ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, January 12, 2017

അന്ധകാരവിനാശിത്വാത് - ഗുരുവരം - 12


ഒ.വി. ഉഷ

നമുക്ക് ജീവിക്കാന്‍ ഒരു ഗുരുവിന്റെ ആവശ്യമുണ്ടോ? ഒരു തെലുങ്കുബാലനില്‍ ലോകഗുരുവിന്റെ ലക്ഷണങ്ങള്‍ കണ്ട് തിയോസൊഫിക്കല്‍ സൊസൈറ്റിക്കാരായ ആനി ബെസന്റും ലെഡ് ബീറ്ററും അവനെ ദത്തെടുത്ത് വിദ്യാഭ്യാസം നല്‍കി ധ്യാനമുറകള്‍ പരിശീലിപ്പിച്ച് വളര്‍ത്തി. യുവാവായപ്പോള്‍ താന്‍ ലോകഗുരുവല്ല എന്നുപറഞ്ഞു ആ കുട്ടി. പില്‍ക്കാലത്ത് സുപ്രസിദ്ധചിന്തകനായി ജനസഞ്ചയങ്ങളെ ആകര്‍ഷിച്ച ജിദ്ദു കൃഷ്ണമൂര്‍ത്തിയായിരുന്നു അത്. അവനവന്റെ വഴി സ്വയം കണ്ടെത്തുക എന്ന സന്ദേശമാണ് അദ്ദേഹം നല്‍കിയത്.


ഉയര്‍ന്ന മാനസികതലങ്ങളുള്ള വ്യക്തികളെ സംബന്ധിച്ചിടത്തോളം ഇത് പ്രസക്തമാണ്. അവര്‍ക്ക് സ്വയം വഴികള്‍ കണ്ടെത്താന്‍ സാധ്യമായിരിക്കാം. പൊതുവെ അതത്ര എളുപ്പമല്ല. പ്രകൃതിയോട് പൂര്‍ണമായി ഇണങ്ങി ജീവിക്കുന്ന ജീവികുലമായിരുന്നതിനാല്‍ ഒരുപക്ഷെ നമുക്ക് ആരുടെയും ആവശ്യമില്ലായിരുന്നിരിക്കാം. പക്ഷിമൃഗാദികളെ ശ്രദ്ധിച്ചാല്‍ നമുക്കതു മനസ്സിലാകും. പ്രകൃതി അവര്‍ക്കായി കൊടുത്തിട്ടുള്ള നിയമങ്ങള്‍ അനുസരിച്ച് അവര്‍ ജനിച്ച് ജീവിച്ച് മരിക്കുന്നു.
മനുഷ്യന്റെ കാര്യം കൂടുതല്‍ സങ്കീര്‍ണ്ണമാണ്.


‘പ്രതിജനഭിന്ന വിചിത്രമാര്‍ഗ്ഗമാം’ എന്നാണ് കവി മനുഷ്യജീവിതത്തെ വിശേഷിപ്പിക്കുന്നത്. ഓരോ മനുഷ്യനും ഓരോ കര്‍മ്മഗതി. ഈ വൈവിധ്യത്തില്‍ ഭിന്നിച്ചു ഭിന്നിച്ചു പോകുന്ന അവസ്ഥയാണ് നമ്മുടേത്. കുടുംബം, ജാതി, മതം, വര്‍ഗ്ഗം, വര്‍ണം, രാഷ്ട്രീയം, പ്രാദേശികത എന്നിങ്ങനെ പല ഘടകങ്ങളുടെയും സ്വാധീനത്തില്‍, ‘എന്റേത്’ എന്ന തോന്നലില്‍, നാം ഒരുമിക്കുന്നുണ്ടെങ്കിലും തങ്ങളെപ്പോലുള്ള മറ്റു കൂട്ടങ്ങളില്‍ നിന്ന് ഭിന്നിക്കാനുള്ള ഉപാധികളായി അവയെയും നാം മാറ്റുന്നു.


നാം അറിയുന്ന ചരിത്രവും സമകാലിക ലോകരംഗവും നമ്മെ മനസ്സിലാക്കിത്തരുന്നത് അതാണല്ലോ. എന്തിന്, പുരാണങ്ങളും ഇതിഹാസങ്ങളും ഉടനീളം സംഘര്‍ഷങ്ങളുടെ ഗാഥകളാണല്ലോ. ഈ ഭിന്നിപ്പുകളെ മെരുക്കാന്‍, സംഘര്‍ഷങ്ങള്‍ക്ക് പരിഹാരങ്ങള്‍ കണ്ടെത്താന്‍ നമ്മെ ഒടുവില്‍ സഹായിക്കുന്നത് ഗുരുക്കന്മാര്‍ തന്നിട്ടുള്ള സാംസ്‌കാരികമൂല്യങ്ങളാണ്. പലപ്പോഴും മറന്നുപോകുന്ന, കൈവിട്ടുകളയുന്ന ഈ മൂല്യങ്ങളെത്തന്നെയാണ് നാം ഒടുവില്‍ ഓര്‍ക്കുക, ആശ്രയിക്കുക. നമ്മുടെ നീതിയും ന്യായവും ഒക്കെ അവയില്‍ നിന്ന് പുറപ്പെട്ടിട്ടുള്ളതാണ്.


അതായത് നമ്മുടെ അറിവില്ലായ്മയുടെയും അതുഹേതുവായി ഉണ്ടാകുന്ന അഹങ്കാരത്തിന്റെയും അന്ധകാരം അകറ്റാന്‍ വെളിച്ചമാകുന്നത് ഗുരുക്കന്മാരുടെ വാക്കുകളാണ്. അവയില്‍ നിക്ഷിപ്തമായ ഈശ്വരേച്ഛയുടെ ശാശ്വതമൂല്യങ്ങളാണ്. ‘അന്ധകാരവിനാശിത്വാത് ഗുരുരിത്യഭിധീയതേ’ (അറിവുകേടിന്റെ) ഇരുട്ടിനെ നശിപ്പിക്കാനുള്ള കഴിവിനാല്‍, ഗുരുവിനെ (അറിവിന്റെ) വെളിച്ചം എന്നു വിളിക്കപ്പെടുന്നു എന്നാണ് ഗുരുഗീത പറയുന്നത്.




No comments:

Post a Comment