ഥ്യത്തോടും നീതിയോടും കൂടി തിരുവിതാംകൂർ ഭരിച്ചിരുന്ന സ്വാതിതിരുനാൾ മഹാരാജാവിന്റെ കാലത്തും, ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മയുടെ കാലത്തും ക്ഷേത്രത്തിൽ ധാരാളം നിർമ്മാണപരിപാടികൾ നടത്തിയിരുന്നു.
ക്ഷേത്ര നിർമ്മിതി
108 ദിവ്യദേശങ്ങളിലൊന്നായ ക്ഷേത്രം കിഴക്കോട്ട് ദർശനമായാണ്. കിഴക്കുഭാഗത്തുള്ള വലിയ ഗോപുരം തമിഴ് ശൈലിയിലും മറ്റു ഗോപുരങ്ങൾ കേരളീയശൈലിയിലും നിർമ്മിച്ചിരിയ്ക്കുന്നു. വടക്കുകിഴക്ക് പത്മതീർത്ഥക്കുളമാണ്. ധാരാളം ദാരുശില്പങ്ങളും ചുവർച്ചിത്രങ്ങളുമുണ്ട്. കൊടിമരമുണ്ടെങ്കിലും ബലിക്കൽപ്പുരയില്ല. ശ്രീകോവിൽ ദീർഘചതുരാകൃതിയിലാണ്. അനന്തശയനരൂപത്തിന് അനുയോജ്യമായതുകൊണ്ടാണത്. കടുശർക്കരയോഗക്കൂട്ടുകൊണ്ടും 12008 സാളഗ്രാമങ്ങൾ കൊണ്ടും നിർമ്മിച്ച പതിനെട്ടടി നീളമുള്ള ഭഗവദ്വിഗ്രഹം കിഴക്കോട്ട് ദർശനമായി ശ്രീകോവിലിൽ വാഴുന്നു. രണ്ടരികത്തും ഭൂമീദേവിയും ലക്ഷ്മിദേവിയുമുണ്ട്.
( തുടരും )
No comments:
Post a Comment