മഹാഭാരത യുദ്ധം കഴിഞ്ഞു ശ്രീകൃഷ്ണൻ തിരിച്ചു ദ്വാരകയിലെയ്ക്ക് പോകും വഴിയെ പഴയ സുഹൃത്തായ ഉതംഗ മഹർഷിയെ കണ്ടു. പിരിയാൻ നേരം അദ്ദേഹത്തിനു എന്തെങ്കിലും വരം നൽകാൻ കൃഷ്ണൻ തീരുമാനിച്ചു. പക്ഷെ കൃഷ്ണന്റെ വിശ്വരൂപം തന്നെ കണ്ട ഉതംഗ മഹർഷിക്ക് വേറെ ഒരു വരവും വേണ്ട എന്ന് പറഞ്ഞു. അവസാനം ഭഗവാന്റെ നിർബന്ധത്തിനു വഴങ്ങി എപ്പോഴൊക്കെ തനിക്കു ദാഹിക്കുന്നുവോ അപ്പോഴൊക്കെ കുടിക്കാനാവശ്യമായ ജലം ലഭിക്കണം എന്നാ വരം ആവശ്യപ്പെട്ടു. അങ്ങനെയാവട്ടെ എന്ന് കൃഷ്ണൻ അനുഗ്രഹിച്ചു.
ഒരു ദിനം ഉതംഗ മഹർഷിക്ക് യാത്രയ്ക്കിടയിൽ വനത്തിനു നടുവിൽ വച്ചു ദാഹം തോന്നി. അദ്ദേഹം തനിക്കു കൃഷ്ണനിൽ നിന്ന് ലഭിച്ച വരത്തെ കുറിച്ചു ആലോചിച്ചു. അപ്പോൾ ഒരു കാട്ടാളൻ അത് വഴി വരുന്നത് കണ്ടു. കീറിയ, മുഷിഞ്ഞ വസ്ത്രവും, കൂടെ അഞ്ചു വേട്ട നായ്ക്കളും ഉണ്ടായിരുന്ന അയാളുടെ ചുമലിൽ തുകൽസഞ്ചി തൂക്കിയിട്ടിരുന്നു.. ഉതംഗമഹാര്ഷിയെ കണ്ട കാട്ടാളൻ ചിരിച്ചു കൊണ്ട് "അങ്ങയെ കണ്ടിട്ട് ദാഹം കൊണ്ട് തളർന്നത് പോലെയുണ്ടല്ലോ, ഇതാ ജലം കുടിച്ചാലും" എന്ന് പറഞ്ഞു തന്റെ തുകൽ സഞ്ചിയിലെ ജലം വാഗ്ദാനം ചെയ്തു. പക്ഷെ യാതൊരു വൃത്തിയും ഇല്ലാത്ത ഈ കാട്ടാളന്റെ വേഷവും സഞ്ചിയും ഒക്കെ കണ്ടു അതൊക്കെ ഇഷ്ടപ്പെടാതിരുന്ന ഉതംഗ മഹർഷി പറഞ്ഞു "സുഹൃത്തേ നന്ദി, പക്ഷെ എനിക്ക് വേണ്ട". എന്നിട്ട് മനസ്സില് സങ്കടത്തോടെ കരുതി.. "കൃഷ്ണാ നീ എനിക്ക് തന്ന വരം എവിടെപ്പോയി?"
കാട്ടാളൻ വീണ്ടും വീണ്ടും ജലം കുടിക്കാൻ ഉതംഗനെ നിർബന്ധിച്ചു, പക്ഷെ മഹർഷി വെള്ളം വേണ്ട എന്ന് നിഷേധിച്ചു കൊണ്ടേയിരുന്നു. അവസാനം കാട്ടാളൻ അപ്രത്യക്ഷനായി. അപ്പോഴാണ് ഉതംഗ മഹര്ഷിക്ക് ഇത് ഒരു സാധാരണ മനുഷ്യൻ ആയിരുന്നില്ല എന്ന് മനസ്സിലായത്. ആകെ വിഷമത്തിലായ അദ്ദേഹത്തിന്റെ മുന്നിൽ കൃഷ്ണൻ പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തോട് ഉതംഗമുനി ചോദിച്ചു, "കൃഷ്ണാ, ഇതെന്തു പരീക്ഷണമാണ്... ഒരു വൃത്തിയുമില്ലാത്ത കാട്ടാളന്റെ കൈവശമാണോ ജലം കൊടുത്തയക്കുന്നത് ?."
