അമൃതഗീത എന്ന ദര്‍ശനം ഭഗവദ്ഗീതയിലെ 12-ാമദ്ധ്യാത്തില്‍പ്പെട്ടതാണ്ഉത്തരേന്ത്യന്‍ സങ്കല്‍പം മലയാളികള്‍ക്ക് അത്ര പരിചയമില്ലാത്തതാണ്. 12- അദ്ധ്യായം 13-മുതല്‍ 20-വരെയുള്ള ശ്ലോകങ്ങളാണ് അമൃതഗീത എന്നപേരില്‍ അറിയപ്പെടുന്നത്. യഥാര്‍ത്ഥ ഭക്തലക്ഷണങ്ങളാണ് ഈ ശ്ലോകങ്ങളില്‍ക്കൂടി ഭഗവാന്‍ വെളിപ്പെടുത്തിത്തരുന്നത്.
അദ്വേഷ്ടാ സര്‍വ്വഭൂതാനാം
മൈത്രഃ കരുണ ഏവ ച
നിര്‍മ്മമോ നിരഹങ്കാരഃ
സമദുഃഖസുഖക്ഷമീ-(13)
സന്തുഷ്ട സതതം യോഗീ
യതാത്മാ ദൃഢനിശ്ചയഃ
മയ്യര്‍പ്പിതമനോബുദ്ധിര്‍-
യോ മദ്ഭക്തഃ സ മേ പ്രിയഃ -(14)
അര്‍ത്ഥം: (13) ഒരു പ്രാണിയോടും വിദ്വേഷം പ്രകടിപ്പിക്കാത്തവന്‍, അവയോട് യഥാര്‍ത്ഥത്തിലുള്ള മിത്രഭാവവും കരുണയും കാട്ടുന്നവന്‍, ഞാനെന്നും എന്റേതെന്നും ഭാവമില്ലാത്തവന്‍, സുഖദുഃഖങ്ങളില്‍ (ഏതു തരത്തിലുമുള്ള ഉപദ്രവങ്ങളെയും ദോഷങ്ങളെയും) ക്ഷമിക്കുന്നവന്‍, (14) എപ്പോഴും സന്തോഷത്തോടുകൂടിയവന്‍, എന്നോട് ചേരുവാന്‍ ഇച്ഛിക്കുന്നവന്‍, മനസ്സാ വാചാ കര്‍മ്മണായുള്ള എല്ലാ കര്‍മ്മങ്ങളെയും ഒതുക്കിയവന്‍, സുദൃഢമായ, അചഞ്ചലമായ നിശ്ചയമുള്ളവന്‍, മനസ്സും ബുദ്ധിയും എന്നില്‍ അര്‍പ്പിച്ചവന്‍ ഇങ്ങനെയുള്ള എന്റെ ഭക്തന്‍ എനിക്ക് പ്രിയനാകുന്നു.
യസ്മാന്നോദ്വിജതെ ലോകോ ലോകാന്നോദ്വിജതെ ച യഃ
ഹര്‍ഷാമര്‍ഷ ഭയോദ്വേഗൈര്‍
മുക്തോ യഃ സ ച മേ പ്രിയഃ-(15)
അര്‍ത്ഥം: ആരില്‍നിന്ന് ലോകത്തിന് മനഃക്ഷോഭമുണ്ടാകുന്നില്ലയോ, ആര്‍ക്ക് ലോകത്തുനിന്നും മനഃക്ഷോഭമുണ്ടാകുന്നില്ലയോ, ആര്‍ അത്യാഹ്ലാദം, പ്രതികാരബുദ്ധി, ഭയം മനശ്ചാഞ്ചല്യം ഇതുകളില്‍നിന്ന് മുക്തനാകുന്നുവോ അവന്‍ എനിക്ക് പ്രിയനാകുന്നു.
അനപേക്ഷ ശുചിര്‍ദക്ഷ
ഉദാസീനോ ഗതവ്യഥഃ
സര്‍വ്വാരംഭപരിത്യാഗീ
യോ മദ്ഭക്തഃ സ മേ പ്രിയഃ-(16)
അര്‍ത്ഥം: ഒന്നിലും ഒരപേക്ഷയുമില്ലാത്തവന്‍, നിര്‍മ്മലന്‍, സമര്‍ത്ഥന്‍, ഒന്നിലും പ്രത്യേക താല്‍പര്യമില്ലാത്തവന്‍, കുലുക്കം ഇല്ലാത്തവന്‍, ഒരു പ്രവര്‍ത്തനത്തിനും സ്വേച്ഛയാ മുന്‍കൈയെടുക്കാത്തവന്‍ ഇങ്ങനെ യാതൊരു ഭക്തന്‍ ഉണ്ടോ അവന്‍ എനിക്ക് പ്രിയനാകുന്നു.
