ഭഗവാനോട് സമരസപ്പെടല്‍
ചന്ദനം പൃഥ്വീതത്വവും, പുഷ്പം ആകാശതത്വവും, ധൂപം വായു തത്വവും, ദീപം അഗ്നിതത്വവും, തീര്‍ത്ഥം ജലതത്വവുമാണ്. തീര്‍ത്ഥം വലതുകൈകൊണ്ട് ഭക്തിപൂര്‍വം സ്വീകരിച്ച് കിഴക്കോട്ടുനോക്കി സേവിക്കണം. നമുക്ക് ഊര്‍ജം തരുന്നതാണ് തീര്‍ത്ഥം സേവിക്കല്‍. ചന്ദനം വലതുകൈകൊണ്ട് വാങ്ങി നെറ്റിയില്‍ ധരിക്കണം. ഇത് ശക്തിയെ വര്‍ധിപ്പിക്കുന്നു. പൂവ് ആകാശതത്വ പ്രതീകമാകയാല്‍ ഇത് വാങ്ങി ശിരസ്സില്‍ ധരിക്കണം.
ഗണപതി ഒഴികെയുള്ള ഉപദേവന്മാരെയെല്ലാം പുറത്തെ ബലിവട്ടത്തിലായിരിക്കും പ്രതിഷ്ഠിച്ചിരിക്കുന്നത്. ബലിവട്ടം വഴി പ്രദക്ഷിണം ചെയ്ത് എല്ലാ ഉപദേവന്മാരെയും ഓരോരുത്തരെയായി തൊഴുത് പ്രദക്ഷിണം ചെയ്ത് താഴികക്കുടവും കണ്ടു തൊഴുതിട്ടുവേണം അകത്തേയ്ക്ക് പ്രവേശിക്കാന്‍. ആദ്യം കാണുന്നത് വലിയ ബലിക്കല്ല്. ഇവിടെയാണ് ക്ഷേത്രത്തിലെത്തുന്ന ഭക്തന്‍ നമസ്‌കാരം നടത്തേണ്ടത്. ഈശ്വരദര്‍ശനത്തിന് തടസ്സം നില്‍ക്കുന്ന കാമക്രോധ ലോഭമോഹ മദ മാത്സര്യാദി വികാരങ്ങളെ ഇവിടെ ബലി നല്‍കുമ്പോള്‍ താനെന്നും തന്റേതെന്നുമുള്ള എല്ലാ വിചാരങ്ങളും ഇല്ലാതാകുന്നു. പുരുഷന് സാഷ്ടാംഗ നമസ്‌കാരവും സ്ത്രീക്ക് പഞ്ചാംഗന നമസ്‌ക്കാരവും (മുട്ടുകുത്തിയിരുന്ന് കൈപ്പടം കുത്തി നെറ്റി നിലത്ത് സ്പര്‍ശിക്കണം) ആണ് വിധി. നമസ്‌കരിക്കുമ്പോള്‍ കാലുകള്‍ ഒരിക്കലും സൂര്യനുനേരെ വരരുത്. അതിനുശേഷം ബലിക്കല്ലിന് ഇടതുവശംവഴി അകത്തേക്ക് കടക്കണം. തൊഴുതിറങ്ങുന്നത് വലതുവശം വഴി ആയിരിക്കണം.
ബലിക്കല്‍പ്പുരയില്‍ നിന്ന് നാലമ്പലത്തിലെ വിളക്കുമാടം കടന്ന് ഇരുവശവും മണ്ഡപങ്ങളുള്ള സ്ഥലത്തുകൂടി അകത്തേക്ക് കടക്കുന്നു. ഇത് ദേവന്റെ കരകമലങ്ങളാണ്. നാലമ്പലത്തിന് പുറത്തുള്ള വിളക്കുകളിലെ ദീപം ദര്‍ശിച്ച് അഗ്നിശുദ്ധിയായി ആണ് ശ്രീകോവിലന് മുന്‍പില്‍ എത്തേണ്ടത്.
