അമൃതവാണി
മക്കളെ, ധ്യാനം സ്വർണ്ണംപോലെ മൂല്യമുള്ളതാണ്. ഭൗതികൈശ്വര്യത്തിനും മുക്തിക്കും ശാന്തിക്കും ധ്യാനം സഹായകമാണ്. കണ്ണടച്ചു് ഒരു പ്രത്യേക ആസനത്തിൽ അനങ്ങാതിരിക്കുന്നതു മാത്രമല്ല ധ്യാനം. നമ്മുടെ പ്രവൃത്തികളെയും വാക്കുകളെയും ചിന്തകളെയും കുറിച്ചുള്ള ബോധം നിലനിർത്തുന്നതാണു ശരിയായ ധ്യാനം. ഒരു ചെറിയ ചിന്ത വളർന്നു് പ്രവൃത്തിയായി രൂപംകൊണ്ടു ഒരു വലിയ നദി പോലെ നമ്മളിൽനിന്നും പ്രവഹിക്കുന്നു.
പിന്നെ അതു നമ്മുടെ നിയന്ത്രണത്തിലല്ല. ഒരു നദിയെ അതിന്റെ ഉത്ഭവസ്ഥാനത്ത് ഒരു കല്ലുകൊണ്ടു തടഞ്ഞുനിർത്താനോ അതിന്റെ ഗതി തിരിച്ചുവിടാനോ പ്രയാസമില്ല.
എന്നാൽ ആ നീർച്ചാലു വളർന്നു് ഒരു വലിയ നദിയായാൽ അതിനെ നിയന്ത്രിക്കാൻ പ്രയാസമാണു്. അതുപോലെ നമ്മൾ ഏറ്റവും അധികം ശ്രദ്ധിക്കേണ്ടതു നമ്മുടെ ചിന്തകളെയാണു്. ഒരച്ചിനു കേടു സംഭവിച്ചാൽ അതിൽ വാർക്കുന്ന എല്ലാ സാധനങ്ങളും തകരാറോടു കൂടിയതായിരിക്കും.
അതുപോലെ നമ്മുടെ മനസ്സ് ശരിയല്ലെങ്കിൽ അതിൽനിന്നുണ്ടാകുന്ന വാക്കുകളും പ്രവൃത്തികളും വികലമായിരിക്കും. അതിനാൽ നമ്മുടെ മനസ്സിനെ വശത്താക്കുകയാണു് പരമപ്രധാനം. മനസ്സിനെ നമ്മുടെ കൈപ്പിടിയിലൊതുക്കുവാൻ സഹായിക്കുന്ന ഒരു ഉത്തമ മാർഗ്ഗമാണ് ധ്യാനം. ധ്യാനത്തിനായി ചെലവഴിക്കുന്ന സമയം ഒരിക്കലും വ്യർത്ഥമാകില്ല.
No comments:
Post a Comment