ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, January 3, 2017

രീതിചിന്തയുടെ മൂല്യഅറകള്‍ - ഭാരതീയ കാവ്യമീമാംസ - 8


ഭരതന്റെ നാട്യശാസ്ത്രവേദിയില്‍ത്തന്നെ വിത്തിടുന്ന മീമാംസ ചിന്തയാണ് ‘രീതി’. നാട്യധര്‍മ്മിയായ ഭാഷാവിധാനത്തെക്കുറിച്ചുള്ള പതിനെട്ടാം അദ്ധ്യായമാണ് ഇതിന്റെ പ്രഭവം. ഭാഷ, വേഷം, ആചാരം എന്നിവയിലുള്ള സവിശേഷതയാണ്. ‘പ്രവൃത്തി’ ആവന്തി, ദാക്ഷിണാത്യ, പാഞ്ചാലി, ഉഡ്രമാഗധി എന്നീ നാലുവിധം പ്രവൃത്തികള്‍ നാട്യത്തിലുണ്ടെന്ന് സൂചിപ്പിച്ചിട്ടുണ്ട്. ഇവ ദേശനാമവുമായി ബന്ധപ്പെട്ടതുതന്നെ. വൃത്തികളെക്കുറിച്ചുള്ള ആചാര്യസങ്കല്‍പ്പനവും രീതിസിദ്ധാന്തത്തിന്റെ ആമുഖമായി വിമര്‍ശകര്‍ ഗണിക്കുന്നു.


കൈശികി, സാത്വതി, ആരഭടി, ഭാരതി എന്നീ നാലുവൃത്തികളും ദേശനാമസംബന്ധി തന്നെയാണ്. വൈചിത്ര്യമുള്ള അനുഭവ സാക്ഷാത്ക്കാരത്തെ മുന്‍നിര്‍ത്തിയ ദര്‍ശന മനനങ്ങളില്‍ രീതിചിന്തയുടെ മുഖഭാഗങ്ങളാണ് സ്ഫുടീകരിക്കുക. വേഷവിലാസ വിന്യാസക്രമമല്ല ‘രീതി’യെന്ന് ഗ്രഹിക്കുമ്പോള്‍ ഭാഷാചിന്തയില്‍ മാത്രമാണ് ഈ സിദ്ധാന്തം ഊന്നിനില്‍ക്കുന്നതെന്ന് മനസ്സിലാകും. എന്നാല്‍ പില്‍ക്കാലമീമാംസകര്‍ രീതിയെ കുറിക്കാന്‍ വൃത്തി ശബ്ദം തന്നെ ആശ്രയിക്കുന്നു.


രാജശേഖരനും രുദ്രടനും മമ്മടനും ഉദ്ഭടനും അവരുടെ വ്യാഖ്യാനപരികല്‍പനകളില്‍ രീതിസിദ്ധാന്തത്തിന്  വ്യത്യസ്തതലങ്ങള്‍ കണ്ടെത്തുന്നു. ഒരര്‍ത്ഥത്തില്‍ പദരചനയെക്കുറിച്ചുള്ള സുക്ഷ്മ ചിന്തകള്‍ തന്നെയാണ് അവയെല്ലാം. ബാണഭട്ടന്‍ ‘ഹര്‍ഷചരിത’ത്തില്‍ മൂന്നു ദിക്കും ഒരു ദേശവും വിഷയസംബന്ധിയായി ചൂണ്ടിക്കാട്ടുന്നു. വൈദര്‍ഭമെന്ന ദാഷിണാത്യവും ഗൗഢീയമെന്ന ഗൗഡഭാഷയുമാണ് അവിടെ പരാമര്‍ശ വിഷയം.  പില്‍ക്കാലം വൈദര്‍ഭം ഒന്നാന്തരം, ഗൗഢീയം രണ്ടാതരം എന്നീ ശ്രേണീതലങ്ങള്‍ ഉടലെടുത്തതായി ഭാമഹാലങ്കാരം തെളിവുനല്‍കുന്നുണ്ട്. ആചാര്യ ദണ്ഡി ‘രീതി’യെന്നല്ല ‘മാര്‍ഗ്ഗ’മെന്ന സംജ്ഞയാണ് പ്രയോഗിക്കുന്നത്.



