ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, February 20, 2017

നീതിശതകം മൂര്‍ഖപദ്ധതി


ഭര്‍ത്തൃഹരി

യദാ കിഞ്ചിജ്ജ്‌ഞോളഹം ദ്വിപ ഇവ മദാന്ധഃ സമഭാവം
തദാ സര്‍വജ്ഞേളസ്മീത്യഭവദവലിപ്തം മമ മനഃ
യദാ കിഞ്ചില്‍ കിഞ്ചിദ്ബുധജനസകാശാദവഗതം
തദാ മൂര്‍ഖോളസ്മീതി ജ്വര ഇവ മദോ മേ വ്യപഗതഃ
്യൂഞാന്‍ അല്‍പ്പം മാത്രം അറിവുള്ളവനായിരുന്നപ്പോള്‍ ആനയെപ്പോലെ മദാന്ധനായി ഭവിച്ച് ”ഞാന്‍ സര്‍വജ്ഞനാണ്” എന്തു ചിന്തിച്ച് എന്റെ മനസ്സ് അഹങ്കാരത്തോടുകൂടിയതായിത്തീര്‍ന്നു. എപ്പോള്‍ വിദ്വജ്ജനങ്ങളില്‍നിന്നും അല്‍പ്പാല്‍പ്പം വിജ്ഞാനം സിദ്ധിച്ചുവോ അപ്പോള്‍ ”ഞാന്‍ മൂര്‍ഖനാണ്” എന്നു മനസ്സിലാക്കിയിട്ട് എന്റെ മദം, ജ്വരം എന്നപോലെ വേറിട്ടുപോകുകയും ചെയ്തു.

അതായത് വിജ്ഞാനം വര്‍ധിക്കുമ്പോള്‍ അഹങ്കാരങ്ങളെല്ലാം വേറിട്ടുപോകുന്നു എന്നര്‍ത്ഥം.

കൃമികുലചിത്തം ലാലാക്ലിന്നം വിഗന്ധി ജുഗുപ്‌സിതം
നിരുപമരസം പ്രീത്യാ ഖാദന്‍ ഖരാസ്ഥി നിരാമിഷം
സുരപതിമപി സ്വാ പാര്‍ശ്വസ്ഥം വിലോക്യ ന ശങ്കതേ
ന ഹി ഗണയതി ക്ഷുദ്രോ ജന്തുഃ പരിഗ്രഹഫല്ഗുതാം
പുഴുക്കൂട്ടത്താല്‍ നിറയപ്പെട്ടതായും കടവാകളില്‍ക്കൂടി ഒഴുകിക്കൊണ്ടിരിക്കുന്ന ജലത്താല്‍ നനയപ്പെട്ട് ദുസ്സഹദുര്‍ഗന്ധത്തോടുകൂടിയതായും നിന്ദാര്‍ഹമായും അശേഷം മാംസമില്ലാതായും ഇരിക്കുന്ന കഴുതയുടെ എല്ലിനെ അത്യധികമായ രസത്തോടുകൂടി ഭക്ഷിച്ചുകൊണ്ടിരിക്കുന്ന പട്ടി, തന്റെ സമീപത്തില്‍ നില്‍ക്കുന്ന ഇന്ദ്രനെത്തന്നെയും കണ്ടിട്ട് ലജ്ജിക്കുന്നില്ല. ആശ്ചര്യം തന്നെ! അപ്രകാരമുള്ള നീചജന്തുക്കള്‍ പരിഗ്രഹവസ്തുവിനുള്ള താഴ്ന്ന സ്ഥിതിയെ ഗണിക്കുന്നില്ല.

അറിവില്ലാത്ത ഒരുവന് അവന്റെ ദുഷ്ടപ്രവൃത്തികളില്‍ പരാക്ഷേപശങ്ക ലേശവുമില്ല.

ശിരഃ ശാര്‍വം സ്വര്‍ഗാല്‍ പശുപതിശിരസ്തഃ ക്ഷിതിധരം
മഹീധ്രാത് ഉത്തുംഗാദ് അവനിമവനേശ്ചാപി ജലദിം
അഥോ ഗംഗാ സേയം പദമുപഗതാ സ്‌തോകമഥവാ
വിവേകഭ്രഷ്ടാനാം ഭവതി വിനിപാതഃ ശതമുഖഃ
ഗംഗാദേവി സ്വര്‍ഗലോകത്തില്‍നിന്നും പരമശിവന്റെ ശിരസ്സില്‍ വന്നുചേര്‍ന്നശേഷം അവിടെനിന്നും ഹിമവല്‍പര്‍വതത്തെ പ്രാപിച്ചു അനന്തരം അത്യുന്നതമായ പര്‍വതത്തില്‍നിന്ന് ഭൂമിയെ പ്രാപിച്ചു. അവിടെനിന്ന് അല്‍പമായിരിക്കുന്ന പാതാളലോകത്തെ പ്രാപിക്കുകയും ചെയ്തു. ഇതുപോലെ തിരിച്ചറിവില്ലാത്തവരായ ജനങ്ങള്‍ക്ക് അനേകവിധമായ നാശം സംഭവിക്കുന്നു.

ശക്യോ വാരയിതും ജലേന ഹുതഭുക് ശൂര്‍പ്പേണ സൂര്യാതപോ
നാഗേന്ദ്രോ നിശിതാംകുശേന സമദോ ദണ്ഡേന ഗോഗര്‍ദഭൗ
വ്യാധിര്‍ഭേഷജസംഗ്രഹൈശ്ച വിവിധൈര്‍മന്ത്രപ്രയോഗൈര്‍വിഷം
സര്‍വസ്യൗഷധമസ്തി ശാസ്ത്രവിഹിതം മൂര്‍ഖസ്യ നാസ്ത്യൗഷധം

അഗ്നി വെള്ളംകൊണ്ടും, സൂര്യന്റെ ചൂട് മുറംകൊണ്ടും, മദിച്ചിരിക്കുന്ന ഗജശ്രേഷ്ഠന്‍ മൂര്‍ച്ചയേറിയ തോട്ടികൊണ്ടും, പശുവും കഴുതയും വടികൊണ്ടും രോഗങ്ങള്‍ ഔഷധസംഗ്രഹങ്ങളെ (ദ്രാവകം, ലേഹ്യം, ഗുളിക, പൊടി എന്നിവകളെ)ക്കൊണ്ടും, വിഷം മന്ത്രപ്രയോഗങ്ങളെക്കൊണ്ടും തടയുന്നതിന് സാധിക്കുന്നു. ശാസ്ത്രങ്ങളില്‍ വിധിക്കപ്പെട്ടിരിക്കുന്ന പ്രതിക്രിയകളാല്‍ എല്ലാറ്റിനെയും നിവാരണം ചെയ് വാന്‍ കഴിയുന്നുണ്ട്. എന്നാല്‍ മൂര്‍ഖന് ഒരൗഷധവും പറ്റുകയില്ല.

No comments:

Post a Comment