(ഗീതാ മാഹാത്മ്യം )
നമുക്ക് പല ദൈവീക സങ്കല്പങ്ങളുണ്ട്. അങ്ങ് സ്വര്‍ഗ്ഗത്തിലിരുന്ന് നമ്മുടെ നന്മ തിന്മകളുടെ കണക്കെടുക്കുന്ന സെമറ്റിക് ദൈവത്തില്‍ നിന്ന് "തേങ്ങയില്‍ വെള്ളം നിറച്ച ദൈവ"ത്തില്‍ വരെ എത്തിനില്ക്കുന്നു ആ വിശ്വാസപ്രമാണങ്ങള്‍.
ഇന്നത്തെ തലമുറയില്‍ അധികംപേരും പഠിച്ചുവളര്‍ന്നത് കോണ്‍വെന്‍റുകളിലായതുകൊണ്ട് അവര്‍ക്ക് കൂടുതല്‍ പരിചയം സെമറ്റിക്ക് ദൈവത്തെയാണ്. പാപികളായ നമ്മുടെ പാപഭാരമെല്ലാം സ്വയം ചുമന്ന് പെടാപാടുപെടുന്ന ഒരു ദൈവം.
എന്നാല്‍ ഭാരതത്തിന്‍റെ ഗ്രന്ഥമായ ഭഗവദ്ഗീതയില്‍ പറയുന്ന ദൈവമാരാണ്? ഹിന്ദുമതഗ്രന്ഥമായ ഭഗവദ്ഗീത ഹിന്ദുക്കളില്‍ പോലും പലരും വായിക്കാന്‍ മെനക്കെട്ടുകാണില്ല. അതുകൊണ്ട് ഭഗവദ്ഗീതയിലെ ദൈവത്തെ അറിയാനും സാധിച്ചിട്ടുണ്ടാവില്ല. എന്നാല്‍ അറിയാത്തവര്‍ക്ക് അറിയാന്‍ ഇതാ ഒരവസരം.
മതങ്ങളുടെ മാര്‍ക്കെറ്റിങ്ങ് നടക്കുന്ന ഈ കോംപിറ്റിറ്റീവ് ലോകത്ത്, സ്വന്തം ഗ്രന്ഥം വിവരിക്കുന്ന ദൈവത്തെപ്പോലും അറിയാത്ത ഹിന്ദുക്കളുടെ അവസ്ഥയെ മാനിച്ച്, സെമറ്റിക് ദൈവത്തെ മാത്രം പരിചയമുള്ള അവര്‍ക്ക് വേണ്ടി അതിന്‍റേതായ രീതിയില്‍ ഭഗവദ്ഗീതയിലെ ദൈവത്തെ ഒന്ന് പരിശോധിക്കാം.
ആദ്യമേ തന്നെ പറയട്ടെ, ഭഗവദ്ഗീതയിലെ ദൈവം നിങ്ങളെ പാപികളായി കണക്കാക്കുന്നുമില്ല, നിങ്ങളുടെ പാപഭാരങ്ങളൊന്നും ഏല്‍ക്കുന്നുമില്ല.
"അവന്‍ ആരുടേയും പുണ്യത്തേയും, പാപത്തേയും എടുക്കുന്നില്ല, ആര്‍ക്കും കൊടുക്കുന്നുമില്ല" (5:15).
അതുകൊണ്ട് "അയ്യോ ദൈവമേ എനിക്ക് ഈ ഗതി നീ വരുത്തിയല്ലോ" എന്ന് നിലവിളിച്ചിട്ടൊന്നും ഒരു കാര്യവുമില്ല. നീ ചെയ്യുന്ന കർമ്മത്തിന്‍റെ ഫലം നിനക്ക് ലഭിക്കും. ഇന്നലെ നീ ചെയ്തതിന്‍റെ ഫലമാണ് ഇന്ന് നിനക്ക് ലഭിക്കുന്നത്. ഇന്ന് ചെയ്യുന്നത് നാളെ നിന്നെ പിന്തുടരുകയും ചെയ്യും. നീ ചെയ്യുന്നത് പുണ്യമായാലും, പാപമായാലും അതിന്‍റെ ഫലം നീ തന്നെ അനുഭവിക്കും. ആ കര്‍മ്മഫലം ആര്‍ക്കും പങ്കിട്ടുകൊടുക്കാനാകില്ല, എന്ന് ഗീതാദൈവത്തിന്‍റെ മതം.
