പ്രപഞ്ചനാഥനായ സൂര്യനെ ആരാധിക്കുന്ന സുദിനമാണ് മകരസംക്രമം. ആത്മപ്രകാശം പരിലസിക്കുന്ന ഭാരതത്തില്‍ അനന്യമായ സാംസ്‌കാരിക ഉത്സവങ്ങള്‍ യഥേഷ്ടമുണ്ട്. ആകര്‍ഷണത്തിലൂടെ ഗ്രഹങ്ങളെ പരിപാലിക്കുന്ന കുടുംബസങ്കല്‍പ്പങ്ങളുടെ പ്രയോക്താവായി സൂര്യനെ ആരാധിക്കുന്ന രീതി പൗരാണികമായി നിലനില്‍ക്കുന്നു.
സൂര്യന്റെ ഗതിക്കനുസരിച്ച് നടക്കുന്ന വ്യതിയാനത്തില്‍ സൗരയൂഥത്തിലെ ജീവനുള്ള ഒരേ ഒരു ഗ്രഹമായ ഭൂമിയില്‍ പകലിന്റെ ദൈര്‍ഘ്യം കൂടുന്ന ഉത്തരായനത്തിലേക്ക് നാം വീണ്ടും പ്രവേശിക്കുന്നു. വൈദേശികങ്ങളായ കാലഗണന പദ്ധതികള്‍ പലതുമുണ്ട്. അവയില്‍ ചിലത് മറ്റുള്ളവരില്‍ ആക്രമണോത്‌സുകത അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. എങ്കിലും പ്രപഞ്ചത്തിന്റെ താളത്തിനൊത്ത കാലഗണന ഭാരതത്തിന്റെയാണെന്നുള്ളതില്‍ നമുക്കഭിമാനിക്കാം.
ദക്ഷിണായനത്തില്‍ നിന്ന് ഉത്തരായനത്തിലേക്കുള്ള ഈ മാറ്റം ‘ന്യൂജെന്‍’ എന്നറിയപ്പെടുന്ന പുതുതലമുറക്ക് അന്യമായേക്കാം. യഥാര്‍ത്ഥ പുരോഗതിക്ക് അതറിഞ്ഞേ തീരൂ എന്ന തിരിച്ചറിവ് അവരെ ഭാരതത്തിന്റെ തനിമയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നു. പുരോഗതിക്കും പരിവര്‍ത്തനത്തിനും വേണ്ടി ശ്രമിക്കുകയും വിജയിക്കുകയും ചെയ്യുന്നത് ഭാരതത്തിന്റെ പാരമ്പര്യമാണ്. മുമ്പേ പോയ സത്യവും ധര്‍മ്മവും ആധാരമാക്കിയ അനുഭവസ്ഥരെ അഭിമാനത്തോടെ അനുഗമിക്കുക എന്നതാണ് നമ്മുടെ വിജയ രഹസ്യം.
ആധുനിക പുരോഗമന വിഭ്രാന്തിയില്‍പ്പെട്ടവര്‍ക്ക് സ്ഥലജല വിഭ്രമത്തില്‍നിന്ന് രക്ഷനേടാന്‍ കഴിയുന്നില്ല. ചരിത്രാവബോധത്തില്‍നിന്നു കിട്ടേണ്ട ആത്മാഭിമാനവും ആവേശവും ദിശാബോധവും അന്യമാണവര്‍ക്ക്. വൈഭവപൂര്‍ണമായിരുന്ന ഭൂതകാലത്തിന്റെ സ്മരണകള്‍ ഉണര്‍ന്നാല്‍ വിജയത്തിന്റെ തുടക്കമാവും.’ഒരു പദം മുന്നോട്ടുവച്ചാല്‍ ഒന്‍പത് പദം മുന്നോട്ടുവന്ന് അനുഗ്രഹിക്കാന്‍ തയ്യാറായ മുപ്പത്തിമുക്കോടി ദേവതകളുള്ള ഭാരതത്തില്‍ എന്തിന് ഭയക്കണം’ എന്ന ശ്രീരാമകൃഷ്ണന്റെ അമൃതവാണിയാണ് നരേന്ദ്രനാഥ ദത്തയെ ലോകത്തിനുമുമ്പില്‍ ഭാരതത്തെ അഭിമാന പുരസരം പരിചയപ്പെടുത്താന്‍ പ്രാപ്തനാക്കിയത്.
