ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, January 15, 2017

സത്സംഗബലം - ദര്‍ശന കഥകള്‍ - 5



വസിഷ്ഠ മഹര്‍ഷിയും വിശ്വാമിത്ര മഹര്‍ഷിയും ഒരിക്കല്‍ കണ്ടുമുട്ടി. അവര്‍ക്ക് തമ്മില്‍ പലപ്പോഴും തര്‍ക്കങ്ങളോ മത്സരങ്ങളോ ഉണ്ടാവുക പതിവാണ്. ഇത്തവണ അവരുടെ തര്‍ക്കവിഷയം, സജ്ജനസംസര്‍ഗ്ഗമാണോ തപോബലമാണോ ഏറ്റവും ശ്രേഷ്ഠം എന്നതായിരുന്നു. സത്സംഗത്തിനാണ് ബലം കൂടുക എന്നു വസിഷ്ഠന്‍ പറഞ്ഞു. അല്ല, തപോബലമാണ് വലിയ ബലം എന്നു വിശ്വാമിത്രനും തര്‍ക്കിച്ചു.

തര്‍ക്കം തീര്‍ക്കാന്‍ ഒരാള്‍ വേണമല്ലോ. രണ്ടുപേരും വൈകുണ്ഠത്തിലെത്തി വിഷ്ണുവിനോട് കാര്യം പറഞ്ഞു. തര്‍ക്കമെന്താണ് എന്ന് അറിഞ്ഞപ്പോള്‍ വിഷ്ണു ഒഴിഞ്ഞു മാറി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ താന്‍ ശക്തനല്ല എന്നായിരുന്നു ഭഗവാന്റെ ആദ്യ പ്രതികരണം.

”നിങ്ങളെ ശരിക്കും ബോധ്യപ്പെടുത്തണമല്ലോ. അതിന് പറ്റിയ ഒരാളുടെ പേര്‍ ഞാന്‍ നിര്‍ദ്ദേശിക്കാം; മഹാശേഷന്‍! അദ്ദേഹത്തെ ഒന്നുപോയി കാണൂ.”
രണ്ടു മഹര്‍ഷിമാരും അനന്തന്റെ, മഹാശേഷന്റെ അരികിലെത്തി. ഭൂലോകത്തെ മുഴുവന്‍ തന്റെ തലയില്‍ താങ്ങിക്കൊണ്ടു നില്‍ക്കുകയാണ് ആയിരം ഫണമുള്ള അനന്തന്‍.

മഹര്‍ഷിമാര്‍ പറഞ്ഞു: ”സത്സംഗ ബലത്തിനാണോ തപോബലത്തിനാണോ ബലം കൂടുതല്‍ എന്നു ദയവായി അങ്ങ് വെളിപ്പെടുത്തണം. അത് അറിയാനാണ് ഞങ്ങള്‍ വന്നത്.”
”അയ്യോ! നിങ്ങള്‍ എന്റെ അവസ്ഥ കാണുന്നില്ലേ? ഈ ഭൂമിയുടെ ഭാരം തലയില്‍ വഹിക്കേ, ഒന്നു മിണ്ടാന്‍ പോലും എനിക്ക് ശക്തി പോരാ. നിങ്ങളില്‍ ആരെങ്കിലും ഒരു നിമിഷം ഇതൊന്നു ഉയര്‍ത്തിത്തരുമോ? അപ്പോള്‍ ഞാന്‍ പറയാം.”

അതുകേട്ടു വിശ്വാമിത്രനും വസിഷ്ഠനും പരസ്പരം നോക്കി. പിന്നെ വിശ്വാമിത്രന്‍ മുന്‍കൈയെടുത്തു പറഞ്ഞു: ”ഞാന്‍ എന്റെ തപോബലത്താല്‍ ഈ ഭൂമിയെ ഉയര്‍ത്തുന്നതാണ്.”
വിശ്വാമിത്രന്‍ യോഗദണ്ഡ് ഉയര്‍ത്തി തന്റെ തപോബലത്തിനാല്‍ അനന്തന്റെ തലയില്‍നിന്ന് ഭൂമിയെ ഉയര്‍ത്താന്‍ ശ്രമിച്ചു. വീണ്ടും വീണ്ടും ശ്രമിച്ചു. പക്ഷേ, സാധിച്ചില്ല.

അപ്പോള്‍ വസിഷ്ഠന്‍ പറഞ്ഞു: ”വിശ്വാമിത്ര മുനിയുടെ സാമീപ്യംകൊണ്ട് അനുഗൃഹീതനായ വസിഷ്ഠനെന്ന ഞാന്‍ വിനയത്തോടെ അപേക്ഷിക്കുന്നു. ഹേ, ഭൂമീദേവീ! അവിടുത്തെ ഭാരം എന്റെ കൈകള്‍ക്ക് ഒരു പൂവുപോലെ അനുഭവപ്പെടുത്തിയാലും!”

അടുത്ത ക്ഷണത്തില്‍ അനന്തന്റെ തലയില്‍നിന്നും ഭൂമി ഉയരുന്നത് കാണാറായി. വിശ്വാമിത്രന്റെ തല കുനിഞ്ഞു. ”നിങ്ങളുടെ തര്‍ക്കം തീര്‍ന്നില്ലേ?” അനന്തന്‍ ഒരു പുഞ്ചിരിയോടെ മുനിമാരോട് ചോദിച്ചു.

പി.ഐ.ശങ്കരനാരായണന്‍

No comments:

Post a Comment