ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, January 3, 2017

ഗീതാദര്‍ശനം - മനസ്സിനെ കീഴടക്കാന്‍ രണ്ട് ഉപായങ്ങള്‍ 6-35


ഭഗവാന്‍, അര്‍ജുനന്റെ സംശയം അംഗീകരിച്ചുകൊണ്ട് മറുപടി പറയുന്നു.

‘മഹാബാഹോ’ എന്നു വിളിച്ചുകൊണ്ടാണ് മറുപടി ആരംഭിക്കുന്നത്. യുദ്ധത്തില്‍ ശത്രുക്കളെ നിഗ്രഹിക്കാന്‍ ശക്തിയുള്ള രണ്ട് കൈകള്‍ നിനക്കുണ്ടല്ലോ, ആ കൈകള്‍ക്ക് നിവാതകവചന്മാരെ വധിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മഹാദേവനെപ്പോലും തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നു സൂചിപ്പിച്ചുകൊണ്ടാണ് തുടക്കം.
നീ പറഞ്ഞത് തികച്ചും ശരിയാണ്; ഒരു സംശയവുമില്ല. മനസ്സ് ചഞ്ചലമാണ്; ദുര്‍നിഗ്രഹവുമാണ്. ദുര്‍നിഗ്രഹം എന്ന വാക്കിന്, തീരേ ജയിക്കാന്‍ കഴിയാത്തത് എന്നല്ല അര്‍ത്ഥം. വളരെ വിഷമിച്ച്, പ്രയാസപ്പെട്ടാല്‍ കീഴ്‌പ്പെടുത്താന്‍ സാധിക്കുന്നത് എന്നാണ്. രണ്ട് ഉപായങ്ങളാണ് ഉള്ളത്. ഒന്ന് അഭ്യാസം; രണ്ട് വൈരാഗ്യം.



എന്താണ് അഭ്യാസം എന്നാല്‍?

സര്‍ക്കസുകാരുടെ പ്രകടനങ്ങളെ നാം അഭ്യാസം എന്നു പറയാറുണ്ട്. അതല്ല, ‘അഭ്യാസം’ എന്ന സംസ്‌കൃത പദത്തിന്റെ അര്‍ത്ഥം. ഇടവിടാതെ പരിശീലിക്കുക എന്നാണ്. ഈ അധ്യാത്മശാസ്ത്രത്തില്‍, പരമാത്മാവായ എന്നെ- ഈ കൃഷ്ണനെ- നിരന്തരം ഹൃദയത്തില്‍ ധ്യാനിച്ച് പരിശീലിക്കുക എന്നാണ്; ധ്യാനപരിശീലനം എന്നാണ്. നീ മോക്ഷം ആഗ്രഹിക്കുന്നുവെങ്കില്‍, എന്റെ പദത്തില്‍ എത്തണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ ഈ ആത്മവിചിന്തനം മാത്രമേ ശരണമുള്ളൂ. പരമാത്മാവ് ദേഹംപോലെയോ, ഇന്ദ്രിയങ്ങള്‍ പോലെയോ അല്ല, അവയ്ക്ക് പ്രവര്‍ത്തനശക്തി കൊടുക്കുകയാണ് ചെയ്യുന്നത്.


ഇത്തരത്തിലുള്ള അന്വേഷണമാണ് ധ്യാനപരിശീലനം എന്നത്. ഒരു വസ്തുവിന്റെ രൂപം, രസം, പ്രവര്‍ത്തനം മുതലായവ അന്വേഷിച്ച് മനസ്സുകൊണ്ട് ശാസ്ത്ര-ഗുരു വചനങ്ങള്‍ അനുസരിച്ച് ചിന്തിക്കുക- അതാണ് അഭ്യാസം, ധ്യാന പരിശീലനം എന്നത്.


എന്താണ് വൈരാഗ്യം?

പരമാത്മാവിനെ ഒഴിച്ച് മറ്റെന്തിലും സ്‌നേഹവും ആഗ്രഹവും തോന്നാതിരിക്കുക എന്നതാണ് വൈരാഗ്യം. താന്‍ ജനിച്ചശേഷം, ബാല്യം, കൗമാരം, യൗവനം, വാര്‍ധക്യം എന്നീ അവസ്ഥകളില്‍ സുഖമോ ദുഃഖമോ കൂടുതല്‍ അനുഭവിച്ചത് എന്ന് ചിന്തിച്ചാല്‍ ദുഃഖമാണ് കൂടുതല്‍ അനുഭവിച്ചത് എന്ന് അറിയാന്‍ കഴിയും. സുഖം കിട്ടിയത് ഒരു നിമിഷനേരം മാത്രമായിരിക്കും. ആ സുഖം പോലും, മീന്‍പിടുത്തക്കാര്‍ ചൂണ്ടയില്‍ കൊളുത്തിയ മാംസശകലംപോലെയാണെന്നും മനസ്സിലാക്കുകയാണ് വേണ്ടത്. ഇങ്ങനെയാണ് വിരക്തി വളര്‍ത്തിയെടുക്കേണ്ടത്.


ആത്മധ്യാനയോഗത്തിന്റെ പരിപൂര്‍ണ്ണാവസ്ഥയില്‍- സമാധിയില്‍- ഭഗവദീയാനന്ദരസം അനുഭവിക്കുമ്പോള്‍ മാത്രം, ദിവ്യലോകങ്ങളിലെയും ഈ ലോകത്തിലേയും സുഖങ്ങള്‍ നരകമായിത്തോന്നി വെറുപ്പ് തോന്നി പിന്‍തിരിയും. ഇതാണ് യഥാര്‍ത്ഥ വൈരാഗ്യം.
പട്ടിണി കിടന്ന് തളര്‍ന്ന് അവശനായ ഒരു മനുഷ്യന് ചോറുകിട്ടിയാല്‍ മാത്രം തൃപ്തി തോന്നും. ആ സന്ദര്‍ഭത്തില്‍ ആരെങ്കിലും പട്ടുവസ്ത്രമോ സ്വര്‍ണാഭരണമോ കൊണ്ടുകൊടുത്താല്‍ അവ ദൂരെ വലിച്ചെറിയും. ഇതാണ് വൈരാഗ്യത്തിന്റെ ഉദാഹരണം.



No comments:

Post a Comment