ഗുരുവരം
ഭാരതത്തിന്റെ പൈതൃകത്തില്‍ ജ്ഞാനത്തിലേക്ക് നയിക്കുന്ന ഗുരുവിനു വലിയ സ്ഥാനമാണ് കൊടുത്തിരുന്നത്. (അങ്ങനെയുള്ള ഗുരുവിനു വിജ്ഞാനവും അന്യമായിരിക്കില്ല. ഭാരതത്തിലെ പൗരാണികരായ ഗുരുക്കന്മാരില്‍ പലരും ശാസ്ത്രസത്യങ്ങള്‍ കണ്ടെത്തിയവരും ആയിരുന്നല്ലോ). നമ്മുടെ ആധ്യാത്മികസാഹിത്യം അത് വ്യക്തമാക്കുന്നു. ഒരുപാടു കൃതികള്‍ ഗുരുശിഷ്യസംവാദരൂപത്തിലാണ് ഇണക്കിവെച്ചിട്ടുള്ളത്. ഒട്ടുമിക്ക ഉപനിഷത്തുകളും അങ്ങനെയാണ്. ഭഗവദ് ഗീതയും ഗുരുശിഷ്യ സംവാദരൂപത്തെ അവലംബിച്ചിരിക്കുന്നു. അതുപോലെ തന്നെയാണ് ഗുരുതത്വത്തെപ്പറ്റി വിശദമായി പ്രതിപാദിക്കുന്ന ഗുരുഗീതയുടെയും ഘടന.
മഹാഭാരതത്തിന്റെ ഭാഗമാണു ഭഗവദ്ഗീത എന്ന പോലെ സ്‌കന്ദപുരാണത്തിന്റെ ഭാഗമാണു ഗുരുഗീത. ഭഗവദ്ഗീതയെപ്പോലെ തന്നെ സ്വതന്ത്രമായി വായിക്കപ്പെടുന്ന കൃതിയാണത്. സംവാദത്തിനുള്ളിലെ സംവാദവും കൂടിയാണത്. നൈമിഷാരണ്യത്തില്‍ ഒത്തുചേര്‍ന്ന കുറെ മുനിശ്രേഷ്ഠന്മാര്‍ അവിടെവച്ച് സൂതമഹര്‍ഷിയോട് എല്ലാ അഴുക്കുകളും നീക്കിക്കളയുന്ന ഗുരുവിന്റെ സ്വരൂപമെന്തെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുന്നു. അതേപ്പറ്റി കേട്ടാല്‍ തന്നെ ജീവന് ദുഃഖത്തില്‍ നിന്ന് മോചനം കിട്ടുമെന്ന് അവര്‍ പറയുകയാണ്. എന്നുമല്ല മുനിമാര്‍ക്ക് സര്‍വജ്ഞത്വം പ്രാപിക്കാനുള്ള വഴിയുമാണത്.
ഗുരുവിനെ സാക്ഷാല്‍ക്കരിച്ചാല്‍ മനുഷ്യന്‍ സംസാരബന്ധനത്തില്‍ നിന്ന് മോചിതനാവുന്നു. പരമതത്വമാണത്. രഹസ്യങ്ങളില്‍ വച്ച് ഏറ്റവും രഹസ്യമായത്. ഇങ്ങനെയുള്ള സവിശേഷമായ വിഷയം തങ്ങള്‍ക്കായി പറഞ്ഞുതരിക എന്ന് മുനിമാര്‍ അപേക്ഷിക്കുകയാണ്. എന്നാല്‍ മുനിമാരേ നിങ്ങളെല്ലാവരും ശ്രദ്ധിച്ച് ഭവരോഗത്തെ ഇല്ലാതാക്കുന്ന മാതൃസ്വരൂപിണിയായ ഗീതയെ കേട്ടുകൊള്ളുവിന്‍ എന്ന് മധുരോദാരമായി പ്രതിവചിക്കുന്നു സൂതമഹര്‍ഷി.
പണ്ട് കൈലാസശിഖരത്തില്‍ സിദ്ധഗന്ധര്‍വാദികള്‍ പരിചരിക്കാന്‍ നില്‍ക്കുന്ന, കല്‍പലതാപുഷ്പങ്ങള്‍ നിറഞ്ഞ, അത്യന്തസുന്ദരമായ മന്ദിരത്തില്‍ ശുകമഹര്‍ഷിയെപ്പോലുള്ളവരാല്‍ വന്ദിക്കപ്പെട്ട് മുനികള്‍ക്ക് പ്രബോധനം നല്‍കുന്ന ശിവന്‍ ആരെയോ ലക്ഷ്യമാക്കി നമസ്‌കരിച്ചതുകണ്ട് വിസ്മയിച്ച പാര്‍വതി ചോദിക്കുകയാണ്: ‘അല്ലയോ ദേവദേവേശ! ജഗദ് ഗുരുവും ബ്രഹ്മാവ്, വിഷ്ണു, ദേവേന്ദ്രന്‍ എന്നിവരാല്‍ വന്ദിക്കപ്പെടുന്നവനും ആണല്ലോ അങ്ങ്. നമസ്‌കാരത്തിനാശ്രയമായിരിക്കുന്ന അങ്ങ് ആരെയാണ് നമസ്‌കരിക്കുന്നത്? ‘
നമസ്‌കരോഷി കസ്‌മൈ ത്വം …? ‘കണ്ടിട്ട് ആശ്ചര്യമായിരിക്കുന്നു. ആ ഗുരുമാഹാത്മ്യം എന്താണ്? സര്‍വതത്വങ്ങളും അറിയാവുന്ന അങ്ങ് ആത്മാവിനെ ബ്രഹ്മമയമാക്കുന്ന ആ തത്വം ഉപദേശിച്ചാലും.’ മഹാദേവന്‍ പാര്‍വതിയുടെ അപേക്ഷ കേട്ട് ആനന്ദഭരിതനായി പറയുന്നു: ദേവി! പറയാന്‍ പാടില്ലാത്തതാണ്, മുന്‍പ് ആരും പറഞ്ഞിട്ടില്ലാത്തതാണു, രഹസ്യങ്ങളില്‍ വച്ച് ഏറ്റവും വലിയ ഈ രഹസ്യം. ലോകത്തിനുപകരിക്കുന്ന ഈ വിഷയം ഇതിനു മുന്‍പ് ആരും ഉന്നയിച്ചിട്ടുമില്ല. എങ്കിലും എന്നെപ്പോലെ തന്നെയുള്ള ദേവിയുടെ ഭക്തി ഹേതുവായിട്ട് അതു പറയാം.
തുടര്‍ന്ന് ഗുരു എന്താണ് എന്നതിന്റെ ഒരു പൂര്‍ണ്ണവിവരണം അല്ലെങ്കില്‍ എന്താണ് പൂര്‍ണ്ണഗുരു എന്നതിന്റെ ചിത്രം ശിവവചനമെന്ന ആധികാരികതയോടു കൂടി അവതരിപ്പിക്കുകയാണ്. പുരാണങ്ങളെല്ലാം വ്യാസകൃതമാണെന്നാണ് പരമ്പരാഗതമായ വിശ്വാസം. അപ്പോള്‍ സ്‌കന്ദപുരാണം ആ മഹര്‍ഷിയുമായിത്തന്നെ ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഗുരുഗീത ഗുരു എന്തെന്ന നിര്‍വചനം ജ്ഞാനിയായ വ്യാസമഹര്‍ഷിയുടെ ദര്‍ശനമാണെന്ന് കരുതാം.
ഒ.വി. ഉഷ
No comments:
Post a Comment