ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, January 2, 2017

മനുഷ്യാത്മാവിന്റെ മരണാനന്തരഗതി

കവനമന്ദിരം പങ്കജാക്ഷന്‍

രാമായണാദി പുരാണങ്ങളില്‍ മനുഷ്യ ജന്മത്തിന്റെ വഴികളെക്കുറിച്ച് പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് ഇവിടുത്തെ ചിന്താവിഷയം.

മരണത്തോടെ ശരീരം വിട്ടുപോകുന്ന ആത്മാവ് ജീവിച്ചിരിക്കെ ചെയ്തിട്ടുള്ള സുകൃതങ്ങളുടെ കണക്കനുസരിച്ച് വിധി നിശ്ചയിക്കുന്ന കാലമത്രയും സ്വര്‍ഗവാസസുഖമനുഭവിക്കുന്നു. അതല്ലെങ്കില്‍ ദുഷ്‌കൃതങ്ങളുടെ കണക്കനുസരിച്ച് നരകങ്ങളില്‍ കഴിയുന്നു.

ജീവിതം മുഴുവനും വളരെ ത്യാഗങ്ങള്‍ സഹിച്ച് ധര്‍മ്മം മാത്രം ചെയ്തു ജീവിച്ച ധര്‍മ്മപുത്രന്‍ സ്വര്‍ഗത്തിലെത്തുമ്പോള്‍ അവിടെ ദുര്യോധനനെ കണ്ട് തിരിച്ചുപോകാനൊരുമ്പെടുന്നു. അപ്പോള്‍ ദേവകിങ്കരന്മാര്‍ എത്തി ധര്‍മ്മപുത്രനെ തടഞ്ഞിട്ടു പറഞ്ഞു: ദുര്യോധനന്‍ ജീവിതത്തില്‍ അല്‍പസ്വല്‍പം സുകൃങ്ങള്‍ ചെയ്തിട്ടുള്ളതിന്റെ ഫലമായി കുറെക്കാലത്തേക്ക് സ്വര്‍ഗസുഖമനുഭവിക്കാനുള്ള ഭാഗ്യമുണ്ടായി. അതിപ്പോള്‍ തീര്‍ന്നിരിക്കുന്നു. അദ്ദേഹത്തെ അധോലോകത്തേക്ക് വിടാനൊരുമ്പെടുകയാണ്.

നിശ്ചിതകാലം സ്വര്‍ഗത്തില്‍ സുകൃതം അനുഭവിച്ചുകഴിയുമ്പോള്‍ ”ക്ഷീണേ പുണ്യേ മര്‍ത്ത്യലോകം വിശന്തി” എന്ന ഗീതാതത്ത്വമനുസരിച്ച് ആ പുണ്യങ്ങളെല്ലാം തീരുമ്പോള്‍ ആത്മാവ് ഏതെങ്കിലും അധോലോകത്തേക്ക് വിധിയനുസരിച്ച് നയിക്കപ്പെടുന്നു. അവിടെക്കിടന്ന് പാപഫലങ്ങളെല്ലാം അനുഭവിച്ചുതീരുമ്പോള്‍ വിധിവശാല്‍ പുനര്‍ജ്ജനിക്കേണ്ട സമയമടുക്കുമ്പോള്‍ താഴെ ചന്ദ്രമണ്ഡലത്തിലേക്ക് നിപതിക്കുന്നു. അനന്തരം ചന്ദ്രരശ്മികളില്‍ക്കൂടി മൂടല്‍മഞ്ഞുപോലുള്ള മാര്‍ഗങ്ങളില്‍ക്കൂടി സഞ്ചരിച്ച് കാലാന്തരത്തില്‍ സസ്യജാലങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ പ്രവേശിക്കുന്നു. സസ്യങ്ങളും ചന്ദ്രനും തമ്മില്‍ ബന്ധം കാണുന്നു. സസ്യങ്ങള്‍ ഔഷധങ്ങളാണ്. സസ്യങ്ങള്‍ക്കുണ്ടാകുന്ന ഔഷധീയഗുണം ചന്ദ്രനില്‍നിന്നു ലഭിക്കുന്നതാണ്. ഓഷധീശന്‍ എന്ന് ചന്ദ്രന്‍ അറിയപ്പെടുന്നു.

ആത്മാവ് പ്രവേശിച്ച സസ്യത്തിന്റെ ഫലത്തിലോ അഥവാ ധാന്യത്തിലോ എത്തി അവിടെ വസിക്കുന്നു. ആ ഫലം അഥവാ ധാന്യം ഭക്ഷിക്കുന്ന മൃഗത്തിന്റെയോ പക്ഷിയുടെയോ കൃമിയുടെയോ മനുഷ്യന്റെയോ ഉള്ളില്‍ ചെന്നുപെടുന്നു. ജനനം വിധിയുടെ കല്‍പനയ്ക്കു വിധേയമാണ്. വിധിവശാല്‍ ഏതെങ്കിലും മൃഗമാണ് ആ ഫലം ഭക്ഷിക്കുന്നതെങ്കില്‍ ആണ്‍മൃഗമെങ്കില്‍ അതിന്റെ ബീജത്തിലോ പെണ്‍മൃഗമെങ്കില്‍ അതിനുള്ളിലുണ്ടാകുന്ന അണ്ഡത്തിലോ പ്രവേശിച്ച് ഗര്‍ഭധാരണത്തോടെ മൃഗമായി ജനിക്കാനുള്ള വഴിയൊരുങ്ങുന്നു. നരജന്മവും ഇങ്ങനെതന്നെ. എപ്രകാരം ഏതു ജീവിയായി ജനിച്ചാലും മുജ്ജന്മത്തിലെ കര്‍മ്മത്തിന്റെ വാസന പുനര്‍ജ്ജന്മത്തില്‍ നിഴലിക്കുകയും അതനുസരിച്ച് വീണ്ടും കര്‍മ്മങ്ങള്‍ ചെയ്യുകയും ചെയ്യുന്നു. ചിലപ്പോള്‍ മനുഷ്യാത്മാവ് മരമായും പുനര്‍ജ്ജനിക്കാം.


No comments:

Post a Comment