കിം കൃതം പാതകം തേന ബാലകേന പിതാമഹ
യജ്ജാതമാത്രോ നിഹതസ്തഥാ തേന ദുരാത്മനാ
നാരദോ fപി മുനിശ്രേഷ്ഠോ ജ്ഞാനവാന്‍ ധര്‍മ്മതത്പര:
കഥമേവം വിധം പാവം കൃതവാന്‍ ബ്രഹ്മവിത്തമ:
ജനമേജയന്‍ ചോദിച്ചു: 'ജനിച്ചയുടനെ തന്നെ ഈ ദുഷ്ടനാല്‍ കൊല്ലപ്പെടുവാന്‍ എന്ത് പാപമാണീ ചെറുപൈതല്‍ ചെയ്തിട്ടുണ്ടാവുക? ബ്രഹ്മജ്ഞാനിയും ധര്‍മ്മനിഷ്ഠനുമായ നാരദന്‍ എന്തിനു വേണ്ടി ഈ ഏഷണി കൂട്ടി കംസനെ ദുഷ്ടകര്‍മ്മത്തിനു പ്രേരിപ്പിച്ചു? പാപം ചെയ്തവനും അത് ചെയ്യാന്‍ കൂടുനിന്നവനും ഒരുപോലെ കുറ്റക്കാരാണ് എന്ന് നാരദന് അറിവില്ലാതെയിരിക്കുമോ? എന്തുകൊണ്ടാണ് ആ കുഞ്ഞിന് ഈ ദുര്യോഗം വന്നണഞ്ഞത്?'
വ്യാസന്‍ പറഞ്ഞു: 'നാരദന്‍ ആകെയൊരു തമാശക്കാരനാണ് എന്ന് ലോകപ്രസിദ്ധമല്ലേ? മാത്രമല്ല ദേവകാര്യത്തിനുവേണ്ടി എന്തുചെയ്യാനും അദ്ദേഹം സന്നദ്ധനാണ് താനും. എന്നാല്‍ ഒരിക്കലും കള്ളം പറയുന്ന ആളല്ല നാരദന്‍. കംസന്‍ ദേവകിക്കുണ്ടായ ആറു കുഞ്ഞുങ്ങളെയും കൊന്നുകളഞ്ഞത് അവരുടെ ശാപയോഗം കൊണ്ട് മാത്രമാണ്. സ്വായംഭുവമന്വന്തരത്തില്‍ മരീചിക്ക് ഊര്‍ണ്ണയില്‍ ആറു പുത്രന്മാര്‍ ഉണ്ടായി. സ്വപുത്രിയെ പ്രാപിക്കാന്‍ തുനിഞ്ഞ ബ്രഹ്മാവിനെ നോക്കി അവര്‍ ചിരിച്ചു. ‘നിങ്ങള്‍ ദൈത്യയോനിയില്‍ പിറക്കാന്‍ ഇടയാകട്ടെ’ എന്ന് ബ്രഹ്മാവ് അവരെ ശപിച്ചു. ആദ്യം അവര്‍ കാലനേമിയുടെ പുത്രന്മാരായിപ്പിറന്നു. പിന്നീടവര്‍ ഹിരണ്യകശിപുവിന്റെ പുത്രന്മാരായി പിറന്നു. അവര്‍ പൂര്‍വ്വശാപത്തെപ്പറ്റി അറിഞ്ഞതിനാല്‍ തപസ്സുചെയ്ത് ജ്ഞാനമാര്‍ജ്ജിച്ചു. ബ്രഹ്മാവ് അവര്‍ക്ക് ദര്‍ശനവും വരവും നല്‍കി. ‘പണ്ട് ഞാന്‍ കോപത്തില്‍ നിങ്ങളെ ശപിച്ചുവെങ്കിലും ഇന്നിതാ നിങ്ങളെ അനുഗ്രഹിക്കാന്‍ വന്നിരിക്കുന്നു. അഭീഷ്ടവരം സ്വീകരിച്ചാലും’
ബ്രഹ്മാവിന്റെ അനുഗ്രഹത്തില്‍ സന്തുഷ്ടരായ അവര്‍ പറഞ്ഞു: 'ഞങ്ങള്‍ ദേവന്മാരാലും അസുരന്മാരാലും ഉരഗങ്ങളാലും, മനുഷ്യരാലും, യക്ഷന്മാരാലും സിദ്ധ ഗന്ധര്‍വ്വന്‍മാരാലും കൊല്ലപ്പെടരുത്. ഇതാണ് ഞങ്ങള്‍ക്ക് വേണ്ട വരം.’ അങ്ങിനെയാകട്ടെ എന്ന് ബ്രഹ്മാവ് അവരെ അനുഗ്രഹിച്ചയച്ചു.
