ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, January 3, 2017

വിശ്വാസവും യാഥാർത്ഥ്യവും


ഉയര്‍ന്ന ബോധം എന്നുകേള്‍ക്കുമ്പോള്‍ ഈശ്വരചിന്തയുള്ള മനസ്സ്‌ എന്ന ധാരണയാണ്‌ നമുക്ക്‌ ഉടനടി ഉണ്ടാവുക. ഉയര്‍ന്നബോധവും ഉയര്‍ന്ന ചിന്തയും ഒന്നല്ല. നമ്മെ സംബന്ധിച്ചിടത്തോളം ഈശ്വരനെക്കുറിച്ചുള്ള ചിന്ത ഒരു വിശ്വാസ പ്രമാണം മാത്രമാണ്‌. ആ വിശ്വാസം നാടിന്റെ സംസ്കാരംകൊണ്ടോ വായിച്ചറിവുകൊണ്ടോ അല്ലെങ്കില്‍ മറ്റാരില്‍ നിന്നെങ്കിലും ഉള്ള കേട്ടറിവോ ആയേക്കാം. ആ വിശ്വാസം നമ്മുടെ സ്വന്തം അനുഭവമായി തീര്‍ന്നിട്ടില്ല. ഉയര്‍ന്ന ബോധം എന്നത്‌ ഒരു വിശ്വാസ പ്രമാണമല്ല. അത്‌ സത്യമായ അനുഭവമാണ്‌. അത്‌ നേരിട്ടുള്ള അറിവാണ്‌.


വിശ്വാസവും അനുഭവവും തമ്മില്‍ എത്രയോ അകലമുണ്ട്‌. ഈശ്വ വിശ്വാസം സമുഹമനസ്സിന്റെ സൃഷ്ടിയാണ്‌. ഈശ്വര വിശ്വാസത്തിന്റെ പ്രായോഗിക ഗുണങ്ങള്‍ ഉപയോഗപ്പെടുത്താന്‍ വേണ്ടിയാണ്‌ സമൂഹം ഇത്‌ കൊണ്ടുനടക്കുന്നത്‌. ഉദാഹരണത്തിന്‌ മതപുരോഹിതന്‍ ഈശ്വരന്റെ ആധികാരിക വക്താക്കളായി ലോകത്ത്‌ പ്രത്യക്ഷപ്പെടുന്നു. ഈശ്വരവിശ്വാസം നിലനിര്‍ത്തേണ്ടത്‌ അവരുടെ ആവശ്യമാണ്‌. മത നേതാക്കന്മാരും രാഷ്ട്രീയക്കാരും അവരുടെ സങ്കുചിത താല്‍പ്പര്യങ്ങളെ മുന്‍നിര്‍ത്തി വിശ്വാസ പ്രമാണങ്ങളെ മുതലെടുക്കുന്നു. ഇതിന്റെ മറുഭാഗത്ത്‌ ഈശ്വരന്‍ ഇല്ല എന്ന്‌ പറയുന്നവര്‍ അതിന്റെ സത്യം അറിഞ്ഞിട്ടാണോ അങ്ങനെ പറയുന്നത്‌. ഒരിക്കലുമില്ല, ഈശ്വരനെ നിഷേധിക്കേണ്ടത്‌ അവരുടെ വിശ്വാസപ്രമാണങ്ങള്‍ സാധൂകരിക്കാന്‍ ആവശ്യമാണ്‌. അതുകൊണ്ട്‌ നിഷേധിക്കുന്നുവെന്നുമാത്രം.


തഥാതന്‍ ഈശ്വരവിശ്വാസം വേണ്ട എന്ന്‌ പറയുകയല്ല; അത്‌ ആവശ്യം തന്നെയാണ്‌. ഇന്നത്തെ നമ്മുടെ ഈശ്വരവിശ്വാസം ഈശ്വര അനുഭവത്തിന്‌ പ്രതിബന്ധമായി നില്‍ക്കുന്നു എന്നതാണ്‌ ഇതിന്റെ വിരോധാഭാസം. കാരണം, യഥാര്‍ത്ഥമായ ഈശ്വര സാന്നിദ്ധ്യം നമ്മുടെ ഉള്ളില്‍ മുളച്ച്‌, പൊങ്ങാന്‍ കാത്തുനില്‍ക്കുന്നുണ്ട്‌. പാലില്‍ വെണ്ണ എന്നപോലെ അത്‌ നമ്മുടെ ഉള്ളില്‍ കിടക്കുന്നു. ആ ബോധം ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിനം തടസമായി നില്‍ക്കുന്നത്‌ ഇന്നത്തെ നമ്മുടെ മനസ്സ്‌ തന്നെയാണ്‌. നമ്മില്‍ പ്രകടമാകുന്ന ഇന്നത്തെ മനസ്സ്‌ നമ്മുടെ യഥാര്‍ത്ഥ മനസ്സല്ല. അത്‌ സമൂഹത്തിന്റെ സംഭാവനയാണ്‌. സമൂഹ മനസ്സിന്‌ ഈശ്വര അനുഭവം വേണ്ട, ഈശ്വര വിശ്വാസം മാത്രം മതി. വാസ്തവത്തില്‍ ഈശ്വരാനുഭവത്തെ സമൂഹ മനസ്സ്‌ എതിര്‍ക്കും. പ്രതിരോധിക്കും. 

തഥാതന്റെ ജീവിതം തന്നെ അതിന്‌ പ്രത്യക്ഷ ഉദാഹരണമാണ്‌. 

ചെറുപ്പത്തില്‍ എന്നിലെ ഈശ്വരബോധത്തെ പിഴുതെറിയാനാണ്‌ അച്ഛനും, കുടുംബവും, സമൂഹവും ശ്രമിച്ചത്‌.

ഇന്ന്‌  നമ്മുടെ ബോധം എവിടെ നില്‍ക്കുന്നു? വിചിന്തനം ചെയ്തു നോക്കിയാല്‍ കാണാം ശാരീരിക തലത്തില്‍ നില്‍ക്കുന്ന ബോധമാണ്‌ ഇപ്പോള്‍ നമുക്ക്‌ ഉള്ളതെന്ന്‌. അതിനെ തന്നെയാണ്‌ മൃഗീയബോധം എന്നും വിളിക്കുന്നത്‌. ഉണര്‍വ്വില്ലാത്ത അവസ്ഥ. പെട്ടെന്ന്‌ ക്ഷോഭിക്കുക, വികാരം കൊള്ളുക, അന്ധമായ ഭോഗാസക്തിയില്‍ മുഴുകുക തുടങ്ങിയവയെല്ലാം അന്ധമായ ബോധത്തിന്റെ ലക്ഷണങ്ങളാണ്‌. വാശി, പ്രതികാര ചിന്ത, പിടിച്ചടക്കാനും കീഴടക്കാനുമുള്ള ആസക്തി എന്നിവയും ശാരീരിക തലത്തില്‍ നില്‍ക്കുന്ന ബോധത്തിന്റെ ലക്ഷണങ്ങള്‍ തന്നെ. ശാരീരിക തലത്തില്‍ അന്ധതയില്‍പ്പെട്ട്‌ കിടക്കുന്ന ബോധത്തെ ഉയര്‍ന്ന തലങ്ങളിലേക്ക്‌ വികസിപ്പിച്ചുകൊണ്ടുപോകുന്നതാണ്‌ ആത്മീയ ജീവിതത്തിന്റെ കാതല്‍.

No comments:

Post a Comment