ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, January 10, 2017

നിമിവംശവര്‍ണ്ണന – ഭാഗവതം (206)


യസ്യ യോഗം ന വാഞ്ഛന്തി വിയോഗഭയകാതരാഃ
ഭജന്തി ചരണാംഭോജം മുനയോ ഹരിമേധസഃ (9-13-9)
ദേഹം നാവരുരുത്സേഽഹം ദുഃഖശോകഭയാവഹം
സര്‍വ്വത്രാസ്യ യതോ മൃത്യുര്മ്മത്സ്യാനാമുദകേ യഥാ (9-13-10)


ശുകമുനി തുടര്‍ന്നുഃ

ഇക്ഷ്വാകുവിന്റെ മകനായിരുന്നു രാജാവായ നിമി. ഒരു യാഗം തുടങ്ങി വച്ചിട്ട്‌ അതില്‍ പങ്കെടുക്കാന്‍ രാജാവ്‌ വസിഷ്ഠമുനിയെ ക്ഷണിച്ചു. ഇന്ദ്രന്റെ ക്ഷണപ്രകാരം മറ്റൊരു യാഗത്തില്‍ പങ്കെടുക്കേണ്ടതുണ്ടെന്നും അതുകഴിഞ്ഞ്‌ നിമിയുടെ യാഗശാലയിലേക്ക്‌ വന്നുകൊളളാമെന്നം മുനി പറഞ്ഞു. എന്നാല്‍ മറ്റു പുരോഹിതന്‍മാരെവച്ച്‌ രാജാവ്‌ യാഗം തുടര്‍ന്നു. നിമി യാഗകര്‍മ്മങ്ങള്‍ക്ക്‌ വലിയ വില കല്‍പ്പിച്ചിരുന്നില്ല. കാരണം ലോകത്തിലെ എല്ലാം ക്ഷണികങ്ങളാണെന്ന് അദ്ദേഹത്തിന്‌ അറിയാമായിരുന്നു. വസിഷ്ഠന്‍ തിരിച്ചുവന്നപ്പോള്‍ യാഗം തുടര്‍ന്നതറിഞ്ഞു കോപിഷ്ഠനായി. അദ്ദേഹത്തിനെ വ്യക്തിപരമായി നിന്ദിച്ചതായി കരുതുകയും ചെയ്തു. മുനി രാജാവിനെ ശപിച്ചു. “നിനക്ക്‌ എല്ലാം അറിയാമെന്ന ഭാവമുണ്ട്‌. എങ്കിലും നീ മരിച്ചു വീഴും.” രാജാവും മുനിയെ അപ്രകാരം ശപിച്ചു. അങ്ങനെ വസിഷ്ഠന്‌ ഉര്‍വശിയുടേയും മിത്രവരുണന്‍മാരുടേയും പുത്രനായി ജനിക്കേണ്ടതായി വന്നു.


പുരോഹിതരായ ബ്രാഹ്മണര്‍ നിമിയുടെ ശരീരം തൈലമിട്ടു വച്ച്‌ യാഗസന്നിഹിതരായ ദേവന്‍മാരോട്‌ നിമിയുടെ ജീവന്‍ തിരിച്ചു കിട്ടാന്‍ പ്രാര്‍ത്ഥിച്ചു. എന്നാല്‍ ജീവന്‍ മുഴുവന്‍ നഷ്ടപ്പെട്ടിട്ടില്ലാത്ത നിമി ഇപ്രകാരം പറഞ്ഞു. “എന്റെ ശരീരത്തിന്‌ ജീവന്‍ തിരിച്ചു കിട്ടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാനീ ശരീരത്തെ ഒരു തടവറയായി കരുതുന്നു. ഒരു ജ്ഞാനിയും ഒരു ശരീരത്തില്‍ത്തന്നെ നിവസിക്കാന്‍ ആഗ്രഹിക്കുകയില്ല. കാരണം അവര്‍ക്ക്‌ മരണഭയം സദാ ഇല്ല തന്നെ. വിജ്ഞാനിയായ ഏതൊരുവനും ഭഗവാന്റെ താമരപ്പാദങ്ങളെ പൂജിക്കാനാണ്‌ ആഗ്രഹിക്കുന്നുത്‌. എന്റെ ശരീരം തൈലമിട്ട്‌ പുനരുദ്ധരിപ്പിക്കാന്‍ എനിക്കാഗ്രഹമില്ല. കാരണം ഈ ശരീരമാണല്ലോ ദുരിതങ്ങള്‍ക്കും ഭയത്തിനും ദുഃഖത്തിനും കാരണം. ദേവന്‍മാര്‍ അപ്പോള്‍ ഇങ്ങനെ അനുഗ്രഹിച്ചു. “ശരീരമില്ലാതെ തന്നെ നീ എല്ലാവരുടെയും കണ്ണുകള്‍ക്കുള്ളില്‍ വസിച്ചാലും.”(കണ്ണിന്റെ അടയ്ക്കലും തുറക്കലും നിമിയാണ്‌ ചെയ്യുന്നത്‌).


പിന്നീട്‌ പുരോഹിതര്‍ നിമിയുടെ ശരീരം കടഞ്ഞ് അതില്‍നിന്നു്‌ ജീവനുളള ഒരു കോശം വേര്‍തിരിച്ചെടുത്തു.അത്‌ മറ്റൊരു മനുഷ്യജീവിയായി വളരാന്‍ കെല്‍പ്പുളള ഒന്നായിരുന്നു. അതാണ്‌ നിമിപുത്രനായ ജനകന്‍. ഒരു പുതിയ രാജകുലം ജനകനാല്‍ തുടങ്ങി വച്ചു. അദ്ദേഹം ശരീരമില്ലാത്ത ഒരാളുടെ മകനായിരുന്നുതിനാല്‍ വൈദേഹന്‍ എന്നറിയപ്പെട്ടു. (വിദേഹന്റെ പുത്രന്‍). മിഥിലന്‍ എന്നും അദ്ദേഹത്തിന്‌ പേരുണ്ട്‌.(കടഞ്ഞെടുത്തവന്‍ എന്ന അര്‍ത്ഥത്തില്‍). മിഥിലാപുരി നിര്‍മ്മിച്ചതദ്ദേഹമത്രെ.
പരീക്ഷിത്തേ, ഈ രാജപരമ്പരയില്‍ പലേ രാജര്‍ഷികളും ഉണ്ടായിരുന്നു. അവരെല്ലാം വിജ്ഞാനത്തിന്റെ പരമോന്നതപദവികള്‍ നേടിയവരായിരുന്നു. യാജ്ഞവല്‍ക്യന്‍ തുടങ്ങിയ മുനിവര്യന്‍മാരുടെ സത്സംഗം കൊണ്ടാണീ രാജാക്കന്‍മാര്‍ ആത്മനിഷ്ഠരായിത്തീര്‍ന്നത്‌. അവരെല്ലാം ജീവിതത്തിന്റെ ദ്വന്ദ്വഭാവങ്ങളെ ജയിച്ചവരായിരുന്നു. ഗൃഹസ്ഥരായി ജീവിക്കുകയായിരുന്നുവെങ്കിലും അവര്‍ സുഖദുഃഖങ്ങളെ തുല്യമായി കരുതി.


കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം

No comments:

Post a Comment