അഥ കാലേതു സമ്പ്രാപ്തേ ദേവകീ ദേവരൂപിണീ
ഗര്‍ഭം ദധാര വിധിവദ്വസുദേവേന സംഗതാ
പൂര്‍ണ്ണേ f ഥ ദശമേ മാസേ സുഷുവേ സുതമുത്തമം
രൂപാവയവസമ്പന്നം ദേവകി പ്രഥമം യദാ
വ്യാസന്‍ പറഞ്ഞു: യഥാകാലം ദേവകി ഗര്‍ഭിണിയായി. പത്തുമാസം തികഞ്ഞപ്പോള്‍ അഴകുറ്റ ഒരു ബാലന് അവള്‍ ജന്മം നല്‍കി. ആനകദുന്ദുഭി എന്ന് പേരുള്ള വാസുദേവന്‍ തന്റെ വാക്ക് പാലിക്കാനായി ദേവകിയെ വിവാഹവേളയില്‍ ഉണ്ടായ കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തി. ‘നിന്റെ ജീവന്‍ രക്ഷിക്കാനായി ഞാനന്ന് നമുക്കുണ്ടാകുന്ന മക്കളെയെല്ലാം കംസനെ ഏല്‍പ്പിച്ചു കൊള്ളാമെന്നു വാക്ക് നല്‍കിയിട്ടുണ്ട്. ദുഷ്ടനായ കംസന്‍ ഈ കുഞ്ഞിനെ കൊന്നുകളയും എന്നതില്‍ സംശയമില്ല. ശുഭമാണെങ്കിലും അല്ലെങ്കിലും നമ്മുടെ വിധിവിഹിതം അനുഭവിച്ചു തന്നെ തീരണം. ഇത് നമ്മുടെ പ്രാരാബ്ധം തന്നെയാണ്. ദൈവഹിതം മാനിക്കാതെ വയ്യല്ലോ!’
അപ്പോള്‍ ദേവകി എങ്ങിനെയെങ്കിലും കുഞ്ഞിനെ രക്ഷിക്കണം എന്നാ ഉദ്ദേശത്തോടെ പറഞ്ഞു: ’സ്വാമിന്‍, പ്രായശ്ചിത്ത കര്‍മ്മങ്ങള്‍ കൊണ്ട് അല്ലെങ്കില്‍ തപോദാനങ്ങള്‍ കൊണ്ട് പാപഫലം ഇല്ലാതാക്കാന്‍ പറ്റുമെന്നല്ലേ പറയുന്നത്? ബ്രഹ്മഹത്യാപാപം ചെയ്തവന്‍, സ്വര്‍ണ്ണമോഷ്ടാവ്, ഗുരുപത്നിയെ പ്രാപിച്ചവന്‍, മദ്യപന്‍, എന്നിവര്‍ക്കെല്ലാം പന്ത്രണ്ടു വര്‍ഷത്തെ പ്രായശ്ചിത്തം മതിയല്ലോ! യാജ്ഞവല്‍ക്യനെപ്പോലുള്ള മാമുനികള്‍ വെറും വാക്ക് പറയുമോ? എല്ലാക്കാര്യങ്ങളും നേരത്തെ വിധിച്ചിട്ടുള്ളതാണ് എന്ന് വരികില്‍ മന്ത്രവും ഔഷധവും എന്തിനാണ്? എല്ലാം വിധിക്ക് വിട്ടുകൊടുത്താല്‍ മതിയല്ലോ. എന്തിനാണ് നാം യജ്ഞാദികര്‍മ്മങ്ങളും അഗ്നിഷ്ടികളുമൊക്കെ നടത്തുന്നത്? നാമീ കേട്ടിട്ടുള്ള പ്രമാണങ്ങള്‍ എല്ലാം കള്ളമാണെന്ന് വരുമോ? പ്രമാണങ്ങള്‍ കള്ളമാണെങ്കില്‍ ധര്‍മ്മനാശം വരുമെന്ന് നിശ്ചയം. അതുകൊണ്ട് എന്റെ കുഞ്ഞിനു സൌഖ്യമണയ്ക്കാന്‍ പറ്റുന്ന എന്തെങ്കിലും നമുക്ക് ചെയ്തേ പറ്റൂ. പ്രയത്നം ചെയ്‌താല്‍ നടക്കാത്തതായി എന്തുണ്ട്? ഇനി ഇക്കാര്യത്തില്‍ അല്‍പം കള്ളം പറഞ്ഞാലും അതില്‍ ദോഷമില്ല എന്നാണു ജ്ഞാനികള്‍ പറയുന്നത്.’
