കിം കൃതം ഗുരുണാ പശ്ചാദ്‌ഭൃഗു രൂപേണ വര്‍ത്തതാ
ഛലേനൈവ ഹി ദൈത്യാനാം പൌരോഹിത്യേന ധീമതാ
ഗുരു: സുരാണാമനിശം സര്‍വ്വ വിദ്യാ നിധി സ്തഥാ
സുതാംഗിരസ ഏവാസൌ സ കഥം ഛലകൃന്മുനി:
ജനമേജയന്‍ ചോദിച്ചു: 'ദേവഗുരു വ്യാജവേഷത്തില്‍ എന്തൊക്കെ ചെയ്തു എന്ന് പറഞ്ഞു തന്നാലും മഹാമുനേ. അംഗിരസ്സിന്റെ മകനും സര്‍വ്വജ്ഞാനുമാണല്ലോ ബൃഹസ്പതി? അദ്ദേഹമെങ്ങിനെ ഈ വഞ്ചന ചെയ്യാന്‍ ഇടവന്നു? ധര്‍മ്മത്തിന്റെ കാതല്‍ സത്യത്തിലാണല്ലോ? അതാണ് പരമാത്മ ലാഭം ലഭിക്കാനുള്ള വഴിയെന്നു മുനിശ്രേഷ്ഠന്മാര്‍ പറഞ്ഞിരിക്കുന്നു. എന്നാല്‍ ഈ ദേവഗുരു പോലും അസത്യം കൈക്കൊണ്ടു എങ്കില്‍ ഗൃഹസ്ഥാശ്രമികള്‍ സത്യം പാലിക്കുമെന്ന് എങ്ങിനെ കരുതാനാകും? ബ്രഹ്മാണ്ഡത്തിലെ സകല വിഭവങ്ങളും മുന്നില്‍ നിരത്തിവെച്ചാലും തനിക്ക് കഴിക്കാനാവുന്നതില്‍ കൂടുതല്‍ ഒരുവന് ആഹരിക്കാന്‍ ആവില്ല. പിന്നെ അതിനായി മാമുനിമാര്‍ പോലും കള്ളം പറയുന്നു എന്നതാശ്ചര്യം തന്നെ. പ്രമാണങ്ങള്‍ ആചരിച്ചു സംശുദ്ധമായി വാഴാന്‍ ആളില്ലെങ്കില്‍ പ്രമാണങ്ങള്‍ വെറും ശബ്ദഘോഷം മാത്രമാണ്. വ്യാഴം (ബൃഹസ്പതി) വ്യാജനാണെങ്കില്‍ ഗുരുവാക്യത്തിനെന്തുവിലയാണുള്ളത്? ദേവന്മാര്‍ സാത്വികരും മനുഷ്യര്‍ രാജസരും മൃഗാദികള്‍ താമസരും ആണെന്നാണല്ലോ ശാസ്ത്രം പറഞ്ഞിട്ടുള്ളത്? എന്നാലീ ദേവഗുരുപോലും കള്ളം പറയുന്നുവെങ്കില്‍ സത്യവാനായി ലോകത്ത് രജസ്തമോഗുണികളില്‍ ആരുണ്ടാവും? ധര്‍മ്മത്തിന്റെ നിലയോര്‍ത്ത് എനിക്ക് ആശങ്ക തോന്നുന്നു. മൂന്നു ലോകവും വ്യാജമാണെങ്കില്‍ സകല ജന്തുക്കളുടെയും സ്ഥിതിയെന്താവും? ഹരിയും വിരിഞ്ചനും ദേവേന്ദ്രനുമെല്ലാം കള്ളത്തരം കാട്ടാന്‍ മിടുക്കുള്ളവരാണ്. പിന്നെ മനുഷ്യര്‍ക്ക് എന്തുമാവാമല്ലോ! മുനിമാരും മോശമല്ല. തപോധനരായ മുനിമാര്‍പോലും കാമക്രോധാദികള്‍ കൊണ്ട് വലയുന്നവരാണ്. വസിഷ്ഠന്‍, വാമദേവന്‍, വിശ്വാമിത്രന്‍, ദേവഗുരു, ഇവരൊക്കെ പാപബുദ്ധികളാണ്. ഇന്ദ്രനും അഗ്നിയും ചന്ദ്രനും ബ്രഹ്മാവും പരദാരങ്ങളില്‍ ഭ്രമിച്ച കഥകളും നമുക്കറിയാം. ഈ ലോകത്ത് എവിടെയാണ് ആര്യത്വം? ആരുടെ ഉപദേശമാണ് സ്വീകര്യമായുള്ളത്? ആരെയാണ് വിശ്വസിക്കുക?'