കൃഷ്ണൻ ദുഖത്തോടെ പറഞ്ഞു "ഉതംഗാ, അങ്ങയ്ക്ക് ദാഹിച്ചപ്പോൾ ഇന്ദ്രനോട് അമൃത് തന്നെ തരാൻ ആണ് ഞാൻ ആവശ്യപ്പെട്ടത്. എന്നാൽ ഒരു സാധാരണ മനുഷ്യൻ അമൃത് കുടിച്ചു അമരൻ ആവുന്നത് ഇഷ്ടമില്ലാതിരുന്ന ഇന്ദ്രൻ അതിനു തയാറായില്ല. അവസാനം എന്റെ നിര്ബന്ധം കാരണം, ഒരു നിബന്ധന ഇന്ദ്രൻ മുന്നോട്ടു വച്ചു... ഒരു കാട്ടാളന്റെ രൂപത്തിൽ പോയി മാത്രമേ താൻ ഉതംഗനു അമൃതം കൊടുക്കൂ എന്നായിരുന്നു ആ നിബന്ധന. അങ്ങ് യഥാർത്ഥ ജ്ഞാനം നേടിയതിനാൽ ഈ പരീക്ഷണം ജയിക്കും എന്നും കാട്ടാളന്റെ വേഷത്തിൽ വന്ന ഇന്ദ്രനിൽ നിന്നും അമൃത് കുടിക്കുമെന്നും വിശ്വസിച്ചു ഞാൻ അത് സമ്മതിച്ചു. പക്ഷെ ഇതാ നിന്റെ മനസ്സിലെ ഭേദഭാവം കാരണം ഇന്ദ്രന്റെ മുന്നില് ഞാനും തോറ്റു പോയിരിക്കുന്നു."
ഇത് കേട്ട ഉതംഗമഹർഷിക്കു തന്റെ തെറ്റ് മനസ്സിലായി....യഥാർത്ഥജ്ഞാനം തനിക്കു ഇത് വരെ ലഭിച്ചിട്ടില്ല എന്ന് തന്നെ മനസ്സിലാക്കിക്കാൻ വേണ്ടി കൃഷ്ണൻ തന്നെ നടത്തിയ ഒരു പരീക്ഷണം ആണ് എന്ന് അദ്ദേഹത്തിനു ബോധ്യമായി. ഒരാളുടെ കുലമോ വസ്ത്രമോ ഒന്നും അല്ല പ്രധാനം എന്നും, എല്ലാവരും തുല്യരാണ് എന്നും ഉള്ള കാര്യം ഉതംഗൻ മറന്നു പോയിരുന്നു. കാട്ടാളനിലും ഉള്ളത് ഒരേ ഈശ്വരൻ തന്നെയാണ് എന്ന് ഉതംഗമുനിക്ക് കൃഷ്ണൻ മനസ്സിലാക്കി കൊടുത്തു. സർവ്വ ജീവജാലങ്ങളിലും വിളങ്ങുന്നത് ഒരേ ഒരു ഈശ്വരചെെതന്യം തന്നെയെന്ന് മനസ്സിലാക്കി എല്ലാവരേയും ഒരുപോലെ സ്നേഹിക്കാൻ തയ്യാറാവുമ്പോൾ നമ്മളും ആ മഹാശക്തിയോളം ഉയർത്തപ്പെടും
No comments:
Post a Comment