ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, January 1, 2017

ദൈവത്തിന്റെ മുഖപടം - ഗുരുവരം -02


ഒ.വി. ഉഷ

ദൈവത്തിന്റെ മുഖപടമായി മനുഷ്യരിലൊരാളായി വരുന്നവര്‍ മനുഷ്യനില്‍ നിന്ന് അതായിരിക്കും ആഗ്രഹിക്കുക. അവര്‍ ലോകത്തെ സമാധാനത്തിന്റെ വഴിക്ക് നയിക്കാന്‍ ശ്രമിക്കുന്നവരാണല്ലോ.


gitaമനുഷ്യനോട് സംവദിക്കേണ്ട അവസരത്തില്‍ ദൈവം അണിയുന്ന മുഖപടമാണു ഗുരു എന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞതായി വായിച്ചിട്ടുണ്ട്. മനുഷ്യനും മനുഷ്യനും തമ്മിലല്ലേ ആശയവിനിമയം നടത്താന്‍ കഴിയൂ. എന്നാല്‍ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കാന്‍ നിയുക്തനായ മനുഷ്യനെ സമകാലികര്‍ തിരസ്‌കരിച്ചിട്ടുള്ളതായാണു കണ്ടുവരുന്നത്.


നമ്മുടെ മുന്നില്‍ ഉള്ള ഒരു പഴയ ഉദാഹരണം ശ്രീകൃഷ്ണനു നേരിടേണ്ടി വന്നതായി പറയുന്ന വിഷമങ്ങളാണ്. പെങ്ങളുടെ വിവാഹം കഴിഞ്ഞ ഉടനെ ഒരു അശരീരി വചനം കൃഷ്ണന്റെ അമ്മാവനായ കംസനെ വിറളി പിടിപ്പിക്കുകയാണ്. പെങ്ങള്‍ക്ക് എട്ടാമതായി ജനിക്കുന്ന മകന്‍ കംസന്റെ അന്തകനായി ഭവിക്കുമെന്നാണു സന്ദേശം. പെങ്ങള്‍ക്ക് ജനിച്ച ഏഴു കുട്ടികളെയും കംസന്‍ കൊന്നു. അത്ഭുതകരമായ രീതിയില്‍ എട്ടാമത്തെ കുട്ടി കൃഷ്ണന്‍ സുരക്ഷിതമായ സ്ഥലത്ത് എത്തിക്കപ്പെടുകയാണ്. കൃഷ്ണനെ കണ്ടുപിടിച്ച് ഇല്ലാതാക്കുക എന്നതായി കംസന്റെ ജീവിതലക്ഷ്യം.


ഒരു മഹാത്മാവിനെ ഉന്മൂലനം ചെയ്യാന്‍ നിരന്തരശ്രമങ്ങള്‍ നടന്നതിന്റെ സൂചകങ്ങളാണാ കഥകള്‍. വിപ്രപത്‌നീമോക്ഷം എന്ന കഥ ബ്രാഹ്മണരുടെ എതിര്‍പ്പിനെയാണ് അടയാളപ്പെടുത്തുന്നത്. ശ്രീകൃഷ്ണന്‍ പിറന്നത് അവര്‍ണ്ണനായിട്ടാണല്ലോ. ഭഗവദ്ഗീതയില്‍ ഭഗവാന്‍ ഇങ്ങനെ പറയുന്നു:’അവജാനന്തി മാം മൂഢാ മാനുഷീം തനുമാശ്രിതം /പരം ഭാവമജാനന്തോ മമ ഭൂതമഹേശ്വരം…’ മനുഷ്യരൂപത്തിലാകയാല്‍ ജീവജാലങ്ങളുടെ തമ്പുരാനാണു ഞാനെന്ന് ഗ്രഹിക്കാതെ അറിവില്ലാത്തവര്‍ എന്നോട് അനാദരം കാണിക്കുന്നു എന്നാണു ശ്രീകൃഷ്ണപരമാത്മാവ് പറയുന്നത്.


ബൈബിള്‍ക്കഥകളിലും പ്രവാചകന്മാരോട് സമകാലികര്‍ കാണിച്ച അറിവില്ലായ്മകള്‍ എടുത്തുപറയുന്നുണ്ട്. ഒടുവില്‍ രക്ഷകനായ യേശുവിനെ കുരിശിലേറ്റുക വരെ ചെയ്തു. മുഹമ്മദ് നബിക്ക് സമകാലികരുടെ ഉപദ്രവങ്ങള്‍ കാരണം യുദ്ധങ്ങളിലേര്‍പ്പെടേണ്ടിവന്നു.
ഏതാനും അനുഭവശാലികളാവും ഒരു ഗുരുവിനെ അല്ലെങ്കില്‍ പ്രവാചകനെ വിശ്വസിക്കുക, ദൈവത്തിന്റെ ഇച്ഛ ആ സ്വരൂപത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നറിയുക. പകര്‍ന്നു കിട്ടുന്ന മാര്‍ഗ്ഗരേഖകള്‍ തുടര്‍ന്നു വരുന്ന തലമുറകളിലേക്ക് പകര്‍ന്നുകൊടുത്തിട്ടുള്ളത് അവരാണ്.
അച്ചടിയോ ലിപി പോലുമോ ഇല്ലാത്ത കാലഘട്ടങ്ങളില്‍ വാമൊഴിയായി അറിവുകളെ നിലനിര്‍ത്തി വന്നിരിക്കാം. അക്ഷരങ്ങള്‍ രൂപം കൊണ്ട ശേഷവും താളിയോലയിലും മറ്റും എഴുതി സൂക്ഷിച്ചതും പകര്‍പ്പുകളുണ്ടാക്കിയതും മറ്റും എത്ര ശ്രമകരമായ വേലയായിരുന്നിരിക്കും! തലമുറകളായി പകര്‍ന്നുവരുന്ന എഴുത്തുകളില്‍ പല കൂടിച്ചേരലുകളും അറിഞ്ഞോ അറിയാതെയോ സംഭവിച്ചിരിക്കാനുമിടയുണ്ട്.


നമ്മുടെ ധര്‍മ്മശാസ്ത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് എന്ന് ഗണിക്കപ്പെട്ടിട്ടുള്ള മനുസ്മൃതിയില്‍ പ്രകടമായ സ്ത്രീവിരുദ്ധതയും ഉച്ചനീചത്വവും ഉണ്ട്. അത് ഇങ്ങനെ ക്രമേണ പല കൈകളിലൂടെ കടന്നുവന്നതിന്റെ ഫലമായിരിക്കും. ഏതു പുസ്തകത്തില്‍ നിന്നു കാരുണ്യവും സ്‌നേഹവും സമാധാനപരമായ സഹവര്‍ത്തിത്വവും ദൈവോന്മുഖമായ ആന്തരികവളര്‍ച്ചയും പരിപോഷിപ്പിക്കുന്നതെല്ലാം സ്വീകരിക്കാം എന്നു നമുക്ക് ചിന്തിക്കുക്കാന്‍ കഴിഞ്ഞാല്‍ എത്ര നന്നായിരുന്നു! ദൈവത്തിന്റെ മുഖപടമായി മനുഷ്യരിലൊരാളായി വരുന്നവര്‍ മനുഷ്യനില്‍ നിന്ന് അതായിരിക്കും ആഗ്രഹിക്കുക. അവര്‍ ലോകത്തെ സമാധാനത്തിന്റെ വഴിക്ക് നയിക്കാന്‍ ശ്രമിക്കുന്നവരാണല്ലോ.



ജന്മഭൂമി

No comments:

Post a Comment