വ്യാസന്‍ പറഞ്ഞു: 'ബ്രഹ്മാവിഷ്ണു മഹേശ്വരന്മാരും ദേഹമെടുത്തവരാകയാല്‍ അവര്‍ക്ക് വികാരങ്ങള്‍ സഹജമായും ഉണ്ടാവും. അവര്‍ വിഷയാസക്തരുമാണ്. വിഷയാസക്തന്‍ അകൃത്യം ചെയ്യുക എന്നതും സാധാരണം. എന്നാല്‍ വിഷയാസക്തര്‍ ചിലപ്പോള്‍ വിദേഹനെപ്പോലെ നടിച്ചെന്നും വരും. എന്നാല്‍ ആപത്തു വരുമ്പോള്‍ അവനും ത്രിഗുണബദ്ധനായിത്തീരുന്നു. എല്ലാ 'കാര്യങ്ങ'ള്‍ക്കും തക്കതായ 'കാരണ'ങ്ങള്‍ അങ്ങിനെയുണ്ടാകുന്നു. ബ്രഹ്മാദികള്‍ ഉണ്ടായത് തന്നെ ത്രിഗുണങ്ങളാലാണ്. ഇവരുടെയെല്ലാം ദേഹവും ഇരുപത്തിയഞ്ചു തത്വങ്ങളാല്‍ നിര്‍മ്മിതമത്രേ. അന്യര്‍ക്ക് ഉപദേശം നല്‍കാന്‍ എല്ലാവരും മിടുക്കരാണ്. എന്നാല്‍ കാലമടുക്കുമ്പോള്‍ എല്ലാവര്‍ക്കും മരണം സുനിശ്ചിതം തന്നെ. സ്വന്തം കാര്യത്തോടടുക്കുമ്പോള്‍ എല്ലാവരും കാമക്രോധലോഭമദമാല്‍സര്യങ്ങള്‍ക്ക് വശഗതരുമാണ്. ഈ വികാരങ്ങള്‍ ഉള്ളിലുണ്ടായാല്‍പ്പിന്നെ ദേഹമെടുത്തവര്‍ക്ക് അവയെ ഉന്മൂലനം ചെയ്യുക എന്നത് അസാദ്ധ്യമത്രേ.
ലോകം ശുഭവും അശുഭവും ചേര്‍ന്നതാണ്. ഭഗവാന്‍ ഹരി പോലും ചിലപ്പോള്‍ തപസ്സു ചെയ്യുന്നു. അല്ലെങ്കില്‍ അദ്ദേഹം ലക്ഷ്മീ സമേതനായി ഉല്ലസിച്ചു കഴിയുന്നു. ചിലപ്പോള്‍ അസുരന്മാരുമായി യുദ്ധത്തിലാണദ്ദേഹം. ചിലപ്പോള്‍ അദ്ദേഹം അസുരബാണങ്ങള്‍ ഏറ്റു വലയുന്നു. ചിലപ്പോള്‍ വിജയിയാകുന്നു. സുഖദുഖങ്ങള്‍ അദ്ദേഹത്തിനും ബാധകം. ചിലപ്പോള്‍ യോഗനിദ്രയില്‍ അനന്തശായിയായി അദ്ദേഹം പള്ളികൊള്ളുന്നു. മറ്റുള്ളവരെപ്പോലെ തന്നെ അദ്ദേഹവും യോഗനിദ്രയില്‍ നിന്നും ഉണരുന്നു, പ്രവര്‍ത്തനനിരതനാവുന്നു. ത്രിമൂര്‍ത്തികള്‍ക്കും ഇന്ദ്രനും എല്ലാം നിയതമായ ആയുസ്സുണ്ട്. അത്രയും കാലമേ അവര്‍ക്കും ജീവിക്കാന്‍ കഴിയൂ. മുനിമാരുടെ കാര്യവും ഇതില്‍ നിന്നും വ്യത്യസ്തമല്ല. അന്ത്യരാത്രിയില്‍ ഈ ചരാചരപ്രപഞ്ചം പോലും ഇല്ലാതാകും. എല്ലാവരും മരിച്ചു പിന്നെയും ജനിച്ചുവരും. കാമം മുതലായ മനോവസ്ഥകള്‍ ദേഹമെടുത്ത എല്ലാവരിലും ഉണ്ടാവും എന്നതില്‍ സംശയമില്ല. അതുകൊണ്ട് അങ്ങ് പറഞ്ഞ യാതൊരു കാര്യത്തിലും വിസ്മയാവഹമായി ഒന്നുമില്ല. സംസാരം എന്നും കാമക്രോധങ്ങള്‍ നിറഞ്ഞത് തന്നെയാണ്. എന്നാല്‍ ഇവയില്‍ നിന്നുമെല്ലാം മുക്തനായി വരുന്നവര്‍ തുലോം ദുര്‍ലഭം തന്നെ. സംസാരത്തെ ഭയപ്പെടുന്നവനാണെങ്കിലോ അവന്‍ ഗാര്‍ഹസ്ഥ്യം സ്വീകരിക്കുന്നുമില്ല. അവര്‍ സര്‍വ്വ സംഗപരിത്യാഗികളാണ്. ചന്ദ്രന്‍ തന്റെ ഗുരുവായ ബൃഹസ്പതിയുടെ പത്നിയെ കൈക്കലാക്കി. ഗുരുവോ, തന്റെ അനുജന്റെ പത്നിയെ പ്രാപിക്കുകയും ഉണ്ടായല്ലോ! ഗൃഹസ്ഥരായ ഇവരൊക്കെ ഗുണങ്ങള്‍ക്ക് അധീനരാണ്. അതിനാല്‍ ഗൃഹസ്ഥനായി ഇരിക്കെ മുക്തനാവുക എന്നത് അസാദ്ധ്യം. അതിനാല്‍ ഈ സംസാരത്തെ പാടെ ഉപേക്ഷിച്ചിട്ട് ചിദാനന്ദരൂപയായ പരമേശ്വരിയെ ആരാധിക്കുക എന്ന ഒരൊറ്റ മാര്‍ഗ്ഗമേയുള്ളു. വിശ്വമാകെയും മൂടപ്പെട്ടിരിക്കുന്നത് അവളുടെ മായകൊണ്ടാണല്ലോ. അതിന്റെ പ്രഭാവത്താല്‍ ലഹരി പിടിച്ചതുപോലെ എല്ലാമെല്ലാം ചുറ്റിത്തിരിഞ്ഞുകൊണ്ടേയിരിക്കുന്നു.
ബുദ്ധിയുണ്ടെങ്കില്‍ ദേവിയെ ഭജിക്കുക എന്നൊരു മാര്‍ഗ്ഗം മാത്രമേയുള്ളൂ എന്ന് ഒരുവന് ബോധമുണ്ടാവും. സകലത്തിനും അധിപയായ ആ ദേവിയെ സേവിക്കുക. സകലാധീശയായ ദേവിയെ ഭജിച്ചിട്ടും ഫലമില്ലെങ്കില്‍ പിന്നെ ആരെ ഭജിച്ചാലാണ് രക്ഷ? ദുര്‍ലഭമായ മര്‍ത്യജന്മം ലഭിച്ചിട്ടും ദേവിയെ ആരാധിക്കാത്തവന്റെ ജന്മം കോണിയുടെ മുകളറ്റത്തുനിന്നും പിടി വിട്ടു വീണവന്റെ സ്ഥിതിയാവും. അഹങ്കാരം മൂടി നില്‍ക്കുന്ന ഈ ജഗത്ത് ത്രിഗുണാത്മികമാണ്. അസത്താണത്. ഭുവനേശ്വരിയെ പൂജിക്കുക മാത്രമാണ് ഇതില്‍ നിന്നും മോചനത്തിനുള്ള ഏകമാര്‍ഗ്ഗം.'