ശ്രീകോവിലിന് മുന്നിലായി ആദ്യം കാണുന്ന മണ്ഡപം ഭഗവാന്റെ കണ്ഠമാണ്. പുരോഹിതന്മാര്‍ ഇവിടെയിരുന്നാണ് വേദമന്ത്രങ്ങള്‍ ജപിക്കുന്നത്. കലശപൂജ മുതലായ ദേവചൈതന്യം വര്‍ധിപ്പിക്കുന്ന ക്രിയകള്‍ എല്ലാം ഇവിടെയിരുന്നാണ് നടത്തുന്നത്. ഈ മണ്ഡപത്തില്‍ സ്പര്‍ശിച്ചുനിന്ന് ഭക്തജനങ്ങള്‍ക്കും ഭഗവാനെ കണ്ടുകൊണ്ട് പ്രാര്‍ത്ഥിക്കാം. ശിവക്ഷേത്രത്തിലാണെങ്കില്‍ ഋഷഭവാഹനം ഈ മണ്ഡപത്തില്‍ പ്രതിഷ്ഠിച്ചിരിക്കും. നന്ദി എല്ലായ്‌പ്പോഴും മഹാദേവനുമായി സംവദിച്ചുകൊണ്ടിരിക്കും. നമുക്ക് പറയാനുള്ള കാര്യങ്ങള്‍ നന്ദിയോട് പറയാം.
ഇനി നാം എത്തുന്ന സ്ഥലം സോപാനത്തിനരികിലാണ്. ഇത് ശ്രീകോവിലിലേക്കുള്ള ചവിട്ടുപടിയാണ്. സോപാനത്തിനരികില്‍ നിന്ന് ദേവനെ നോക്കി തൊഴണം. വശങ്ങളില്‍നിന്നെ തൊഴാന്‍ പാടുള്ളൂ. തൊഴുന്ന സമയത്ത് കൈരണ്ടും കൂപ്പി ഹൃദയത്തില്‍ ചേര്‍ത്ത് താമരമൊട്ടുപോലെ ഇരിക്കണം. ദര്‍ശനസമയത്ത് സ്ത്രീകളുടെ ഹൃദയം തെക്കോട്ടായും പുരുഷന്മാരുടെ ഹൃദയം വടക്കോട്ടായും തിരിഞ്ഞിരിക്കണം. ദേവീദേവന്മാരെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പ്രസിദ്ധകീര്‍ത്തനമായ അഷ്ടപദി-സോപാനസംഗീതം-ഇവിടെ നിന്നാണ് ആലപിക്കുന്നത്. നാം ഭഗവാനു സമര്‍പ്പിക്കുന്ന ഉപഹാരങ്ങളെല്ലാം ഏറ്റവും മുകളിലത്തെ പടിയില്‍ വേണം വയ്‌ക്കേണ്ടത്. നാം കാണുവാനാഗ്രഹിച്ചു വന്ന ഭഗവാന്റെ മുഖം കണ്‍നിറയെ കണ്ട് മനസ്സും കണ്ണും നിറയ്ക്കണം.
പ്രധാന ദേവതയെ തൊഴുതശേഷം ഇടതുഭാഗത്തുകൂടി പ്രദക്ഷിണം വയ്ക്കുമ്പോള്‍ ഗണപതിയെ കാണാം. ഗണപതിക്ക് ഏത്തമിടല്‍ ആണ് തൊഴീല്‍. വലതുകൈ ഇടതുകൈയുടെ മുന്നിലൂടെ പിടിച്ച് രണ്ടുവിരലിന്റെയും നടുവിരലും ചൂണ്ടുവിരലും ചെവിയെ സ്പര്‍ശിക്കണം. എന്നിട്ട് ഇരിക്കുകയും കുനിയുകയും എഴുന്നേല്‍ക്കുകയും വേണം. ഒറ്റ സംഖ്യയില്‍ ആണ് ഇതു ചെയ്യുന്നത്. വിഘ്‌നേശ്വരന്റെ മുന്നില്‍ സമസ്താപരാധം പറഞ്ഞ് എല്ലാ വിഘ്‌നങ്ങളും മാറി ഭക്തനില്‍ അമൃതവര്‍ഷം ചൊരിയണം എന്നാണ് സങ്കല്‍പം.
പ്രദക്ഷിണം
പ്രദക്ഷിണം ചെയ്യുന്നത് ദേവനെ വലത്താക്കിക്കൊണ്ടാണ്. പ്രദക്ഷിണവഴിയിലൂടെ ബലിക്കല്ലുകള്‍ക്ക് പുറമെയാണ് പ്രദക്ഷിണം ചെയ്യേണ്ടത്. ഭക്തന് ദേവസന്നിധിയിലെത്താന്‍ മൂന്നുലോകങ്ങളും (സ്വര്‍ഗം, ഭൂമി, പാതാളം) ചുറ്റണം. അതുകൊണ്ടാണ് ക്ഷേത്രത്തില്‍ കുറഞ്ഞത് മൂന്ന് പ്രദക്ഷിണമെങ്കിലും ചെയ്യണം എന്നുപറയുന്നത്. ഇന്ദ്രാദി ദിക്പാലകന്മാര്‍, സപ്തമാതൃക്കള്‍ എല്ലാവരെയും കൂടെയാണ് നാം പ്രദക്ഷിണം ചെയ്യുന്നത്. ഇവരെ എല്ലാവരെയും സ്മരിച്ച് കൈകള്‍ വീശാതെ കാലുകള്‍ നീട്ടി വയ്ക്കാതെ സാവധാനത്തില്‍ തിരുനാമം ജപിച്ചുവേണം പ്രദക്ഷിണം.
