ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, January 4, 2017

തുളസീദാസരുടെ ശ്രീരാമചന്ദ്രന്‍ - 2

തുളസിയുടെ ശ്രീരാമപ്രഭു സകല ഗുണഗണങ്ങളുടെയും നിദാനമായ പുരുഷോത്തമന്റെ മനുഷ്യരൂപമാണ്. ഭക്തര്‍ക്ക് ഭഗവാനായും ദുഷ്ടര്‍ക്ക് അന്തകനായും ആശ്രിതര്‍ക്ക് വത്സലനായും ദീനര്‍ക്ക് രക്ഷകനായും സര്‍വഹിതകാമിയും സകല ശ്രേയസ്സിന്റെയും ഇരിപ്പിടവുമാണ് രാമചന്ദ്രന്‍. വീരയോദ്ധാവും ഉത്തമമിത്രവും ജ്ഞാനിയുമാണ്. രാമദേവന്റെ സ്വഭാവ സവിശേഷതകളെ ഇത്രയേറെ ഉദാത്തീകരിച്ചു ചിത്രീകരിച്ച മറ്റൊരു രാമകഥയില്ല.

thulasidasanതുളസിയുടെ കാലം ധര്‍മച്യുതിയുടെയും ഗുരുശിഷ്യബന്ധത്തിന്റെ പതനത്തിന്റെയും കാലഘട്ടമായിരുന്നു. ഭക്തി, ഭഗവാന്‍, ഭക്തന്‍, ഗുരു ഇതു നാലും ഒന്നെന്നു കരുതുന്ന തുളസി രാമചന്ദ്രന്റെ ഗുരുഭക്തിയേയും മുനിഭക്തിയേയും വാനോളം പുകഴ്ത്തുന്നു. അതുല്യ ബലത്തിന്റെ സകലശ്രേയസ്സും ഗുരുകൃപയുടെ ചരണങ്ങളില്‍ സമര്‍പ്പിക്കുന്ന രാമന്‍ വിനയത്തിന്റെയും ശാലീനതയുടെയും സാക്ഷാദ്‌രൂപമാണ്.
ഇതാ, മഹാത്മാവാം വസിഷ്ഠമാമുനി
മദീയവംശത്തില്‍ മഹാപുരോഹിതന്‍
എനിക്ക് രാവണവധം നടത്തുവാന്‍
തുണച്ചതാചാര്യ കരുണയൊന്നത്രേ.
സനകാദി മഹര്‍ഷിമാര്‍ ദര്‍ശനം നല്‍കിയപ്പോഴും രഘുരാമന്‍ അവരെ വണങ്ങി തന്റെ കടപ്പാട് അറിയിക്കുന്നു.
അതീവ ധന്യനായ്ച്ചമഞ്ഞു ഞാനിന്നു
യതീശ്വരന്മാരെ, കൃതാര്‍ഥനായി ഞാന്‍
മഹാജനങ്ങളെന്‍ മിഴിക്കു മുന്നിലായ്
മദീയ പാപങ്ങളകന്നു സര്‍വ്വവും.
ഋഷിദര്‍ശനം പാപഹാരിയാണെന്നും ഗുരുകൃപയാണ് സകലശ്രേയസ്സിന്റെയും നിദാനമെന്നു കരുതുന്ന രാമചന്ദ്രന്‍ ഭാരതീയ ഗുരു ഭക്ത്യാദര്‍ശത്തിന്റെ മകുടോദാഹരണമാണ്.

ഉത്തമപുത്രന്‍
പ്രതിസന്ധികളെ സമചിത്തതയോടെ തരണം ചെയ്യാനുള്ള കഴിവാണ് ശ്രീരാമനെ ഉത്തമനാക്കി മാറ്റിയത്. കിരീടവും ചെങ്കോലുമണിഞ്ഞ് സിംഹാസനാരൂഢനാകേണ്ട ശുഭമുഹൂര്‍ത്തത്തില്‍ ജടാവല്‍ക്കലങ്ങളണിഞ്ഞ് സഹജഭാവത്തില്‍ ആരണ്യവാസത്തിന് പോകാന്‍ രാമന് മാത്രമേ കഴിയൂ. പിതാവാണെങ്കില്‍ മഹാദേവ! പുത്രന്‍ പോകരുതേ എന്നു പ്രാര്‍ത്ഥിക്കുന്നു. മകന്‍ അച്ഛന്‍ ആജ്ഞാപിക്കാതെതന്നെ വിമാതാവിന്റെ വാക്ക് അച്ഛന്റെ വാക്കായി സ്വയമേറ്റെടുത്ത് അച്ഛനമ്മമാരുടെ കല്‍പന പാലിക്കാന്‍ കഴിയുന്ന മകന്റെ ഭാഗ്യത്തെ പാടിപ്പുകഴ്ത്തുന്നു.

