അമൃതവാണി
മക്കളേ, ആനന്ദം നിങ്ങളുടെ ഉള്ളിലാണ്. പക്ഷേ നിങ്ങളതറിയുന്നില്ല. നിങ്ങള്‍ കലവറയുടെ താക്കോല്‍ സ്വന്തം കീശയിലിട്ടുകൊണ്ട് വീട്ടിലും പുറത്തും തിരയാതെ! ആനന്ദം പുറത്താണെന്ന് കരുതുന്നതുമൂലം ദ്രോഹം മാത്രമേ നിങ്ങളെക്കൊണ്ട് ചെയ്യുവാന്‍ പറ്റുന്നുള്ളൂ. അതുകൊണ്ട് ദയവുചെയ്ത്, സമൂഹത്തോട് സ്‌നേഹമുണ്ടെങ്കില്‍, ജനങ്ങളോട്-സാധുക്കളോട് കരുണയുണ്ടെങ്കില്‍ നിങ്ങള്‍ ഇങ്ങനെ നശിക്കാതെ മറ്റുള്ളവരെ രക്ഷപ്പെടുത്തൂ. അനേകം പേര് പട്ടിണിയായും വീടില്ലാതെയും വസ്ത്രമില്ലാതെയും സ്‌കൂളില്‍ പോകാന്‍ പൈസയില്ലാതെയും അലയുന്നു. മരുന്നു വാങ്ങാന്‍ കഴിയാതെ കഷ്ടപ്പെടുന്നു.
നിങ്ങള്‍ക്ക് ഒരു മാറ്റം വന്നാല്‍, അനിത്യമായ വസ്തുക്കള്‍ക്കുവണ്ടി നശിപ്പിക്കുന്ന പണംകൊണ്ട് സാധുക്കളെ സഹായിക്കാം. ഒപ്പം എന്താണ് ജീവിതം എന്നുകൂടി പറഞ്ഞുകൊടുക്കുമ്പോള്‍ അവര്‍ക്ക് സ്വസ്ഥമായ ജീവിതം നയിക്കുവാനും കഴിയും.
വിശക്കുന്ന കുഞ്ഞിനോട് വേദാന്തം പറയണമെന്ന് അമ്മ പറയുന്നില്ല. ഭക്ഷണവും കൊടുത്തുകൊണ്ട് വേദാന്തം പറഞ്ഞുകൊടുക്കുമ്പോള്‍ ഒരുപക്ഷേ, അവര്‍ക്ക് ഇതിനെ ഗ്രഹിക്കുവാന്‍ പറ്റും. അതിനാല്‍ ഇന്ന് സമൂഹത്തിനോടോ, നമ്മുടെ രാജ്യത്തിനോടോ അല്ലെങ്കില്‍ ഈ സഹോദരങ്ങളോടോ നിങ്ങള്‍ക്ക് സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ ഒന്ന് ഉണരൂ! നിങ്ങള്‍ ആരെന്ന് പഠിക്കൂ!
നിഷ്‌കാമമായ സേവനം മൂലം നമുക്ക് തന്നെയാണാനന്ദം. ദിവസങ്ങളായി പട്ടിണിയില്‍ കഴിയുന്ന വീട്; വിശപ്പ് മൂലം കുട്ടികള്‍ക്ക് കരയാനുള്ള ശേഷിപോലും പോയി. അച്ഛനും അമ്മയുംകൂടി യാചിക്കാനിറങ്ങി. കിട്ടുന്ന ആഹാരം വളരെ തുച്ഛം. കുട്ടികള്‍ക്ക് കഷ്ടി തികയും. അവര്‍ അത് കുട്ടികള്‍ക്ക് വീതിച്ചുകൊടുത്തു. തങ്ങളുടെ കുഞ്ഞുങ്ങള്‍ അതു കഴിക്കുന്നത് കാണുമ്പോള്‍ ആ അച്ഛനും അമ്മയ്ക്കും പകുതി നിറയും. ഇതുപോലൊരു കടപ്പാട് നമുക്ക് ലോകത്തോടുണ്ടാകണം. നമുക്കാണ് അതില്‍നിന്ന് ആനന്ദം ഉണ്ടാകുന്നത്.
പുഷ്പം ഈശ്വരനുവേണ്ടി പിച്ചുമ്പോള്‍, അതിന്റെ പരിമളവും ഭംഗിയും അറിയാതെതന്നെ ആദ്യം നമ്മളാണ് ആസ്വദിക്കുന്നത്. അതുപോലെ ഈ സേവനം നമ്മളെ വികസിപ്പിക്കുന്നു. ഈ ഭാവന തന്നെ അതിന് മതിയാകും. അതുകൊണ്ട് നിങ്ങള്‍ ഉണരൂ! ഉറങ്ങാതെ ഉണരൂ!
No comments:
Post a Comment