തന്‍റെ അണികള്‍ പാര്‍ട്ടി വിട്ടുപോകുമോ എന്ന ഭയമില്ലാത്തതുകൊണ്ട് "മറ്റു ദൈവങ്ങളില്‍ വിശ്വസിക്കരുത്. ഞാനാണ് ഏക രക്ഷകന്‍" എന്നൊന്നും പറയേണ്ട ഗതികേട് ഗീതാദൈവത്തിനില്ല. പിന്നെ ഭഗവദ്ഗീതയിലെ ദൈവം പറയുന്നത് എന്താണെന്ന് കേള്‍ക്കണ്ടേ?
“മറ്റു ദേവന്മാരില്‍ (ദൈവത്തില്‍) ഭക്തിവച്ച് വിശ്വാസത്തോടു കൂടി ആ ദൈവങ്ങളെ യജിക്കുന്നവരും എന്നെത്തന്നെയാണ് യജിക്കുന്നത്. പക്ഷെ അത് വിധിയുടെ യഥാര്‍ത്ഥ്യമറിഞ്ഞിട്ടല്ലെന്ന് മാത്രം (9:23)”
ഇതില്‍ നിന്നും ഭഗവദ്ഗീതയിലെ ദൈവം സെമറ്റിക് ചിന്താഗതിക്കാരനല്ല, മറിച്ച് ഒരു മതേതരനാണെന്ന് മനസ്സിലാക്കാം. നീ ഏത് ദൈവത്തെ ആരാധിച്ചാലും എന്നെത്തന്നെയാണ് ആരാധിക്കുന്നതെന്ന് മനസ്സിലാക്കിയാല്‍ മതി എന്ന് ഗീതയിലെ ദൈവം പറയുന്നു. ആരുടേയും വിശ്വാസങ്ങളെ നിന്ദിക്കാതെ, മനുഷ്യരെ തമ്മിലടിപ്പിക്കാതെ, എല്ലാറ്റിനേയും സ്വീകരിക്കുന്ന എത്ര മനോഹരമായ ചിന്താഗതി , അല്ലേ? ഇതുതന്നെയാണ് ഭാരതീയ ഗ്രന്ഥങ്ങളെ മഹനീയമാക്കുന്നതും.
ഏകദൈവമേ ഉള്ളുവെങ്കില്‍ ഇടയ്ക്കിടയക്ക് മറ്റുദൈവങ്ങളില്‍ വിശ്വസിക്കരുതെന്ന് പറയേണ്ടതില്ലല്ലോ. അങ്ങനെ പറയുന്ന ദൈവങ്ങളുണ്ടെങ്കില്‍ അവര്‍ മുമ്പേ ഏതോ ദൈവത്തെ കണ്ടിട്ടുണ്ടെന്നും അങ്ങനെയാണ് അവര്‍ ദൈവമായതെന്നും ഉറപ്പിക്കാം.ശരിയല്ലേ ?
തന്നെ ആരാധിക്കാത്തവരെല്ലാം കാഫിറുകളാണെന്നോ, അവരുടെ ആരധനാ മൂര്‍ത്തികളും,ആരാധനാലയങ്ങളും ഷിര്‍ക്കുകളാണെന്നോ, അവരെയൊക്കെ എന്തു വിലകൊടുത്തും നമ്മുടെ പാര്‍ട്ടിയില്‍ ചേര്‍ത്തണമെന്നോ, അതിനു തയ്യാറാകാത്ത കാഫിറുകളേയും, ഷിര്‍ക്കുകളേയും നശിപ്പിക്കാനൊരു ജിഹാദ് നടത്തണമെന്നോ ഭഗവദ് ഗീതയിലെ ദൈവം പറയുന്നുണ്ടോ?
വരൂ... ഗീതയിലെ ദൈവത്തിന് കാഫിറുകളായ ശത്രുക്കളുണ്ടോ? ജിഹാദിന്‍റെ ആവശ്യമുണ്ടോ? എന്നൊക്കെ ഒന്ന് പരിശോധിക്കാം.
ഉണ്ട്. ഭഗവദ്ഗീതയിലെ ദൈവവും പറയുന്നു, നിനക്കൊരു ശത്രുവുണ്ട്. പക്ഷെ അത് മറ്റു ദൈവങ്ങളെ ആരാധിക്കുന്നവരൊന്നുമല്ല. പിന്നെ ആരാണ് ആ ശത്രു? ആരാണാ കാഫിർ?
ഗീതാദൈവം പറയുന്ന ശത്രു ഇതാണ്
"രജോഗുണത്തില്‍ നിന്നുണ്ടായതും, എത്ര വിഷയങ്ങള്‍ കിട്ടിയാലും മതിവരാത്തതും, കൊടും ക്രൂരതകള്‍ ചെയ്യിക്കുന്നതും, നല്ലതു ചെയ്യാനനുവദിക്കാത്തതുമായ ആ ശത്രു, നിന്‍റെ കാമവും ക്രോധവുമാണെന്നറിഞ്ഞാലും" (3:37)
ഇവിടേയും ഒരു ജിഹാദിന്‍റെ ആവശ്യമുണ്ടെന്ന് ഗീതാദൈവം പറയുന്നു. എങ്ങനെയായിരിക്കണം ആ ജിഹാദ് അല്ലെങ്കില്‍ യുദ്ധം?