എന്നാല്‍ അവരുടെ പിതാവായ ഹിരണ്യകശിപു ക്രുദ്ധനായി മക്കളെ ഉപേക്ഷിക്കുകയാണുണ്ടായത്. ‘എന്റെ വാക്കുകള്‍ കേള്‍ക്കാതെ അസുരശത്രുവായ ബ്രഹ്മാവില്‍ നിന്നും വരമിരന്നു വാങ്ങി ശക്തരായി വന്നിരിക്കുന്നു! ഞാനിതാ നിങ്ങളെ ഉപേക്ഷിക്കുന്നു. പാതാളത്തില്‍പ്പോയി സദാ ഉറക്കത്തില്‍ കഴിയാന്‍ ഇടവരട്ടെ. ഷട്ഗര്‍ഭന്മാര്‍ എന്ന് നിങ്ങള്‍ അറിയപ്പെടും. പിന്നീട് സമയമാവുമ്പോള്‍ ദേവകീ ഗര്‍ഭത്തില്‍ ഓരോരുത്തരായി ഓരോ വര്‍ഷം നിങ്ങള്‍ക്ക് ജന്മമെടുക്കാം. നിങ്ങളുടെ അച്ഛനായിരുന്ന കാലനേമി കംസനായിപ്പിറന്നു നിങ്ങളെ അപ്പപ്പോള്‍ത്തന്നെ കൊന്നുകളയട്ടെ.’ ഇങ്ങിനെ ശാപം കിട്ടിയ ആറുപേരാണ് ദേവകിയില്‍പ്പിറന്നവര്‍.
എഴാമതായി ദേവകീ ഗര്‍ഭത്തില്‍പ്പിറന്നത് സാക്ഷാല്‍ ശേഷനാണ്. യോഗമായ ആ ഗര്‍ഭത്തെ അലസിപ്പിച്ച് അത് രോഹിണിയുടെ ഗര്‍ഭപാത്രത്തിലേയ്ക്ക് മാറ്റി. അഞ്ചാംമാസം ഗര്‍ഭം അലസിയെന്ന വാര്‍ത്ത കംസന് സന്തോഷം നല്‍കി. എന്നാല്‍ ആ ശിശു രോഹിണിയില്‍ വളരുകയായിരുന്നു. ആ കുഞ്ഞു സങ്കര്‍ഷണനായി. ദേവകി എട്ടാമതും ഗര്‍ഭിണിയായി. ദേവകാര്യാര്‍ത്ഥം അങ്ങിനെ ഭഗവാന്‍ ഭൂജാതനായി.
ജനമേജയന്‍ പറഞ്ഞു: 'മഹര്‍ഷേ കശ്യപാംശമായി വസുദേവര്‍, ശേഷാംശമായി സങ്കര്‍ഷണന്‍, വിഷ്ണ്വംശമായി കൃഷ്ണന്‍ എന്നിവര്‍ ജന്മമെടുത്തു എന്ന് മനസ്സിലായി. ഭൂമിദേവിയുടെ അഭ്യര്‍ത്ഥനയെ മാനിച്ച് ഭൂഭാരം കുറയ്ക്കുവാനായിട്ടാണല്ലോ ഇവരെല്ലാം അവതരിച്ചത്. ബാക്കിയുള്ള കഥാപാത്രങ്ങള്‍ ഏതൊക്കെ അംശാവതാരങ്ങള്‍ ആണെന്നുകൂടി പറഞ്ഞു തന്നാലും.'