ഗണപതിക്ക് ഒന്നും സൂര്യന് രണ്ടും ശിവന് മൂന്നും, ദേവിക്കും വിഷ്ണുവിനും നാലും, ഭൂതനാഥന് അഞ്ചും, സുബ്രഹ്മണ്യന് ആറും, ആലിന് ഏഴും പ്രദക്ഷിണം ഉത്തമം. ശിവക്ഷേത്രത്തില്‍ ആദ്യം മണ്ഡപത്തിലിരിക്കുന്ന നന്ദിയെ തൊഴുത് ഓവുവരെ മുക്കാല്‍ ഭാഗം പ്രദക്ഷിണം ചെയ്ത് ഭഗവാന്റെ ശിരസിലുള്ള ഗംഗാമാതാവിനെയും ചന്ദ്രനെയും കണ്ടുതൊഴുത് തിരിച്ച് ശ്രീകോവിലിന് ചേര്‍ന്ന് പ്രദക്ഷിണം ചെയ്ത് മുന്‍ഭാഗത്തുവന്ന് ഭഗവാനെ തൊഴുത് ബാക്കി കാല്‍ഭാഗം പ്രദക്ഷിണം പൂര്‍ത്തിയാക്കി നടയ്ക്കുനേരെ വരുന്നതാണ് ഒരു പ്രദക്ഷിണം. രാവിലത്തെ പ്രദക്ഷിണം രോഗശമനം, ഉച്ചയ്ക്ക് ആഗ്രഹസാധ്യം, വൈകുന്നേരം സര്‍വപാപപരിഹാരം, രാത്രി മോക്ഷം ഫലം. പുരുഷന് ശയനപ്രദക്ഷിണവും സ്ത്രീകള്‍ക്ക് അടിപ്രദക്ഷിണവും ഫലപ്രദം.
വഴിപാട്
ശരിയായ അര്‍ത്ഥത്തില്‍ ഒരുതരം ആരാധനതന്നെയാണിത്. പൂജയുടെതന്നെ ഭാഗമായ വഴിപാട് ഭക്തനെ പൂജയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ഉപാധികൂടിയാണ്. ഭക്തിസാന്ദ്രമായ മനസ്സ് ദേവനില്‍ കേന്ദ്രീകരിച്ചുകൊണ്ട് നിരന്തരം പ്രാര്‍ത്ഥിച്ച് നടത്തുന്ന വഴിപാടുകള്‍ക്ക് പൂര്‍ണഫലം കിട്ടും.
വെറുതെ പ്രാര്‍ത്ഥിച്ചുകൊണ്ട് കിട്ടുന്നതിന്റെ നൂറിരട്ടിഫലം വഴിപാടു കഴിച്ചുകൊണ്ടു പ്രാര്‍ത്ഥിച്ചാല്‍ കിട്ടുമെന്ന് ആചാര്യമതം. ഗുരു, ദേവന്‍, ബാലന്‍ ഇവരെ കാണാന്‍ വെറുംകൈയോടെ പോകരുത്, യഥാശക്തി ഉപഹാരങ്ങള്‍ കൊടുക്കണം. ഭഗവദ്ഗീതയില്‍ ഭഗവാന്‍ പറയുന്നത് പുഷ്പം, ഫലം, തോയം ഇവ ഏതെങ്കിലും മതി. കൊടുക്കുന്നത് ഭക്തിയോടെയുള്ള സമര്‍പ്പണമായിരിക്കണം എന്നാണ്. എന്തും നമുക്ക് കിട്ടുമ്പോള്‍ ഇത് നമുക്ക് ലഭിച്ചതെങ്ങനെയാണ്. ഇതിനു കാരണക്കാരനായ പ്രപഞ്ചശക്തി ആരാണ് എന്നുള്ള സ്മരണ നമുക്ക് വേണം. ഇന്നതു കിട്ടിയാല്‍ ഇന്നതു കൊടുക്കാം എന്നുള്ള നമ്മുടെ ചിന്ത മാറണം.
