ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, January 9, 2017

അറിവിന്റെ അമൃതഫലം - ഗുരുവരം -09


ഒ.വി. ഉഷ

അറിവാണല്ലോ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്. അത് മനുഷ്യനടക്കമുള്ള എല്ലാ ജീവജാലങ്ങള്‍ക്കും പ്രകൃതിയില്‍ നിന്നു കിട്ടുന്നതാണ്. ഒരു വിത്തിനു മണ്ണും ഈര്‍പ്പവും കിട്ടിയാല്‍ മുളപൊട്ടാന്‍ കഴിയുന്നതുപോലെ, ജനിക്കാനും വളരാനും സാഹചര്യങ്ങളോടു പ്രതികരിക്കാനുമൊക്കെയുള്ള കഴിവ് പ്രകൃതി നമ്മില്‍ നിക്ഷേപിക്കുന്ന അറിവിന്റെ ഫലമായി കരുതാം. ഇത് സാര്‍വ്വലൗകികമാണു താനും.

മനുഷ്യന്റെ കാര്യത്തില്‍ ഈ അറിവിനുപുറമേ വിശേഷബുദ്ധിയും സ്വതന്ത്രമായ ചിന്താശക്തിയും പ്രവര്‍ത്തനശേഷിയും കൂടിച്ചേര്‍ന്നിരിക്കുന്നു. ഈ കഴിവുകള്‍ നമുക്ക് അഹങ്കാരവും അതില്‍നിന്നു വരുന്ന അന്ധതയും ക്രമേണ വളര്‍ത്തിക്കൊണ്ടുവന്നു. ഈ കുറവ് ചില്ലറ ദുരിതങ്ങളൊന്നുമല്ല ഉണ്ടാക്കിയിട്ടുള്ളത്. സംഘര്‍ഷങ്ങളും സമാധാനമില്ലായ്മയും മനസ്സിന്റെ ഉള്‍ക്കളങ്ങളില്‍നിന്ന് ലോകത്തിന്റെ പുറംപരപ്പുകളിലേക്ക് വ്യാപിപ്പിക്കുന്ന കുറവാണിത്.
ഈ അവസ്ഥ പണ്ടുപണ്ടേ മനുഷ്യനെ വലയ്ക്കാന്‍ തുടങ്ങിയിരിക്കണം.

ഗുരു എന്ന വാക്ക് വേദോപനിഷത്തുകളുടെ കാലത്ത് പ്രയോഗത്തില്‍ വന്നു എന്ന വസ്തുത നമ്മെ മനസ്സിലാക്കിത്തരുന്നത് അതാണ്. അന്ധത നീക്കുന്ന ഗുരുവിനെ ഭാരതം അന്നേ കണ്ടെത്തിയിരുന്നു. പരിണാമപ്രക്രിയയുടെ ഉന്നതി മനുഷ്യരാശിക്ക് സമ്മാനിക്കുന്ന അമൃതഫലമാണ്, ഗുരു. മറ്റുള്ളവരെ വശീകരിക്കാനായി അത്ഭുതവേലകള്‍ ചെയ്യുന്നവരല്ല അവര്‍. എന്നാല്‍ അവരുടെ സ്‌നേഹശക്തിയുടെ, അല്ലെങ്കില്‍ കാരുണ്യത്തിന്റെ പ്രവര്‍ത്തനം നന്മയിലേക്കുള്ള അത്ഭുതാവഹമായ പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കുന്നു.

കാട്ടുവഴികളില്‍ സഞ്ചരിക്കേണ്ടി വരുന്നവരെ കൊള്ളയടിച്ചിരുന്ന രത്‌നാകരന്‍ മഹര്‍ഷിയായി മാറിയ കഥയാണു പെട്ടെന്ന് ഓര്‍മ്മവരുന്നത്. ഒരുദിവസം രത്‌നാകരന്‍ ആക്രമിക്കാന്‍ ചെന്നത് നാരദമഹര്‍ഷിയെ ആയിരുന്നു. അധാര്‍മികമായ ജീവിതവൃത്തിയില്‍ എന്തിനായിട്ടാണ് ഏര്‍പ്പെട്ടിരിക്കുന്നത് എന്നു മഹര്‍ഷി ചോദിച്ചപ്പോള്‍ ഭാര്യയ്ക്കും മക്കള്‍ക്കും വേണ്ടിയായിരുന്നു എന്നുപറയാന്‍ രത്‌നാകരനു സംശയിക്കേണ്ടി വന്നില്ല. കര്‍മ്മത്തിന്റെ ഫലം പങ്കുവയ്ക്കാന്‍ കുടുംബം തയ്യാറാവുമോ എന്ന് മഹര്‍ഷി ആരാഞ്ഞു. അതിനാരും ഒരുക്കമല്ലായിരുന്നു.
അവനവന്‍ ചെയ്യുന്നത് സ്വയം അനുഭവിച്ചുതീര്‍ക്കണമെന്നു രത്‌നാകരനു ബോധ്യപ്പെട്ടു.

രാമമന്ത്രം നാവിനു വഴങ്ങാതെ ആദ്യം ‘മരാ’ ( മരിച്ചു ) എന്നാണത്രെ ഉരുവിട്ടുതുടങ്ങിയത്. ജപിച്ച് ജപിച്ച് ചുറ്റുപാടുകളെ വിസ്മരിക്കുകയും അഗാധമായ ധ്യാനത്തില്‍ ആണ്ടുപോവുകയും ചെയ്തു; സ്വന്തം ശരീരത്തെ ചിതല്‍പ്പുറ്റ് ‘വല്മീകം’ വന്നുമൂടിയതുപോലും അറിയാതെ. വല്മീകത്തില്‍ നിന്ന് പുറത്തുവന്ന ആള്‍ പഴയ രത്‌നാകരനായിരുന്നില്ല, പ്രണയപാരസ്പര്യത്തില്‍ ചുറ്റുപാടുകളറിയാതിരുന്ന ഇണപ്പക്ഷികളിലൊന്ന് വേടന്റെ അമ്പേറ്റുവീണതും മറ്റേത് നൊന്ത് ഹൃദയം പൊട്ടി മരിച്ചതും കണ്ട് ദു:ഖാകുലനായ മഹര്‍ഷി വാല്മീകിയായിരുന്നു. ആ ദു:ഖത്തില്‍നിന്നാണ് ആദ്യശ്ലോകം ജനിച്ചത്. കാമമോഹിതരായി പരിസരം മറന്നിരുന്ന ക്രൗഞ്ചപ്പക്ഷികളിലൊന്നിനെ ഹനിച്ച കാട്ടാളാ നിനക്ക് ഒരുകാലത്തും സമാധാനം ഉണ്ടാവാന്‍ പോകുന്നില്ല എന്നാണദ്ദേഹം പറഞ്ഞത്.

ഏറ്റവും ഗഹനമായ സൈക്കോളജിയാണു ഗുരുവായി പരിണമിക്കുന്ന മനുഷ്യന്‍ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുന്നത്.



No comments:

Post a Comment