വ്യാസന്‍ പറഞ്ഞു: 'എല്ലാം ഞാന്‍ ചുരുക്കിയൊന്നു വിവരിക്കാം. കശ്യപാംശന്‍ വസുദേവര്‍, അദിതി- ദേവകി, ബലഭദ്രന്‍- അനന്തന്‍, ശ്രീനാരായണന്‍ സ്വയം വാസുദേവനായിപ്പിറന്നു. നരന്‍ അര്‍ജ്ജുനനായിപ്പിറന്നു. യുധിഷ്ഠിരന്‍- ധര്‍മ്മത്തിന്‍റെ അംശം, ഭീമന്‍ -വായുവിന്‍റെ, മാദ്രിയുടെ പുത്രന്മാരായ നകുലനും സഹദേവനും അശ്വിനീദേവകളുടെ അംശം. കര്‍ണ്ണന്‍ ആദിത്യന്റെ അംശവും വിദുരന്‍ ധര്‍മ്മാംശവുമാണ്. ദ്രോണര്‍ ബൃഹസ്പതിയുടെയും ദ്രോണപുത്രന്‍ ശിവന്റെ അംശവുമാണ്. ശന്തനു സമുദ്രാംശം. അദ്ദേഹത്തിന്‍റെ ഭാര്യ ഗംഗാംശം. ദേവകന്‍- ഗന്ധര്‍വപതി. ഭീഷ്മര്‍ വസുവിന്‍റെ അംശം. മരുത്ഗണങ്ങളുടെ അംശം വിരാടരാജാവ്. ദൈത്യനായ അരിഷ്ടന്റെ മകനായ ഹംസന്റെ കുലമാണ് ധൃതരാഷ്ട്രന്റേത്. കൃപരും കൃതകര്‍മ്മാവും മരുത് ഗണാംശം തന്നെ. ദുര്യോധനന്‍ കലിയുടെ അംശം. ശകുനി ദ്വാപരന്റെ അംശം. ധൃഷ്ടധ്യുമ്നന്‍ അഗ്നിയംശം. ശിഖണ്ഡി രാക്ഷസാംശം. പ്രദ്യുമ്നന്‍ സനല്കുമാരന്റെ അംശം. ദ്രുപദന്‍ വരുണാംശം. ദ്രൌപദി ലക്ഷ്മിയുടെ അംശമാണ്. വിശ്വദേവകളുടെ അംശമാണ് പാഞ്ചാലിയുടെ പുത്രരായ അഞ്ചുപേര്‍. കുന്തി, ഗാന്ധാരി, മാദ്രി എന്നിവര്‍ യഥാക്രമം സിദ്ധിയും ബുദ്ധിയും ക്ഷമയും അംശാവതാരമെടുത്തവരാണ്. ശ്രീകൃഷ്ണന്റെ പത്നിമാരായി വന്നത് ദേവനാരിമാരാണ്. അസുരന്മാര്‍ ഭൂമിയിലെ രാജാക്കന്മാരായി ജനിച്ചു. ഹിരണ്യകശിപുവിന്റെ അംശമാണ് ശിശുപാലന്‍. വിപ്രചിത്തിയാണ് ജരാസന്ധന്‍. പ്രഹ്ലാദനാണ് ശല്യരായത്. കേശി ഹയഗ്രീവന്റെ, കംസന്‍ കാലനേമിയുടെ, അരിഷ്ടന്‍ എന്ന കാളയായി വന്നവന്‍ ബലിയുടെ പുത്രന്‍റെ ഇങ്ങിനെയാണ് അംശങ്ങള്‍. ചാണൂരനും മുഷ്ടികനുമായത് വരാഹന്‍, കിശോരന്‍ എന്നീ രണ്ടു രാക്ഷസരാണ്. കുവലയാപീഠം എന്ന ആനയായി വന്നത് ദിതിയുടെ പുത്രനായ അരിഷ്ടനാണ്. പൂതന ബലിയുടെ പുത്രിയായിരുന്നു. അവളുടെ അനുജന്‍ ബകന്‍. കാമം, ക്രോധം, യമന്‍, രുദ്രന്‍ എന്നിവയുടെയെല്ലാം അംശഭൂതനാണ് ദ്രോണന്റെ പുത്രനായി ജനിച്ച ആശ്വത്ഥാമാവ്.
അങ്ങിനെ കൃഷ്ണാവതാരത്തിനു മുന്‍പായിത്തന്നെ അതിനു തയ്യാറെടുത്ത് രാക്ഷസ വര്‍ഗ്ഗവും ദേവന്മാരും അതത് അംശങ്ങളായി ഭൂമിയില്‍ അവതരിച്ചിരുന്നു. പുരാണപ്രസിദ്ധമായ അംശാവതാരങ്ങള്‍ ആരൊക്കെയെന്നു ഞാന്‍ വിവരിച്ചുവല്ലോ. ബ്രഹ്മാദികള്‍ മഹാവിഷ്ണുവിന്‍റെ അടുത്ത് അപേക്ഷയുമായി ചെന്ന സമയത്ത് ഭഗവാന്‍ കറുപ്പും വെള്ളയുമായ രണ്ടു മുടിയിഴകള്‍ നല്‍കിയത്രേ!. കൃഷ്ണന്‍ ശ്യാമവര്‍ണ്ണനായും ബലരാമന്‍ ശ്വേതവര്‍ണ്ണനായും ജനിക്കാന്‍ ഇതാണത്രേ കാരണം. ഭൂഭാരം തീര്‍ക്കാനായി അവതരിച്ച ഇവരുടെ ചരിതം കേള്‍ക്കുന്നത് തന്നെ സകലപാപങ്ങളെയും ഇല്ലാതാക്കും.
പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്
No comments:
Post a Comment