ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, January 13, 2017

പ്രപഞ്ചം എന്ന അഖണ്ഡബോധം (ഭാഗം -01 )



സമുദ്രത്തിലെ ഒരു തുള്ളി ജലത്തിന്റെ സ്വഭാവവും ഘടനയും അതുപോലെ വൃഷ്ടിയിലെ മനസ്സിന്റെ സ്വഭാവവും ഘടനയും എന്തായിരിക്കുമോ അതുതന്നെയായിരിക്കും സമഷ്ടിയിലും മനസ്സിന്റെ സ്വഭാവവും ഘടനയും എന്ന് തീരുമാനിക്കുന്നതില്‍ യുക്തിഭംഗം ഉണ്ടാവില്ല.

ലോകജീവിതം എന്നുകരുതപ്പെടുന്ന ജാഗ്രദ്‌സ്വപ്‌നസുഷുപ്ത്യവസ്ഥകളടങ്ങിയ  അവസ്ഥാത്രയവും അതില്‍ നാനാത്വവും ദ്യോതിപ്പിച്ചുകൊണ്ട് പൊന്തിക്കാണപ്പെടുന്ന സ്ഥൂലഭാവത്തിലുള്ള നാമരൂപങ്ങളടങ്ങിയ പ്രപഞ്ചവും കര്‍തൃഭോക്തൃഭാവങ്ങളോടുകൂടി അതില്‍ വിലസുന്ന ഈ ഞാനും യഥാര്‍ത്ഥത്തില്‍ ഇവിടെ സംഭവിച്ചിട്ടില്ലെന്നും ഇവ മൂന്നും ഒരു പ്രതിഭാസമെന്നനിലയിലാണ് അനുഭവപ്പെടുന്നതെന്നുമുള്ള സംഗതി ശ്രുതിയുക്ത്യനുഭവങ്ങളെന്ന പ്രമാണത്തിന്റെ വെളിച്ചത്തില്‍ ജാഗ്രദ്‌സ്വപ്‌നസുഷുപ്ത്യവസ്ഥകളിലെ അനുഭവങ്ങളെ തമ്മില്‍ താരതമ്യപ്പെടുത്തിയും ശാസ്ത്രീയമായി വിശകലനം ചെയ്തും പരിശോധിക്കുമ്പോള്‍ മുമുക്ഷുവിന് സ്വയം ബോധ്യമാകും.


ജാഗ്രത്‌സ്വപ്‌നസുഷുപ്ത്യവസ്ഥകളില്‍ യഥാക്രമം സ്ഥൂലസൂക്ഷ്മ കാരണഭാവങ്ങളില്‍ വര്‍ത്തിച്ചിരുന്നത് ഈ ഞാന്‍ തന്നെയാണെന്നതില്‍ സംശയമില്ല. ജാഗ്രദവസ്ഥയിലും സ്വപ്‌നാവസ്ഥയിലും യഥാക്രമം സ്ഥൂലസൂക്ഷ്മഭാവങ്ങളില്‍ ഈ ഞാന്‍ തന്റെ സാന്നിദ്ധ്യം പ്രകടമായിത്തന്നെ സ്വയം അനുഭവിക്കുന്നു. സുക്ഷുപ്ത്യവസ്ഥയില്‍ ഈ ഞാന്‍ കാരണഭാവത്തിലായതുകൊണ്ട് തന്റെ സാന്നിദ്ധ്യം സ്വയം അനുഭവിക്കുന്നില്ല. അതേസമയം ഈ ഞാന്‍ അപ്പോള്‍ സ്വയം ഇല്ലെന്ന് അനുഭവിക്കുന്നുമില്ല. ഇതില്‍നിന്ന് അനുഭവദശകങ്ങളായ ജാഗ്രത്‌സ്വപ്‌ന സുഷുപ്താവസ്ഥകളില്‍ ഈ ഞാന്‍ ഉണ്ടെന്നോ ഇല്ലെന്നോ പറയാന്‍ വയ്യാത്ത ഒരു നിലയിലാണ് വര്‍ത്തിക്കുന്നതെന്ന് പറയേണ്ടിവരുന്നു. ഉള്ളതാണെന്ന് പറയണമെങ്കില്‍ അനുഭവദശകള്‍ മൂന്നിലും മാറ്റമില്ലാതെ ഈ ഞാന്‍ ഒരുപോലെ എപ്പോഴും അനുഭവപ്പെടണമായിരുന്നു.