സൗജന്യ വിദ്യാഭ്യാസത്തിലൂടെ നല്‍കിയിരുന്ന സംസ്‌കാരം പുതിയ തലമുറയെ നേര്‍വഴിക്ക് നയിച്ചിരുന്നു. എന്നാല്‍ ഇടക്കാലത്ത് നമ്മുടെ രാജ്യത്ത് വന്നുചേര്‍ന്ന ശൈലി അപമാന ഭീതി പരത്തി വിദ്വേഷം ജനിപ്പിക്കുന്ന വ്യക്തികളെ സൃഷ്ടിക്കാന്‍ കാരണമായി. ഉത്തരവാദിത്വമുള്ളവരും ഭരണാധികാരികളും ചിന്തിക്കേണ്ടതെന്തെന്ന് ആജ്ഞാപിക്കുന്ന ബാഹ്യശക്തികള്‍ നമ്മെ പിന്നോട്ട് നയിച്ചു. അറിഞ്ഞും അറിയാതെയും ഗതികേടുകൊണ്ടും ചൂഷണത്തിന് വിധേയരായി. എന്നാല്‍ അനുഭവത്തില്‍നിന്നും പാഠമുള്‍ക്കൊണ്ടവര്‍ മാറിചിന്തിക്കാന്‍ തുടങ്ങി. അത് ഒരു നൈസര്‍ഗികമായ പരിണാമമാണ്. തലമുറകളുടെ കണ്ണികെള കൂട്ടിച്ചേര്‍ക്കുമ്പോള്‍ മാത്രമാണ് യഥാര്‍ത്ഥ പുരോഗതി.
ഭാരതത്തിന്റെ പുരോഗതിയെക്കുറിച്ചും പരിവര്‍ത്തനത്തെക്കുറിച്ചുമുള്ള അന്വേഷണം ചെന്നെത്തിയത് പരമമായ സത്യത്തിലാണ്. ഇവിടെ നടന്ന ഒരു യുദ്ധവും ജീവാഹുതിയും, സ്വാര്‍ത്ഥതയ്ക്കും സമ്രാജ്യമോഹത്തിനും വേണ്ടിയായിരുന്നില്ല. ധര്‍മ്മത്തിലധിഷ്ഠിതമായ സുസ്ഥിരതയ്ക്കുവേണ്ടിയായിരുന്നു. രാഷ്ട്രം പൂര്‍ണമായത് ജനങ്ങളും സംസ്‌കാരവും ദേശവും ഒരുമിക്കുമ്പോള്‍ മാത്രമായിരുന്നു. നിലനില്‍പ്പിനാധാരമായതിനെ ചോദ്യംചെയ്തപ്പോള്‍ പൊക്കിള്‍ക്കൊടിബന്ധമുള്ളവര്‍ക്കുണ്ടാകുന്ന വികാരമാണ് ചിക്കാഗോയില്‍ സ്വാമി വിവേകാനന്ദനിലൂടെ സ്ഥാപിതമായത്. ധര്‍മത്തിനാധാരമായ ഋഷി പാരമ്പര്യത്തെയും സംസ്‌കാരസമ്പന്നതക്കാധാരമായ ഹിന്ദുമതത്തെയും ദേശസ്‌നേഹികളായ നാനാജാതിമതസ്ഥരായ കോടാനുകോടി ഹിന്ദുക്കളെയും അഭിമാനപുരസരം സ്വാമിജി ലോകത്തിനുമുമ്പില്‍ അവതരിപ്പിച്ചു. ഗാണ്ഡീവമുണ്ടായിട്ടും ആത്മവിശ്വാസം നഷ്ടപ്പെട്ട വിജയന് ഗീതാശ്രവണത്തിലുണ്ടായ ചിന്ത ആധുനികഭാരതത്തിലും ചിക്കാഗോ പ്രസംഗത്തിലൂടെ പുനരാവിഷ്‌കൃതമായതിന്റെ ഫലമായി ഉറങ്ങിക്കിടന്ന ക്ഷാത്രവീര്യം ഭാരതത്തിലെങ്ങും പുതിയൊരു ജീവന്‍ പകര്‍ന്നു.
താരുണ്യത്തിലേക്ക് പ്രവേശിച്ച കൊച്ചുകേശവ (ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാര്‍)ന്റെ മനസിലും വിവേകവാണികള്‍ പ്രതിധ്വനിച്ചു. എന്തുകൊണ്ട് വിരലില്‍ എണ്ണാവുന്നവര്‍ വാരിധികണക്കുള്ള ജനതയെ ഭരിക്കുന്നു? ഇനിയും നമുക്കൊരു വൈഭവപൂര്‍ണമായ ഭാവി എന്തുകൊണ്ട് സാധ്യമല്ല? തുടങ്ങിയ ചിന്തകള്‍ അദ്ദേഹത്തെ വ്യക്തിനിര്‍മാണത്തിന്റെ ആധുനികവല്‍ക്കരണത്തിലേക്ക് നയിച്ചു. കാരണം നല്ല വ്യക്തികള്‍ സമൂഹത്തെ മാറ്റുന്നു. സമൂഹം നാടിനേയും ദേശത്തേയും. ”യഥാപ്രജ തഥാരാജ” എന്ന സിദ്ധാന്തം ഭാരതത്തെ നിലനിര്‍ത്താന്‍ പ്രാപ്തമാണെന്നദ്ദേഹം വിശ്വസിച്ചു.
