ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, January 8, 2017

യോഗം ശീലിച്ച് ഭ്രഷ്ടനായ യോഗിയുടെ ഗതി (6-42) - ഗീതാദര്‍ശനം


ഗീതാദര്‍ശനം
സ്വല്‍പകാലം യോഗ പരിശീലനം നേടിയ യോഗിഭ്രഷ്ടനായി മരണമടഞ്ഞാല്‍, പരിശുദ്ധവും ധനസമ്പന്നവുമായ കുടുംബത്തില്‍ ജനിച്ച് പൂര്‍വജന്മത്തില്‍ തുടങ്ങിവച്ച ധ്യാനയോഗക്രമം തുടരാന്‍ സാധ്യതയുണ്ട്. നേരെ മറിച്ചും സംഭവിക്കാമെന്നു പറഞ്ഞു. വിഷയഭോഗവാസന ആ യോഗിയുടെ ഹൃദയത്തില്‍ മുളച്ച് വളര്‍ന്ന്, യോഗചര്യ തുടരാന്‍ കഴിയാത്ത അവസ്ഥ വന്നുചേര്‍ന്നേക്കാം.

വളരെക്കാലം യോഗം പരിശീലിക്കുകയും വിഷയസുഖം അനുഭവിക്കാനുള്ള ആഗ്രഹം നശിക്കുകയും പരോക്ഷജ്ഞാനം നേടുകയും ചെയ്ത യോഗി മരണാനന്തരം പരമ്പരയാ ബുദ്ധിമാന്മാരായ, ഭഗവാനില്‍ മാത്രം ബുദ്ധിയെ പ്രവര്‍ത്തിപ്പിക്കുന്നവരായയോഗികള്‍ ജനിച്ച കുടുംബത്തില്‍ മാത്രമേ ജനിക്കുകയുള്ളൂ.

ആ യോഗിയുടെ പൂര്‍വികര്‍ ഗൃഹസ്ഥന്മാരായിരിക്കുമെങ്കിലും ധനസമ്പാദനത്തിനുവേണ്ടി പ്രയത്‌നിക്കുന്നവരല്ലോ. ജീവിതനിര്‍വഹണത്തിനുവേണ്ടി മാത്രം ആരെങ്കിലും എന്തെങ്കിലും കൊടുത്താല്‍ സ്വീകരിക്കും. കൂടുതല്‍ നേടുന്നവര്‍ കള്ളന്മാരാണ്, എന്ന് അവര്‍ കരുതുന്നു. ഈ മാതിരി ജ്ഞാനവും യോഗവും കൈമുതലായുള്ള കുടുംബത്തില്‍ ജനിക്കാനുള്ള ഭാഗ്യം ലഭിക്കുക എന്നത് വളരെ ദുര്‍ലഭമാണ് എന്ന് ഭഗവാന്‍ പറയുന്നു.


യോഗഭ്രഷ്ടന്റെ പൂര്‍വജന്മസ്മൃതി (6-43)
ഈ ലോകത്തില്‍ ലക്ഷക്കണക്കിനോ കോടിക്കണക്കിനോ ഗൃഹസ്ഥന്മാരുണ്ട്. ജ്ഞാനവും വിജ്ഞാനവും നേടി, ഭഗവദാരാധനാ രൂപത്തില്‍ കര്‍മങ്ങള്‍ ചെയ്ത് ഭഗവാന്റെ സന്തോഷത്തിന് പാത്രീഭൂതരാകുന്നവര്‍ അവരില്‍ ഒന്നോ രണ്ടോ പേര്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. അവരുടെ കുടുംബത്തില്‍ യോഗഭ്രഷ്ടന്മാര്‍ ജനിക്കുന്നു.
ആ യോഗഭ്രഷ്ടന്മാര്‍ക്ക്, കഴിഞ്ഞ ജന്മത്തിലെ യോഗാനുഷ്ഠാനം പൂര്‍ത്തിയായില്ലെങ്കിലും അനുഷ്ഠിച്ച യോഗചര്യയുടെ പ്രഭാവത്താല്‍ ജ്ഞാനവും ഭക്തിയും ഉണരുന്നു. ഉറക്കമുണര്‍ന്ന വ്യക്തിയെപ്പോലെ യോഗാനുഷ്ഠാനത്തില്‍ മുഴുകുകയും ചെയ്യുന്നു. ജ്ഞാനിയും ഭക്തനുമായ അച്ഛനും കുടുംബാംഗങ്ങളും അയാള്‍ക്കുവേണ്ട ഉപദേശങ്ങളും സഹായങ്ങളും ചെയ്തുകൊടുക്കുകയും ചെയ്യുന്നു.

അതിനാല്‍ കഴിഞ്ഞ ജന്മത്തിലെതിനേക്കാള്‍ തീവ്രതയോടെ, വേഗതയോടെ യോഗാനുഷ്ഠാനം തുടരുകയും ചെയ്യും. അങ്ങനെ ആ യോഗി യോഗചര്യയുടെ പൂര്‍ണതയില്‍ എത്തുന്നു.

ഭാഗവതാചാര്യന്‍ കാനപ്രം കേശവന്‍ നമ്പൂതിരി

No comments:

Post a Comment