അതുപോലെ ഇല്ലാത്തതാണെന്ന് പറയണമെങ്കില്‍ മൂന്ന് അനുഭവദശകളിലും ഞാനില്ല എന്ന് ഈ ഞാന്‍ സ്വയം അനുഭവിക്കുകയോ ജാഗ്രദാവസ്ഥയില്‍ വീണ്ടും പ്രവേശിക്കാതിരിക്കുകയോ ചെയ്യണമായിരുന്നു. ഒന്നുമറിയുന്നില്ല എന്നതാണ് സുഷുപ്തിയില്‍ ഈ ഞാനിന്റെ അനുഭവം. അതുകൊണ്ടാണല്ലോ സുഷുപ്ത്യവസ്ഥയില്‍ നിന്ന് ജാഗ്രദവസ്ഥയിലേക്ക് മടങ്ങിവരുന്ന ഈ ഞാന്‍ സുഖമായി ഉറങ്ങി, ഒന്നുമറിഞ്ഞില്ല എന്നുപറയുന്നതുതന്നെ. ഇപ്പറഞ്ഞതില്‍ നിന്നും ഉണ്ടെന്നോ ഇല്ലെന്നോ തീര്‍ച്ചപ്പെടുത്താന്‍ വയ്യാത്ത ഒന്നാണ് ഈ ഞാന്‍ എന്ന് വെളിപ്പെടുന്നു. ഇങ്ങനെ ഉണ്ടെന്നോ ഇല്ലെന്നോ തീര്‍ച്ചപ്പെടുത്താന്‍ വയ്യാത്ത ഒന്നിനെ ശാസ്ത്രം പ്രതിഭാസം എന്ന പദം മുഖേനയാണ് വിശേഷിപ്പിക്കുന്നത്. അപ്പോള്‍ ശാസ്ത്രത്തിന്റെ ദൃഷ്ടിയില്‍ ഞാന്‍ ഒരു പ്രതിഭാസമാണ്.


പ്രപഞ്ചം എന്നത് അനുഭവമാണ്. നാമരൂപങ്ങളെന്ന നിലയില്‍ വന്നു ഭവിച്ചിട്ടുള്ള സ്ഥൂലപദാര്‍ത്ഥങ്ങളുടെ പൊന്തിനില്‍പ്പോ അവ തമ്മിലുള്ള വ്യവഹരിക്കലോ അല്ല പ്രപഞ്ചം. സ്ഥൂലപദാര്‍ത്ഥങ്ങളിലൊന്നുപോലും യഥാര്‍ത്ഥത്തില്‍ ഇവിടെ പൊന്തിനില്‍ക്കുന്നില്ല. ഈ സ്ഥൂലശരീരമുള്‍പ്പെടെയുള്ള കോടാനുകോടി ബ്രഹ്മാണ്ഡങ്ങളൊന്നും തന്നെ ഇവിടെ യഥാര്‍ത്ഥത്തില്‍ സ്ഥിതി ചെയ്യുന്നില്ല എന്ന് സൂക്ഷ്മമായ ശാസ്ത്രവിചാരത്തിലൂടെ തെളിയുന്നതാണ്. പ്രപഞ്ചം ഉണ്ടെന്ന് ഈ ഞാന്‍ അനുഭവിക്കുന്നത് ജാഗ്രദവസ്ഥയിലും സ്വപ്‌നാവസ്ഥയിലുമാണ്. അനുഭവമെന്ന നിലയില്‍ ജാഗ്രദാനുഭവങ്ങളും സ്വപ്‌നാനുഭവങ്ങളും തുല്യമാണ്. മാത്രവുമല്ല സ്വപ്‌നവേളയില്‍ സ്വപ്‌നം ജാഗ്രദാനുഭവമെന്ന ലോകാനുഭവമായിട്ടുതന്നെയാണ് ഈ ഞാന്‍ അനുഭവിച്ചത്.