വസുദേവന്‍ പറഞ്ഞു: ‘പ്രിയേ, പ്രയത്നം ചെയ്യുകതന്നെ വേണം എന്നാല്‍ ഫലം വരുന്നത് ദൈവേച്ഛപോലെ മാത്രമേ ആവൂ. മൂന്നുവിധമാണ് കര്‍മ്മങ്ങള്‍. മുന്‍പ് ചെയ്തിട്ടുള്ളവ, സഞ്ചിതം. ഇപ്പോഴുള്ളത് വര്‍ത്തമാനം, ഇനി വരാനുള്ള കര്‍മ്മങ്ങള്‍, അതായത് പ്രാരബ്ധങ്ങള്‍. ദേഹികളെയെല്ലാം ഈ ത്രിവിധ കര്‍മ്മങ്ങള്‍ ശുഭമായാലും അല്ലെങ്കിലും ബാധിക്കുന്നുണ്ട്. ഈ കര്‍മ്മങ്ങളുടെ ഫലങ്ങള്‍ ബീജരൂപത്തില്‍ പലജന്മങ്ങളിലൂടെ ജീവനെ വിടാതെ പിന്തുടരുന്നുമുണ്ട്. അങ്ങിനെ കര്‍മ്മവശഗതനായ ജീവന്‍ സ്വര്‍ഗ്ഗമോ നരകമോ ദിവ്യദേഹമോ, യാതനാ ദേഹമോ സ്വീകരിക്കുന്നു. സ്വര്‍ഗ്ഗനരകങ്ങളിലെ അനുഭവങ്ങള്‍ അവയുടെ അനുഭവകാലം കഴിയുമ്പോള്‍ അവസാനിച്ച് ജീവന്‍ പുതിയൊരു ജന്മമെടുക്കാന്‍ തയ്യാറാകുന്നു. ലിംഗദേഹം സ്വീകരിച്ചുകൊണ്ട് ജനിക്കുന്ന ജീവന്‍ സഞ്ചിതകര്‍മ്മങ്ങളില്‍ പാകം വന്നവയെ തന്റെ അനുഭവങ്ങളിലേയ്ക്ക് സഞ്ചയിപ്പിക്കുന്നു. പ്രിയേ, പ്രായശ്ചിത്തം ചെയ്ത് സഞ്ചിത-വര്‍ത്തമാന കര്‍മ്മങ്ങളെ നശിപ്പിക്കാനാവുമെങ്കിലും പ്രാരബ്ധങ്ങള്‍ അനുഭവിച്ചേ മതിയാവൂ. ഈ കുഞ്ഞിനെ കംസനു നല്‍കാതെ വയ്യ. ഞാന്‍ അസത്യവാന്‍ എന്ന ദുഷ്പേര് വരുത്താന്‍ ഇടയാക്കുകയില്ല. അനിത്യമായ ഈ സംസാരത്തില്‍ ജനനവും മരണവും കര്‍മ്മഫലസംബന്ധിയാണ്. അതിനാല്‍ ദുഖിക്കുന്നത് വെറുതെയാണ്. സത്യം വെടിഞ്ഞ മനുഷ്യനായി ജീവിക്കുന്നതില്‍ കാര്യമില്ല. അവന്റെ ജീവിതം വ്യര്‍ത്ഥം. പിന്നെ അവനു പരലോകഗതിയുണ്ടാവുമോ? കുഞ്ഞിനെ എന്റെ കയ്യില്‍ തന്നാലും. അവനുമായി ഞാന്‍ കംസന്റെ അടുത്തേയ്ക്ക് പോവുകയാണ്. സത്യം പാലിക്കുന്നതുകൊണ്ട് ശുഭം ഭവിക്കും എന്ന് നീ സമാധാനിക്കുക.’