കേട്ടാലുമമ്മേ പിതാക്കള്‍
തന്‍ കല്‍പന
കേട്ടു നടക്കുന്ന നന്ദനന്‍ നന്ദനന്‍
താതമാതാക്കളെദ്ധന്യരാക്കീടുവാന്‍
ജാതനാം പുത്രന്‍ സുദുര്‍ല്ലഭം
പാരിതില്‍
(അയോധ്യാകാണ്ഡം)

രാമന്‍ അച്ഛനെ സമാധാനിപ്പിക്കാനായി കാനന ജീവിതത്തിന്റെ മേന്മകള്‍ പാടിപ്പുകഴ്ത്തുന്നു. ശോഭന കാന്താരഭൂമിയില്‍ ദിവ്യരായ മാമുനികളോട് ചേര്‍ന്നു വാഴാം. അച്ഛന്റെ മാത്രമല്ല അമ്മയുടെയും കല്‍പന പാലിച്ചു എന്ന ചരിതാര്‍ത്ഥതയും ഉണ്ട്.

അച്ഛന്റെ കല്‍പന മാത്രമല്ലമ്മത-
ന്നിച്ഛയും യോജിച്ചു
ഭാഗ്യവാനായി ഞാന്‍.
(അയോധ്യാകാണ്ഡം)

സഹോദരസ്‌നേഹം
രാമചരിതമാനസത്തിലുടനീളം രാമചന്ദ്രന്റെ സഹോദരസ്‌നേഹത്തിന്റെ തരളസ്പര്‍ശം അനുഭവപ്പെടുന്നു. മുനി വസിഷ്ഠനില്‍നിന്ന് തന്റെ രാജ്യാഭിഷേക വാര്‍ത്ത കേട്ടപ്പോള്‍ സന്തോഷത്തിന് പകരം രാമദേവന് ദുഃഖമാണുണ്ടായത്. കാരണം ഒന്നിച്ച് ജനിച്ച് ഒന്നിച്ച് കളിച്ചുവളര്‍ന്ന സഹോദരരില്‍ ഒരാളിന് മാത്രം രാജ്യമെന്നുള്ളത് അനീതിയല്ലേ എന്ന് അദ്ദേഹത്തിന് തോന്നി.

മക്കളില്‍ ജ്യേഷ്ഠനു രാജ്യം
കൊടുക്കുന്നൊ-
രിക്കുലാചാരം വെടിപ്പല്ല നിര്‍ണയം.
(അയോധ്യാകാണ്ഡം)
ലക്ഷ്മണനോടുള്ള സ്‌നേഹം പല അവസരത്തിലും പ്രത്യക്ഷമാകുന്നു. ലക്ഷ്മണന്‍ മോഹാലസ്യമാണ്ടു കിടക്കുമ്പോള്‍ പാതിരാത്രി കഴിഞ്ഞിട്ടും മരുന്നുംകൊണ്ട് ഹനുമാന്‍ എത്തിയില്ലെന്ന് വേവലാതിപൂണ്ട ശ്രീരാമന്‍ ദീനരോദനം നടത്തുന്നു.
ചിറകറ്റ ഖഗംപോലെ
മണിപോയ നാഗം പോലെ
കരമറ്റ ഗജംപോലെ
തീര്‍ന്നിതെന്‍ ജന്മം.
ഹതദൈവം നിന്നെക്കൂടാതിങ്ങു
വാഴുമെന്‍ ജീവനതിവേഗമൊടുക്കു
വാനോല്‍പതില്ലെങ്കില്‍
അരിയ തന്‍ സോദരനെ-
ദ്ദയിതയ്ക്കു വേണ്ടി കഷ്ടം
കരുതിയര്‍പ്പിച്ച പാപിയെന്ന പേരോടെ.
ഹനുമാന്‍ മരുന്നുമായി എത്തുകയും ലക്ഷ്മണന്‍ ഉണര്‍ന്നെഴുന്നേല്‍ക്കുകയും ചെയ്തപ്പോള്‍ പുഷ്‌കരാക്ഷന്‍ അതീവ സ്‌നേഹത്തോടെ അനുജനെപ്പുണര്‍ന്നു.