നിദ്രയില്‍നിന്നുണര്‍ന്നപ്പോഴാണ് അനുഭവമെല്ലാം സ്വപ്‌നമായിരുന്നുവെന്നും അങ്ങനെ അതെല്ലാം ഒരു തോന്നലായിരുന്നുവെന്നും വെളിപ്പെടുന്നത്. സുക്ഷുപ്ത്യവസ്ഥയില്‍ ഒന്നുമറിയുന്നില്ല എന്ന നിലയില്‍ ഈ ഞാന്‍ എവിടെയോ ചെന്നു മറഞ്ഞുവര്‍ത്തിക്കുന്നു. പ്രസ്തുത അറിയായ്മയില്‍നിന്നുമാണ് ഈ ഞാന്‍ ജാഗ്രദവസ്ഥയിലേക്ക് വീണ്ടും പ്രവേശിക്കുന്നത്. സുഷുപ്ത്യവസ്ഥയില്‍ എവിടെയോ മറഞ്ഞുവര്‍ത്തിച്ചിരുന്നത് കാരണം ഈ ഞാന്‍ പ്രപഞ്ചത്തെ അനുഭവിക്കുന്നുമില്ല. അവസ്ഥാത്രയത്തിലെ മേല്‍പ്പറഞ്ഞ അനുഭവവിശേഷങ്ങളില്‍നിന്ന് പ്രപഞ്ചമെന്നത് അനുഭവമാണെന്നും സ്ഥൂലപദാര്‍ത്ഥങ്ങളുടെ പൊന്തിനില്‍പ്പോ അവ തമ്മിലുള്ള വ്യവഹരിക്കലോ അല്ല പ്രപഞ്ചമെന്നും തെളിയുന്നു.


അങ്ങനെയാണെങ്കില്‍ സ്ഥൂലഭാവത്തില്‍ നാനാത്വം ദ്യോതിപ്പിച്ചുകൊണ്ട് എണ്ണമറ്റ നാമരൂപങ്ങള്‍ ഇപ്രകാരം പൊന്തിക്കാണപ്പെടുന്നതിന്റെ രഹസ്യമെന്ത്? ഇക്കാര്യമന്വേഷിക്കേണ്ടതുണ്ട്. ഇതിനെയാണ് വേദാന്തത്തില്‍ സത്യാന്വേഷണം എന്നുപറയുന്നത്. പ്രപഞ്ചം എന്നത് അനുഭവമാണെന്ന് തെളിയുന്ന സ്ഥിതിക്ക് അനുഭവദശകളായ ജാഗ്രത്‌സ്വപ്‌ന സുഷുപ്ത്യവസ്ഥകളിലെ അനുഭവങ്ങളെ വിശകലനം ചെയ്തുവേണം സത്യാന്വേഷണം ആരംഭിക്കാന്‍. സ്ഥൂലഭാവത്തില്‍ കാണപ്പെടുന്ന ഈ ശരീരവും (ദൃശ്യം, ഭോഗ്യം) ഈ ശരീരം മുഖേന അനുഭവപ്പെടുന്ന സാപേക്ഷാനുഭവങ്ങളെന്ന പ്രപഞ്ചാനുഭവവും (ദര്‍ശനം, ഭോഗം) ഈ ശരീരത്തില്‍ വര്‍ത്തിച്ചുകൊണ്ട് ലോകാനുഭവത്തില്‍ മുഴുകുന്ന ഈ ഞാനും (ദര്‍ശകന്‍, ഭോക്താവ്) എന്ത്? എങ്ങനെ? എന്തിന്? എന്നീ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാന്‍ ബാധ്യസ്ഥനാണ്. എന്നാല്‍ ബഹിര്‍മുഖമായി ഈ വിഷയത്തില്‍ നടത്തുന്ന വിചാരങ്ങള്‍ ഫലപ്രദമല്ല. അതുകൊണ്ട് ക്രാന്തദര്‍ശികളായ ഭാരതത്തിലെ ഋഷിമാര്‍ മേല്‍പ്പറഞ്ഞ മൂന്നു ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്തുന്നതിന് അന്തര്‍മുഖമായി ശ്രമമാരംഭിക്കുകയും വിജയം കണ്ടെത്തുകയും ചെയ്തു. സത്യാന്വേഷണത്തിനുതകുന്ന വിചാരധാര ഇപ്രകാരം അന്തര്‍മുഖമായി ഭവിക്കണമെന്നതിന്റെ ആവശ്യകതയെ സംബന്ധിച്ച് കഠോപനിഷത്തില്‍ യമധര്‍മന്‍ ഉപദേശരൂപേണ നചികേതസ്സിനോട് പറയുന്നുമുണ്ട്.