ദേവകി നിറഞ്ഞ ദുഖത്തോടെ, വിറയ്ക്കുന്ന കൈകളോടെ കുഞ്ഞിനെ ഏല്‍പ്പിച്ചു. 'സത്യവാക്കാ'യ വസുദേവര്‍ കുഞ്ഞിനെ കംസന്റെ കൊട്ടാരത്തിലേയ്ക്ക് കൊണ്ടുപോയി. ലോകര്‍ ഇതുകണ്ട് അത്ഭുതത്തോടെ വസുദേവരുടെ സത്യനിഷ്ഠയെ വാഴ്ത്തി! വസുദേവര്‍ കുഞ്ഞിനെ കംസന്റെ കയ്യില്‍ കൊടുത്തു. കംസനും വസുദേവരുടെ സത്യസന്ധത കണ്ട് അത്ഭുതമായി. അയാള്‍ വസുദേവരെ അഭിനന്ദിച്ചു. ‘അല്ലെങ്കിലും അങ്ങ് സത്യമുള്ളവനാണെന്ന് എനിക്കറിയാമായിരുന്നു. ഈ കുഞ്ഞല്ലല്ലോ എന്റെ കാലന്‍? എട്ടാമനല്ലേ? ഇവനെ ഞാന്‍ കൊല്ലുന്നില്ല. അങ്ങ് കൊണ്ടുപോയി വളര്‍ത്തിയാലും. എട്ടാമനെ എനിക്ക് കൊണ്ടുത്തന്നാല്‍ മതി. വെറുതെ ശിശുഹത്യാപാപം വരുത്തിവയ്ക്കണ്ടല്ലോ!’ വസുദേവര്‍ കംസനോടു വിടവാങ്ങി സന്തുഷ്ടനായി തന്റെ ഭവനത്തിലേയ്ക്ക് പോയി.
അപ്പോള്‍ അവിടെ മഹാമുനിയായ നാരദന്‍ എത്തിച്ചേര്‍ന്നു. കംസന്‍ മാമുനിയെ ഉപചാരപൂര്‍വ്വം സ്വീകരിച്ചു. ആസനവും അര്‍ഘ്യവും നല്‍കി. കുശലാന്വ്യോഷണം കഴിഞ്ഞപ്പോള്‍ നാരദന്‍ പറഞ്ഞു: 'ഞാന്‍ കൈലാസത്തില്‍ പോയിരുന്നു. അവിടെയൊക്കെ ഒരു സംസാരം കേള്‍ക്കുന്നത് നിന്നെ വധിക്കാനായി സാക്ഷാല്‍ വിഷ്ണുതന്നെ ദേവകിക്ക് പുത്രനായി ജനിക്കും എന്നാണ്. കാര്യങ്ങള്‍ ഇങ്ങിനെ ആയിരിക്കെ എന്തുകൊണ്ടാണ് അങ്ങ് ആ കുട്ടിയെ വധിക്കാതെ വിട്ടു കളഞ്ഞത്?’
‘അശരീരിപ്രകാരം എട്ടാമത്തെ കുഞ്ഞല്ലേ, എന്റെ കാലനായി വരേണ്ടത്?' ഇവന്‍ ഒന്നാമനല്ലേ? എന്നായി കംസന്‍.
‘ഞാനെന്തു പറയാന്‍? ശത്രുവിനെ നിസ്സാരനായി കണക്കാക്കുന്നത് വിഡ്ഢിത്തമാണ്. ദേവന്മാര്‍ മായാവിദ്യയില്‍ കേമന്മാരല്ലേ? ദേവകീസുതന്മാര്‍ എല്ലാവരും ചേര്‍ന്ന് നിരന്നു നിന്നാല്‍ എണ്ണിവരുമ്പോള്‍ ആര്‍ക്കും എട്ടാമനാകാം. ശത്രുവിന്റെ കാപട്യം മനസ്സിലാക്കാന്‍ അറിയാത്ത നീയൊരു മൂഢന്‍ തന്നെ.’ എന്ന് കംസനെ എരികേറ്റി നാരദന്‍ കൊട്ടാരം വിട്ടു പോയി.
നാരദന്‍ പോയപ്പോള്‍ ദുഷ്ടനായ കംസന്‍ ദേവകിയുടെ കുഞ്ഞിനെ വീണ്ടും കൊട്ടാരത്തില്‍ വരുത്തി നിഷ്കരുണം ഒരു കല്ലില്‍ തലയടിച്ചു കൊലചെയ്തു. ശത്രുവാകാന്‍ സാദ്ധ്യതയുള്ള ആ ശിശുവിന്റെ മരണത്തില്‍ രാജാവ് സംതൃപ്തനായി.
പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്
No comments:
Post a Comment