ഭഗവാന് കൊടുക്കാനുള്ളത് കൊടുക്കുക നമുക്ക് വേണ്ടതൊക്കെ ഭഗവാന്‍ തന്നിട്ടുണ്ട് എന്നായിരിക്കണം ചിന്ത. ശ്രീനാരായണ ഗുരുദേവന്റെ ‘ദൈവദശക’ത്തില്‍ ഭഗവാന്‍ ആരാണ് എന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. ഈ പ്രപഞ്ചത്തിലുള്ളതെല്ലാം ദൈവസൃഷ്ടിയാണ്. എല്ലാവരെയും കാത്തുരക്ഷിക്കുന്നത് ദൈവമാണ്. ദൈവത്തിന് കഴിഞ്ഞിട്ടുള്ളതേ നമുക്ക് വേണ്ടൂ എന്നായിരിക്കണം ഓരോ ഭക്തന്റെയും ചിന്ത. നമുക്ക് വിധിച്ചിട്ടുള്ള ഓരോ കര്‍മവും ഭഗവത് സ്മരണയോടുകൂടി ചെയ്താല്‍ ഒരു പരിഭ്രമവും ഉണ്ടാവുകയില്ല.
എല്ലാത്തിലും ആനന്ദം അനുഭവിക്കാം. ഭഗവാനോട് നാം സമരസപ്പെട്ടാല്‍ ഭഗവാന്‍ നമ്മോടും സമരസപ്പെടും. ക്ഷേത്രത്തിലെ ഓരോ ആരാധനാ സമ്പ്രദായങ്ങള്‍ക്കും, (പൂജ, വാദ്യമേളങ്ങള്‍, ശംഖ്‌നാദം, മണിനാദം, അഷ്ടപദി) ബീജമന്ത്രസ്പന്ദനം ഉണ്ടാവുന്നു. അത് ഭഗവാനിലേക്കും അവിടെനിന്ന് ഭക്തനിലേക്കും പ്രതിധ്വനിക്കുന്നു. നിവേദ്യസമയത്ത് ഭക്തജനങ്ങള്‍ ക്ഷേത്രത്തിന് വെളിയിലിറങ്ങണം. ആ സമയം ദര്‍ശനം നടത്താന്‍ പാടില്ല.
പ്രസാദ സ്വീകാര്യം
ആരാധന കഴിഞ്ഞ ദീപം രണ്ടുകൈകളും ചേര്‍ത്തുഴിഞ്ഞ് കണ്ണുകള്‍ക്ക് സമീപം പുരികങ്ങള്‍ക്ക് മധ്യേ ചേര്‍ത്തുപിടിക്കണം. ക്ഷേത്രത്തിലെ എല്ലാ പ്രസാദത്തിലും പഞ്ചഭൂതാത്മകത്വം ദര്‍ശിച്ചുവേണം സ്വീകരിക്കുവാന്‍. ചന്ദനം പൃഥ്വീതത്വവും, പുഷ്പം ആകാശതത്വവും, ധൂപം വായു തത്വവും, ദീപം അഗ്നിതത്വവും, തീര്‍ത്ഥം ജലതത്വവുമാണ്. തീര്‍ത്ഥം വലതുകൈകൊണ്ട് ഭക്തിപൂര്‍വം സ്വീകരിച്ച് കിഴക്കോട്ടുനോക്കി സേവിക്കണം.
നമുക്ക് ഊര്‍ജം തരുന്നതാണ് തീര്‍ത്ഥം സേവിക്കല്‍. ചന്ദനം വലതുകൈകൊണ്ട് വാങ്ങി നെറ്റിയില്‍ ധരിക്കണം. ഇത് ശക്തിയെ വര്‍ധിപ്പിക്കുന്നു. പൂവ് ആകാശതത്വ പ്രതീകമാകയാല്‍ ഇത് വാങ്ങി ശിരസ്സില്‍ ധരിക്കണം. അര്‍ച്ചകന്‍ മന്ത്രം ജപിച്ച് ഭഗവാന് സമര്‍പ്പിക്കുന്നതിനാല്‍ പ്രസാദം എന്നുപറയുന്നു. സര്‍വസമര്‍പ്പണമായ ഭഗവദ് നിവേദ്യം യജ്ഞശിഷ്ടം തന്നെയാണ്.
സര്‍വപാപത്തില്‍നിന്നും മുക്തിലഭിക്കുന്ന പ്രസാദം സ്വീകരിച്ചശേഷം പുറത്തേക്കിറങ്ങി നടയ്ക്കല്‍ അല്‍പ്പസമയം ഇരുന്ന് ധ്യാനിച്ച് ഐശ്വര്യമായി പുറത്തുപോയി ജീവിതവിജയം കൈവരിക്കുക എന്നതാണ് ക്ഷേത്രദര്‍ശന ലക്ഷ്യം.
No comments:
Post a Comment