ഉറങ്ങാന്‍ കിടന്നത് ഈ ഞാന്‍ ആയിരുന്നു. അതായത് ഉറങ്ങാന്‍ കിടന്നപ്പോള്‍ ഈ സ്ഥൂലശരീരത്തില്‍ മനസ്സ് എന്ന ഈ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സൂക്ഷ്മമായി വിചാരം ചെയ്താല്‍ നിദ്രയായും നിദ്രയില്‍നിന്നും ഉദ്ഭവിച്ച സ്വപ്‌നാനുഭവങ്ങളായും മാറിയത് ഈ ഞാന്‍ തന്നെയായിരുന്നുവെന്നു തെളിയും. മനസ്സിന്റെ (ഈ ഞാന്‍) സ്വഭാവവും ഘടനയുമാണ് ഇപ്രകാരം നിദ്രയായും സ്വപ്‌നാനുഭവങ്ങളായും ദ്യോതിക്കപ്പെടുന്നതെന്ന് അറിയേണ്ടതാണ്. ഈ ഞാനാകുന്ന മനസ്സ് നിദ്രയെന്ന അറിയായ്മയായി മാറി സ്വപ്‌നാവസ്ഥയെയും ഭോഗ്യം, ഭോഗം, ഭോക്താവ് എന്നീ ത്രിപുടിയുള്ള സ്വപ്‌നാനുഭവങ്ങളെയും തന്നില്‍ത്തന്നെ സൃഷ്ടിച്ച് അതില്‍ മുഴുകിക്കഴിയുന്നു. സ്വപ്‌നവേളയില്‍ സ്വപ്‌നാനുഭവം ജാഗ്രത്തിലെ ലോകാനുഭവം എന്ന നിലയില്‍ത്തന്നെയാണനുഭവപ്പെടുന്നത്. സ്വപ്‌നാഭിമാനിയായി വര്‍ത്തിക്കുന്നതും ജാഗ്രത്തില്‍ ജാഗ്രദഭിമാനിയായി വര്‍ത്തിച്ചതും ഒരേ ഈ ഞാന്‍ ആയതുകൊണ്ടാണ് സ്വപ്‌നജാഗ്രത്തിലെ ലോകാനുഭവത്തിന് തുല്യമായി അനുഭവപ്പെട്ടതെന്ന കാര്യം സൂക്ഷ്മവിചാരത്തിലൂടെ ബോധ്യപ്പെടും.


നിശ്ചേഷ്ടമായി ഉറങ്ങിക്കിടന്ന സ്ഥൂലശരീരത്തിന്റെ ഇടപെടലില്ലാതെയാണ് സ്വപ്‌നാനുഭവങ്ങള്‍ ജാഗ്രത്തിലേതിന് തുല്യമായി അരങ്ങേറുന്നത്. അങ്ങനെയാണെങ്കില്‍ ഞാനെന്ന ഈ മനസ്സ് മനുഷ്യലോകാനുഭവമെന്ന അനുഭവമണ്ഡലത്തിന് യോജിച്ച വിധം സ്വയംപെരുകി ഉപകരണമെന്ന നിലയില്‍ ഈ സ്ഥൂലഭാവത്തിലുള്ള ശരീരമായി വന്നുഭവിച്ചിട്ടുള്ളതാണെന്ന് യുക്തിപൂര്‍വം വിചാരം ചെയ്തു തീരുമാനിക്കുകയും വേണം. അതായത് ഈ ശരീരമെന്ന വൃഷ്ടി മനസ്സിനെ സംബന്ധിച്ചിടത്തോളം ജാഗ്രദവസ്ഥയും ജാഗ്രദനുഭവങ്ങളെന്ന ലോകാനുഭവവും അറിയായ്മ മൂലം സംഭവിക്കുന്നതാണെന്നര്‍ത്ഥം. സ്വപ്‌നത്തിലെ ഞാനിന്റെ അനുഭവം ജാഗ്രത്തിലെ ഞാനിന്റെതിന് തുല്യമായി അനുഭവപ്പെടുന്നതിനാല്‍ ജാഗ്രത്തിലെ ഈ ഞാനും ജാഗ്രദനുഭവങ്ങളും ഒരു തോന്നല്‍തന്നെയെന്ന് യുക്തിവിചാരം ചെയ്ത് ധൈര്യപൂര്‍വം അംഗീകരിക്കുക തന്നെ വേണം. ഇതില്‍നിന്ന് ജാഗ്രത്തിലെ ലോകാനുഭവങ്ങളുടെ ഭുക്തിക്കുവേണ്ടി മനസ്സ് സ്വയം ഭ്രമാത്മകമായി ഒരു ശരീരമെന്ന നിലയില്‍ പെരുകി ഭവിച്ചിട്ടുള്ളതാണെന്നും നിശ്ചയിക്കാം.