കപടകാവ്യന്റെ (ഗുരു) കഥയെന്തായി എന്നും ശുക്രാചാര്യന്‍ എപ്പോഴാണ് ദൈത്യരുമായി ബന്ധപ്പെട്ടതെന്നും രാജാവ് ചോദിക്കവേ വ്യാസന്‍ ഇങ്ങിനെ തുടര്‍ന്നു: 'ഗുരു എന്നാല്‍ വ്യാഴം. കാവ്യനായി വേഷം കെട്ടിയ വ്യാഴം പറഞ്ഞ വാക്കുകള്‍ അസുരന്മാര്‍ അപ്പാടെ വിശ്വസിച്ചു. അവര്‍ അത്യന്തം ഉത്സാഹത്തോടെ മന്ത്രം പഠിക്കാന്‍ ഗുരുവിനു മുന്നില്‍ ചെന്ന് നിന്നു നമസ്കരിച്ചു. ഗുരു അവരെ വഞ്ചിക്കുകയായിരുന്നു എന്നവര്‍ അറിഞ്ഞില്ലല്ലോ.
ജയന്തിയുമായി ക്രീഡിച്ചു കഴിഞ്ഞ ശുക്രന്‍ പത്തുവര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ കാത്തിരിക്കുന്ന ശിഷ്യരെക്കുറിച്ചോര്‍മ്മിച്ചു. ‘ഇന്ന് തന്നെ ഞാനവരെ പോയിക്കാണുന്നുണ്ട്. അവര്‍ക്ക് അഭയം നല്‍കണം’ എന്നുറച്ച് അദ്ദേഹം ജയന്തിയോട് യാത്രപറഞ്ഞു. പത്തു വര്‍ഷം കഴിഞ്ഞതിനാല്‍ ധര്‍മ്മിഷ്ഠയായ ജയന്തി അദ്ദേഹത്തെ തടഞ്ഞില്ല. അദ്ദേഹത്തെ ഉപചാരപൂര്‍വ്വം അവള്‍ യാത്രയാക്കി.
അദ്ദേഹം അസുരന്മാരുടെ അടുക്കല്‍ ചെന്നപ്പോള്‍ അതാ ദേവഗുരു അവരുടെ മദ്ധ്യത്തില്‍ നില്‍ക്കുന്നു. കള്ളവേഷത്തില്‍ ഗുരു അവരെ പഠിപ്പിക്കുന്നത് യജ്ഞനിന്ദയാണെന്ന് ശുക്രാചാര്യര്‍ മനസ്സിലാക്കി. താന്‍ സ്വയം നിര്‍മ്മിച്ച ജൈനധര്‍മ്മങ്ങള്‍ വേദമാണെന്ന മട്ടില്‍ അദ്ദേഹം അവര്‍ക്ക് പകര്‍ന്നു കൊടുക്കുകയാണ്. “ഹേ അസുരന്മാരെ, അഹിംസയാണ് പരമ ധര്‍മ്മം. നമ്മെ കൊല്ലാന്‍ വരുന്നവരെപ്പോലും നാം കൊല്ലാന്‍ പോവരുത്. വേദങ്ങളില്‍ പശുഹിംസയെപ്പറ്റി പറയുന്നത് ബ്രാഹ്മണര്‍ തീറ്റക്കൊതിയന്മാരാകയാലാണ്. അവര്‍ ഭോഗലാലസന്മാരുമാണല്ലോ.” ഇങ്ങിനെയുള്ള കാര്യങ്ങളും വേദവുമെല്ലാം വ്യാഴം അവര്‍ക്ക് ഉപദേശിക്കുകയാണ്.
‘എന്റെ ശിഷ്യന്മാര്‍ ഈ ദേവഗുരുവിനാല്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു. എന്റെ ശത്രുവാണിയാള്‍. ലോഭമാണ് പാപഹേതു. അതുതന്നെ നരകപാതയിലേയ്ക്കുള്ള ആദ്യപടി. ദേവഗുരു പോലും കള്ളം പറയുന്നതെത്ര വിചിത്രം! ലോകഹിതത്തിനായി പ്രമാണം നല്‍കേണ്ടവന്‍ ഇമ്മട്ടില്‍ പ്രവര്‍ത്തിച്ചാല്‍പ്പിന്നെ മലിനമനസ്സുള്ളവന് എന്തുതന്നെ ആയിക്കൂടാ? ഇയാളാണത്രേ ആചാര്യന്‍! ഒരു ധര്‍മ്മിഷ്ഠന്‍! അതിമൂഢന്മാരായ എന്റെ ശിഷ്യരെ ഇയാള്‍ കൌശലക്കാരനായ ഒരു നടനെപ്പോലെ വഞ്ചിക്കുകയാണല്ലോ!'.
പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്
No comments:
Post a Comment