വ്യക്തിയാണ് ലോകശക്തിയുടെ ആധാരം. ഒരിക്കല്‍ ഒരു രാജാവും മന്ത്രിയും രാജ്യരക്ഷക്ക് വേണ്ടി ധാരാളം ധനം ചെലവാക്കി നവീകരണപ്രവര്‍ത്തനം ചെയ്തശേഷം സുരക്ഷാസംവിധാനങ്ങളെ നേരിട്ടറിയാന്‍ വേഷപ്രച്ഛന്നരായി യാത്ര ചെയ്തു. ഒരു കോട്ടവാതിലിനു മുമ്പിലെത്തി അകത്ത് പ്രവേശിക്കണമെന്നാവശ്യപ്പെട്ടു.അപരിചിതര്‍ക്ക് പ്രവേശനമില്ല എന്നറിഞ്ഞപ്പോള്‍ പാരിതോഷികം നല്‍കാന്‍ തുനിഞ്ഞു. ‘രാജഭക്തിയെ’ വിലക്കെടുക്കാന്‍ ശ്രമിക്കരുതെന്ന ആക്രോശം ഉയര്‍ന്നെങ്കിലും പാരിതോഷികത്തിന്റെ അളവ് അധികമാക്കിയപ്പോള്‍ അകത്ത് പ്രവേശനം സാധ്യമായി. കോട്ടക്കുള്ളിലെ പല സുപ്രധാനകേന്ദ്രങ്ങളിലെത്തിയിട്ടും അന്വേഷണങ്ങളോ തടസങ്ങളോ ഉണ്ടായില്ല. നാടിനെക്കുറിച്ച് ആവലാതിയില്ലാത്തവരും അഭിമാനമില്ലാത്തവരുമായ പൗരന്മാരുള്ളിടത്ത് രാജ്യത്തിന്റെ സുരക്ഷ ആശങ്കാജനകമാണെന്നവര്‍ക്ക് ബോധ്യമായി.
പേരിനും പ്രശസ്തിക്കും വഴിവിട്ട രീതികള്‍ സ്വീകരിക്കുന്ന ആധുനികത മൂല്യങ്ങളെ അവഹേളിക്കുന്നു. മാധ്യമങ്ങളാല്‍ നയിക്കപ്പെടുന്ന, ഉള്‍ക്കരുത്ത് നഷ്ടപ്പെട്ടവരുടെ ലോകം ഇന്ന് നിലനില്‍ക്കുന്നു. ഉര്‍വരത നഷ്ടപ്പെട്ട് പ്രവാഹം നിലച്ച്, അഴുക്കുകുളങ്ങളില്‍പ്പെട്ട മീന്‍ പലരുകളെപ്പോലെ ആധുനിക യുവത്വം വഴിമുട്ടിനില്‍ക്കുന്നു; മുന്നോട്ടുപോകാനാവാതെ. സത്യത്തിന് വിലയില്ലാതാകുന്ന വാര്‍ത്തകള്‍ ഭാവാത്മകമായ സംവാദങ്ങളിലൂടെ മനുഷ്യന്റെ സര്‍ഗ്ഗാത്മകതയെ ഉണര്‍ത്തുന്നതിനു പകരം വിവാദങ്ങളുണ്ടാക്കി ജനങ്ങളെ വഴിതെറ്റിക്കുന്നു. ഏതുവിധേനയും വാര്‍ത്തകളുണ്ടാക്കാന്‍ അപവാദങ്ങളും ആസൂത്രണം ചെയ്യുന്നു. അഭ്യസ്തവിദ്യരെന്നു പറയുന്നവര്‍ ആരുടെയൊക്കെയോ ചട്ടുകങ്ങളാകുന്നു. ചിന്തകള്‍പോലും കടംകൊണ്ടതായിരിക്കുന്നു. ദേശവിരുദ്ധശക്തികളെ വെള്ളപൂശി എന്തിനുംപോന്ന തലത്തിലേക്കുയര്‍ത്തുമ്പോള്‍ ദേശത്തിനുവേണ്ടി ജീവന്‍ ത്യജിച്ചവരെ സംശയത്തിന്റെ നിഴലില്‍ കാണുകയും വ്യക്തിത്വത്തെ ചോദ്യംചെയ്യുകയും ചെയ്യുന്ന മാനദണ്ഡങ്ങെള നിശ്ചയിക്കുന്ന അജ്ഞാതശക്തികളെ തിരിച്ചറിയാനാകുന്നില്ല.