സ്വപ്‌നാവസ്ഥയും സ്വപ്‌നത്തിലെ സൂക്ഷ്മപ്രപഞ്ചവും അതിലെ അനുഭവഭുക്തിയും ഈ ശരീരത്തിലൊതുങ്ങുന്ന വൃഷ്ടി മനസ്സിന്റെ സൃഷ്ടിയാണെന്ന് തെളിയുന്നതുകൊണ്ടും സ്വപ്‌നാനുഭവം സ്വപ്‌നവേളയില്‍ ജാഗ്രത്തിലെ ലോകാനുഭവമെന്ന നിലയില്‍തന്നെയാണനുഭവപ്പെടുന്നതെന്നതിന്റെ അടിസ്ഥാനത്തില്‍ ശാസ്ത്രീയമായി വിചാരം ചെയ്താല്‍ ജാഗ്രദവസ്ഥയും ജാഗ്രത്തില്‍ നാമരൂപങ്ങളുടെ സ്ഥൂലഭാവത്തിലുള്ള പൊന്തിനില്‍പ്പിലൂടെ അനുഭവപ്പെടുന്ന സ്ഥൂലപ്രപഞ്ചവും അതിലെ അനുഭവഭുക്തിയും മനസ്സിന്റെ തന്നെ സമഷ്ടിയിലെ സൃഷ്ടിയാണെന്ന് തെളിയും.


സമുദ്രത്തിലെ ഒരു തുള്ളി ജലത്തിന്റെ സ്വഭാവവും ഘടനയും അതുപോലെ വൃഷ്ടിയിലെ മനസ്സിന്റെ സ്വഭാവവും ഘടനയും എന്തായിരിക്കുമോ അതുതന്നെയായിരിക്കും സമഷ്ടിയിലും മനസ്സിന്റെ സ്വഭാവവും ഘടനയും എന്ന് തീരുമാനിക്കുന്നതില്‍ യുക്തിഭംഗം ഉണ്ടാവില്ല. മനസ്സിന്റെ തന്നെ സങ്കല്‍പ്പിക്കലിന്റെ സ്വഭാവവും അത് ദാര്‍ഢ്യപ്പെടുത്തുന്നതിന്റെ തോതും അനുസരിച്ച് നാമരൂപങ്ങള്‍ വ്യത്യസ്ത ആകൃതിയിലും പ്രകൃതിയിലും ഭ്രമാത്മകമായി സ്ഥൂലഭാവത്തില്‍ പൊന്തിക്കാണപ്പെടുന്നു എന്നുകൂടി യുക്തിപൂര്‍വം വിചാരിക്കേണ്ടതാണ്.


ഇപ്രകാരം പ്രത്യക്ഷീഭവിക്കുന്ന നാമരൂപങ്ങളെ വിവര്‍ത്തനം എന്ന പദംകൊണ്ടാണ് ശാസ്ത്രത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. അധിഷ്ഠാനത്തിന് ഒരു കളങ്കവും വരുത്താതെയും സ്വന്തമായി വസ്തുസത്തയില്ലെങ്കിലും അപ്രകാരം ഉണ്ടെന്ന് തോന്നിച്ചുകൊണ്ടും അധിഷ്ഠാനത്തില്‍ പൊന്തുന്നരൂപങ്ങളെയാണ് വിവര്‍ത്തനങ്ങളെന്ന് വേദാന്തത്തില്‍ പറയുന്നത്.


അഡ്വ. വി.ആര്‍.സി.പിള്ള

No comments:

Post a Comment