ഹൈന്ദവ വിശ്വാസം അനുസരിച്ച് ഏകാദശി വൃതപ്രധാനമായ ദിവസമാണ് .ഏകാദശിയില് വിഷ്ണുപൂജ ചെയ്താൽ എല്ലാ പാപങ്ങളും നശിക്കുമെന്നും ,
ഇഹ പര ലോകങ്ങളില് സമൃദ്ധി ഉണ്ടാകുമെന്നും, മരണ ശേഷം വിഷ്ണുലോകം ലഭിക്കുമെന്നും , വിഷ്ണുപുരാണം പോലെയുള്ള പുരാണങ്ങള് സൂചിപ്പിക്കുന്നു .
3. സഫലൈകാദശി
ധനുമാസത്തിലെ കൃഷ്ണപക്ഷത്തില്‍ വരുന്ന ഏകാദശിയാണിത്. പൌഷമാസകൃഷ്ണൈകാദശി എന്നും ഈ ഏകാദശി അറിയപ്പെടുന്നു. ഈ എകാദശിയില് പുത്തന് ഫലങ്ങള് വിഷ്ണുഭഗവാന് അര്പ്പിച്ചാല് നിരവധി സദ് ഫലങ്ങള് വൃതകര്ത്താവിന് സിദ്ധിക്കും എന്നു പറപ്പെടുന്നു. ഇതിനേക്കാള് സദ് ഫലം നല്കുന്ന ഒരു യജ്ഞമോ തീര്ത്ഥയാത്രയോ ഇല്ലന്നു പറയപ്പെടുന്നു.
ഈ ഏകാദശിയുമായി ബന്ധപ്പെട്ട് ഭവിഷ്യോത്തരത്തില് പറയപ്പെടുന്ന കഥ. മാഹിഷ്മതിയിലെ രാജാവിന് ലുംബകനെന്ന ദുഷ്ടനും ദുര്വൃത്തനുമായ പുത്രനുണ്ടായിരുന്നു. കിരീടാവകാശിയാകേണ്ട മകന്റെ ദുര്നടപടികളില്‍ ദേഷ്യംവന്ന പിതാവ് അവനെ നാടുകടത്തി. നാടുകടത്തപ്പെട്ട കുമാരന് കാട്ടിലുള്ള ഒരു ആല്മരച്ചുവട്ടില് അഭയം തേടി. ദുഷ്ടനായ അയാള് രാത്രിയില് നാട്ടിലെത്തി ഭക്ഷണസാധനങ്ങള് കൊള്ളയടിച്ച് ആഹാരം കഴിച്ചു ജീവിച്ചുവന്നു.
അങ്ങനെയിരിക്കെ മകരമാസത്തിലെ മരംകോച്ചുന്ന തണുപ്പ് ലുംബകനെ വളരെ അസ്വസ്ഥനാക്കി. അതുവരെ നയിച്ച ജീവിതത്തിന്റെ നിരര്ത്ഥകതയോര്ത്ത് അയാള് ദുഖിച്ചു. ക്രമേണ അയാള് ഭഗവത് ഭക്തനായി മാറി. ഒരു ദിവസം അയാള് ദുഖിതനായി ആല്മരച്ചുവട്ടില് ഇരിക്കുമ്പോള് . "നാളെ നിരാഹാരനായി പുതിയ ഫലങ്ങള് ശേഖരിച്ച് അവ വിഷ്ണുഭഗവാന് അര്പ്പിച്ചു പൂര്ണ്ണ ഭക്തിയോടെ നിദ്രയുമുപേക്ഷിച്ചു പ്രാര്ത്ഥിച്ചാല് നിനക്ക് സല്ബുധിയും നഷ്ടപ്പെട്ടു എന്നു വിചാരിക്കുന്ന രാജ്യവും, മറ്റെല്ലാ ഐശ്വര്യങ്ങളും തിരിച്ചു ലഭിക്കുമെന്നും ഒരു അശരീരി കേട്ടു. ലുംബകന് പൂര്ണ്ണ ഭക്തിയോടെ താന് ശേഖരിച്ച ഫലങ്ങള് ഭഗവാന് സമര്പ്പിച്ചുകൊണ്ട് തന്നെ രക്ഷിക്കണമെന്ന് വീണ്ടും വീണ്ടും അപേക്ഷിച്ചുകൊണ്ട് ഉറങ്ങാതെ പ്രാര്ത്ഥനയില്‍ മുഴുകി ഇരുന്നു.
അന്ന് ഏകാദശി ആയിരുന്നു. ശ്രീഹരി ഏകാദശി ദിനത്തിലെ ആ ഭക്തന്റെ പ്രാര്ത്ഥന കേട്ട് അയാളില് സംപ്രീതനായി. ഭഗവാന്റെ അനുഗ്രഹം കൊണ്ട് അയാള് പെട്ടന്ന് അതി തേജസ്വിയായ ഒരു രാജകുമാരനായി മാറി. പെട്ടന്ന് ഒരു കുതിര അവിടെ എത്തി. ഭഗവാന്റെ ആന്തര നിര്ദ്ദേശപ്രകാരം ലുംബകന് അതിന്റെ പുറത്ത് കയറി രാജസന്നിധിയില് എത്തി അച്ഛനെ വന്ദിച്ചപ്പോള്, തന്റെ മകനില് ഉണ്ടായ മാറ്റം തിരിച്ചറിഞ്ഞ് അവനെ സഹര്ഷം സ്വാഗതം ചെയ്തു. അതിനു ശേഷം രാജാവ് മകനെ യുവരാജാവായി അഭിഷേകം ചെയ്തു. പിതാവിന്റെ മരണശേഷം ലുംബകന് വളരെ വര്ഷക്കാലം നീതിമാനായ രാജാവായി, രാജ്യം ഭരിച്ചശേഷം അന്ത്യകാലത്ത് വിഷ്ണു സായൂജ്യം പ്രാപിച്ചു.
No comments:
Post a Comment