രീതി സിദ്ധാന്തത്തിന് സമഗ്രമായ രൂപഭാവസ്പര്‍ശം നല്‍കുകയായിരുന്നു വാമനന്‍. കാവ്യാലങ്കാര സൂത്രവൃത്തിയില്‍ രീതിയുടെ അനിഷേധ്യമായ സങ്കല്‍പ്പസാക്ഷ്യങ്ങള്‍ ശാസ്ത്രീയ നിരീക്ഷണത്തോടെ ആചാര്യന്‍ അടയാളപ്പെടുന്നു. ഒരര്‍ത്ഥത്തില്‍ കാവ്യമാര്‍ഗ്ഗങ്ങളെ ഗുണാശ്രിതമെന്നെണ്ണുന്ന ദണ്ഡിയുടെ മാതൃകാശയത്തെ പിന്തുടരുകയാണ് വാമനന്‍. ‘രീതി’ സംജ്ഞ ആദ്യമായി പ്രയോഗിക്കുന്നതും ഈ ആചാര്യന്‍തന്നെ.


‘രീതിരാത്മാകാവ്യസ്യ’ എന്ന സൂത്രത്തില്‍ കാവ്യാത്മാവ് രീതിയാണെന്ന് വീക്ഷിക്കുന്ന വാമനന്‍ ‘വിശിഷ്ടപദ രചനാരീതി’യെന്ന് വ്യാഖ്യാനിച്ചുറപ്പിക്കുന്നു. ‘വിശിഷ്ടം’ എന്നത് ഗുണരൂപമായ സംവര്‍ഗ്ഗമാണ്. ‘വിശേഷോഗുണാത്മാ’ എന്ന് സ്പഷ്ടമായി അത് സൂത്രപ്പെടുത്താനും ആചാര്യന്‍ നിയുക്തനാവുന്നു. ഗുണങ്ങളില്‍ അധിഷ്ഠിതമാണ് കാവ്യാത്മാവായ രീതിയെന്ന് ചുരുക്കം.

”സമഗ്രഗുണമുള്ളത് വൈദര്‍ഭീ, ഓജകാന്തി മതിയാണ് ഗൗഡിയാ, മാധുര്യ സൗകുമാര്യം ചേര്‍ന്നത് പാഞ്ചാലീ”എന്ന് വൈദര്‍ഭിയെ ആചാര്യന്‍ വിഭജിക്കുന്നു. ശബ്ദാര്‍ത്ഥങ്ങള്‍ രണ്ടിലും ഗുണങ്ങള്‍ വര്‍ത്തിക്കുന്നു. ദേശസംബന്ധിയല്ല, കാവ്യധര്‍മ്മങ്ങളാണ് രീതിവൈചിത്ര്യത്തിന് കാരണം.
രുദ്രടന്‍ ‘ലാടീയ’ എന്നൊരു രീതിയെ കല്‍പിക്കുന്നുണ്ട്. ഗുണരീതിയില്‍ തമ്മിലുള്ള ബന്ധം ദണ്ഡിയും വാമനനും സ്വീകരിക്കുന്നു. ആനന്ദവര്‍ദ്ധനന്‍ രീതി സംജ്ഞക്ക് പകരം ‘സംഘടന’യെന്നാണ് പ്രയോഗിക്കുന്നത്. ഇതാകട്ടെ കവിതയുടെ ആത്മാവല്ല വ്യഞ്ജകതത്ത്വം മാത്രമാണെന്ന് പഠിച്ചറിയുന്നു. അസമാസ, മധ്യസമാസ, ദീര്‍ഷ സമാസ എന്ന് സംഘടനയെ മൂന്നായി വിഭജിക്കുകയാണ് ധ്വന്യാചാര്യന്‍.


ഭാഷാരചനയെയും തുടര്‍ന്ന് അതിന്റെ അനന്ത സാധ്യതകളെയും കാവ്യസാമാന്യമായ ചില ചിന്താധാരകളെ  മുന്‍നിര്‍ത്തി മൂല്യനിര്‍ണ്ണയം ചെയ്യുക മാത്രമാണ് രീതി സിദ്ധാന്തകാരനും രീതി വാദികളും. ഭാഷാചിന്തയുടെ അന്തര്‍വൃത്തിയൊ ആധാരശിലയൊ അവര്‍ പരിഗണിക്കാതെ പോയെന്ന് നിരൂപകമതമുണ്ട്. എന്നാല്‍ കാവ്യഭാഷയുടെ ആധുനിക ചിന്താധാരകള്‍ക്ക് രീതിസിദ്ധാന്തം തുറന്ന സൂക്ഷ്മമായ അറകള്‍ മൂല്യമേറിയതാണ്. പാശ്ചാത്യരുടെ ശൈലിയുമായി രീതിയെ ചിലര്‍ സമന്വയിക്കുന്നത് ചിന്താക്കുഴപ്പമുണ്ടാക്കും.


ഡോകൂമുള്ളി ശിവരാമന്‍

No comments:

Post a Comment