മനുഷ്യനെ ഒരു സാമൂഹ്യജീവി എന്നതില്‍നിന്ന് ഉല്‍പന്നങ്ങള്‍ തിന്നുതീര്‍ക്കുന്ന ഉപഭോഗജീവിയാക്കി മാറ്റാന്‍ ശ്രമം നടക്കുന്നു. കാര്‍ഷിക സമ്പത്ത്, ഗോസമ്പത്ത്, വിഭവ സമ്പത്ത് എല്ലാം ഒരു നാടിനു ഭക്ഷണമായിരുന്നുവെങ്കില്‍ ഇന്ന് രാജനൈതിക നേതാക്കളുടെ വോട്ടുസമ്പത്തിനായി പ്രാധാന്യം. സമ്പന്നതയും ദാരിദ്ര്യവും പുതിയ രൂപത്തില്‍ അവതരിക്കാന്‍ തുടങ്ങി.
ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ എന്നും എക്കാലത്തും ഉള്ളതാണ്. ശൂന്യതയില്‍നിന്ന് രാഷ്ട്രത്തെ പുനഃസൃഷ്ടിച്ച ചാണക്യന്റെ നാട്ടില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട മൂല്യങ്ങള്‍ വീണ്ടെടുത്ത് ആശങ്കകള്‍ക്കിടനല്‍കാതെ കര്‍മ്മത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നവര്‍ വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. ലളിതമായ ശ്രേഷ്ഠമൂല്യങ്ങള്‍ മുറുകെപിടിച്ചുകൊണ്ട് പരിവര്‍ത്തനത്തിനുവേണ്ടി ശ്രമിക്കുന്നു.
പാരിതോഷികത്തിനുവേണ്ടി ഭരണാധികാരികളെ വാഴ്ത്തുന്നവര്‍ ഭാരതാംബയെ വാഴ്ത്താന്‍ തുടങ്ങുന്നതാണ് യഥാര്‍ത്ഥ പരിവര്‍ത്തനം. സ്വാര്‍ത്ഥതയില്‍ മതിമറന്നിരുന്നവര്‍ സമാജഹിതത്തിനായി മനസ്സും ധനവും ശരീരവും സമര്‍പ്പിക്കുമ്പോള്‍ കിട്ടുന്ന നവ്യാനുഭൂതിയാണ് ഭാരതത്തില്‍ പടര്‍ന്നുകൊണ്ടിരിക്കുന്നത്. ജന്മനാട്ടില്‍ സംശയത്തോടെയും പരിഹാസ്യതയോടെയും കണ്ടിരുന്ന ഹിന്ദുത്വദര്‍ശനങ്ങള്‍ ഒരുകാലത്ത് എതിര്‍ത്തിരുന്ന വൈദേശികര്‍പോലും സ്വീകരിക്കാനൊരുങ്ങുന്നത് ഇന്നാട്ടുകാരിലുണ്ടാക്കുന്ന തിരിച്ചറിവ് ഭാരതത്തെ ഊര്‍ജ്ജസ്വലമാക്കും.
നിരുപാധിക സ്‌നേഹം വിതറുന്ന കുടുംബസങ്കല്‍പ്പങ്ങളുടെ മഹത്വം തിരിച്ചറിഞ്ഞ്പുതുയുഗം സൃഷ്ടിക്കാന്‍ ആര്‍എസ്എസ് സ്ഥാപകന്‍ ഡോക്ടര്‍ കേശവബലിറാമിന്റെ ഹൃദയത്തില്‍ വിരിഞ്ഞ വ്യക്തിത്വസംസ്‌കരണ പ്രക്രിയ കാരണമാകുന്നു. അവനവനില്‍ വിശ്വസിക്കുന്നവരെ സൃഷ്ടിക്കുന്ന ഈ പ്രക്രിയ ഭാവിഭാരതത്തെ വീണ്ടും വൈഭവപൂര്‍ണമാക്കാനൊരുങ്ങുമ്പോള്‍ അതിലെല്ലാവരും അണിചേര്‍ന്നു എന്നുറപ്പുവരുത്താം.
എം. സുഭാഷ് കൃഷ്ണന്‍
No comments:
Post a Comment