അമൃതവാണി
മക്കളേ, ഈശ്വരന്‍ നിങ്ങളില്‍ത്തന്നെയുണ്ട്. പക്ഷേ നിങ്ങളിലിരിക്കുന്ന വജ്രക്കല്ല് പത്തു പൈസക്കുവേണ്ടി നിങ്ങള്‍ വില്‍ക്കുകയാണ്. കപ്പലണ്ടി മിഠായിക്കാരനെ കാണുമ്പോള്‍ കൊതിമൂലം ആ വജ്രക്കല്ലുകൊടുത്തിട്ടാണ് നിങ്ങളത് വാങ്ങിച്ചു കഴിക്കുന്നത്. വജ്രം നിങ്ങളില്‍ ഇരിക്കുന്നു. അതുംകൊണ്ട് യാചിക്കാനിറങ്ങല്ലെ മക്കളേ.
ആകാശത്തിലിരിക്കുന്ന ഒരീശ്വരനെക്കുറിച്ചോ, പാതാളത്തിലിരിക്കുന്ന ദേവിയെക്കുറിച്ചോ അല്ല അമ്മ പറയുന്നത്. എല്ലാവരിലും ഈശ്വരനുണ്ട്. നിങ്ങളിലുമുണ്ട്. പക്ഷേ നിങ്ങള്‍ ആ ചൈതന്യത്തെ നാനാരീതിയില്‍ ദുര്‍വിനിയോഗപ്പെടുത്തുകയാണ്. നിങ്ങള്‍ ഇന്ന് സീറോ വാട്ടിന്റെ ബള്‍ബാണെങ്കില്‍, തപസ്സിലൂടെ അതിനെ പതിനായിരത്തിന്റേതാക്കി മാറ്റുവാന്‍ കഴിയും. ഒരു സാധാരണക്കാരന്‍ രണ്ടുപേരെ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യുമെങ്കില്‍, നിങ്ങള്‍ക്ക് കോടിപ്പേരെ സ്‌നേഹിക്കാനും സേവിക്കാനും കഴിയും. നിങ്ങളുടെ ശക്തിക്ക് യാതൊരു കുറവും വരില്ല. അതിനാല്‍ നിങ്ങളിലുള്ള ശക്തിയെ ഊര്‍ദ്ധ്വമുഖമാക്കി നിങ്ങള്‍ നിങ്ങളിലേക്കിറങ്ങിത്തിരിക്കൂ.
ഇന്നത്തെ സമൂഹം നശിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചും യുവാക്കള്‍. ചെറുപ്പക്കാരായ നിങ്ങള്‍ വേണം ലോകസേവനത്തിനുവേണ്ടി ഇറങ്ങിത്തിരിക്കുവാന്‍. നിങ്ങള്‍ വിചാരിച്ചാലേ സമൂഹത്തെ കുറച്ചെങ്കിലും നന്നാക്കുവാന്‍ പറ്റുകയുള്ളൂ. അതിനാല്‍, സേവനത്തിനാഗ്രഹിക്കുന്നുവെങ്കില്‍, ജനങ്ങളോട് കരുണയുണ്ടെങ്കില്‍, ലോകത്തോട് സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ ധീരതയോടുകൂടി മുന്നോട്ട് വരണം. ഈശ്വരന് ഒന്നും കൊടുക്കേണ്ട. ഈശ്വരനാകുന്ന കുടയുടെ കീഴില്‍ ജനങ്ങളെ വെയിലുകൊള്ളിക്കാതെ നിര്‍ത്തുക; അതാണ് വേണ്ടത്. അതാണ് നമ്മുടെ കര്‍ത്തവ്യം.
ഒരു ഗ്രാമത്തില്‍ നല്ലവരായ രണ്ടു വ്യക്തികളുണ്ടായാല്‍ മതി, കുറെപ്പേരെ മാറ്റിയെടുക്കുവാന്‍ കഴിയും. ഇന്നത്തെ രണ്ടു തലമുറകളും നശിച്ചുകൊണ്ടാണിരിക്കുന്നത്. യുവാക്കള്‍ കള്ളിനും കഞ്ചാവിനും സ്ത്രീക്കും അടിമകളായി സ്വയം തകര്‍ന്നുകൊണ്ടിരിക്കുന്നു.
No comments:
Post a Comment