യോ ന ഹൃഷ്യതി ന ദ്വേഷ്ടി
ന ശോചതി ന കാംക്ഷതി
ശുഭാശുഭപരിത്യാഗീ
ഭക്തിമാന്‍ യഃ സ മേ പ്രിയഃ-(17)
അര്‍ത്ഥം:ആര്‍ക്ക് ഒന്നിലും പ്രഹര്‍ഷമോ (അതിസന്തോഷം) ദ്വേഷമോ തോന്നുന്നില്ലയോ, ആര്‍ക്ക് ഒന്നിലും ശോകമോ കാംക്ഷയോ ഇല്ലയോ, ആര്‍ ശുഭമെന്നും അശുഭമെന്നുമുള്ള ഭേദം പരിത്യജിച്ചിരിക്കുന്നവോ (എല്ലാം സമമായ് ദര്‍ശിക്കുന്നുവോ) ആ ഭക്തന്‍ എനിക്ക് പ്രിയന്‍ ആകുന്നു.
സമഃ ശത്രൗ ച മിത്രേ ച
തഥാ മാനാപമാനയോഃ
ശീതോഷ്ണ സുഖദുഃഖേഷു
സമഃ സംഗവിവര്‍ജ്ജിതഃ-(18)
തുല്യനിന്ദാസ്തുതിര്‍മൗനീ
സന്തുഷ്‌ടോ യേനകേനചിത്
അനികേതഃ സ്ഥിരമതിര്‍
ഭക്തിമാന്‍ മേ പ്രിയോ നരഃ- (19)
അര്‍ത്ഥം:- (18) ശത്രുവിലും മിത്രത്തിലും അതുപോലെ മാനത്തിലും അപമാനത്തിലും സമബുദ്ധിയായ്, ശീതം, ഉഷ്ണം, സുഖം, ദുഃഖം എന്നീ ദ്വന്ദ്വങ്ങളിലും സമഭാവനനായി, ഒന്നിലും സംഗമില്ലാത്തവനായി, (19) സ്തുതിയും നിന്ദയും തുല്യമാക്കിവച്ചവനായി, വാക്ക് അടക്കിയവനായി, ദൈവഗത്യാ ലഭിച്ചത് ഏതോ അതില്‍ സന്തുഷ്ടനായി, വാസത്തിന് സുഖസ്ഥാനം വേണമെന്നോ അങ്ങനെയൊന്ന് തനിക്കുണ്ടെന്നോ ഭാവമില്ലാത്തവനായി, ഭക്തിയോടുകൂടിയ മനുഷ്യന്‍ എനിക്ക് പ്രിയനാകുന്നു.
യേ തു ധര്‍മ്മ്യാമൃതമിദം
യഥോക്തം പര്യുപാസതെ
ശ്രദ്ധധാനാ മത്പരമാ
ഭക്താസ്‌തേƒതീവ മേ പ്രിയാഃ-(20)
അര്‍ത്ഥം: എന്നെത്തനെ പരമഗതിയാക്കി നിശ്ചയിച്ചിട്ടുള്ള യാതൊരു ഭക്തന്മാര്‍ ഇപ്പറഞ്ഞ ധര്‍മ്മാനുസാരിയും അമൃതസമാനവുമായ വാക്യങ്ങളെ ശ്രദ്ധവച്ചും ഉപദേശിച്ച വിധവും അനുസരിക്കുന്നുവോ അവര്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവരാകുന്നു.
‘ധര്‍മ്മ്യാമൃതമിദം’ ധര്‍മ്മനുസാരിയും അമൃതസമാനവുമായ എന്നു ഭഗവാന്‍ തന്റെ വാക്കുകളെക്കുറിച്ച് പ്രത്യേകം പറഞ്ഞതുകൊണ്ടും അവ അമൃതമയമായതുകൊണ്ടുമാണ് ഭഗവാന്റെ ഈ വാക്കുകള്‍ക്ക് അമൃതഗീത എന്ന് പണ്ഡിതലോകം പേരിട്ടത്. അമൃതഗീതയോടുകൂടി ഭക്തിയോഗം എന്ന അദ്ധ്യായം അവസാനിക്കുന്നു. (അര്‍ത്ഥം: ചിന്മയാനന്ദജിയോട് കടപ്പാട്).
No comments:
Post a Comment