ഏകപത്‌നീവ്രതം
ക്ഷത്രീയര്‍ക്ക് എത്ര ഭാര്യമാരെ വേണമെങ്കിലും വരിക്കാമെന്ന കാലത്ത് ഏകപത്‌നീവ്രതത്തെ മുറുകെപ്പിടിച്ച രാജാക്കന്മാര്‍ തുലോം കുറവാണ്. വിവാഹം മുതല്‍തന്നെ രാമദേവന്‍ സീതയുടെ സുഖസൗകര്യങ്ങളെപ്പറ്റി ചിന്തിച്ചിരുന്നു, പ്രത്യേകിച്ച് കാനത്തില്‍. സീത രാമന്റെ പ്രാണന്‍ തന്നെയാണ്. പത്‌നീ വിയോഗത്തില്‍ ഉത്ക്കടദുഃഖമാണ് ശ്രീരാമനുണ്ടായത്. സീതയില്ലാത്ത ആശ്രമം രാമന് സങ്കല്‍പിക്കാന്‍ പോലും വയ്യ.
സീതയില്ലാത്തൊരാശ്രമം കാണ്‍കയാ-
ലാധി വേപിത ഗാത്രനായ് രാഘവന്‍
ഹാ! വിലാപം മുഴുകി നിന്നീടിനാന്‍
കേവലമൊരു മര്‍ത്ത്യനെപ്പോലവേ!
ഒരു ഉന്മാദിയെപ്പോലെ കാട്ടിലെ പക്ഷികളോടും മൃഗങ്ങളോടും എന്റെ ഹരിണാക്ഷിയെക്കണ്ടുവോ എന്നു തിരക്കി കണ്ണുനീര്‍ വാര്‍ക്കുന്നു. രാജസൂയ യജ്ഞ സമയത്ത് സുവര്‍ണസീതയെ പ്രതിഷ്ഠിച്ച് ഏക പത്‌നീ വ്രതത്തിന്റെ പുതിയ അധ്യായം തന്നെ രഘുവരന്‍ കൂട്ടിച്ചേര്‍ത്തു. സീതയുടെ അഗ്നിപരീക്ഷ കര്‍ത്തവ്യത്തിന്റെ പരമകാഷ്ടയെക്കുറിക്കുന്നു. ‘പരദാരേഷു മാതൃവത്’ വ്രതമനുഷ്ഠിക്കുന്ന പുരുഷരത്‌നമാണ് രാമദേവന്‍.


ഉത്തമരാജാവ്
‘രാമരാജ്യ’ സങ്കല്‍പം നമ്മുടെ സുവര്‍ണ സ്വപ്‌നമാണ്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആനന്ദത്തിന്റെയും സാക്ഷാത്കാരമാണ് രാമരാജ്യം. ഭരണനിപുണനായ ശ്രീരാമചന്ദ്രന്റെ മാഹാത്മ്യത്താല്‍ അയോധ്യയില്‍ മംഗളം വര്‍ധിച്ചു. സമസ്തലോകരും പ്രസന്നരായി വന്നു. താപങ്ങളകന്നു. ഭയം മാറി, ജനങ്ങള്‍ സദ്ഗുണസമ്പന്നരായി. സസ്യങ്ങളും ഫലമൂലാദികളും വര്‍ധിച്ചു. നദികളില്‍ നിര്‍മലജലം നിറഞ്ഞു. സാഗരത്തില്‍ മുത്തുകള്‍ പെരുകി. മേഘങ്ങള്‍ നിരന്തരം വര്‍ഷിച്ചു.
അകാലമൃത്യുവില്ലവര്‍ക്കൊരാധിയി-
ല്ലരോഗഗാത്രരായ്ച്ചമഞ്ഞു സര്‍വരും.
പ്രജാഹിതം നിലനിര്‍ത്തി പ്രജകള്‍ക്കായി ജീവിച്ചു ശ്രീരാമചന്ദ്രന്‍.
ചുരുക്കത്തില്‍ തുളസിയുടെ ശ്രീരാമപ്രഭു സകല ഗുണഗണങ്ങളുടെയും നിദാനമായ പുരുഷോത്തമന്റെ മനുഷ്യരൂപമാണ്. ഭക്തര്‍ക്ക് ഭഗവാനായും ദുഷ്ടര്‍ക്ക് അന്തകനായും ആശ്രിതര്‍ക്ക് വത്സലനായും ദീനര്‍ക്ക് രക്ഷകനായും സര്‍വഹിതകാമിയും സകല ശ്രേയസ്സിന്റെയും ഇരിപ്പിടവുമാണ് രാമചന്ദ്രന്‍. വീരയോദ്ധാവും ഉത്തമമിത്രവും ജ്ഞാനിയുമാണ്. രാമദേവന്റെ സ്വഭാവ സവിശേഷതകളെ ഇത്രയേറെ ഉദാത്തീകരിച്ചു ചിത്രീകരിച്ച മറ്റൊരു രാമകഥയില്ല.
സീത രാമമയ് സബ്ജഗ് ജാനി
കരതു പ്രണാമ് ജോരി ജൂഗ് പാണി.
ലോകം മുഴുവന്‍ സീതാരാമമയമായിക്കണ്ട ഭക്തവരേണ്യന് രാമചന്ദ്ര പ്രഭു സാക്ഷാത് പരബ്രഹ്മം തന്നെയാണ്.

(ഉദ്ധരണികള്‍ വെണ്ണിക്കുളം ഗോപാലക്കുറുപ്പിന്റെ വിവര്‍ത്തനത്തില്‍നിന്ന്)

No comments:

Post a Comment