"ബുദ്ധിയില്‍ നിന്ന് അന്യമാണ് ആത്മാവെന്നറിഞ്ഞ് രൂപം മാറി സഞ്ചരിക്കുന്നതും, പിടികിട്ടാന്‍ ഞെരുക്കമുള്ളതുമായ കാമക്രോമധങ്ങളാകുന്ന ആ ശത്രുവിനെ നശിപ്പിക്കാന്‍ വിഷയങ്ങളില്‍ മനസ്സിനെ പ്രവര്‍ത്തിപ്പിക്കാതെയാക്കി നീ കരുത്തോടെ യുദ്ധം ചെയ്താലും." (3:43)
വിഷയങ്ങളില്‍ നിന്ന് മനസ്സിനെ അകറ്റി ഏകാഗ്രമാക്കുക എന്നതാണ് ഗീതാദൈവം ഉപദേശിക്കുന്ന ജിഹാദ് എന്നിരിക്കെ, ഈ ജിഹാദ് ചെയ്യുന്നവന് ഹൂറികളെ സമ്മാനമായിക്കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ല. പിന്നെ ഭഗവദ്ഗീതയിലെ ദൈവം ഈ ജിഹാദിനിറങ്ങുന്നവര്‍ക്ക് നല്കുന്ന സമ്മാനമെന്താണ്?
"ഇങ്ങനെ ദേഹങ്ങളേയോ ദേഹധര്‍മ്മങ്ങളേയോ ഒന്നും ഓര്‍ക്കാതെ ചിത്തം കൊണ്ട് സ്വയം പ്രകാശിച്ചുകൊണ്ടിരുന്നവര്‍ എന്നെത്തന്നെ പ്രാപിക്കുന്നു" (8:5).
ഇതിലും വലിയ സമ്മാനം വേറെന്തു വേണം?
ഇനി അടുത്ത ചോദ്യം. ഭഗവദ്ഗീതയിലെ ദൈവം അദൃശ്യനാണോ? നമുക്ക് കാണാനൊക്കില്ലേ? ഒരു പഴം കഴിച്ചതിന്‍റെ പേരില്‍ നമ്മളെ തനിച്ചാക്കി അദൃശ്യനായവരുടെ കൂട്ടത്തിലാണോ ഇദ്ദേഹവും? ഉത്തരം ഗീതാദൈവം തന്നെ പറയുന്നുണ്ട്. എന്താണെന്നല്ലേ?
"എല്ലാറ്റിലും എന്നെയും, എന്നില്‍ എല്ലാറ്റിനേയും കാണുന്ന സമദര്‍ശിയായ യോഗിയ്ക്ക് ഞാന്‍ അദൃശ്യനായോ, എനിക്ക് അവന്‍ അദൃശ്യനായോ ഇരിക്കുന്നില്ല." (6:30)
"ഞാന്‍ സൃഷ്ടിച്ചതെല്ലാം നിനക്ക് സുഖിക്കാന്‍ വേണ്ടിയാണ്" എന്ന വിഢ്ഢി പ്രസ്‌താ വ നയിറക്കി ആപ്പിലായ ഒരു ദൈവത്തെ നമുക്കറിയാം. പ്രസ്ഥാവനയിറക്കിയവരുടെ അനുയായികള്‍തന്നെ ആ പഴമെടുത്ത് കഴിച്ചു. പിന്നീടിങ്ങോട്ട് ലോകത്തെ മുഴുവനും നശിപ്പിക്കാനും, സ്വാര്‍ത്ഥബുദ്ധിയോടെ എല്ലാറ്റിനേയും കൊന്നു തിന്നാനും, മനുഷ്യനെ പ്രേരിപ്പിച്ചതും 'ദൈവം ഈ സൃഷ്ടിച്ചതെല്ലാം നമുക്ക് വേണ്ടിയല്ലേ, പിന്നെന്താ കുഴപ്പം?' എന്ന ഈ മുടന്തന്‍ ന്യായമാണ്.
എന്നാല്‍ "തനിക്കുണ്ടാകുന്ന സുഖദുഃഖങ്ങള്‍ പോലെത്തന്നെയാണ് മറ്റുള്ള പ്രാണികള്‍ക്കും എന്നറിയുന്ന യോഗി അത്യന്തം ശ്രേഷ്ഠനാണ്" (6:32) എന്നാണ് ഭഗവദ്ഗീതയിലെ ദൈവത്തിന്‍റെ അഭിപ്രായം. ഈ ഭൂമിയിലെ ഒരു ചെറിയ ഉറുമ്പിനും മനുഷ്യനുള്ള അതേ അവകാശം ഇവിടെയുണ്ട്.
ഇനി നമുക്ക് ഈ ഉപദേശങ്ങളൊക്കെ തന്ന ഭഗവദ്ഗീതയിലെ ദൈവം ആരാണെന്ന് നോക്കാം. ആ ദൈവം എവിടെയാണ് താമസിക്കുന്നത്? സ്വര്‍ഗ്ഗത്തിലാണോ? നമുക്ക് പരിശോധിക്കാം.
ഗീതാ ദൈവം സ്വയം പരിചയപ്പെടുത്തുന്നുണ്ട്.
"ഞാന്‍ എല്ലാ പ്രാണികളുടേയും ശരീരത്തിലിരിക്കുന്ന ആത്മാവാകുന്നു." (2:30) "മാലയിൽ നൂലിനെ ആശ്രയിച്ച് മണികള്‍ നില്ക്കുന്നതുപോലെ ഞാനെന്ന ആത്മാവിനെ ആശ്രയിച്ചു മാത്രമാണ് ഈ ലോകമെല്ലാം നിലകൊള്ളുന്നത്." (7:7) "സ്വതഃസത്തയില്ലാത്ത ഈ പ്രകൃതിയ്ക്ക് സത്താരൂപേണ, ഞാന്‍ താങ്ങായി നിന്ന് ഈ ഭൂതവര്‍ഗ്ഗത്തെ മുഴുവനും പിന്നെയും പിന്നെയും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. (9:8)
വെറും ഏഴ് ദിവസം കൊണ്ട് എല്ലാറ്റിനേയും സൃഷ്ടിച്ച് സ്വര്‍ഗ്ഗത്തിലെ കസേരയിലിരുന്ന് നമ്മുടെ പാപത്തിന്‍റെ കണക്കെടുകയല്ല, മറിച്ച് സൃഷ്ടിയും സംഹാരവും ഒരോ സെക്കന്‍റിലും നടന്നുകൊണ്ടിരിക്കുകയാണെന്ന് ഭഗവദ്ഗീതയിലെ ദൈവം പറയുന്നു.
"സര്‍വ്വാധിഷ്ഠാനമായ എന്‍റെ സത്ത കൊണ്ടാണ് പ്രകൃതിയില്‍ നിന്ന് ചരാചരാത്മകമായ ഈ പ്രപഞ്ചം പിറവിയെടുക്കുന്നതും, നാനാവിധത്തില്‍ പരിണമിച്ചുകൊണ്ടിരിക്കുന്നതും. പ്രകൃതിയുടെ സൃഷ്ടിയ്ക്ക് ഞാന്‍ അധിഷ്ഠാനമായ സാക്ഷി മാത്രമാകുന്നു." (9:10)
നിനക്ക് വേണ്ടി ഒരു ദൈവവും പിറന്നിട്ടില്ല. എനിക്കു വേണ്ടിയും പിറന്നിട്ടില്ല. നമുക്കായ് ഉള്ളത് ഒരേയൊരു ദൈവം. നിന്നിലും എന്നിലും കുടികൊള്ളുന്ന ദൈവം.
നമ്മളിലാണ് അവനിരിക്കുന്നത്. നമ്മുടെ ഹൃദയത്തുടിപ്പത്രേ അവന്‍റെ ചൈതന്യം. ആ ചൈതന്യത്തെ അറിയാന്‍ സ്വന്തം ഉള്ളിലേക്ക് കടക്കൂ എന്നാണ് "കടവുള്‍" എന്ന തമിഴ്പദം സൂചിപ്പിക്കുന്നതും.
ആ പരമചൈതന്യത്തെ പരബ്രഹ്മമെന്നോ, യഹോവയെന്നോ, അല്ലാഹുവെന്നോ എന്തു പേരിട്ട് വിളിച്ചാലും ശരി. അതൊന്നത്രേ സത്യം. നാം പരസ്പരം ദ്വേഷിക്കാതിരിക്കട്ടെ. നമുക്കൊരുമിച്ച് ആ ബ്രഹ്മവിദ്യ നേടാനായി പരിശ്രമിക്കാം.
ഓരോ ഹൈന്ദവനും ഏതൊരറിവും സ്വതന്ത്രമായി പങ്ക് വെയ്ക്കാവുന്ന ലോകം സങ്കൽപ്പിക്കൂ. അറിവാണ് സര്‍വധനത്താല്‍ പ്രധാനം...
No comments:
Post a Comment